ഓണം സ്‌പെഷ്യൽ- 2026

AI illustration by Surya for the Malayalam poem Nadikkarayile Vriksham by M. Gokuldas

നദിക്കരയിലെ വൃക്ഷം

ദിക്കരയിലെ ഒരു വൃക്ഷം ചോദിച്ചു,
ഭൂമിയിലെ പ്രണയത്തിന് എത്ര വയസ്സാണ്?
ഒടുവിലത്തെ ഇലയും കൊഴിഞ്ഞുപോയപ്പോൾ
നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവന്നു.
നക്ഷത്രങ്ങൾ നദിയോട് പറഞ്ഞു,
പ്രണയവും ചുംബനവും വാടിയ റോസാപ്പൂക്കളല്ല,
പ്രണയത്തിനും ചുംബനത്തിനും വയസ്സാവുകയില്ല.
ആഴമുള്ള ഒഴുക്കിൽ നദി മന്ത്രിച്ചു,
സ്നേഹത്തിന്റെ വേരുകൾ പിളർന്നു പോയെങ്കിലും
പ്രണയം മരിക്കുന്നില്ല.
തോൽപ്പിക്കപ്പെട്ട പ്രണയവും
ആത്മഹത്യ ചെയ്ത വാക്കുകളും
ഒരിക്കൽ കൊടുങ്കാറ്റായി തിരിച്ചുവരും.
അവളുടെ കണ്ണിൽ ഒരു നക്ഷത്രം വിരിഞ്ഞതോടെ,
ഓർമകളുടെ മൃദുലമായ ദളങ്ങളിൽ
ചിത്രശലഭങ്ങൾ വിരുന്നുവന്നു.
രാത്രിയുടെ കണ്ണീരുപോലെ പെയ്ത
വൈകുന്നേരത്തെ മഴയിൽ
ആത്മാവിന്റെ കതകുകൾ ആരോ വലിച്ചടച്ചു.
അനന്തരം, ഏകനായ വൃക്ഷവും
ആഴമറിയാത്ത നദിയും ബാക്കിയായി.
പ്രണയവും ചിത്രശലഭങ്ങളും
ഏകാകിയായ കാറ്റിനോടൊപ്പം പറന്നുപോയി…

Join with us