Published on: September 11, 2025


എലിസബത്ത് ബെന്നറ്റിനെ മിസ്റ്റർ ഡാർസി കാണുന്ന തീവ്രമായ നോട്ടമായാലും കാതറിനു നേരെയുള്ള ഹീത്ത് ക്ലിഫിന്റെ വേട്ടയാടുന്ന നോട്ടമായാലും സാഹിത്യത്തിലെ ‘കാമുകരുടെ നോട്ടം’ വാക്കുകൾക്ക് തുല്യമല്ലാത്ത ഒരു ഭാരം വഹിക്കുന്നുണ്ട്. അത് ഒരു പ്രതീകമായാണ് പ്രവർത്തിക്കുന്നത്. ആഗ്രഹം, അംഗീകാരം, സങ്കടം അല്ലെങ്കിൽ പറയാത്ത സ്‌നേഹം എന്നിവ നോട്ടത്തിന്റെ ഭാഗഭാക്കുകളാകുന്നു.
സ്‌നേഹം സ്ഫുരിക്കുന്ന ഏതു നോട്ടത്തിലുമുണ്ട് കലയുടെ വിചിത്ര ചിത്രങ്ങൾ.
”നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾതൻ കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും”
എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിവാക്കിലുണ്ട് തുളുമ്പി നിൽക്കുന്ന കാണലിന്റെ കലാസൗന്ദര്യം.
‘ആർട്ട് ഓഫ് ദി ലുക്ക്’ എന്നത് ദൃശ്യാവതരണത്തിന്റെ സൗന്ദര്യാത്മകവും ആശയവിനിമയപരവുമായ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. വാക്കുകളില്ലാതെയുള്ള കവിത നെയ്യലാണ്, കണ്ണുകൾ കൊണ്ട് കമിതാക്കൾ നിർമ്മിക്കുന്നത്. നോട്ടത്തെ തീവ്രമായ അനുഭവങ്ങളാക്കുന്നത് പ്രണയവും കാമവും ഭക്തിയും ചിലപ്പോഴൊക്കെ ദാരിദ്ര്യവുമായിരിക്കും.
പ്രണയികളുടെ നോട്ടം ആഴമേറിയതും അർത്ഥവത്തായതുമാണ്. അത് ഹൃദയത്തിന്റെ നിശ്ശബ്ദ ഭാഷയാണ്. കണ്ണുകളുടെ നിശ്ശബ്ദമായ കൈമാറ്റത്തിൽ വികാരങ്ങൾ കരകവിയുന്നു. ആർദ്രത, വാഞ്ഛ, ആഗ്രഹം, തൃഷ്ണ ചിലപ്പോൾ പറയാൻ കഴിയാത്ത വേദന പോലും ആ ഒറ്റനോട്ടത്തിൽ അവർ വിനിമയം ചെയ്യുന്നുണ്ട്. ഏതൊരാൾക്കൂട്ടത്തിലും ഒറ്റ നോട്ടം കൊണ്ടു തന്നെ കമിതാക്കളുടെ നക്ഷത്രക്കണ്ണുകൾ ഉടക്കുന്നു. പ്രണയത്തിന്റെ പാരസ്പര്യം ആളുകളെ തീവ്രമായ ശ്രദ്ധയിലേയ്ക്ക് കൊണ്ടുപോകുന്നതു കൊണ്ടാവാം ഇത്. അപ്പോൾ കണ്ണുകൾ ആത്മാവിന്റെ കണ്ണാടികളായി ജ്വലിക്കും. രണ്ട് ഹൃദയങ്ങൾ പങ്കിടുന്ന ശബളമായ കാഴ്ചയായി അത് പരിണമിക്കുകയും ചെയ്യുന്നു.
പലപ്പോഴും കാമുകീ കാമുകൻമാർ സംസാരം കൊണ്ടല്ല, അർത്ഥഗർഭവും നിശ്ശബ്ദവുമായ നോട്ടങ്ങൾ കൊണ്ടാണ് സമയത്തെ മറികടക്കുന്നത്. അത് ചിലപ്പോൾ കാലത്തെ തന്നെ നിശ്ചലമാക്കുന്നു. ഒരു കാമുകന്റെ നോട്ടത്തിന് കാമുകിക്ക് ആശ്വാസം നല്‍കാൻ കഴിയും, ചിലപ്പോൾ അഭിനിവേശം ജ്വലിപ്പിക്കാം, അല്ലെങ്കിൽ നിശ്ശബ്ദതയിൽ ധാരാളം സംസാരിക്കാം. ഒരു കാമുകി അവളുടെ കാമുകനിലും ഇതു തന്നെയാണ് സൃഷ്ടിക്കുന്നത്. വാക്കുകൾക്ക് കുറവുണ്ടാകുമ്പോൾ പോലും പ്രണയത്തെ സജീവമായി നിലനിർത്തുന്നത് മൃദുവായ നോട്ടത്തിന്റെ ഈ അഗ്‌നിയാണ്.
സ്‌നേഹത്തോടെ ഒരാളെ നോക്കുക എന്നതിനർത്ഥം നീ എന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് എന്ന് പറയലാണ്. കാമുകരുടെ നോട്ടത്തിൽ ഒരു ഭക്തി നിർഭരതയുണ്ട്. പരമ്പരാഗതമായ പ്രണയസങ്കൽപ്പത്തിൽ കാമുകനും കാമുകിയും ദേവീ ദേവൻമാരാണ്. കാമുകിയെ ദേവീ എന്നും കാമുകനെ ദേവാ എന്നുമാണ് പാട്ടിലും കവിതയിലും അഭിസംബോധന ചെയ്യുന്നത്. പ്രണയം ഭക്തിഭരം കൂടിയാണ് എന്നു വരുന്നു.
കമിതാക്കളുടെ നോട്ടങ്ങൾ സൗമ്യമാണ്, പക്ഷേ ശക്തമാണ്. അത് കോപത്തെ മയപ്പെടുത്തുകയും അകലത്തെ മായ്ച്ചുകളയുകയും ചെയ്യും.
പലപ്പോഴും ഓർമ്മകളെ ഉണർത്തുകയും ചെയ്യുന്നു. പങ്കിട്ട സ്വപ്നങ്ങളുടെയും രഹസ്യപുഞ്ചിരികളുടെയും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പറയാത്ത വാഗ്ദാനങ്ങളുടെയും വാക്കുകളുടെ സ്രവങ്ങളാകുമത്. കണ്ണുകൾ കൊണ്ട് ഉണ്ടാക്കുന്ന ഒരു നിശ്ശബ്ദ സ്പർശമാണത്. മനഃശാസ്ത്രത്തിന്റെ ഭാഷയിൽ കണ്ണുകൾ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്. രണ്ട് ഹൃദയങ്ങൾക്കിടയിലുള്ള പാലമാണത്.
കമിതാക്കളുടെ നോട്ടങ്ങൾ സൗമ്യമാണ്, പക്ഷേ ശക്തമാണ്. അത് കോപത്തെ മയപ്പെടുത്തുകയും അകലത്തെ മായ്ച്ചുകള യുകയും ചെയ്യും. പലപ്പോഴും ഓർമ്മകളെ ഉണർത്തുകയും ചെയ്യുന്നു. പങ്കിട്ട സ്വപ്നങ്ങളുടെയും രഹസ്യ പുഞ്ചിരികളുടെയും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പറയാത്ത വാഗ്ദാനങ്ങളുടെയും വാക്കുകളുടെ സ്രവങ്ങളാകുമത്. കണ്ണുകൾ കൊണ്ട് ഉണ്ടാക്കുന്ന ഒരു നിശ്ശബ്ദ സ്പർശമാണത്. മനഃശാസ്ത്രത്തിന്റെ ഭാഷയിൽ കണ്ണുകൾ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്. രണ്ട് ഹൃദയങ്ങൾക്കിടയിലുള്ള പാലമാണത്.
എലിസബത്ത് ബെന്നറ്റിനെ മിസ്റ്റർ ഡാർസി കാണുന്ന തീവ്രമായ നോട്ടമായാലും കാതറിനു നേരെയുള്ള ഹീത്ത് ക്ലിഫിന്റെ വേട്ടയാടുന്ന നോട്ടമായാലും സാഹിത്യത്തിലെ ‘കാമുകരുടെ നോട്ടം’ വാക്കുകൾക്ക് തുല്യമല്ലാത്ത ഒരു ഭാരം വഹിക്കുന്നുണ്ട്. അത് ഒരു പ്രതീകമായാണ് പ്രവർത്തിക്കുന്നത്. ആഗ്രഹം, അംഗീകാരം, സങ്കടം അല്ലെങ്കിൽ പറയാത്ത സ്‌നേഹം എന്നിവ നോട്ടത്തിന്റെ ഭാഗഭാക്കുകളാകുന്നു.
ലോക പ്രശസ്ത ക്ലാസിക് നോവലുകളിൽ ‘കാണലിന്റെ കല’ പല മട്ടിൽ ആവിഷ്‌കൃതമാവുന്നുണ്ട്. ജെയ്ൻ ഓസ്റ്റിന്റെ, ‘പ്രൈഡ് ആൻഡ് പ്രിജുഡീ’ സിൽ മിസ്റ്റർ ഡാർസി, എലിസബത്തിനെ നോക്കുമ്പോൾ അത് അയാളുടെ ആരാധനയുടെയും വൈകാരിക സംഘർഷത്തിന്റെയും പ്രകടിത ഭാവമാകുന്നു. എലിസബത്തിന് അമിത ശ്രദ്ധ നല്‍കുന്നതിന്റെ അപകടം അയാൾക്ക് തോന്നിത്തുടങ്ങുന്നു. അവന്റെ നോട്ടം സാവധാനത്തിലുള്ള ഏറ്റുപറച്ചിലായിരുന്നു.
എമിലി ബ്രോണ്ടെയുടെ ‘വുതറിംഗ് ഹൈറ്റ്‌സ്’, ഹീത് ക്ലിഫിന്റെയും കാതറിന്റെയും നോട്ടങ്ങൾ വന്യവും ആത്മീയവും ആസക്തി നിറഞ്ഞതുമാണ്. ടോൾസ്റ്റോയിയുടെ അന്നാ കരേനിനയിൽ അന്നയെക്കുറിച്ചുള്ള വ്രോൺസ്‌കിയുടെ ആദ്യ നോട്ടം വിസ്മയത്തോടും പെട്ടെന്നുള്ള ആഗ്രഹത്തോടും കൂടിയുള്ളതായിത്തീരുന്നു. അവൻ അവളെ ആദ്യമായി കണ്ടു, അയാളിൽ എന്തോ ചില ചലനങ്ങൾ സൃഷ്ടിച്ചു. ടോൾസ്റ്റോയ് ആ നോട്ടം ഉപയോഗിച്ചിരിക്കുന്നത് തൽക്ഷണ വൈകാരിക ആഘാതം കാണിക്കാനെന്നോണമാണ്. വിലക്കപ്പെട്ടതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ഒരു പ്രണയത്തിന് തുടക്കം കുറിക്കുന്നുണ്ടായിരുന്നു ആ നോട്ടം.


ഭക്തന്റെ നോട്ടം വ്യക്തമായ കാഴ്ചയല്ല, അതിനേക്കാൾ അതിരില്ലാത്ത ദൈവികമെന്നു വിളിക്കാവുന്ന ഒരു അത്മാനുഭവമാണ് അത് എന്നുവരുന്നു. ഭക്തർ ദർശനം കണ്ണുകൾ കൊണ്ടല്ല, മനോലോചനം കൊണ്ടാണ് നിർവഹിക്കുന്നത്. അതായത് ഭക്തിയും ജ്ഞാനവുമാണ് ദൈവത്തെ കാണാനുള്ള കണ്ണ് എന്ന് ഭക്തർ മനസ്സിലാക്കുന്നുണ്ട്.
”കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.”
– അധികാരിഭേദം- ജ്ഞാനപ്പാന
ഭക്തർ സത്യത്തെ കാണുകയല്ല, സത്യത്തെ അനുഭവിക്കുകയാണ്. കാഴ്ച കാഴ്ചയെ തന്നെ മറികടക്കുന്ന ചൈതന്യവത്തായ ഒരു അനുഭൂതിയാക്കി മാറ്റുന്ന പോലെ. ദരിദ്രന്റെ നോട്ടം ആത്മീയമായ അനുഭൂതിയിലേയ്ക്കായിരിക്കില്ല. ആസക്തി നിറഞ്ഞ കാമനകളിലേയ്ക്കും അല്ല. ഭൗതികമായ ഇല്ലായ്മകളിലേയ്ക്കും പശിയുടെ കാഠിന്യത്തിൽ നിന്ന് സമുദ്ധിയുടെ നിറവിലേയ്ക്കുമായിരിക്കും. സമൃദ്ധിക്കും ദാരിദ്ര്യത്തിനും ഇടയിൽ ആന്ദോളനം ചെയ്യുന്ന ഒരു ചക്ഷുസ്സുണ്ടാവും, അയാൾക്ക് എപ്പോഴും. വിക്ടർ ഹ്യൂഗോയുടെ പാവങ്ങളിലെ(ലേ മി സേറാബ്ല്) ജീൻ വാൽജീന്റെ നോട്ടത്തിലതു കാണാം.

ശിവരാമകാരന്തിന്റെ ചൊമന ദുഡിയിലെ ചോമന്റെ കാഴ്ചയിലുമുണ്ട്, കലാസൗഭഗമല്ലാത്ത നോട്ടത്തിന്റെ തീക്ഷ്ണതകൾ.
എ അയ്യപ്പൻ എഴുതുന്നു,
”കാറപകടത്തിൽപ്പെട്ടു മരിച്ച വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി ആൾക്കൂട്ടം നില്‌ക്കേ മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്ന അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്.”
ഇങ്ങനെ കലാസൗഭഗങ്ങളുടെ കാഴ്ചയെ, ദാരിദ്ര്യത്തിന്റെ തീവ്രത, ദൈന്യതയുടെ കളിത്തൊട്ടിലാക്കുന്നു. നോട്ടം അതിന്റെ തൃഷ്ണാഭാരത്താൽ പലതായി ചിതറി നിൽക്കുന്നു.
സ്പർശവും മാസ്മരികതയാണ്. കാമുകിയുടെ കൈവിരലുകൾ തൊടുമ്പോൾ കാമുകനിൽ കിനാവ് ചുരത്തുന്നത് അതാണ്. ജാതാനുരാഗമൊരുവന്റെ മിഴിക്ക് വേദ്യമായ ഏതോ വിശേഷസുഭഗത്വമരുളുമ്പോഴത് കനക മൈലാഞ്ചി നീരിൽ തുടുത്ത വിരലായി ഭവിക്കും.
പ്രണയിനികളുടെ പ്രഹർഷം സ്പർശത്തിന്റെ ഒരു വൈദ്യുതാലിംഗന ജ്വലന മുണ്ടാക്കും. അത് ഭാഷണത്തെയും നോട്ടത്തെയും കവിഞ്ഞ് കൈവരുന്ന അടുപ്പത്തിന്റെ, മാന്ത്രിക ലോകത്തിന്റെ വാഗ്ദാനമായി മാറും. കാണലിനു ശേഷമുള്ള കാമനകൾ തൊടുന്നതിലായിരിക്കും. എന്നാൽ ആലിംഗനത്തിനു മുമ്പുള്ള സ്പർശം ആലിംഗനത്തെക്കാൾ മധുരോദാരമാകും. തീവ്രമായ അടുപ്പങ്ങളിലേയ്ക്കുള്ള ജാലകങ്ങൾ തുറക്കുന്നത് വിറയാർന്ന സ്പർശനത്താലാണെന്ന് ആരറിവൂ.
മൗനത്താൽ കൈപിടിക്കുമ്പോഴാണ്, തുള്ളിയായൊരു വിരൽസ്പർശം ചിറകറ്റ മിഴികളിലെ പ്രണയച്ചൂടിന്റെ സ്പന്ദനമായി മാറുന്നത്. തൊടുമ്പോൾ കാലം ഒരു നിമിഷം സ്ലോമോഷനായി കാമുകർക്കു ചുറ്റും ചൂഴ്ന്ന് നിൽക്കും. വായുവിന്റെ ചലനം ഒരു മധുരമായ സംഗീതം പോലെ കേൾക്കുന്ന സന്ദർഭമാണത്. അതിന് ചൂടോ തണുപ്പോ ഇല്ല. ആത്മാവിന്റെ ഉള്ളിലേയ്ക്കാണ് ഒറ്റസ്പർശത്തിന്റെ അലകൾ അപ്പോൾ ഉയർത്തുന്നത്. പ്രണയിതാക്കളുടെ വിരലുകൾ പരസ്പരം കോർത്തുചുറ്റുമ്പോൾ, അവർക്കിടയിൽ അഗാധമായ ഒരു ബന്ധത്തിന്റെ ഒരു കഥാകഥനം ആരംഭിക്കുകയായി. ഒരു വാക്കും ഉപയോഗിക്കാതെ, നോട്ടത്തിനു ശേഷമുള്ള സ്പർശമാവും പരസ്പര പ്രേമസുധാനുരാഗം വിളിച്ചുപറഞ്ഞ ആദ്യ ത്തെ മഹാകാവ്യം. മൗനത്തിന്റെ പരാവർത്തനം മനസ്സിന്റെ ഇടകലരുകളുടെ മാസ്മരികതയെ അപ്പോൾ ഇതൾ വിരിയിക്കുന്നു.
സ്പർശനത്തെ ഒരു പ്രധാന ആശയവിനിമയ മാർഗമായി കണ്ട എഴുത്തുകാരനായിരുന്നു, ഡി എച്ച് ലോറൻസ്. ഇന്ദ്രിയങ്ങൾ ആളുകളിൽ മറഞ്ഞിരിക്കുന്ന അർത്ഥങ്ങളും ആഗ്രഹങ്ങളും വെളിപ്പെടുത്തുന്ന സാമഗ്രിളാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്പർശനത്തിന്, കൈകൾക്ക് അത്യന്താപേക്ഷിതമായ സ്ഥാനമുണ്ട്. ലോറൻസിന്റെ രചനകളിൽ അവയ്ക്ക് ഒരു പ്രധാന പ്രതീകാത്മക സ്വഭാവവും ഉണ്ട്. സ്പർശനത്തിലൂടെയും നമ്മുടെ ചുറ്റുമുള്ളവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും അബോധാവസ്ഥയിലുള്ള ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ കൈകൾക്ക് ‘സ്വന്തമായ ഒരു ജീവൻ’ ഉണ്ടെന്ന് ലോറൻസ് എഴുതി. കൈകളുടെ ചലനം വിവരിക്കുമ്പോൾ അദ്ദേഹം സ്പർശനപരവും ഘടനാപരവുമായ ചിത്രങ്ങൾ സൃഷ്ടിച്ചു. വിരലുകളുടെ പരസ്പരബന്ധം, ചർമ്മത്തിന്റെയും പ്രതലങ്ങളുടെയും സംവേദനം, തന്റെ കഥാപാത്രങ്ങളിൽ സ്പർശനത്തോടൊപ്പമുള്ള ആനന്ദം അല്ലെങ്കിൽ അസ്വസ്ഥത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

തൊടുക എന്നത് ചരിത്രത്തിൽ മറ്റു പല അർത്ഥങ്ങളും അടയാളങ്ങളും അവശേഷിപ്പിക്കുന്നു. മലയാളിയുടെ വിമോചനത്തിന്റെ ഒരു സ്പർശബിന്ദു തന്നെയാണ് തൊടൽ.
”തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ”
എന്ന് ചരിത്രത്തിന്റെ ആ നീചസന്ധിയെ ആശാൻ കുറിക്കുന്നുണ്ടല്ലോ.
കാണാൻ പറ്റാത്തവർ, തൊടാൻ പറ്റാത്തവർ എന്നിങ്ങനെ മനുഷ്യ സമുദായത്തെ അകറ്റി നിർത്തിയ ഒരു സാമൂഹ്യസ്ഥലിയെ കണ്ടും പരസ്പരം തൊട്ടും തന്നെയാണ്, കേരളം മനുഷ്യത്വത്തിന്റെ പ്രകാശഗോപുരമായി മാറിയത്. അപ്പോൾ മനുഷ്യ സമുദായത്തിന്റെ സൗന്ദര്യനിർമ്മിതിയിൽ സ്പർശത്തിന് വലിയ സ്ഥാനമുണ്ടെന്നു വരുന്നു.
തൊടുമ്പോഴുള്ള ഓരോ ഭാവവും അക്ഷരങ്ങളിലാഴ്ത്താൻ കഴിയാത്തതാവും. മഴത്തുള്ളിയെപ്പോലെ ഹൃദയത്തെ ഈറനണിയിക്കും. ചില നേരം കനൽക്കോരി നിറയ്ക്കും. കാണലും തൊടലും ഒരു ഭാഷയല്ല, ശബ്ദമില്ലാത്ത വാക്കുകളുടെ കവിതയാണത്. സത്യവചനം ആത്മാവിന്റെ വാതിൽ തുറക്കുന്നത് പോലെ, ഒരു ഭാവം.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






