
ദീപാവലി പ്രഭയിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹം
ദീപാവലി! കാർത്തിക മാസത്തിലെ അമാവാസി ദിനത്തിൽ ഒട്ടനവധി ദീപങ്ങൾ ഒന്നിച്ചുചേർന്ന്, ഭക്തിയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അതിശക്തമായ പ്രഭാപൂരം തീർക്കുന്ന സുദിനം.
തമസ്സിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വിജയത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്ര-സാംസ്കാരിക പരിണാമങ്ങളുമുണ്ട്. തിന്മയ്ക്കെതിരെയുള്ള നന്മയുടെ വിജയമായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിന്റെ വേരുകൾ ത്രേതായുഗത്തിലേക്ക് നീണ്ടുകിടക്കുന്നു.
രാവണവധവും പതിനാലു വർഷത്തെ വനവാസവും പൂർത്തിയാക്കി ശ്രീരാമനും സീതയും ലക്ഷ്മണനും അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ, ജനങ്ങൾ നഗരത്തിലുടനീളം ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചതിന്റെ ഓർമ്മപുതുക്കലാണ് ദീപാവലി എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
അതേസമയം, പ്രഗ്ജ്യോതിഷപുരത്തിലെ (ഇന്നത്തെ അസാം) അസുരരാജാവായിരുന്ന നരകാസുരനെ ശ്രീകൃഷ്ണനും സത്യഭാമയും ചേർന്ന് വധിച്ച ദിവസം ‘നരകചതുർദശി’യായി ദീപങ്ങളാൽ ആചരിക്കപ്പെടുകയും പിന്നീടത് ദീപാവലിയായി മാറുകയും ചെയ്തു എന്ന് മറ്റൊരു പുരാണം പറയുന്നു.
കൂടാതെ, പാലാഴി മഥനവേളയിൽ ഉയർന്നുവന്ന ലക്ഷ്മീദേവിയെ മഹാവിഷ്ണു ഭാര്യയായി സ്വീകരിച്ചത് കാർത്തിക അമാവാസി നാളിലാണെന്ന ഒരു സങ്കൽപ്പവുമുണ്ട്.
ദീപാവലി ചരിത്രകാലഘട്ടത്തിൽ
പുരാണങ്ങൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറം, പ്രാചീന ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ മൺസൂൺ കൃഷി പൂർത്തിയാകുന്ന ഖരീഫ് വിളവെടുപ്പോടെ കർഷകർ തങ്ങൾക്കു ലഭിച്ച കാർഷിക സമൃദ്ധിക്ക് നന്ദി അറിയിക്കാനും ശൈത്യകാലത്തിന്റെ വരവേൽപ്പിനുമായി ദീപങ്ങൾ തെളിയിച്ചിരുന്നു. ഈ ആഘോഷം പിൽക്കാലത്ത് ‘ദീപാവലി’യായി പരിണമിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
എ.ഡി. 7-ാം നൂറ്റാണ്ടിൽ ഹർഷവർദ്ധനൻ രചിച്ച ‘നാഗാനന്ദ’ എന്ന സംസ്കൃത നാടകത്തിൽ ദീപാവലിയെ ‘ദീപപ്രതിപദോത്സവം’ എന്നാണ് പരാമർശിച്ചിരിക്കുന്നത്. 11-ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച അൽ-ബറൂണിയും കാർത്തിക മാസത്തിലെ ചാന്ദ്രനാളിൽ ഹിന്ദുക്കൾ നടത്തുന്ന വിളക്കുകളുടെ ആഘോഷത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തിൽ അക്ബർ ചക്രവർത്തിയുടെ കാലത്ത് ‘ജഷ്ൻ-ഇ-ചിരാഗാൻ’ എന്ന പേരിലും ദീപാവലി ആഘോഷിക്കപ്പെട്ടിരുന്നു. മഹാവീരന്റെ നിർവാണ ദിനമായി ജൈനമതക്കാരും, ഗുരു ഹർഗോവിന്ദ് ജി ഗ്വാളിയോർ കോട്ടയിൽ നിന്ന് മോചിതനായ ദിവസമായി സിഖുകാർ ‘ബന്ദി ചോർ ദിവസ്’ ആയും ദീപാവലിയെ ആചരിക്കുന്നു.

ഗൗഡ സാരസ്വത ബ്രാഹ്മണരും (GSB) ദീപാവലിയും
വൈഷ്ണവ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഷേണായി, പൈ, കാമത്ത്, പ്രഭു, നായക്, മല്ലയ്യ, റാവു തുടങ്ങിയ ഗൗഡ സാരസ്വത ബ്രാഹ്മണ കൊങ്കണി (GSB) സമൂഹം ഭഗവാൻ ശ്രീകൃഷ്ണൻ നടത്തിയ നരകാസുരവധവുമായി ബന്ധപ്പെടുത്തിയാണ് പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്. കാർത്തിക ചതുർദശി നാളിലെ ഈ ദിവസത്തെ ‘നരകചതുർദശി’യായി GSB സമൂഹം സവിശേഷമായി ആചരിക്കുന്നു.
ഒരു GSB കുടുംബത്തിൽ ജനിച്ച വ്യക്തിയെന്ന നിലയിൽ, ദീപാവലിയുമായി ബന്ധപ്പെട്ട ഈ ചടങ്ങുകളെല്ലാം ചെറുപ്പം മുതലേ എനിക്ക് അടുത്തറിയാവുന്നതും ഏറെ പ്രിയപ്പെട്ടതുമാണ്.
നരകചതുർദശി ദിനത്തിൽ, സൂര്യോദയത്തിന് മുൻപുള്ള ‘ബ്രഹ്മമുഹൂർത്തത്തിൽ’ നടത്തുന്ന എണ്ണതേച്ചു കുളിയോടെയാണ് GSB സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്നത്. ചില കുടുംബങ്ങൾ കുളിക്കാനുള്ള വെള്ളത്തെ പവിത്രമായി കണക്കാക്കുകയും അതു നിറയ്ക്കുന്ന പാത്രം പ്രത്യേകമായി അലങ്കരിക്കുകയും ചെയ്യുന്നു. ‘ഉദ്ദ ബോർച്ചെ’ എന്നാണ് ഈ ജലാരാധന അറിയപ്പെടുന്നത് (കൊങ്കണിയിൽ ‘ഉദ്ദ’ എന്നാൽ വെള്ളം, ‘ബോർച്ചെ’ എന്നാൽ നിറയ്ക്കുക).
എണ്ണയോടൊപ്പം സസ്യങ്ങളുടെ വേരുകളും പൂക്കളും ഇലകളും കടലമാവ്, ചെറുപയർ, കസ്തൂരി മഞ്ഞൾ, ചന്ദനം, രാമച്ചം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ലേപനം പുരട്ടിയാണ് കുളിക്കുന്നത്. നരകാസുരവധത്തിനു ശേഷം ശ്രീകൃഷ്ണൻ ശരീരത്തിലെ ചോരപ്പാടുകൾ കളയാൻ സുഗന്ധദ്രവ്യങ്ങൾ തേച്ചു കുളിച്ചു എന്ന വിശ്വാസത്തിന്റെ പ്രതീകമാണിത്. കുളിക്കുന്നതിനു മുൻപ് ‘അപമാർഗ്’ (കടലാടി) സസ്യം മുഴുവനോടെ തലയ്ക്ക് മുകളിൽ ഉഴിഞ്ഞുകളയുന്ന പതിവുമുണ്ട്. ഇത് വ്യക്തികളിലെ തിന്മകളെയും രോഗങ്ങളെയും അകറ്റുമെന്നാണ് വിശ്വാസം.

കുളി കഴിഞ്ഞെത്തുന്നതോടെ, പുതുവസ്ത്രങ്ങൾ ധരിക്കുന്നതിനു മുൻപ് ‘കാരിത്’ ഫലം ചവിട്ടി ഉടയ്ക്കുന്ന പ്രധാന ചടങ്ങുണ്ട്. മത്തങ്ങ വർഗ്ഗത്തിൽപ്പെട്ട, ചെറുവെള്ളരിക്കയോട് സാമ്യമുള്ള ഇതിന് അല്പം കൈപ്പുള്ള രുചിയാണ്. ഇടത് കാലിന്റെ ഉപ്പൂറ്റി കൊണ്ടാണ് ഈ ഫലം ഉടക്കേണ്ടത്. കൃഷ്ണൻ നരകാസുരനെ വധിച്ചത് തന്റെ ഇടത് കാലിന്റെ ഉപ്പൂറ്റി കൊണ്ട് ചവിട്ടിയാണ് എന്ന ഐതിഹ്യമാണ് ഇതിന് പിന്നിലുള്ളത്.
‘കാരിത്’ ചടങ്ങിനു ശേഷം, അരിമാവ്, മഞ്ഞൾ, കുങ്കുമം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വിളക്കുകൾ തെളിയിച്ച് കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ കുടുംബാംഗങ്ങൾക്ക് ആരതി ഉഴിയുന്നു.
ഗോവ, കർണാടക തുടങ്ങിയ പ്രദേശങ്ങളിൽ നരകചതുർദശി പുലർച്ചകളിൽ മുളയും വൈക്കോലും കടലാസും മറ്റും ഉപയോഗിച്ചു നിർമ്മിച്ച കൂറ്റൻ നരകാസുര പ്രതിമകൾ കത്തിക്കുന്ന പതിവുമുണ്ട്.
സന്ധ്യയ്ക്ക് കൊളുത്തിവയ്ക്കുന്ന അസംഖ്യം മൺചിരാതുകളിൽനിന്നുയരുന്ന ദീപകാഴ്ചയാണ് ദീപാവലിയുടെ ഏറ്റവും ഹൃദ്യമായ അനുഭവം. ചില വീടുകളിൽ ദീപാവലി പുലർച്ചകളിലും ദീപങ്ങൾ കൊളുത്തുന്നു.
Join with us

വി രാജേഷ് മോഹൻ റാവു: കണ്ണൂർ മമ്പറം സ്വദേശി. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിഭാഗം അധ്യാപകൻ. ‘ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറത്തിന്റെ പ്രസിഡന്റ്, കൊങ്കണി ഭാഷയെയും സാംസ്കാരിക പൈതൃകത്തെയും പരിപോഷിപ്പിക്കാൻ പ്രവർത്തിച്ചു വരുന്ന കൊങ്കണി സഭയുടെ വർക്കിംഗ് കമ്മിറ്റി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്നു.






