Prathibhavam First Onappathippu-2025
Onavum Ezhutthum-Interview-Indira Balan- Sathish Kalathil-Prathibhavam first onam edition-2025

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പിനുവേണ്ടി, മലയാളത്തിലെ പ്രിയ എഴുത്തുകാരി ഇന്ദിരാ ബാലൻ, പ്രതിഭാവം എഡിറ്ററും കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിലുമായി നടത്തിയ ‘ഓണവും എഴുത്തും’ അഭിമുഖം.

Indira Balan- Sathish Kalathil
ഇന്ദിരാ ബാലൻ | സതീഷ് കളത്തിൽ

പഴയ കാലത്ത് ഓണം പഞ്ഞ മാസത്തിൽ നിന്നും പുന്നെല്ലിന്റെ മണമുള്ള ചിങ്ങമാസത്തിന്റെ സമൃദ്ധിയായിരുന്നു.

ഓണം 2025. തിരിഞ്ഞു നോക്കുമ്പോൾ ഓണത്തിനു വന്ന പുതുമകൾ?

പഴയ കാലത്ത് ഓണം പഞ്ഞമാസത്തിൽ നിന്നും പുന്നെല്ലിന്റെ മണമുള്ള ചിങ്ങമാസത്തിന്റെ സമൃദ്ധിയായിരുന്നു. അന്നിത്രയും സാമ്പത്തിക സമത്വം കേരളത്തിലെ വീടുകളിൽ ഉണ്ടായിരുന്നില്ലല്ലൊ. അതുകൊണ്ട് തന്നെ, കൊല്ലത്തിൽ ഒരിക്കൽ വരുന്ന ഓണം ഏകത്വത്തിന്റെ, മാനവികതയുടെ, നന്മയുടെ സന്ദേശമാണ് നൽകിയിരുന്നത്.

ഇന്ന് ആർഭാടത്തിന്റേയും ആഘോഷങ്ങളുടെയും ഇൻസ്റ്റന്റ് സദ്യകളുടെയും കാലമാണ്. പുതുമയും തനിമയും നഷ്ടപ്പെട്ടു. കൂട്ടുകാർക്കൊപ്പം പൂ പറിച്ചും പൂവിട്ടും ഓണക്കളികളിലേർപ്പെട്ടും നാടും വീടും ഉല്ലാസപ്രദമാക്കി അന്ന് നടന്നു. ഇന്ന്, പ്രത്യേകിച്ച്, മറുനാട്ടിലായതിനാൽ തിരുവോണം മാത്രം വലിയ പുതുമകളൊന്നുമില്ലാതെ പുതുതലമുറക്കൊപ്പം ആഘോഷിക്കുന്നു.

ഓണവുമായി ബന്ധപ്പെട്ട എഴുത്തുകളിൽ മനസ്സിൽ തങ്ങി നില്ക്കുന്നത്?

ഓണപ്പാട്ടിൽ മുന്നിലിന്നും ‘മാവേലി നാടു വാണീടും കാലം’ തന്നെയാണ്. പിന്നെ പേരെടുത്ത് പറയാൻ കഴിയാത്തത്രയും കവിതകളും ഗാനങ്ങളും കഥകളും ഉണ്ട്.

ഓണക്കളികളിൽ/ ആഘോഷങ്ങളിൽ പ്രിയപ്പെട്ടത്?

ആഘോഷങ്ങൾ എല്ലാം ഇഷ്ടമുള്ളതാണ്.

ഓണവിഭങ്ങളിൽ പ്രിയപ്പെട്ടത്?

മധുരവും കയ്പും ഉപ്പും പുളിയും എരിവും എല്ലാം ചേർന്ന എല്ലാ വിഭവവും ഒരുപോലെ ഇഷ്ടമാണ്. ഒന്നും താരതമ്യത്തിന് അർഹമാണെന്ന് തോന്നുന്നില്ല.

കുട്ടിക്കാലത്തെ ഓണക്കാലത്തു കണ്ട സിനിമ/ നാടകം എന്നിവയിൽ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത്?

കഥകളി കുടുംബമായിരുന്നു ഞങ്ങളുടേത്. കുട്ടിക്കാലത്ത് സിനിമയെക്കാളേറെ കണ്ടത് കഥകളി എന്ന കലയായിരുന്നു.

ആദ്യത്തെ എഴുത്ത്?

കുട്ടിക്കാലത്ത് എഴുതിയ ‘പെൻസിലിന്റെ ആത്മകഥ’ എന്ന കഥ.

ആദ്യത്തെ പുസ്തകം?

2005ൽ പ്രസിദ്ധീകരിച്ച ‘കൃഷ്ണപക്ഷം’ എന്ന കവിതാ സമാഹാരം.

ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?

അടുത്തിടെ വായിച്ച ആർ. രാജശ്രീയുടെ ആത്രേയകം, ഇ. സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ, ഹരിത സാവിത്രിയുടെ സിൻ തുടങ്ങിയ ഇഷ്ടം തോന്നിയ കൃതികൾ ധാരാളം ഉണ്ട്. ഒന്ന് മാത്രമായി പറയാൻ ബുദ്ധിമുട്ടാണ്.

ഇഷ്ടപ്പെട്ട എഴുത്തുകാർ?

സാറാ ജോസഫ്, കെ. ആർ. മീര, അഷിത, അനിതാ തമ്പി, വിജയലക്ഷ്മി, ഇ. സന്തോഷ് കുമാർ… അങ്ങനെ പോകുന്നു. ജീവിച്ചിരിക്കാത്തവരിൽ കുമാരനാശാൻ, പി, മാധവിക്കുട്ടി, എം.ടി, സുഗതകുമാരി തുടങ്ങി പൂർവ്വസൂരികളായ പലരേയും ഇഷ്ടമാണ്.

എഴുത്തുയാത്രയുടെ സംക്ഷിപ്തം?

പട്ടാമ്പി സംസ്കൃത കോളേജിൽ നിന്നാണ് മലയാളത്തിൽ എം.എ. ബിരുദം എടുത്തത്. കവിതകൾ, കഥകൾ, നോവൽ, ലേഖനങ്ങൾ, ജീവചരിത്രം, ആന്തോളജി തുടങ്ങിയ വിഭാഗങ്ങളിലായി പതിനാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ലഭിച്ച അംഗീകാരങ്ങൾ?

കർണ്ണാടക തെലുഗു അന്തർദ്ദേശീയ മാതൃഭാഷാ ഉഗാദി പുരസ്ക്കാരം, പ്രഥമ ജോസഫ് വന്നേരി സാഹിത്യ പുരസ്ക്കാരം, പാലക്കാട് ഫോറം വുമൺ അച്ചീവ്മെന്റ് അവാർഡ്, തിരുവനന്തപുരം ബുക് കഫെ പെൺ പെരുമ സാഹിത്യ പുരസ്ക്കാരം- 2024, കാഞ്ഞങ്ങാട് സപര്യ സാംസ്കാരിക സമിതിയുടെ ‘രാമായണ കവിതാ പുരസ്ക്കാരം’ തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Read Also  പഴയ പ്രാന്തൻ വീണ്ടും/സിവിക് ചന്ദ്രൻ എഴുതിയ കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

എഴുത്തിനു പുറത്തുള്ള അഭിരുചികൾ?

സർഗ്ഗധാര കലാസാംസ്കാരിക സംഘടനയുടെ സ്ഥാപക പ്രസിഡണ്ട്, റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം പ്രസിഡണ്ട്, കേരള ഭൂഷണം ദിനപത്രം കോളമിസ്റ്റ്, സാർത്ഥകം ന്യൂസ് ചീഫ് എഡിറ്റർ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ, സർഗ്ഗധാര പ്രസിഡണ്ട്, ബെംഗളൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ‘ധ്വനി വനിതാവേദി’ യുടെ ചെയർപേഴ്സൺ ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ഫോറം വൈസ് പ്രസിഡണ്ട്, അഖിലേന്ത്യാ മലയാളി വനിതാ സംഘടനയായ ക്രിയേറ്റീവ് വുമൺ ഫോറം ജോയിന്റ് സെക്രട്ടറി, മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ഉപദേശക സമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. അഖില ഭാരത സാഹിത്യ പരിഷത്തിൽ മലയാളത്തിന്റെ പ്രതിനിധിയായി രണ്ട് തവണ പങ്കെടുത്തിട്ടുണ്ട്.

കുടുംബം?
മലപ്പുറം വാഴേങ്കട സ്വദേശിനിയാണ്. അച്ഛൻ: കഥകളി നാട്യാചാര്യൻ പത്മശ്രീ. വാഴേങ്കട കുഞ്ചുനായർ. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. ഭർത്താവ്: ആർ. ബാലൻ. മക്കൾ: സൗമ്യ, വിഷ്ണു. മരുമക്കൾ: രഞ്ജിത്, സ്നേഹ. കൊച്ചുമക്കൾ: മാസ്റ്റർ പ്രത്യൂഷ്, മാസ്റ്റർ പ്രണവ്, ബേബി റിയ. കഴിഞ്ഞ 35 വർഷമായി ബാംഗ്ളൂരിൽ താമസിക്കുന്നു.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹