
ഉൾനിനവ്
നിനവായ് ഉദിക്കുന്നു നിൻമുഖം
പൗർണമി നിലാവിലെ താരകം പോലെ
ആദ്യമായ് നാമന്നു കണ്ടതിൽ പിന്നെ
മിഴികളിലെപ്പോഴും നീയന്നു
തന്നൊരു പുഞ്ചിരി മായാതെ തങ്ങിടുന്നു
ആൽമരച്ചോട്ടിലെ അലിയുന്ന പകലിലും
രാവിനെ മാറോടണയ്ക്കുന്നുഷസ്സിലും
കണ്ടുനാമെത്രയിരവും ദിനങ്ങളും
പിന്നെയും പിന്നെയും ഏറെയേറെ
പോകുവാനുണ്ടേറെ ദൂരങ്ങളെന്നു നാം
പിന്നെയും പിന്നെയും
തമ്മിൽപ്പറഞ്ഞതും
ജീവിതം തന്നെയും തോണിയായുലയുമ്പോ-
ളോളങ്ങളായ് നാം വലം വെച്ചിരുന്നതും
പിന്നെയും നാളുകളേറെ കടന്നുപോയ്
ജീവിതം നമ്മൾ ഒന്നായ് തുഴഞ്ഞുപോയ്
എപ്പൊഴോ,
ജീവിതയാത്രയിൽ വെച്ചെന്നോ
നാമിരു താരകളായതെന്നോ….
ഇന്നിതാ,
നീയെന്റെയരികത്തിരിക്കുമ്പോ-
ളോർക്കുവാനുണ്ടേറെയേറെയിന്നും,
അറിയില്ല ഒരു മാത്ര പോലും
നീയെന്റെ ഹൃദയത്തെ-
യറിയാതെപോയത് നീ മാത്രമാണിന്നും…!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

പുണ്യ പി എസ്: തൃശൂർ കേച്ചേരി എരനെല്ലൂർ സ്വദേശിനി. പ്രിസ്റ്റീൻ വാലി ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും മലയാളത്തിൽ ബി എ , വർക്കല ശ്രീ നാരായണ ട്രെയിങ് കോളേൽ നിന്നും മലയാളത്തിൽ ബി എഡ് എന്നിവ ലഭിച്ചു.






