Published on: January 21, 2026

പെൺചിലന്തി
വളവ് തിരിഞ്ഞപ്പോൾ
ബസ് കുലുങ്ങി.
കളിതോക്ക് ചൂണ്ടി
അയാൾ ചോദിച്ചു,
ഓൺ ആക്കിയ
ഉപകരണം
ഓഫാക്കിയോ?
അവസാനമായി എന്തെങ്കിലും
പറയാനുണ്ടോ?
അവൾ ചേർന്നു-
നിന്നു ചിരിച്ചു.
അയാൾക്ക്
ശരീരം വിറച്ചു.
ബസ്സിൽ ഒരു ചിലന്തി,
സ്പെഡർ സുമൻ.
ഇരയാരെന്ന് ചിന്തിച്ചു
ചിന്തിച്ചു
ചിലന്തി
തിരിച്ചു ചോദിച്ചു,
ഇണയെ
തിന്നുന്നവർ
മനുഷ്യഗണത്തിലും
ഉണ്ടോ?
ങേ?..
അവർക്ക്
വല നെയ്യാനറിയും.
അതെ…
ജീവനോടെ
മായ്ച്ചുകളയും.
ഭേദം
ചിലന്തിയത്രേ!
ഒറ്റുകാരി
പ്രേമം
സർക്കസ് കളിയാണ്.
കൈകളിൽ
ഊഞ്ഞാൽ കെട്ടി,
ഒരിക്കലും കൂട്ടിമുട്ടാത്ത
രണ്ട് തലങ്ങളിലേക്കാണു യാത്ര.
മുന്നിലേക്ക്
വെളിച്ചം
ഒളിഞ്ഞും
തെളിഞ്ഞുമുള്ള
ചാഞ്ചാട്ടങ്ങൾക്കു ശേഷം ഇരുട്ട്.
നേർവഴി തെറ്റി
ഇടവഴികളിൽ
വഴുതി വീഴുമ്പോൾ
താങ്ങാൻ
റബ്ബർ കിടയ്ക്കകളില്ല.
ആടി നേടുന്ന
ഓരോ വിജയത്തിലും
ഓടിയെത്തിയ
ഓർമ്മയുടെ
ആന്ദോളനം കാണും.
മുന്നോട്ടും
പിന്നോട്ടും ഉള്ള
ഊടുവഴിയിലൂടെ-
യാണിപ്പോൾ
ഊഞ്ഞാലാട്ടം.
ഒന്നുകിൽ
ചോര പൊടിഞ്ഞ്.
അല്ലെങ്കിൽ
കുരുക്കിലാടി.
രണ്ടിലും
ഇല്ലാത്താവും.
അപ്പോൾ
പ്രേമം
ഒറ്റിയതാരായാലും
മരിച്ചത്
പ്രേതമല്ല;
പ്രേമമാണ്.








