
ഭൂതകാലത്തിലെ അദൃശ്യ വീഥികൾ
അവളുടെ ആ വാക്കുകൾ മനസ്സിൽ തെളിഞ്ഞുവന്നതും അയാൾ ഒന്ന് ഞെട്ടി. എന്തുകൊണ്ടാണ് ഇക്കാര്യം അപ്പോൾ തന്റെ ശ്രദ്ധയിൽപ്പെടാതിരുന്നത്? അയാൾക്ക് ആശ്ചര്യം തോന്നി. ഇപ്പോഴത്തെ അവളുടെ ട്രോമ ഉണർത്തിവിടുന്ന സെൻസറി ട്രിഗറുകളുടെ ഇംപ്ലിസിറ്റ് മെമ്മറികൾ അയാൾക്കു മുന്നിൽ തെളിഞ്ഞു വന്നു.
ആ കിടപ്പിൽ അയാളുടെ ചുണ്ടുകൾ യാന്ത്രികമായി ചലിച്ചു:
“യെസ്… മേബീ, ഇറ്റ്സ് ആൻ അൺകോൺഷ്യസ് സെൽഫ് ഡിഫൻസ്!”
സജീവ് ശർമ്മ പതിവിന് വിപരീതമായി അന്ന് രാത്രി അസ്വസ്ഥനായിരുന്നു. തന്റെ കരിയറിൽ സങ്കീർണമായ ഇത്തരം നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. എങ്കിലും, ഇന്നത്തെ അനുഭവം എന്തോ അയാളെ വിട്ടൊഴിയാൻ കൂട്ടാക്കുന്നില്ല.
കൗൺസിലിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വകാര്യമായിരിക്കണമെന്നതിനാൽ ഭാര്യ സാധാരണയായി അതേക്കുറിച്ച് ഒന്നും ചോദിക്കാറില്ല. അയാൾ അതൊട്ടു പറയാറുമില്ല. എന്നാൽ അന്നത്തെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതോടെ ഭാര്യ വിവരം തിരക്കി. അയാൾ ഒന്നും പറഞ്ഞില്ല.
“അച്ഛന് വേറെ കൗൺസിലിംഗ് വേണ്ടി വരുമോ?” എന്നു കളിയാക്കി മകൾ ഉറങ്ങാൻ പോയി.
ഭാര്യ ഉറങ്ങാൻ കിടന്നപ്പോൾ സജീവ് ശർമ്മ മെല്ലെ മുറിക്കു പുറത്തിറങ്ങി കൗൺസിലിംഗ് റൂമിലെത്തി. ചില റഫറൻസ് പുസ്തകങ്ങളെടുത്ത് ശ്രദ്ധാപൂർവം പരിശോധിച്ചു. പക്ഷേ, ഇന്നത്തെ കേസുമായി കൃത്യമായി പൊരുത്തപ്പെടുന്ന ഒന്നും അതിൽ കണ്ടെത്താനായില്ല.
ലഭ്യമായ വിവരങ്ങൾ വെച്ചുനോക്കുമ്പോൾ, കോംപ്ലക്സ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ (Complex PTSD) ചില ലക്ഷണങ്ങളുള്ള കേസാകാനാണ് സാധ്യത. ഡിസോസിയേറ്റീവ് ലക്ഷണങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്നാൽ, ഇന്നത്തെ കൗൺസിലിംഗിൽ തനിക്ക് പിടികിട്ടാത്ത പ്രധാന കാര്യം പേഷ്യന്റിന്റെ ഹിസ്റ്ററിയാണ്. അതിലൊരിടത്തും താൻ ലൈംഗികാതിക്രമത്തിന് ഇരയായതായി വ്യക്തമായ സൂചന പോലുമില്ല. അവൾ കണ്ടുവെന്ന് പറയപ്പെടുന്നതെല്ലാം അമ്മയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്. അതെങ്ങനെ ഒരാളെ കൊലപാതകശ്രമങ്ങളിലേക്ക് നയിക്കും? അതും, ആ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാൾക്കെതിരെ?
വൈകുന്നേരം മുതൽ സജീവ് ശർമ്മയെ അലട്ടിക്കൊണ്ടിരുന്നത് ഈയൊരു വൈരുധ്യമാണ്.
ഇന്നെത്തിയ ക്ലയന്റ് അത്യന്തം അപകടം നിറഞ്ഞ ഒരു സ്റ്റേജിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോളത് മറ്റൊരാൾക്കു നേരെയുള്ള ഭീഷണിയാണെങ്കിൽ നാളെയത് സ്വയം ഉപദ്രവിക്കുന്നതിലേക്കു നീങ്ങിയേക്കാം. ഇത്തരം ഭൂരിഭാഗം കേസുകളിലും ആത്മഹത്യാ പ്രവണതകൾക്കാണ് കൂടുതൽ സാധ്യത.
വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട കേസാണിത്. വെറുമൊരു കൗൺസിലിംഗിലൂടെ ഇതിനെ മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ ഇതു തന്റെ മാത്രം ഇടപെടലിലൂടെ കൈകാര്യം ചെയ്യാനാകുമോ എന്നും സംശയമാണ്. ചിലപ്പോൾ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ഉൾപ്പെടെയുള്ള ചികിത്സാരീതികൾ ഫലപ്രദമായേക്കാം. ആവശ്യമെങ്കിൽ സൈക്യാട്രിസ്റ്റിന്റെ സഹായവും തേടേണ്ടിവരും. ടൗണിലെ വിദഗ്ധനായ സൈക്യാട്രിസ്റ്റ് ഡോ. പ്രവീൺ ബാബുവിനെ അയാൾ ഓർത്തു. മുമ്പും പല കേസുകളും പ്രവീൺ ബാബുവിന്റെ അടുത്തേക്ക് റഫർ ചെയ്തിട്ടുണ്ട്.
‘ഈ കേസിലും അതു വേണ്ടിവരുമോ?’
അയാൾ ചിന്തിച്ചു. പക്ഷെ, കൃത്യമായ അസസ്മെന്റിനു ശേഷമേ ഒരു ക്ലയന്റിനെ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് റഫർ ചെയ്യാവൂ എന്ന കാര്യത്തിൽ അയാൾക്ക് നിർബന്ധമുണ്ട്. കൗൺസിലിംഗിന്റെ ബാലപാഠവും അതാണ്.
തിരികെ കിടപ്പുമുറിയിലെത്തിയപ്പോൾ ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. മേശപ്പുറത്തിരുന്ന വെള്ളം കുടിച്ച് കിടന്നെങ്കിലും ഉറക്കം വന്നില്ല. വലതുകൈ നെറ്റിമേൽ വെച്ച്, ആ യുവതി പറഞ്ഞ കാര്യങ്ങൾ അയാൾ വീണ്ടും മനസ്സിൽ ക്രോസ് ചെക്ക് ചെയ്തു.

ഇരുപത്തിയേഴ് വയസ്സുണ്ട് അവൾക്ക്. തരക്കേടില്ലാത്ത സൗന്ദര്യം. ഉയർന്ന വിദ്യാഭ്യാസം. ജനിച്ചതും ബാല്യകാലം പിന്നിട്ടതും ഒരു കുഗ്രാമത്തിൽ. വീട്ടിൽ അമ്മ മാത്രം. പട്ടിണിയുടെ നാളുകൾ. നാടുചുറ്റി നടന്നിരുന്ന, പലപ്പോഴും അതിഥിയെപ്പോലെ വീട്ടിലെത്തിയിരുന്ന മുഴുക്കുടിയനായ അച്ഛൻ.
അച്ഛന്റെ സുഹൃത്തുക്കളിൽ ഒരാളുമായി അമ്മ അടുക്കുന്നത് അവൾ ബാല്യത്തിലേ സാക്ഷിയാകുന്നു. അച്ഛന്റെ മരണത്തോടെ അമ്മയുടെ അത്തരം ബന്ധങ്ങൾ മറ്റു പലരിലേക്കും രഹസ്യമായി നീളുന്നതും അവൾ കാണുന്നു. പിന്നീട്, വീട്ടിൽ പല രാത്രികളിലും ആരൊക്കെയോ വന്ന് അന്തിയുറങ്ങിപ്പോകുന്നു. അന്നൊക്കെ നേരത്തെ കിടന്നില്ലെങ്കിൽ പൂച്ചാണ്ടി വരുമെന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ചിരുന്നു. അവൾ നേരത്തെ ഉറങ്ങാനും പുലർക്കാലങ്ങളിൽ മാത്രം ഉണരാനും തുടങ്ങി.
പിന്നീടെപ്പോഴോ ആ നാടുവിട്ട് ദൂരെയേതോ നാട്ടിലെത്തുന്നു. അവൾ പഠിത്തം പൂർത്തിയാക്കുന്നു. നല്ലൊരു ജോലി ലഭിക്കുന്നു. നല്ല കുടുംബങ്ങളിൽനിന്ന് വിവാഹാലോചനകൾ വരുന്നു. അതിൽ നിന്നെല്ലാം അവൾ ഒഴിഞ്ഞുമാറുന്നു.
പിന്നീട്, യാത്രാമധ്യേ പരിചയപ്പെട്ട, വീടും കൂടുമില്ലാത്ത ഒരുവനെ ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുന്നു. അമ്മയുടെ ശക്തമായ എതിർപ്പിനുമുന്നിൽ ആ ബന്ധം ഉപേക്ഷിക്കുന്നു. അധികം വൈകാതെ അമ്മ മരിക്കുന്നു. അതിനുശേഷം, അമ്മയോടുള്ള ഒരുതരം പ്രതികാരമെന്നോണം, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മറ്റൊരുവനെ രജിസ്റ്റർ വിവാഹം ചെയ്യുന്നു. ഒരു കുട്ടി ജനിക്കുന്നു. കഴിഞ്ഞ രണ്ടുവർഷമായി അയാളും അവളും തമ്മിലുള്ള ദാമ്പത്യജീവിതം അസൂയാവഹമായി മുന്നോട്ടുപോകുന്നു.
അതിനിടയിലാണ് ഈ പ്രശ്നങ്ങൾ തലപൊക്കുന്നത്.
രാത്രി കാലങ്ങളിലെ ഉറക്കത്തിൽ, അവളുടെ ബാല്യകാല ഓർമകളിൽ പതിഞ്ഞ അമ്മയുടെ രതിക്രീഡകളുടെ ദൃശ്യങ്ങൾ കടന്നുവരുന്നു. എന്നാൽ യഥാർഥ പ്രശ്നം അതായിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ, തന്നോടൊപ്പം കിടന്നുറങ്ങുന്ന ഭർത്താവിനെ അപായപ്പെടുത്താനുള്ള ത്വര അവളിലുണ്ടാകുന്നു! ഒന്നുരണ്ടു തവണ അയാളുടെ കഴുത്തുപിടിച്ച് മുറുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പിറ്റേന്ന് ഉറക്കമുണരുമ്പോൾ, ഭർത്താവിന്റെ തമാശ കലർന്ന കമന്റുകളിൽനിന്നാണ് അവൾ അക്കാര്യം മനസ്സിലാക്കുന്നത്. അപ്പോഴെല്ലാം എന്തോ ദുഃസ്വപ്നം കണ്ടതുകൊണ്ടാണെന്നു പറഞ്ഞുകൊണ്ടവൾ രക്ഷപ്പെടുകയായിരുന്നു.
അയാളിപ്പോൾ ജോലി സംബന്ധമായി അകലെ പോയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ കഴിയും തിരികെ എത്താൻ. അവൾ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുകളൊന്നുമില്ല. എങ്കിലും, അവളുടെ ഈ അവസ്ഥ മനസ്സിലാക്കാൻ മറ്റെന്തോ കൂടി കണ്ടെത്തേണ്ടതുണ്ടെന്ന് അയാൾക്ക് തോന്നി.
തെറ്റുകൾ ചെയ്തത് അവളുടെ അമ്മയാണ്. അതിന് ആ ഭർത്താവ് എന്തു പിഴച്ചു? അയാളെ എന്തിന് അവൾ അപായപ്പെടുത്തണം? അതുമാത്രമല്ല, അമ്മ ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും തൻ്റെ സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾ വിവാഹശേഷം അവളിലേക്ക് കടന്നുവരുന്നത് എന്തുകൊണ്ടാണ്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് താനിനി കണ്ടെത്തേണ്ടത് എന്ന് സജീവ് ശർമ്മക്ക് തോന്നി. അവളുമായുള്ള കൗൺസിലിംഗ് അയാൾ മനസ്സിൽ വീണ്ടും റിവൈൻഡ് ചെയ്തു.
അയാൾ ചോദിച്ചിരുന്നു:
“നിങ്ങൾക്ക് എപ്പോഴെങ്കിലും അമ്മയെ ഇങ്ങനെ അപായപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ടോ?”
ആ ചോദ്യത്തിനുമുന്നിൽ അവൾ കുറച്ചുനേരം മിണ്ടാതെ തലതാഴ്ത്തിയിരുന്നു. പിന്നെ പറഞ്ഞു:
“ഇല്ല.”
“അതെന്തുകൊണ്ടാണ്? അമ്മയല്ലേ യഥാർഥത്തിൽ തെറ്റുകാരി?”
തലതാഴ്ത്തിയിരുന്നുകൊണ്ടുതന്നെ അവൾ പതിയെ പറഞ്ഞു:
“അമ്മ തെറ്റുകൾ ചെയ്തിട്ടുണ്ട്. അതൊക്കെ അച്ഛന്റെ ഉത്തരവാദിത്വമില്ലായ്മ കൊണ്ട് ഉണ്ടായതാണ്. അമ്മ എന്നെ വളർത്തി. പഠിപ്പിച്ചു.”
“അത് മനസ്സിലാക്കുന്നു. പക്ഷേ, നിങ്ങളുടെ ഭർത്താവ് ഇതിൽ നിരപരാധിയല്ലേ? അയാൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിങ്ങൾക്ക് എല്ലാ പരിഗണനയും സ്വാതന്ത്ര്യവും നൽകുന്നുണ്ട്. അയാളുടെ ഭാഗത്ത് ഇത്തരത്തിലുള്ള ഒരു ഭൂതകാലമില്ല. നിങ്ങളുടെ ഭാഗത്തും അങ്ങനെയൊന്നുമില്ല. അമ്മയുടെ കാര്യങ്ങൾ ഉൾപ്പെടെ നിങ്ങളുടെ കുടുംബത്തെക്കുറിച്ചെല്ലാം നിങ്ങൾ അയാളോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അയാൾക്ക് അറിയാം.”
അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു. പക്ഷേ, അവളുടെ നെഞ്ചിടിപ്പിന്റെ വേഗം അയാൾക്ക് കാണാമായിരുന്നു. തന്റെ ചോദ്യങ്ങൾ അവളെ ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ടെന്നും അയാൾക്ക് മനസ്സിലായി. അവൾ തന്റെ മുന്നിലിരുന്ന ചില്ലുഗ്ലാസ്സിലെ വെള്ളം എടുത്ത് രണ്ട് കവിൾ കുടിച്ചു.
അയാൾ കുറച്ചുകൂടി ഗൗരവത്തോടെ ചോദിച്ചു:
“നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ശത്രുവല്ലെന്ന് നിങ്ങൾക്ക് നന്നായി അറിയാം. പിന്നെന്തിന് നിങ്ങൾ അയാളെ അപായപ്പെടുത്തണം?”
സജീവ് ശർമ്മയുടെ ആ ചോദ്യം കേട്ടതും അവളൊന്നു ഞെട്ടി. അവൾ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.
“അതാണ് ഡോക്ടർ, എനിക്കും മനസ്സിലാകാത്തത്. ഞാൻ… ഞാനെന്തിന് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കണം?”
കരച്ചിലിനിടയിൽ അവൾ വിങ്ങിപ്പൊട്ടി ചോദിച്ചത് അയാളുടെ നെഞ്ചിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അവൾ തുടർന്നു പറഞ്ഞതും അയാൾ ഓർത്തു:
“എന്റെ ഭൂതകാലത്തിന്റെ എല്ലാ വേരുകളും ഇന്ന് ദ്രവിച്ചുകഴിഞ്ഞിരിക്കുന്നു. അതും പറഞ്ഞെന്നെ അദ്ദേഹം ഒരിക്കലും നോവിക്കില്ല. എനിക്കും അത് അറിയാം. പക്ഷേ, എന്നെങ്കിലും ഒരിക്കൽ അദ്ദേഹം എന്നെ തറപ്പിച്ചുനോക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അദ്ദേഹത്തിൽനിന്ന് മറ്റെന്തൊക്കെ സംഭവിച്ചാലും അത്തരമൊരു നോട്ടം എനിക്ക് താങ്ങാനാവില്ല.”
അതും പറഞ്ഞ് പൊട്ടിക്കരഞ്ഞ അവളെ അയാൾ സമാധാനിപ്പിച്ചു. അത്തരം ചിന്തകൾ അനാവശ്യമാണെന്നും അതവളുടെ കേവലം ഒരു ആധിമാത്രമാണെന്നും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നേരം വൈകിയതിനാൽ കൗൺസിലിംഗ് നാളത്തേക്ക് മാറ്റിവെച്ചു.
സജീവ് ശർമ്മ ചിന്തിച്ചു, ഇനിയെന്ത്..? തുടർന്ന്, നാളെ അവളോട് ചോദിക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് അയാൾ മനസ്സിൽ തയ്യാറാക്കി. മൊബൈലിൽ അത് കുറിച്ചുവെക്കാൻ തുടങ്ങുന്നതിനിടയിലാണ്, സീറ്റിൽനിന്ന് എഴുന്നേൽക്കാൻ നേരം അവൾ പറഞ്ഞ ഒരു കാര്യം അയാളുടെ ശ്രദ്ധയിൽ വന്നത്.
“ഡോക്ടർ… ഒരു കാര്യം കൂടി… എന്റെ ഭർത്താവ് പുകവലിക്കാറില്ല. പക്ഷെ പലപ്പോഴും, അദ്ദേഹത്തോടൊപ്പം ഉറങ്ങിയുണരുന്ന പല പുലർച്ചെകളിലും ഞങ്ങളുടെ ബെഡ്റൂമിൽ പുകമണം നിറഞ്ഞുനിൽക്കുന്നു. ബീഡിപ്പുകയുടെ ഒരുതരം അസഹ്യമായ, കുത്തുന്ന നാറ്റമാണതിന്. അങ്ങനെയുള്ള ദിവസങ്ങളിലെല്ലാം കുളിക്കാൻ കയറുമ്പോൾ എന്റെ ശരീരമാസകലം ആ വൃത്തികെട്ട മണം അനുഭവപ്പെടുന്നു, ഡോക്ടർ…”
അവളുടെ ആ വാക്കുകൾ മനസ്സിൽ തെളിഞ്ഞുവന്നതും അയാൾ ഒന്ന് ഞെട്ടി. എന്തുകൊണ്ടാണ് ഇക്കാര്യം അപ്പോൾ തന്റെ ശ്രദ്ധയിൽപ്പെടാതിരുന്നത്? അയാൾക്ക് ആശ്ചര്യം തോന്നി. ഇപ്പോഴത്തെ അവളുടെ ട്രോമ ഉണർത്തിവിടുന്ന സെൻസറി ട്രിഗറുകളുടെ ഇംപ്ലിസിറ്റ് മെമ്മറികൾ അയാൾക്കു മുന്നിൽ തെളിഞ്ഞു വന്നു.
ആ കിടപ്പിൽ അയാളുടെ ചുണ്ടുകൾ യാന്ത്രികമായി ചലിച്ചു:
“യെസ്… മേബീ, ഇറ്റ്സ് ആൻ അൺകോൺഷ്യസ് സെൽഫ് ഡിഫൻസ്!”
ആ സമയം ഏതോ ഒരു കുഗ്രാമത്തിലെ, അടച്ചുറപ്പില്ലാതെ കിടന്നിരുന്ന ഒരു മുറിയിലെ രാത്രികാല ഇരുട്ടിലേക്ക് ഒരു ടോർച്ചിന്റെ വെളിച്ചം മെല്ലെ ചിതറിവീണുകൊണ്ടിരിക്കുകയായിരുന്നു…







