
പ്രവാസം എന്ന കുരുക്ക്
യാത്രകൾ ലക്ഷ്യത്തിലെത്താനുള്ളതാണ്. എന്നാൽ ചില യാത്രകളിൽ നമ്മൾ എത്ര ദൂരം സഞ്ചരിച്ചാലും, ലക്ഷ്യത്തിലെത്താതെ തിരിച്ചെത്തിയെന്നുമിരിക്കും. പ്രവാസജീവിതവും ചിലപ്പോഴൊക്കെ അങ്ങനെയാണ്. ഓരോ ദിവസവും ഓടുന്നു, അധ്വാനിക്കുന്നു, മാസാവസാനം ശമ്പളം വരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ, സ്വന്തം ചെലവുകൾ, വായ്പകൾ, മറ്റു ബാധ്യതകൾ എന്നിവ തീർക്കുന്നു.
എന്നിട്ടും, എവിടെയായിരുന്നോ ജീവിതം, അത് അതുപോലെ അവിടെത്തന്നെ നിൽക്കുന്നതുപോലെ തോന്നും. ഇന്നലെ കണ്ട, മനസ്സിലെ സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരമുണ്ടാകില്ല. അതിനിടയിൽ മറ്റൊരു വർഷം കൂടി കടന്നുപോകുന്നു.
കുറച്ചുകാലം വിദേശത്ത് ജോലി ചെയ്ത് ജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും കടൽ കടക്കുന്നത്. വീട് പണിയണം, കടങ്ങൾ തീർക്കണം, കുടുംബത്തെ സുരക്ഷിതമാക്കണം, ഒടുവിൽ നാട്ടിൽ തിരിച്ചെത്തി സമാധാനത്തോടെ ജീവിക്കണം. ഇതായിരിക്കും മിക്കവരുടെയും സ്വപ്നം. എന്നാൽ, ഓരോന്നും പൂർത്തിയാകുമ്പോൾ പുതിയ ഉത്തരവാദിത്വങ്ങൾ മുന്നിലെത്തുന്നു. മടങ്ങിവരവിന്റെ തീയതി വീണ്ടും വീണ്ടും നീളുന്നു. അങ്ങനെ നാട്ടിലേക്കുള്ള ദൂരം കിലോമീറ്ററുകളിൽ മാത്രമല്ല, വർഷങ്ങളിലും വർധിക്കുന്നു.
‘ജീവിതം മെച്ചപ്പെടുത്താനായി തുടങ്ങിയ യാത്ര എപ്പോഴാണ് ജീവിതം തന്നെ മാറ്റിവെച്ചുകൊണ്ടുള്ള ഒരു യാത്രയായി മാറിയത്..?’ ഇങ്ങനെയൊരു ചോദ്യം പല പ്രവാസികളുടെയും മനസ്സിൽ ഒരിക്കലെങ്കിലും ഉയർന്നിട്ടുണ്ടാകാം. സമ്പാദിക്കുന്നത് കുടുംബത്തിനുവേണ്ടിയാണ്. എന്നാൽ ആ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള വിലപ്പെട്ട സമയംപോലും സമ്പാദ്യത്തിനുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ നഷ്ടപ്പെടുന്നു. മക്കളുടെ വളർച്ച, മാതാപിതാക്കളുടെ വാർധക്യം, പ്രിയപ്പെട്ടവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പലതും ഫോണിന്റെ സ്ക്രീനിനപ്പുറത്തുനിന്ന് കണ്ടറിയേണ്ടിവരുന്നു. ജീവിതത്തിലെ ചില പ്രധാനപ്പെട്ട നിമിഷങ്ങളിൽ സാന്നിധ്യമാകാൻ കഴിയാത്തതിന്റെ വേദനയ്ക്ക് ശമ്പളത്തിന്റെ കണക്കുപുസ്തകത്തിൽ ഇടമുണ്ടാകില്ല.
പ്രവാസിയുടെ ജീവിതം പലപ്പോഴും ഒരേ ചക്രത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ജോലി, ശമ്പളം, ചെലവുകൾ, ബാധ്യതകൾ, വീണ്ടും ജോലി. അതിനിടയിൽ അവധിക്കായുള്ള കാത്തിരിപ്പ്. അവധി കിട്ടിയാൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ; നാട്ടിലെത്തിയാൽ പ്രിയപ്പെട്ടവരോടൊപ്പം കുറച്ചുദിവസങ്ങൾ. തിരിച്ചുവരേണ്ട ദിവസമടുക്കുമ്പോൾ മനസ്സിൽ വീണ്ടും ഒരു ഭാരം. ഒടുവിൽ മടങ്ങിവരുന്നു, അടുത്ത അവധിക്കായുള്ള കാത്തിരിപ്പ് ആരംഭിക്കുന്നു. ഓരോ വർഷവും ഇതേ ക്രമം ആവർത്തിക്കുമ്പോൾ ജീവിതം മുന്നോട്ടുപോകുന്നുണ്ടെങ്കിലും, നമ്മൾ ഒരിടത്ത് നിൽക്കുന്നതുപോലെ തോന്നുന്നു.
ഇതിനിടയിൽ പ്രവാസിയുടെ തൊഴിൽജീവിതവും കൂടുതൽ സങ്കീർണമാകുന്നു. ജോലി ഭാരം കൂടുന്നു, ഉത്തരവാദിത്വങ്ങൾ വർധിക്കുന്നു. ചില തൊഴിലിടങ്ങളിൽ വേതനവർധനവില്ലാതെ വർഷങ്ങൾ കടന്നുപോകുന്നു. അർഹമായ അവധി ലഭിക്കാത്തതും ശമ്പളം വൈകുന്നതും തൊഴിൽസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പലരുടെയും ജീവിതത്തിന്റെ ഭാഗമാകുന്നു. പുതിയ സംവിധാനങ്ങളും നിയന്ത്രണങ്ങളും ജോലിയുടെ സ്വഭാവം മാറ്റുമ്പോൾ, അതിനനുസരിച്ച് മാറേണ്ടിവരുന്ന തൊഴിലാളിയുടെ സമയത്തിനും അധ്വാനത്തിനും അതേ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം സ്വാഭാവികമാണ്. പക്ഷേ, അതിനുശേഷം എന്ത് എന്ന ചോദ്യമാണ് പലരെയും പിന്നോട്ടുവലിക്കുന്നത്. നാട്ടിൽ സ്ഥിരമായൊരു വരുമാനമാർഗമുണ്ടോ? വർഷങ്ങളായി സമ്പാദിച്ചതെല്ലാം ബാധ്യതകൾ തീർക്കാൻ ചെലവായെങ്കിൽ, ഇനി എങ്ങനെ മുന്നോട്ടുപോകും? കുടുംബത്തിന്റെ ഭാവി എങ്ങനെ സുരക്ഷിതമാക്കും? ഈ ആശങ്കകൾക്കിടയിൽ മടങ്ങിപ്പോകാനുള്ള തീരുമാനം വീണ്ടും മാറ്റിവെക്കുന്നു.
അങ്ങനെ, മടുത്തിട്ടും തുടരുന്നു; തുടരാൻ ആഗ്രഹമില്ലെങ്കിലും തുടരേണ്ടിവരുന്നു പ്രവാസ ജീവിതം. ഇതൊരു കെണിയാണ്. ഒരുപക്ഷേ, പ്രവാസജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും അതുതന്നെ. അവിടെ തുടരുന്നതും നാട്ടിലേക്ക് മടങ്ങുന്നതും ഒരുപോലെ ചോദ്യങ്ങൾ ഉയർത്തുമ്പോൾ, ഒരു തീരുമാനമെടുക്കാൻപോലും കഴിയാത്ത മനുഷ്യർ അതേ വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു.
ഇതിനിടയിൽ പ്രായം കൂടുന്നു, ആരോഗ്യവും സമയവും മാറുന്നു. ഒരിക്കൽ സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ പിന്നീട് ചെയ്യാൻ കഴിയുമോ എന്നുപോലും ഉറപ്പില്ലാതാകുന്നു. സാങ്കേതികവിദ്യ മാറുന്നു, നഗരങ്ങൾ വളരുന്നു, ലോകം പുതിയ സാധ്യതകളിലേക്ക് നീങ്ങുന്നു. എന്നാൽ സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാതെ തുടരുന്ന പ്രവാസികൾ അധികരിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെല്ലാം പരിഹാരം പ്രവാസം അവസാനിപ്പിക്കുക എന്നതുമാത്രമാണോ? എല്ലാ പ്രവാസികൾക്കും ഒരേ ഉത്തരം നൽകാനാവില്ല. കാരണം, ഓരോരുത്തരുടെയും സാഹചര്യങ്ങളും സാമ്പത്തിക ബാധ്യതകളും കുടുംബ ഉത്തരവാദിത്വങ്ങളും വ്യത്യസ്തമാണ്. എന്നാൽ സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട്. നാട്ടിലേക്ക് മടങ്ങണമെങ്കിൽ അതിനുള്ള സാമ്പത്തികവും തൊഴിൽപരവുമായ ഒരുക്കങ്ങളും എപ്പോൾ തുടങ്ങണം? പ്രവാസത്തിൽ തുടരുന്ന കാലത്ത് സ്വന്തം ഭാവിക്കായി എന്തൊക്കെ ചെയ്യാൻ കഴിയും? സമ്പാദ്യത്തിനൊപ്പം സ്വന്തം ആരോഗ്യത്തിനും കുടുംബത്തോടൊപ്പമുള്ള സമയത്തിനും എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്? ഇത്തരം ചോദ്യങ്ങൾക്ക് പ്രായോഗികമായ ഉത്തരങ്ങൾ കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.
എന്നാൽ ഈ ഉത്തരവാദിത്വം പ്രവാസിയുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ന്യായമായ വേതനം, അർഹമായ അവധി, സുരക്ഷിതമായ തൊഴിൽസാഹചര്യങ്ങൾ, തൊഴിൽപരമായ അവകാശങ്ങൾ എന്നിവയും പ്രധാനമാണ്. വർഷങ്ങളോളം അധ്വാനിക്കുന്ന ഒരാൾക്ക് അന്തസ്സോടെ ജീവിക്കാനും ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലർത്താനും കഴിയണം. പ്രവാസിയുടെ അധ്വാനത്തെ അയാൾ അയയ്ക്കുന്ന പണത്തിന്റെ കണക്കിൽ മാത്രം അളക്കാതെ, ഒരു മനുഷ്യനെന്ന നിലയിൽ കാണാനും സമൂഹത്തിന് കഴിയണം. കാരണം, പ്രവാസം എന്നത് സ്വന്തമായി പണം സമ്പാദിക്കാനുള്ള ഒരു യാത്ര മാത്രമല്ല; അത്തരം പ്രവാസയാത്രകൾ പലപ്പോഴും ഒരു സമൂഹത്തിന്റെ കൂടി സാമ്പത്തിക ഭദ്രതയെ ഉയർത്താറുണ്ട്. പ്രവാസത്തിന്റെ നേട്ടങ്ങളെ ഒരു സമൂഹത്തിനും നിഷേധിക്കാനോ തള്ളിക്കളയാനോ കഴിയില്ല.
അതുകൊണ്ടു തന്നെ, ഒരു സമൂഹത്തിനും കൂടി ഗുണകരമായി തീരുന്ന, കടലിനെക്കാൾ നീണ്ട സ്വപ്നങ്ങളുമായി കടൽ കടന്നുപോകുന്ന പ്രവാസികളെ കുറിച്ചും പ്രവാസലോകത്തെ കുറിച്ചും പ്രവാസികളെ പോലെതന്നെ ചിന്തിക്കാനും ആശങ്കപ്പെടാനും ഓരോ സമൂഹത്തിനും ബാധ്യതയുമുണ്ട്.
ചുരുങ്ങിയ പക്ഷം, ‘പ്രവാസം ഒരു ലൂപ്പ്’ ആണെന്ന്, ഒരു പ്രവാസിക്ക് അനുഭവവേദ്യമാകാതിരിക്കാനുള്ള അന്തരീക്ഷം ഇനിയും ഉയർന്നു വരേണ്ടതുണ്ട്.







