Published on: February 16, 2026

2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ ആറാമത്തെ കഥയാണ്, ‘പാത്തുമ്മയും ഒരു ആടായിരുന്നു.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.
പാത്തുമ്മയും ഒരു ആടായിരുന്നു
ഒന്ന്
കുഞ്ഞിപ്പാത്തുമ്മ വളർന്നു. അതോടെ അയലത്തെ മുട്ടനാടിന്റെ ശല്യവും തുടങ്ങി. മുട്ടനാട് മാമുക്കോയയാണ്. മാമുക്കോയ പേരുകേട്ട വലിയൊരു ആട്ടിൻകൂട്ടിൽ വളർന്നവനാണ്. എട്ടും പത്തും കെട്ടുന്നവരുടെ, കലഹിക്കുന്നവരുടെ, ഒരുപാട് അടുപ്പുകളും അറകളുമുള്ളവരുടെ ആട്ടിൻകൂട്ടിൽ. ആട്ടിൻകൂട് പെണ്ണുകെട്ടികളുടെ ഒരു പരമ്പരയാണ്. ഇത്തരം പരമ്പരയും പോരിശയുമാണ് മാമുക്കോയയ്ക്ക് എന്തും ചെയ്യാനുള്ള ശക്തി പകരുന്നത്. ആ ശക്തിയിലും ബലത്തിലുമാണ് കുഞ്ഞിപ്പാത്തുമ്മയെ ഊക്കോടെ അവൻ കുത്തിമലർത്തുന്നത്.
ഇങ്ങനെ കുത്തിക്കുത്തി ഒരുദിവസം അവൻ അടുക്കളയിലെത്തിയപ്പോൾ കുഞ്ഞിപ്പാത്തുമ്മ തീക്കൊള്ളി എടുത്തു. മാമുക്കോയ ബീഡിവലിച്ചു. ഇതിൽപ്പരം മറ്റൊന്നും അവിടെ നടന്നില്ല. കുഞ്ഞിപ്പാത്തുമ്മ വിയർത്തപ്പോൾ, കലിതുള്ളിയപ്പോൾ, തീക്കൊള്ളിയെടുത്തപ്പോൾ, പരിസരവാസികൾ മൂക്കിൽ വിരൽ വച്ചു. ഇപ്പം അവിടെയൊരു തീപ്പിടുത്തം നടക്കും.
എന്നാൽ പരിസരങ്ങളെ തീർത്തും നിരാശപ്പെടുത്തിക്കൊണ്ടാണ് മാമുക്കോയ ബീഡി കത്തിച്ചത്, അതും കുഞ്ഞിപ്പാത്തുമ്മയുടെ തീക്കൊള്ളിയിൽ നിന്ന്. “ആരാണ്ടാ എന്നു ചോദിക്കുന്നവരോട് “ഞാനാണ്ടാ” എന്നു പറയുന്നവനാണ് മാമുക്കോയ. എന്നാലും ഇയാളെ ഇങ്ങനെ വെറുതെ വിടാൻ പാടില്ലല്ലോ.
അങ്ങനെയുള്ള ഒരു വിചാരത്തോടും വാശിയോടും കൂടിയാണ് കുഞ്ഞിപ്പാത്തുമ്മ മഷിയെഴുതിയത്. മുറുക്കിത്തുപ്പിയത്. മുറ്റത്തെ അയലിൽ പാവാട ഉണങ്ങാനിട്ടത്. അരി ചേറി ചെമ്പിലിട്ടത്. കാച്ചിത്തുണി കയറ്റിവച്ച് കറിക്കരച്ചത്. എന്നിട്ടും അതാ, ചോറു വാർക്കുംമുമ്പ് അവൻ കുഞ്ഞിപ്പാത്തുമ്മയുടെ മുറ്റത്ത് അയലിൽ ഉണക്കാനിട്ട പാവാടയുടെ ചരടിൽ എന്തോ കെട്ടിവയ്ക്കുന്നു. അവളെ നോക്കി കണ്ണടിക്കുന്നു. പ്ലാവില തിന്നുന്നു.
രണ്ട്
കുഞ്ഞിപ്പാത്തുമ്മ ആരോരുമില്ലാത്തവളാണ്. യത്തീമാണ്. അവളുടെ ഉമ്മയെ പിഴപ്പിച്ചതും മുട്ടനാടിന്റെ പശ്ചാത്തലമുള്ള ഒരു തശിരിബായിരുന്നു. തശിരിബ് ഒരു കൈകൊട്ടിപ്പാട്ടാണ്. കന്യകയുടെ ഇളംപാട്ട്. എന്നാൽ കുഞ്ഞിപ്പാത്തുമ്മയുടെ ഉമ്മ അന്നു പുഴക്കരയിൽ തുണി ആറിയിട്ടപ്പോൾ ഇളംപാട്ടിൽ മുട്ടനാടിന്റെ പരമ്പര കയറുപൊട്ടിച്ചു. അത് വലിയ ഒരു കോലാടായിരുന്നു.
അന്നത് വലിയ ഒരു സംഭവമായിരുന്നു. ഉണക്കാനിട്ട തുണിയിൽക്കിടന്നുള്ള ആദ്യത്തെ സംഭവം. സംഭവം വളർന്നു നാടറിഞ്ഞു. സംഭവം വളർന്നു വീടറിഞ്ഞു. അങ്ങനെ നാടും വീടും ആട്ടിൻകൂട്ടിൽ അടച്ച്, പുഴക്കരയിൽ ഉണക്കാനിട്ട മറ്റൊരു തുണിയിൽ കുഞ്ഞിപ്പാത്തുമ്മ പിറന്നു.
പുഴക്കരയിൽ ഒരുകുഞ്ഞിക്കരച്ചിൽ. അതാദ്യം കേട്ടതും കണ്ടതും പരമ്പരയിലെ തല മൂത്ത ചെമ്മരിയാടായിരുന്നു. ചെമ്മരിയാട് പുഴക്കരയിൽ ചൂണ്ടയിട്ടിരിക്കുകയായിരുന്നു. പിന്നീട് ആട്ടിൽപാലും മീൻകറിയും കൊടുത്ത് അവളെ വളർത്തി. അങ്ങനെ ആടുകളുമായുള്ള സഹവാസത്തിൽ കുഞ്ഞപ്പാത്തുമ്മ അടിക്കടി വളർന്നു പാത്തുമ്മയായി. മുട്ടനാടിന്റെ പഞ്ചാരയായി.
മൂന്ന്
തലച്ചോറ് തിന്നാൽ ബുദ്ധി വരും. കരളു തിന്നാൽ കരളുറപ്പു വരും. അപ്പോ ആട്ടിൻസൂപ്പ് കുടിച്ചാലോ? മാമുക്കോയയുടെ കൊഞ്ചൽ കേട്ടപ്പോൾ അവൾക്കു ഹാലിളകി. എന്നിട്ടവൾ അവനെ പരിഹസിച്ചു: “വലിയൊരു മുട്ടനാടാകും.”
അവളുടെ ചിരി മുട്ടനായും കേട്ടപ്പോൾ അവൻ ഇളിഭ്യനായി. അതു മറച്ചുവച്ച് അവൻ പറഞ്ഞു: “എന്നാ നമുക്ക് വേറെയെന്തെങ്കിലും തിന്നാം…”
തീറ്റയുടെ കാര്യം പറഞ്ഞുതീരുംമുമ്പ് കുഞ്ഞിപ്പാത്തുമ്മ അവനെ മലർത്തിയടിച്ചു: “ഞാൻ നിന്നെ തിന്നും. ദേ പറഞ്ഞില്ലാന്നു വേണ്ടാ.”
തീറ്റയുടെ കാര്യം പറഞ്ഞിട്ടൊന്നും ഒരു രക്ഷയില്ല. മറ്റു മദ്ധ്യസ്ഥതയിലും അവൾ നിന്നില്ല. അവന്റെ എല്ലാ അപേക്ഷയും തള്ളിക്കളഞ്ഞ് തീൻമേശയും മറിച്ചിട്ട് അവൾ ആട്ടിൻകൂട്ടിൽ കയറി കതകടച്ചു. പിറ്റേന്നു നാട്ടിൽ പരന്നത് പാത്തുമ്മയും ആടായി എന്ന അത്ഭുതവാർത്തയായിരുന്നു. വാസ്തവത്തിൽ പ്രസ്തുത വാർത്തയുടെ പിന്നാമ്പുറം തേടിയായിരുന്നു മഞ്ചേരിയിൽനിന്നും ആടുവൈദ്യം എന്ന പരസ്യപ്പലകയുമായി അതിരാവിലെ വലിയാപ്പു പ്രത്യക്ഷപ്പെട്ടത്. വലിയാപ്പുവിന്റെ പക്കൽ ആടുവൈദ്യം മാത്രമല്ല മറ്റു പല ചികിത്സാമുറകളും ഉണ്ടെന്ന് അയാളുടെ സഹായിയും നിഴലുമായി നാടുനീളെ വലിയാപ്പുവിന്റെ ചികിത്സാസഞ്ചിയും തൂക്കി തോളുരുമ്മി നടക്കുന്ന കുഞ്ഞാപ്പുവിനറിയാം. പക്ഷേ, കുഞ്ഞാപ്പു ഈ രഹസ്യങ്ങൾ കുഞ്ഞിപ്പാത്തുമ്മയോട് എങ്ങനെ പറയും? അവളിപ്പോഴും ആട്ടിൻകൂട്ടിലാണല്ലോ… പോരാത്തതിന് തക്കം കിട്ടിയാൽ ഒന്നു കുത്തിമലർത്താൻ അവനും നോക്കുന്നുണ്ട്.
നാല്
പാത്തുമ്മ എന്നും കുളപ്പടവിലേക്കു പോകുന്നത് ഉച്ചയ്ക്കാണ്. അലക്കാനും കുളിക്കാനും അവളെന്നും തെരഞ്ഞെടുക്കുന്ന സമയം നട്ടുച്ചയാണ്. പാത്തുമ്മയുടെ ഈ നട്ടുച്ചയിൽ കയറിപ്പിടിച്ചാണ് വലിയാപ്പു ചികിത്സാമുറകൾ തുടങ്ങിയത്. നട്ടുച്ചയ്ക്ക് കുളക്കടവിൽ എത്തിയപ്പോൾ അവൾ പാത്തുമ്മയാണ്. ബാക്കി സമയം മുഴുവൻ ആട്ടിൻകൂട്ടിൽ കിടന്ന് ആടായി കഴിയാനേ ഒക്കുന്നുള്ളൂ. എന്താണിങ്ങനെ…? അവൾ, അവളോടുതന്നെ സങ്കടപ്പെട്ടു. കരഞ്ഞു. ചുറ്റും മുട്ടനാടുകൾ കയറു പൊട്ടിക്കുമ്പോൾ അവൾ അവളുടെ പിറവിയിലേക്കു മേഞ്ഞുപോയി, ഉണക്കാനിട്ട വസ്ത്രത്തിൽ ഊർന്നു വീണ പിറവിയിലേക്ക്. എല്ലാ സങ്കടങ്ങൾക്കും നട്ടുച്ചകൾ സമാധാനമാകുന്നു.
ഇങ്ങനെ കുളപ്പടവിൽ തനിച്ചിരുന്നു ചിന്തിക്കുകയും ചിരിക്കുകയും ചെയ്യുന്ന പാത്തുമ്മയെക്കണ്ട് കുളിക്കാൻ പോയ കുഞ്ഞാപ്പു വിളിച്ചു പറഞ്ഞു: “പാത്തുമ്മ കയറുപൊട്ടിച്ചേ, ഓക്ക് ഹാലിളകിയേ…” അങ്ങനെ കുഞ്ഞാപ്പുവിന്റെ നിലവിളി കേട്ടാണ് നാട്ടിലുള്ള വയസ്സന്മാർ കുളപ്പടവിലേക്കു പാഞ്ഞെത്തിയതും (ചെറുപ്പക്കാർ ആരും തന്നെ പോകാറില്ല. അവർക്കു വീട്ടിൽത്തന്നെ ഷവറുണ്ട്.) പാത്തുമ്മയുടെ നട്ടുച്ച കണ്ടതും പൊടുന്നനെ അവരിൽ വേലിയേറ്റമുണ്ടായതും. ഇതിൽപ്പിന്നെയാണ് വീട്ടുകാരികൾ അവരുടെ വയസ്സന്മാരെ പതിവായി കുളപ്പടവിലേക്കു പറഞ്ഞുവിടാൻ തുടങ്ങിയതും അവരിൽ ചിലർക്കു ചെറുപ്പം പ്രാപിച്ചതും. ഇതുമൂലം വയസ്സന്മാരെ ആരും തന്നെ ഇപ്പോൾ വൃദ്ധമന്ദിരത്തിൽ കൊണ്ടുവിടാറില്ല. പകരം കുളപ്പടവിൽ കൊണ്ടിരുത്തുകയാണ്. ഹാവൂ, ആടുകൾ മാത്രം മേയുന്ന ഗ്രാമത്തിൽ എത പെട്ടെന്നാണ് വെയിലുദിക്കുന്നത്. നട്ടുച്ചയാകുന്നത്.
അഞ്ച്
രാത്രി കുഞ്ഞിപ്പാത്തുമ്മ തെരുവുവിളക്കിന്റെ പ്രകാശത്തിൽ കണ്ടു, അയൽപക്കത്തെ മുട്ടനാടിന്റെ കൂട്ടിൽ ചികിത്സകളും മന്ത്രവാദങ്ങളും. വലിയാപ്പു ചെന്തെങ്ങിലും കുഞ്ഞാപ്പു കോഴിമുട്ടയിലും ചിത്രം വരയ്ക്കുന്നു. ചിത്രം നിറയെ ആട്ടിൻ തലയും രോമങ്ങളും. കോഴിമുട്ടയിൽ ആടിന്റെ മിനിയേച്ചർ കണ്ട് മാമുക്കോയ ബോധംകെട്ടുവീണു. ബോധം തെളിഞ്ഞപ്പോൾ വലിയാപ്പുവിനു കൊമ്പും കുഞ്ഞാപ്പുവിനു പൂടയും മുളച്ചിരിക്കുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല. കൊമ്പു മുളച്ച വലിയാപ്പുവിനേയും പൂട മുളച്ച കുഞ്ഞാ പ്പുവിനേയും കൂട്ടിലടച്ച് അവൻ നേരെ കുഞ്ഞിപ്പാത്തുമ്മയിലേക്കു നൂണു പോയി. പിറ്റേന്നു നേരം വെളുത്തപ്പോഴാണ് അറവുശാലയിലേക്കാണു താനെത്തിയതെന്ന കാര്യം മാമുക്കോയയ്ക്ക് ബോധ്യമായത്.
ആറ്
വലിയാപ്പുവിനേയും കുഞ്ഞാപ്പുവിനേയും കൂട്ടിലടച്ചത് മാമുക്കോയയാണ്. എന്നാൽ മാമുക്കോയയെ അറവുകാരനു കൈമാറിയതാരാണെന്നതിനു തെളിവില്ല. എന്നിട്ടും കുഞ്ഞിപ്പാത്തുമ്മയെ എല്ലാവരും സംശയിച്ചു.
പണ്ടേ പാൽചുരത്തുന്ന ഒരു പെണ്ണാടാണ് കുഞ്ഞിപ്പാത്തുമ്മ. ഒരിക്കലും കറവ വറ്റാത്ത പെണ്ണാട്. അവളുടെ ദേഹത്താണ് മാമുക്കോയ അന്നൊക്കെ ആക്രമണം അഴിച്ചുവിട്ടത്. ഇതൊരുതരം അധിനിവേശമാണെന്നു പറഞ്ഞിട്ടും എതിർത്തിട്ടും അവനൊരു കുലുക്കമില്ല. ഒടുവിൽ അവളുടെ പാൽ കറന്നെടുക്കുക എന്നതിലുപരി മൊത്തത്തിൽ തൂക്കി വില്ക്കുവാനായിരുന്നു അവൻ അതിബുദ്ധി പ്രയോഗിച്ചത്. അതിന്റെ തെളിവാണ് വലിയാപ്പുവിന്റെയും കുഞ്ഞാപ്പുവിന്റെയും കടന്നാക്രമണം. വെറുമൊരു മന്ത്രത്തിലൂടെ ആവാഹിക്കാമെന്നായിരുന്നു ആടുവൈദ്യത്തിന്റെ കരടുരേഖ. എന്നാൽ മന്ത്രവാദം മാത്രമല്ല, ആയുർവ്വേദവും അലോപ്പതിയും വരെ പച്ചിലയോടൊപ്പം ചവച്ചിറക്കിയവളാണ് പണ്ട് പുഴക്കരയിൽ ഭൂജാതയായ കുഞ്ഞിപ്പാത്തുമ്മ.
ഇങ്ങനെ ആടുവൈദ്യത്തിന്റെ മനം മടുപ്പിലായിരുന്നു അവൾ നട്ടുച്ച തേടി കുളപ്പടവിലേക്കു പോയത്. പറഞ്ഞിട്ടെന്ത്? അവിടേയും അവൾക്കു രക്ഷയില്ലാതായി. അവസാനം അവളുടെ നട്ടുച്ചയ്ക്കും ചുറ്റും വൻമതിലുകൾപോലെ വൃദ്ധമതിലുകൾ ഉയർന്നു. അങ്ങനെ കുളപ്പടവിലും അവളൊരു തടവുകാരിയായി. ഇവിടെയാണ് കുളപ്പടവിൽ നിന്നും ആട്ടിൻകൂട്ടിലേക്കുള്ള ദൂരം അവൾ അളന്നു തിട്ടപ്പെടുത്തിയത്. പെൺബുദ്ധിയാണെങ്കിലും അവളുടെ ദൂരം വളരെ ചെറുതായിരുന്നു. എന്നിട്ടും ഈ ഹ്രസ്വദൂരത്തിലേക്കു വലിയ ഓട്ടക്കാരനായ വലിയാപ്പു കുഞ്ഞാപ്പുമാരെ ആടുവൈദ്യത്തിന്റെ മറവിൽ മാമുക്കോയ ഇറക്കുമതി ചെയ്തു. അവിടേയും അവൾ പരാജയപ്പെടുകയായിരുന്നു. ഒടുവിൽ എല്ലാ പരാജയവും ഏറ്റുവാങ്ങി സ്വന്തം വഴിയിൽ അവൾ വീണുകിടന്നപ്പോൾ, തെരുവുവിളക്കിന്റെ പ്രകാശത്തിൽ ഈയലുകൾ എത്തിനോക്കുന്നു. ജാലകത്തിലെ ഇരുട്ടിലൂടെ മിന്നാമിനുങ്ങുകൾ കൈകടത്തുന്നു.
ഏഴ്
ആട്ടിടയന്മാർ പുല്ലാങ്കുഴൽ വായിക്കുന്ന ഒരു സന്ധ്യയിൽ അസ്തമനത്തിന്റെ വേദനയായി മാമുക്കോയയെ അവൾ കണ്ടു. അങ്ങ് കുന്നിൻ ചെരിവിൽ ആടുകളെല്ലാം കൂട്ടിലേക്കു മടങ്ങിയപ്പോയ വേളയിൽ തീർത്തും ഏകാന്തനായി, വഴിതെറ്റിപ്പോയ കുഞ്ഞാടായി.
അന്നു രാത്രി നിലാവുദിച്ചുയർന്നപ്പോൾ താരകങ്ങൾക്കു പറയാനുണ്ടായതൊക്കെയും മാമുക്കോയയുടെ വിശേഷങ്ങളായിരുന്നു. അവൻ നന്നെ ക്ഷീണിതനും ദുഃഖിതനുമാണ്. ചെയ്തുപോയ അപരാധങ്ങൾക്കൊക്കെ ക്ഷമ ചോദിക്കുവാനും ശേഷിക്കുന്ന കാലം ഈ കുന്നിൻ ചെരിവു വിട്ട് എവിടെയെങ്കിലും ഒരു…
പക്ഷേ, വിശേഷങ്ങൾ പൂർത്തിയാക്കാൻ താരകങ്ങൾക്കു കഴിഞ്ഞില്ല. അപ്പോഴേക്കും വലിയ ഒരു കാർമേഘം അവയെ മൂടിക്കഴിഞ്ഞിരുന്നു.
ഇല്ല. കാർമേഘങ്ങൾ ഇന്നിനി തെളിയുകയില്ല. ഇനി തെളിഞ്ഞാലും താരകങ്ങളുടെ കഥയിൽ ആട്ടിടയൻ ദാനമായി തരുന്നതൊന്നും അവൾക്കു സ്വീകരിക്കാനാവില്ല. അങ്ങനെ അവൾ തന്റെ കൂടും പുഴക്കരയും ഉപേക്ഷിച്ച് മുട്ടനാടുപരമ്പരയിൽ നിന്നും രക്ഷപ്പെട്ട്, അറവുശാലയും തെരുവുവിളക്കും മറി കടന്ന്, ആട്ടിടയന്റെ പുല്ലാങ്കുഴലിൽ മറ്റൊരു സ്വരതാളമായി. ആടില്ലാത്ത കാലത്തിലെ കുഞ്ഞിപ്പാത്തുമ്മയായി.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.







