Published on: September 8, 2025


കൊയ്ത്ത് പാട്ടിൽ ഒറങ്ങിയ
കറ്റപുല്ല് കടുംകെട്ടിൽ
മേപ്പൊര കേറും
മെതികഴിഞ്ഞ്
മടങ്ങുന്നോർക്കൊപ്പം
കൊക്കിൽ പൈപ്പുമായി
പക്കിച്ചികൾ കൂട് പിടിക്കും
കൊളത്തോട് കോപിച്ചാൽ
കുണ്ടി നാറും പോലെ
പുല്ലോട് മുരണ്ടാൽ
കയ്യും കീറും
ചേട്ടത്തി താളത്തിലാട്ടി കറ്റകൾ,
മുറുക്കിതുപ്പണ
മൊട്ടന്മാർക്ക് മേലേക്ക് വീശും
മൊട്ടവെയിലത്തും കറ്റയിൽ പീക്കിരികൾ
മത്തീന്റെ മണത്തിൽ
കുത്തി മറിഞ്ഞത്,
മേലിൽ വെള്ളം വീണാൽ തിരിയും
‘കക്കും കാച്ചിലും കേങ്ങും ഇല്ല
കുത്തരിയും മത്തിയും ജോറായുണ്ട്…
കക്കും കാച്ചിലും കേങ്ങും ഇല്ല
കുത്തരിയും മത്തിയും ജോറായുണ്ട്…’
ന്ന് ഒപ്പരം മേപ്പൊരപാടും
വെളിച്ചം നീങ്ങുന്നതും കാത്ത്
നാലുമണിക്കപ്പ ആവിയിൽ
വേകുന്നതിൽ
കാന്താരി മൊട്ടുകൾ കരയും
നീളത്തിൽ ഇലയിട്ട്
വട്ടത്തിൽ തട്ടാൻ
മൊട്ടനും ചേട്ടത്തിയും
ഞമ്മളും കൂടും
* പൈപ്പ്: വിശപ്പ്
* പക്കിച്ചികൾ: പക്ഷികൾ
* കക്കും കാച്ചിലും: കിഴങ്ങ് വർഗം
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






