AI illustration by Surya for the Malayalam story Jathippatti by Ashraf Kalathode-1

ജാതിപ്പട്ടി

പടികളിറങ്ങി ടാക്സിക്ക് അടുത്തേക്ക് നടക്കുമ്പോഴും ഇന്നലെ കേട്ട വോയ്‌സ് മെസ്സേജ് തലയ്ക്കുള്ളിൽ കടന്നെല്ലുകളെ പെരുപ്പിക്കുന്നുണ്ടായിരുന്നു:
“… വീണ്ടും വേലി കടന്ന് വരാതിരുന്നപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു നിങ്ങളുടെ വരി ഉടഞ്ഞുപോയതാണ്…”

 

അപ്പോഴും, പട്ടിക്കുഞ്ഞിനെ ഓമനിച്ചു കൊണ്ടു നിന്നിരുന്ന അന്നത്തെ അവളുടെ ആ മുഖം അയാളുടെ നെഞ്ചിൽ നിറഞ്ഞു നിന്നിരുന്നു….

‘അമേരിക്കയിലേക്കോ ജർമ്മനിയിലേക്കോ എങ്ങോട്ട് വേണമെങ്കിലും പോകാം. പക്ഷേ, ഒരു താണജാതിക്കാരിയുടെ കയ്യും പിടിച്ച് പ്ലാച്ചേരി കുടുംബത്തിലേക്ക് കയറിച്ചെല്ലാമെന്ന വിചാരം വേണ്ട!’

നല്ലൊരു സുന്ദരി പെണ്ണായിരുന്നു അവൾ. സ്വല്പം വണ്ണക്കൂടുതലുണ്ട്; കുറച്ച് മങ്ങിയ നിറവുമാണ്. എങ്ങനത്തെയെങ്കിലും ഒന്നിനെ കിട്ടിയാൽ മതിയെന്ന് പറഞ്ഞാണിപ്പോൾ വീട്ടുകാർ ആലോചനകൾ നടത്തുന്നത്. പക്ഷേ, ഞങ്ങളുടെ അതേ സഭയായിരിക്കണം എന്ന് മാത്രം. സത്യത്തിൽ അവളെയും വിളിച്ചുകൊണ്ട് കയറിച്ചെല്ലാനുള്ള ധൈര്യം എനിക്കുമില്ല; കൊണ്ടുചെന്നാൽ സ്വീകരിക്കാനുള്ള ഗഡ്‌സ് വീട്ടുകാർക്കുമില്ല.

വാട്ടർ ടാങ്കിന്റെ പണിക്കിടെ, വേലിക്കപ്പുറം കാണുന്ന വീടിന്റെ മുറ്റത്തേക്ക് ഞാൻ ഇടയ്ക്കൊന്ന് പാളിനോക്കും. അവൾ ഒരു പട്ടിക്കുഞ്ഞിനെ എടുത്ത് കയ്യിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ഇറങ്ങിവരും. മൂന്നാല് ദിവസം കണ്ണും കണ്ണും കൊരുത്തതല്ലാതെ വാക്കാലൊന്നും മിണ്ടിയിട്ടില്ല.

പണി കഴിഞ്ഞ് അവിടുന്ന് പോരാൻ നേരം കുളിച്ചൊരുങ്ങി ജീൻസും ഷർട്ടുമൊക്കെ ഇട്ട് സെറ്റപ്പായപ്പോഴേക്കും മനസ്സിൽ ചെറിയൊരു വിഷമം. കാണാനൊന്നും മോശമല്ലെങ്കിലും എന്നെ ജീവിതത്തിൽ ഇന്നുവരെയും ഇത്രയും ഇഷ്ടത്തോടെ ഒരു പെണ്ണ് നോക്കിയിട്ടില്ല. ഒന്ന് വിളിച്ചാൽ അവൾ കൂടെപ്പോരും; ഉറപ്പാണ്. അങ്ങനെയൊരുത്തിയെ ജീവിതത്തിൽ ഇനി കാണാൻ പറ്റിയെന്ന് വരില്ല.

ധൈര്യം സംഭരിച്ച് വേലി കടന്ന് അപ്പുറത്തെ വീടിന്റെ മുറ്റത്തെത്തി. എന്നെ കണ്ട് അവൾ ഒന്ന് ഞെട്ടുമെന്നാണ് ഓർത്തത്. അടുത്ത് കണ്ടപ്പോഴും അവൾ നല്ല സുന്ദരി തന്നെയായിരുന്നു. മുഖത്ത് ചെറിയ കാരപ്പാടുകളുണ്ട്; അതവളെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. കുറെ നേരമായി, അവൾ കയ്യിൽ പട്ടിക്കുഞ്ഞിനെയും പിടിച്ച് അവിടെത്തന്നെ നിൽക്കുകയായിരുന്നു.

“ഇതിനെ എനിക്ക് തരുമോ? ഇടുക്കിക്ക് കൊണ്ടുപോകാനാ…”

വേറെയെന്തോ ആണ് ഉദ്ദേശിച്ചതെങ്കിലും ഞാൻ ചോദിച്ചത് ഇങ്ങനെയായിരുന്നു. നൂറുവട്ടം സമ്മതത്തോടെ അതിനെ എന്റെ കയ്യിൽ വെച്ചുതരുമെന്നാണ് പ്രതീക്ഷിച്ചത്. അവൾ പക്ഷേ, അകത്തേക്ക് നോക്കി അനിയനെ വിളിച്ചു.

“ഡാ സൂരജേ, നിന്റെ പട്ടിയെ കൊടുക്കുമോ എന്ന്?”
കളിമട്ടിലാണ് ചോദ്യമെങ്കിലും നല്ല മുഴക്കമുള്ള സ്വരമായിരുന്നു അത്.

“ആർക്ക്?”
എന്ന ചോദ്യവുമായി അനിയൻചെറുക്കൻ ഓടി വന്നു.

‘എന്റെ അലസിപ്പോയ അളിയനാണല്ലോ’ എന്ന വിചാരം മനസ്സിൽ വന്നു. ചേച്ചിയോട് രഹസ്യമായിട്ട് എന്തോ പറഞ്ഞിട്ട് അവൻ സമ്മതമറിയിച്ചു.

“തരാം ചേട്ടാ…”
അവന്റെ കണ്ണുകളിൽ പുതിയ സ്നേഹത്തിന്റെ തിളക്കം.

“എടാ മോനെ, എനിക്കൊരു ചെറിയ വേസ്റ്റ്ബോക്സ് പെട്ടി കൂടെ തരണം ഇവനെ കൊണ്ടുപോകാൻ…”
ഞാൻ വളരെ സ്നേഹത്തോടെ തന്നെ അവനോട് പറഞ്ഞു.

“അതിന് ചേട്ടാ, ഇത് ആണല്ല, പെണ്ണാ…”

“അയ്യോടാ, ആണില്ലേ..?”
ഞാൻ അല്പം നിരാശപ്പെട്ട് ചോദിച്ചു.

“ചേട്ടന് ആണിനെയാണോ വേണ്ടത്..?”

“അതേടാ…”

അവൻ ചേച്ചിയുടെ കയ്യിൽ നിന്ന് പെൺകുഞ്ഞിനെ മേടിച്ചുകൊണ്ട് വീടിന് പിന്നിലേക്ക് പോയി. ചേച്ചിയാണെങ്കിൽ സ്വന്തം മുറ്റത്തെ കാഴ്ചകൾ ആദ്യമായിട്ട് കാണുന്നതുപോലെ കുഞ്ഞൊരു മൂളിപ്പാട്ടും പാടി നടക്കുന്നു.

“പേരെന്താന്നേ..?”
ഞാൻ സ്വരമൊന്ന് മയപ്പെടുത്തി ചോദിച്ചു.

അവൾ അത് കേട്ടെങ്കിലും മറുപടി പറയാതെ വേറെന്തോ കുസൃതി ആലോചിച്ചു നിൽക്കുകയാണ്.

“അതിന്റെ പേര് ഡുണ്ടുമോൾ എന്നാണ്… അതെന്താ പെൺകുഞ്ഞിന് കുഴപ്പം..?”
അവൾ അല്പം സീരിയസായിട്ടാണ് ചോദിച്ചത്.

“അയ്യോ, എനിക്ക് കുഴപ്പമുണ്ടായിട്ടല്ല. പക്ഷേങ്കിൽ വീട്ടുകാർക്ക്…”

അത് കേട്ട് അവളുടെ മുഖം ഒന്നുകൂടി മങ്ങി.
“അതെന്താ നിങ്ങളുടെ വീട്ടിൽ ആരും പെണ്ണുങ്ങളില്ലേ..?”
അവൾ ചോദിച്ചു.

എനിക്ക് സത്യത്തിൽ പെണ്ണുങ്ങളോടെല്ലാം ഇഷ്ടമായിരുന്നു, അത് മനുഷ്യരാണെങ്കിലും അല്ലെങ്കിലും. എങ്ങനെ അത് പറഞ്ഞു മനസ്സിലാക്കും!

അത് വിട്ട് ഞാൻ പേരും ഫോൺ നമ്പറും ചോദിക്കാനൊരുങ്ങിയപ്പോഴേക്കും അനിയൻ ചെറുക്കൻ വേറൊരു കുഞ്ഞിനെയും വേസ്റ്റ്ബോക്സ് പെട്ടിയുമായി വന്നു. രണ്ടുപേരും കൂടി അതിനെ പാക്ക് ചെയ്യുന്നത് ഞാൻ മാറിനിന്ന് നോക്കി. അവളെക്കാൾ ഉത്സാഹം അനിയനായിരുന്നു. അതിൽ എനിക്ക് പൊടിക്കൊരു വിഷമം തോന്നാതിരുന്നില്ല.

പെട്ടി മേടിച്ചുകഴിഞ്ഞ് അവന്റെ പോക്കറ്റിലേക്ക് ഞാൻ ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത് തിരുകി.

“വേണ്ട ചേട്ടാ, കാശൊന്നും വേണ്ട…”

ഞാൻ അത് കേൾക്കാത്ത മട്ടിൽ തിരിഞ്ഞുനടന്നു. അവൾ പുറകിൽ നോക്കിനിൽപ്പുണ്ടാകും. ഇനി ഒരിക്കലും തമ്മിൽ കാണില്ല. അവളുടെ മുഖത്ത് അപ്പോഴും ചിരിയും കുസൃതിയും ആയിരിക്കുമോ? അതോ പിണക്കമോ..?

ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നി. നേരം ഇരുട്ടിക്കഴിഞ്ഞു. ഞാൻ വേലിക്കലെത്തിയിട്ട് പതുക്കെ തിരിഞ്ഞു നിന്നു. അവളും അനിയൻചെറുക്കനും നോക്കിനിൽപ്പാണ്.

“എടാ മോനെ, നിന്റെ ഗൂഗിൾ പേ നമ്പരൊന്ന് പറഞ്ഞേ..?”

അവൻ ഓടി എന്റെ അടുക്കലേക്ക് വന്നു. നമ്പർ പറഞ്ഞതും ഞാൻ മിസ്ഡ് കോൾ അടിച്ചു. വീട്ടിനുള്ളിൽ എവിടെയോ നിന്ന് ഫോണടിക്കുന്ന ചെറിയ ഒച്ച കേട്ടു. അവളെ നോക്കി ‘പോട്ടെ’ എന്നൊന്ന് തലയാട്ടിയിട്ട് ഞാൻ തിരിച്ചുനടന്നു.

ഞങ്ങളുടെ വീട്ടിലെ ‘കൈസർ’ എന്ന് പേരുള്ള മൂന്നാമത്തെ പട്ടിയായിരുന്നു അവൻ. മഴച്ചാറ്റലുള്ള പാതിരാനേരത്താണ് ഞാൻ അവനുമായി വീട്ടിൽ ചെല്ലുന്നത്. പെങ്ങൾ റോസുവും ചേട്ടത്തിയും ഉറക്കച്ചടവുള്ള കണ്ണ് തിരുമ്മി എഴുന്നേറ്റ് വന്നു. റോസു അവനെ കണ്ടതേ ഉറക്കത്തിന്റെ കലമ്പലുള്ള സ്വരത്തിൽ ചോദിച്ചു:
“അയ്യേ, ഇതേതാ ചണ്ണപ്പട്ടി?”

കൊഴുത്തുരുണ്ട് നല്ല തക്കുടുപോലെയിരിക്കുന്ന കുഞ്ഞിനെ നോക്കിയാണ്… അവളുടെ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുക്കാനാണ് തോന്നിയത്.

പപ്പ അതിനെ നോക്കിയതേയില്ല. ഇതിന് മുന്നേ ഉണ്ടായിരുന്ന കൈസറിനെ പപ്പയ്ക്ക് മക്കളെക്കാളും കാര്യമായിരുന്നു. പപ്പ കഴിക്കുന്നതിന്റെ നല്ലൊരു പങ്ക് അവനുള്ളതായിരുന്നു. ഇറച്ചിക്കറിയും ചോറും കപ്പയും കടുംകാപ്പി വരെയും അകത്താക്കുന്ന നല്ലൊരു ചുണയൻ പട്ടി. അവൻ രണ്ട് പ്രാവശ്യം ചെറിയ കാട്ടുപന്നികളെയും നാലഞ്ച് വട്ടം മുയലുകളെയും പിടിച്ചിട്ടുണ്ട്.

ചുമ്മാ പോയി വേറെ പട്ടികളോട് കടിപിടി കൂടുകയുമില്ല, ആളുകളെ കുരച്ച് പേടിപ്പിക്കാനും പോകില്ല. ‘കൈസറേ’ എന്നൊന്ന് വിളിച്ചാൽ, പപ്പയുടെ കാൽച്ചുവട്ടിൽ വന്ന് ചുരുളും. പുല്ലിന് പോയാലും പറമ്പുപണിക്ക് പോയാലും അവനുമുണ്ടാകും കൂടെ. പപ്പ വൈകിട്ട് ടൗണിൽ പോയാൽ പറമ്പിന്റെ അതിര് വരെ പോയി, തിരിച്ചുവരുന്നതുവരെ കാവൽ നിൽക്കും.

ഒരു ഒറ്റപ്പന്നി അവന്റെ നെഞ്ചിൻകൂടിന് തേറ്റ കേറ്റിയതാണ്. പന്നിയുടെ ഒരു ചെവി അവൻ കടിച്ചെടുത്തെങ്കിലും മൂന്ന് ദിവസം തികയും മുന്നേ അവൻ ചത്തുവീണു. മമ്മിക്ക് അതിനോട് കുശുമ്പായിരുന്നെങ്കിലും ചത്തുകിടക്കുന്നത് കണ്ടപ്പോൾ കരച്ചിൽ വന്ന് പൊട്ടി. ഞങ്ങളും കരഞ്ഞു. ശരിക്കും വീട്ടിലെ ഒരാൾ മരിച്ചതുപോലെത്തെ ഫീലിംഗ്.

അതിനുശേഷം പപ്പയ്ക്ക് പന്നികളോട് ഒടുക്കത്തെ വൈരാഗ്യമാണ്; പട്ടികളെ വളർത്തലുമില്ല. ഇവൻ കളിയും പരുപാടിയുമായി അടുത്ത് ചെന്നാൽ പപ്പ എന്തെങ്കിലും വെച്ച് വീക്കുമോ എന്ന് പേടി തോന്നി. പുള്ളി ഒരു പ്രത്യേക ടൈപ്പാണ്; ഇഷ്ടവും ഇഷ്ടക്കേടുമൊന്നും ആർക്കും അറിയാൻ പറ്റില്ല.

‘ചണ്ണ’ എന്ന് പറഞ്ഞ റോസു തന്നെയാണ് അവന് ‘കൈസർ’ എന്ന് പേരിട്ടതും. പപ്പ കേൾക്കാൻ വേണ്ടി അവളത് മൂന്നാല് വട്ടം ഉച്ചത്തിൽ വിളിച്ചു. അവനാണെങ്കിൽ അവനെക്കാൾ വലിയ ചെരിപ്പും തുണിയുമെല്ലാം വലിച്ചിഴച്ചുകൊണ്ട് റിവേഴ്സടിച്ച് പോകുന്നത് കാണാൻ ഒരു പ്രത്യേക ശീലായിരുന്നു. പപ്പയുടെ ചെരിപ്പെങ്ങാനും കടിക്കുന്നത് കണ്ടാൽ റോസുവോ ചേട്ടത്തിയോ വല്ലാത്തൊരു ആധിയോടെ ചെന്ന് അത് പിടിച്ചു വാങ്ങും. ചേട്ടന്റെ മക്കളായ കുട്ടുമോനെയും നിധിനിമോളെയും റോസുവിനെയും അവൻ വേദനിപ്പിക്കാതെ കടിക്കും. പിള്ളേർക്ക് അവനെ കിട്ടിയതോടെ ഊണും ഉറക്കവും ഇല്ലെന്നായി.

“പട്ടി കടിച്ചാൽ പേ പിടിക്കും. ന്യൂസിലൊക്കെ കാണുന്നില്ലേ…?”
പിള്ളേരോടും വലിയവരോടുമായി മമ്മി പറയും. എന്നാലും അവർ മമ്മി കാണാതെ രഹസ്യമായി അവനോട് കൂട്ട് കൂടുകയും അവനെ കളിപ്പിക്കുകയും ചെയ്തു.

രണ്ട് മാസം കൊണ്ട് അവൻ കുറച്ച് മെലിഞ്ഞു നീണ്ടു. പിള്ളേർക്ക് അവനോട് ആദ്യത്തെ താല്പര്യം ഇല്ലാതായി. അവൻ അങ്ങനെ അടുക്കളയിലും പെരയ്ക്കകത്തുമായി വിലസുന്നതിനിടയിൽ ഒരു ദിവസം പപ്പ പറഞ്ഞു: “മൈരിനെ പിടിച്ച് പൂട്ടിക്കോ, അല്ലെങ്കിൽ ഞാൻ അടിച്ചു കൊന്ന് ചാണകക്കുഴിയിൽ താഴ്ത്തും.”

അത് കേട്ട നിമിഷം തന്നെ റോസു എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ ആ നേരം ടൗണിലായിരുന്നു. പത്ത് മിനിറ്റിനകം തന്നെ ഒരു ചെറിയ തുടൽ മേടിച്ചുകൊണ്ട് വന്ന് ഞാൻ അവനെ വിറകുപുരയുടെ സൈഡിൽ പൂട്ടിയിട്ടു. അവൻ ഈ ലോകത്തോടു മുഴുവൻ പ്രതിഷേധിക്കുന്നതുപോലെ തുടലിൽ കിടന്ന് കുതറി. രണ്ട് ദിവസം വീട്ടിൽ ആരെയും അവൻ ഉറക്കിയിട്ടില്ല. പപ്പയ്ക്ക് കലിപ്പിളകുന്നതോർത്ത് ഞാൻ മിണ്ടാതെ ശ്വാസമടക്കിപ്പിടിച്ചാണ് കിടന്നത്.

നേരം വെളുത്തതേ റോസു പറഞ്ഞു:
“ഈ സാമാനത്തിനെ വല്ല പാണ്ടിക്കുഴിയിലും കൊണ്ടുപോയി കളയൂ…”

എനിക്ക് അതങ്ങ് കൊണ്ടു. അവനെ എനിക്ക് തന്ന പെണ്ണിന്റെ മുഖമായിരുന്നു മനസ്സിൽ. അവളെ അപമാനിച്ചപോലൊരു തോന്നൽ. ഞാൻ അവനെ തൊട്ടുതലോടി:
“പോട്ടെടാ, അലമ്പാക്കാതെ…”

ഞാൻ ഇറച്ചിക്കടയിൽ പോയി എല്ല്, ലിവർ, നെയ്തുണ്ട്, ഇറച്ചി, ബോട്ടി തുടങ്ങിയ ഐറ്റംസ് മേടിച്ചുകൊണ്ട് വന്ന് വിറകുപുരയുടെ മൂലയിൽ തന്നെ ഒരു അടുപ്പ് കൂട്ടി വേവിച്ചു. റോസുവിനെ വിളിച്ച് ഉപ്പും മുളകും ചേർപ്പിച്ചു. വെന്തു വന്നപ്പോൾ നല്ല മണം. അവൾ ഒരു പീസെടുത്ത് തിന്നു നോക്കി.

“പൊളിച്ചു! ജനിക്കുകയാണെങ്കിൽ പട്ടിയായിട്ട് ജനിക്കണം…”
അവളത് പറഞ്ഞ്, രണ്ട് പീസുകൂടിയെടുത്ത് വായിലിട്ട് ചൂടോടെ ചവച്ചു.

അവന് കാറാനും കൂവാനും ഇട കൊടുക്കാതെ ഞാൻ ഇടയ്ക്കെല്ലാം എല്ല്, ബോട്ടി, ലിവർ എന്നിങ്ങനെ മാറിമാറി കൊടുത്തുകൊണ്ടിരുന്നു. പപ്പയെ സോപ്പിടാൻ വേണ്ടി നല്ല വാന്തിറച്ചിയും സുന്ദരിവെള്ള കപ്പയും വാങ്ങിയിരുന്നു. അങ്ങനെ പതുക്കെപ്പതുക്കെ അവൻ തുടലിന് മെരുങ്ങി.

മഴക്കാലം ആയതോടെ കാര്യമായ പണിയൊന്നും ഇല്ലാതായി. ഞാനും റോസുവും പട്ടിക്കാണെന്ന പേരിൽ എല്ലും ഇറച്ചിയും തിന്ന് കൊഴുത്തു. കൈസറുമതേ. പക്ഷേ, കൊഴുപ്പും മിനുപ്പുമല്ലാതെ അവന് ചത്ത കൈസറിന്റെ ചുണയൊന്നും ഇല്ലായിരുന്നു. റോസു അന്നാദ്യം പറഞ്ഞതുപോലെ നല്ല അസ്സലൊരു ചണ്ണപ്പട്ടി! ആരെയെങ്കിലും കണ്ടാൽ ഉച്ചത്തിൽ എഴുന്നേറ്റ് നിന്ന് കുരയ്ക്കുമെങ്കിലും തിരിഞ്ഞു നിന്നൊന്ന് കൈയോങ്ങിയാൽ പേടിച്ച് മോങ്ങിക്കൊണ്ട് മുള്ളുന്ന ടൈപ്പ്.

“ഞാൻ പറഞ്ഞത് എങ്ങനെയുണ്ട് മോനേ…?”
റോസു കളിയാക്കി ചിരിക്കും.

മഴയുള്ള ഒരു രാത്രി. ഷെഡിലേക്ക് തണുപ്പും എറിച്ചിലും അടിച്ചു കയറിയിട്ട് കൈസർ കാറാൻ തുടങ്ങി. അതുപോലത്തെ തണുത്തിട്ടായിരിക്കും. പപ്പയും മമ്മിയും പിള്ളേരുമല്ലാതെ വീട്ടിൽ മറ്റാരും ഉറങ്ങിയിട്ടില്ല—ചേട്ടനും ചേട്ടത്തിയും റോസുവുമൊന്നും.

അവരെല്ലാം ഈ കരച്ചിൽ കേൾക്കുന്നുണ്ട്. അന്ന് വൈകുന്നേരം മമ്മി ഓമനിച്ച് വളർത്തിയ മുട്ടനൊരു ഗിരിരാജൻ പൂവനെ ഞങ്ങൾ തട്ടിയിരുന്നു. അതിന്റെ ചീറ്റിത്തെറിക്കുന്ന ചോര കണ്ട് ഓടിയതാണ് റോസു. അത്താഴം കഴിക്കാൻ പോലും വന്നില്ല. അത്ര പാപബോധമുള്ളവളാണ്, പാവം പട്ടി നനഞ്ഞുവിറച്ച് കരയുന്നത് കേട്ടിട്ടും അനങ്ങാപ്പാറയായി ഫോണിൽ നോക്കിക്കിടക്കുന്നത്.

ഞാൻ കൈയൊന്ന് മണപ്പിച്ചു നോക്കി. മെഡിമിക്സ് സോപ്പിട്ട് കഴുകിയിട്ടും ലൈറ്റായിട്ട് ചിക്കൻ കറിയുടെ മണം. ഞാൻ ബ്ലാങ്കെറ്റ് നീക്കി എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു. പാവം ശരിക്കും നനഞ്ഞുവിറച്ചുള്ള നിൽപ്പാണ്. ഞാൻ അവനെമാറ്റി പൂട്ടിയിട്ട്, ഒരു ചണച്ചാക്കെടുത്ത് വെള്ളമെല്ലാം തോർത്തിക്കളഞ്ഞു. പപ്പ പോത്തിൻകുട്ടികൾക്ക് പുളിയരി വേവിക്കുന്ന കീറുവിറകെടുത്ത് അവന് സുന്ദരനൊരു നെരിപ്പോടും ഉണ്ടാക്കിക്കൊടുത്തു.

ഇതൊന്നും അവൾ അറിയുന്നുണ്ടോ എന്ന് വെറുതെ ഓർത്തുപോയി… അവനെ എനിക്ക് തന്നവൾ…

അവനോട് എനിക്ക് ശരിക്കും പാവം തോന്നിയത് വേറൊരു കാര്യത്തിലായിരുന്നു. വല്ലപ്പോഴുമൊന്ന് അഴിച്ചുവിട്ടാൽ പറമ്പിലേക്കോ റോഡിലേക്കോ പോകാതെ മുറ്റത്തൊക്കെ ഒന്ന് ചുറ്റിനടന്നിട്ട് നേരെ വന്ന് തുടലിന്റെടുത്ത് കിടക്കും. എന്നെ അത് വല്ലാതെ സങ്കടപ്പെടുത്തി; ഞാനായിട്ട് അവന്റെ ജീവിതം നശിപ്പിച്ചത് പോലെ. പല പ്രാവശ്യം തുടൽ പിടിച്ച് വഴിയിലും പറമ്പിലും കൊണ്ടുപോകാൻ നോക്കിയെങ്കിലും, ഒരുമാതിരി പിള്ളേരുടെ പിടിവാശിയോടെ ബലം പിടിച്ചൊറ്റ നിൽപ്പാണ്. തുടലഴിച്ചുവിട്ട് പറമ്പിലേക്ക് വിളിച്ചെങ്കിലും കുറച്ചുനേരം നോക്കിനിന്നിട്ട് ഞാനെങ്ങുമില്ലെന്ന മട്ടിൽ ഷെഡിനടുത്തേക്ക് തന്നെ ഓടിപ്പോയി.

AI illustration by Surya for the Malayalam story Jathippatti by Ashraf Kalathode-2

“കാണുന്നപോലത്ര പാവമൊന്നുമല്ല…”
റോസു രണ്ട് മൂന്ന് വട്ടം പറഞ്ഞിട്ടും എനിക്ക് അതങ്ങോട്ട് കത്തിയില്ല. എന്താടീ കാര്യമെന്ന് ചോദിച്ചെങ്കിലും അവളത് പറഞ്ഞില്ല. ഞാൻ അവന്റെ അടുത്ത് പോയിരുന്ന് ‘എന്താടാ’ എന്ന് ചോദിച്ചു. അവൻ വെറും പാവത്താനായി വാലാട്ടി.

തൊട്ടുതലോടുന്നതിനിടയിൽ അവൻ എന്റെ കയ്യിൽ പതുക്കെ കടിച്ചു. മുട്ടിയുരുമലും നക്കലും തുടങ്ങി. പിന്നെ എന്റെ ദേഹത്തേക്ക് ആട്ടിൻമുട്ടനെപ്പോലെ ചാടിക്കയറി ആ വൃത്തികേട് കാണിച്ചു. ഞാൻ എഴുന്നേറ്റ് ഒരു തൊഴിയങ്ങ് കൊടുത്തു. അവൻ ചുരുണ്ടുകൂടിക്കിടന്ന് നിലവിളിച്ചു. ഞാൻ ചുറ്റുപാടും നോക്കി ആരെങ്കിലും കണ്ടോ എന്ന്.

അന്ന് എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ഈ വൃത്തികേടിനെ എവിടെയെങ്കിലും കൊണ്ടുപോയി കളയണം. വെറുതെ തീറ്റി കൊടുക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. ഇപ്പോൾ ഇതാ ഇതും. ഒരു വണ്ടി വിളിച്ചുകൊണ്ടുപോയി പാണ്ടിക്കുഴിയിൽ തള്ളിയാലോ എന്ന് ആലോചിച്ചു. വേണ്ടാത്ത ജന്തുക്കളെയൊക്കെ ആളുകൾ കൊണ്ടുപോയി പാണ്ടിക്കുഴി കൊക്കയിൽ തള്ളാറുണ്ട്. സ്വന്തമായിട്ട് സാധിക്കില്ലെങ്കിൽ ആരെയെങ്കിലും ഏൽപ്പിക്കാം; ആയിരമോ ആയിരത്തഞ്ഞൂറോ കൊടുത്താൽ മതി.

അന്ന് വീട്ടിൽ എല്ലാവരും അത്താഴം കഴിച്ചിട്ടും അവനൊന്നും കൊടുത്തില്ല. ഞാനോ റോസുവോ ആണ് കൊടുക്കാറ്. ഈ വൃത്തികേട് കാരണമാണെന്ന് തോന്നുന്നു, റോസു ഇപ്പോൾ അവന്റെ അടുത്തേക്ക് പോകുകയേയില്ല. ‘തീറ്റ എല്ലിന്നിടയിൽ കയറിയതിന്റെ സൂക്കേടാണ്, പട്ടിണി കിടക്കട്ടെ’ എന്ന് ഞാനും വെച്ചു.

ഇപ്പോൾ തന്നെ ഇതിന് നല്ലൊരു ഡോബർമാന് വേണ്ട കാശ് ചിലവാക്കിയിട്ടുണ്ട്. ഇനി ഒരു ചില്ലിക്കാശ് പോലും മുടക്കുന്ന കേസില്ല. ഞാൻ പതുക്കെ മുറ്റത്തിറങ്ങി ഫോണിന്റെ ടോർച്ച് തെളിച്ചുകൊണ്ട് ഷെഡിനടുത്തേക്ക് ചെന്നു. എന്നെ കണ്ടാൽ വാലാട്ടി എഴുന്നേറ്റ് വരേണ്ടതാണ്. പക്ഷേ, പകലത്തെ തൊഴിയുടെ പേടിയിൽ പമ്മിപ്പതുങ്ങി കിടക്കുന്നു. എനിക്ക് വല്ലാത്തൊരു വാല്ലായ്ക തോന്നി.

അന്നൊരു ഞായറാഴ്ചയായിരുന്നു. വെട്ടിക്കൻ സന്തോഷ് എന്നെ വിളിച്ച് ഒരു രണ്ടായിരം രൂപ കടം ചോദിച്ചു.

“പൊന്നെടാ, എന്റെ കയ്യിലില്ല, ആകെ ടൈറ്റാണ്…”
ഞാൻ ഒഴിയാൻ നോക്കി. അവന് കാശ് കൊടുത്താൽ ഉടക്കുകയോ പിണങ്ങുകയോ ചെയ്യാതെ തിരിച്ചു വാങ്ങിക്കാൻ പറ്റില്ല; അവന് അതൊരു പ്രശ്നമുള്ള കാര്യമല്ല. ഇല്ലെന്ന് തീർത്തു പറഞ്ഞിട്ടും അവൻ ഫോൺ വെച്ചില്ല.

“മച്ചാനേ, എങ്ങനെയെങ്കിലും ഒന്ന് സെറ്റപ്പാക്കി താടാ. രണ്ടേ രണ്ട് ദിവസത്തേക്ക്…”
നാലഞ്ച് മാസം മുന്നേ അവൻ ഒരു പെണ്ണിനെ അടിച്ചുകൊണ്ടുവന്നു, അവൾ ഇപ്പോൾ പ്രെഗ്നന്റ് ആണെന്ന്, ഹോസ്പിറ്റലിൽ പോകാനാണ്.

“പൊന്നളിയാ, ഇല്ലാഞ്ഞിട്ടാ വേറൊന്നും കൊണ്ടല്ല.”
ഞാൻ ഫോൺ വെച്ചു. അവൻ എന്നെ നല്ല പരട്ടത്തെറി പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പ്. അവന്റെ സ്വഭാവം അതാണ്.

ഒരഞ്ച് മിനിറ്റ് തികയുന്നതിന് മുന്നേ അവനെ ഞാൻ തിരിച്ചുവിളിച്ചു:
“എടാ നിനക്ക് എത്ര രൂപയാ വേണ്ടത്..?”

“ഉണ്ടെങ്കിൽ രണ്ടായിരം താ അളിയാ…”

“എപ്പോഴാ വേണ്ടത്..?”

“ഉച്ചയ്ക്ക് മുന്നേ കിട്ടിയാൽ കൊള്ളാമായിരുന്നു…”

ഞാനൊന്ന് ആലോചിച്ചിരുന്നു.

“തരുമോടാ..?” അവൻ പാവത്താനെപ്പോലെ ചോദിച്ചു.

“എടാ, നിന്റെ മറ്റേ പട്ടിയുണ്ടോ അവിടെ, പൊമ്മി..?”

“ഉണ്ടല്ലോ, എന്താടാ കേസ്..?”

“നീ അതിനെയുമായിട്ട് മേലെ തേയിലക്കാടിന്റെ അങ്ങോട്ട് വാ,”
ഞാനത് പറഞ്ഞ് ഫോൺ വെച്ചു.

വീട്ടിൽ എല്ലാവരും പള്ളിയിൽ പോയേക്കുകയാണ്. ഞാൻ പതുക്കെച്ചെന്ന് അവനെ തുടലോടെ അഴിച്ചു. മുറ്റം വിട്ട് വഴിയിലേക്ക് കയറിയതും പുറകോട്ട് ബലം പിടിക്കാൻ തുടങ്ങി. എനിക്ക് നല്ല കലി വന്നു. ഞാൻ അവനെ വലിച്ചിഴച്ചുകൊണ്ട് കരോട്ടേക്ക് നടന്നു. പറമ്പിന്റെ മേൽഭാഗം തേയിലക്കാടായിരുന്നു. ചായയും മനുഷ്യരുമൊന്നും കുറഞ്ഞില്ലെങ്കിലും ഞങ്ങളുടെ പോലുള്ള ചെറുകിടക്കാരെല്ലാം തേയിലക്കൃഷി വിട്ടിട്ട് വർഷങ്ങളായി. ചെടിയെല്ലാം വളർന്നുപൊങ്ങി കാടും പടലും പിടിച്ചുകിടക്കുന്നു.

ഞങ്ങൾ കയറിച്ചെല്ലുമ്പോൾ സന്തോഷ് പൊമ്മിയെയും കൊണ്ടുവന്ന് ഒരു തിട്ടയിൽ ഇരിപ്പുണ്ട്. നല്ല കരിപോലെ കറുത്ത ഒരു കലിപ്പത്തിയാണവൾ. അവരുടെ വീട്ടിലും പരിസരത്തും ആരെയും അടുപ്പിക്കില്ല, ഒരു മെരുക്കവുമില്ലാത്ത സാധനം. അതിനെ അവൻ ചെറിയൊരു ചക്കരക്കയറിൽ (ചെറിയ ചകിരിക്കയർ) കെട്ടിക്കൊണ്ടുവന്നിരിക്കുന്നു.

പട്ടികൾ തമ്മിൽ കണ്ടതും മുറുമുറുക്കാൻ തുടങ്ങി. ഞാൻ കൈസറെ കൊണ്ടുപോയി ഒരു തേയിലച്ചുവട്ടിൽ കെട്ടിയിട്ടു. സംഗതിയുടെ കിടപ്പുവശം മനസ്സിലായതും സന്തോഷ് ഒരുമാതിരി കൊക്കിച്ചിരി തുടങ്ങി. ശരിക്കും കോഴി കൊക്കുംപോലെയായിരുന്നു അവന്റെ ചിരി.

കുറച്ചുനാൾ മുൻപ് ഒരിക്കൽ ഇവനും കൊച്ചറയുള്ളൊരു ചേച്ചിയുമായിട്ട് ഇതേ തേയിലക്കാട്ടിൽ പരിപാടി നടത്തുന്നത് ഞാൻ കയ്യോടെ പൊക്കിയതാണ്; ആരോടും പറയാൻ പോയിട്ടില്ല ഇന്നേവരെ. അവന് അതിന്റെ നന്ദിയൊന്നും ഇല്ലെങ്കിലും ഈ മൂഞ്ചിയ ചിരിയുടെ കാര്യമില്ലല്ലോ.

“ഒന്ന് മിണ്ടാതിരി മൈ… ആരെങ്കിലും കേൾക്കും.”
ഞാൻ ഒച്ച താഴ്ത്തി പറഞ്ഞു.

അവൻ അത് കേട്ട ഭാവമില്ല. ചിരി നിർത്താതെ തന്നെ അവൻ കൈസറിന്റെ അടുത്തായി പൊമ്മിയെയും കൊണ്ടുവന്ന് കെട്ടി. ഞാൻ അപ്പോൾ പതുക്കെ അവനെ തുടലിൽ നിന്നും അഴിച്ചുവിട്ടു. വീട്ടിലേക്ക് തിരിഞ്ഞോടുമെന്ന് വിചാരിച്ചെങ്കിലും, പൊമ്മിയുടെ അടുത്തേക്ക് പോയി മൊത്തത്തിലൊന്ന് മണം പിടിച്ചു. അതപ്പോൾ പല്ലിളിച്ച് ചീറി. അവൻ ആകെ വിരണ്ടുപോയി.

“എന്തൊരു സാധനമാടാ ഇത്…?”
ഞാൻ സന്തോഷിനോട് പതുക്കെ ചോദിച്ചു.

“പുലിക്കുട്ടിയാ മോനേ പുലിക്കുട്ടി…”
അവൻ ഉച്ചത്തിലാണ് പറഞ്ഞത്.

പൊമ്മിയുടെ പുറകിലൊന്ന് മണം പിടിച്ചതും കൈസറിന്റെ പുരുഷത്വം ഉണർന്നു. അവൻ അപ്പോൾത്തന്നെ അവളുടെ പുറത്തേക്ക് ചാടിക്കയറി ചെറിയൊരു കുതിപ്പ് നടത്തി. പൊമ്മിയാണെങ്കിൽ തിരിഞ്ഞ് അവനെ കടിക്കുകയും കുരച്ച് ബഹളം വെക്കുകയും ചെയ്തു. സന്തോഷാണെങ്കിൽ അതിലുമുച്ചത്തിൽ ചിരിച്ചാർത്തു.

“ഹെന്റളിയാ, ഇവനും നിന്നെപ്പോലെയാണെന്നാണ് ഓർത്തത്… ഹല്ല… കെട്ടോ…”
അവൻ ചിരിക്കിടെ വിളിച്ചുപറഞ്ഞു. അതിനിടെ കൈസർ അടുത്ത ശ്രമം നടത്തി. ഈ തവണ അവൾ ഒഴിഞ്ഞുമാറും മുന്നേ തന്നെ അവൻ കയറി കൊളുത്തി. പൊമ്മി അവനെ കുടഞ്ഞു കളയാൻ നോക്കിയെങ്കിലും അവൻ വിട്ടുപോകാതെ പണിയൊപ്പിച്ചു. പൊമ്മി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

സന്തോഷ് അത് മൊബൈലെടുത്ത് വീഡിയോ പിടിച്ചു.
“ഇവൾ പെറ്റാൽ പിള്ളേരുടെ തന്ത ആരാണെന്ന് അറിയാൻ ഒരു തെളിവ് വേണ്ടേ…”

കൈസറിന്റെ കളി കണ്ട് ഞങ്ങളും അവർക്കൊപ്പം നീങ്ങി.

“നോക്കി നടന്നിട്ട് വെള്ളമിറക്കിയിട്ട് കാര്യമില്ല അളിയാ. വേണമെങ്കിൽ കൈസറെ മാറ്റിയിട്ട് ഒരു ഷോട്ടെടുത്തോ, ഞാൻ ആരോടും പറയത്തില്ല…”
അവൻ അതും പറഞ്ഞ് പിന്നെയും കൊക്കിച്ചിരി തുടർന്നു.

പെട്ടെന്ന് ആരുടെയോ വർത്തമാനം അടുത്തായി കേട്ടതുപോലെ തോന്നി. അപ്പോഴാണ് ഞങ്ങൾ തോട്ടത്തിന്റെ ഊടുവഴിയിലെത്തിയ കാര്യം ഓർത്തത്. എന്തെങ്കിലും ഒന്ന് ചെയ്യും മുന്നേ റോസും കുറെ പെണ്ണുങ്ങളും അടുത്ത് എത്തികഴിഞ്ഞിരുന്നു. പള്ളിയിൽ പോയിട്ട് തിരിച്ചുവരുന്ന വഴിയാണ്, അയൽപക്കത്തെ ചിലരുമുണ്ട് കൂടെ. അവർ വന്നിട്ടും പട്ടികൾ വിട്ടുമാറിയില്ല.

ഒരടി കിട്ടിയതുപോലെയായി റോസുവിന്റെ മുഖം. അയൽപക്കക്കാർ അടക്കിപ്പിടിച്ച് ചിരിക്കുന്നു. റോസു സങ്കടവും ദേഷ്യവും കൊണ്ട് സന്തോഷിനോടായി പറഞ്ഞു:
“ഇതിന്റെ ബാക്കി സുമച്ചേച്ചിയോട് പറഞ്ഞോളാം കേട്ടോ…”

അവളതും പറഞ്ഞിട്ട് പെട്ടെന്ന് നടന്നുപോയി; പുറകെ അയൽപക്കക്കാരും.

“പൊന്നു കൊച്ചേ, ഇവൻ പറഞ്ഞിട്ടാ കേട്ടോ…”
അവൻ പുറകെനിന്ന് വിളിച്ചുപറയുക കൂടി ചെയ്തപ്പോൾ എന്റെ തലയിൽ ഇടിത്തീ വീണതുപോലെ തോന്നി. അവൻ പോയി പട്ടികളെ തൊഴിച്ചോടിച്ചു. ഞാൻ പൈസ എടുത്ത് നീട്ടിയെങ്കിലും അവൻ അത് തട്ടിക്കളഞ്ഞിട്ട് മുഴുത്തൊരു തെറി വിളിച്ചു.

എല്ലാവരും പോയിക്കഴിഞ്ഞതും എവിടെയെങ്കിലും പോയി ചത്താലോ എന്ന് തോന്നി. ഇനി ജീവിച്ചിട്ട് കാര്യമില്ല. ഞാൻ ആദ്യം ഫോണെടുത്ത് സ്വിച്ചോഫ് ചെയ്തു. വേറെങ്ങോട്ടും പോകാനില്ലാതെ അവിടെത്തന്നെ ഇരുന്നു. സന്ധ്യയായപ്പോൾ എഴുന്നേറ്റ് മനുഷ്യരാരുമില്ലാത്ത കുരിശുമലയിലെല്ലാം അലഞ്ഞുനടന്നു.

പാതിരാത്രിയിലാണ് വീട്ടിൽ ചെന്നുകയറിയത്. ചേട്ടത്തി വന്ന് വാതിൽ തുറന്നു. ഞാൻ അവർക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോയി. വെളുപ്പിന് പപ്പ എഴുന്നേൽക്കുന്നതുവരെയും ഞാൻ ഉറങ്ങാതെ കിടന്നു.

കൈസർ ഒന്നാമനെക്കുറിച്ച് പേടിയോടെ ഓർത്തു. രണ്ടാമനെപ്പോലെ തന്നെ നല്ല ചുണയൻ പട്ടിയായിരുന്നു അവനും. പന്നിയെയും മുയലിനെയുമൊക്കെ വിട്ട് അവന്റെ സ്ഥിരം ഇരകൾ കോഴികളായിരുന്നു; കാട്ടുകോഴിയും കുളക്കോഴിയുമൊന്നുമല്ല, അയൽവക്കക്കാരുടെ വളർത്തുകോഴികൾ!

പപ്പ അവനിട്ട് കാളപൂട്ടുന്ന ചാട്ടയ്ക്ക് തൊലി പൊളിയുന്നതുപോലെ പെരുക്കിയിട്ടുണ്ട്. എന്നിട്ടും, അവൻ കോഴിപിടുത്തം വിട്ടില്ല. ഒടുവിൽ വീട്ടിലെ തന്നെ മുട്ടക്കോഴികളെ പിടിക്കാൻ തുടങ്ങിയപ്പോൾ പപ്പ അവനെ പുറകുവശത്തെ ഒരു പ്ലാവിൽ കയറുകെട്ടി തൂക്കാൻ നോക്കിയിട്ടുണ്ട്.

ഞാൻ കാതോർത്ത് കിടന്നതുകൊണ്ടാണെന്ന് തോന്നുന്നു, പപ്പ പതിവിലും ഒരു മണിക്കൂർ മുന്നേ എഴുന്നേറ്റ് ചേട്ടായിയുടെ റൂമിന്റെ വാതിൽക്കൽ തട്ടിവിളിക്കുന്നു. എന്റെ നെഞ്ചിടിപ്പ് കൂടി. അഞ്ച് മിനിറ്റ് പോലും തികയുന്നതിന് മുന്നേ സ്കൂട്ടി സ്റ്റാർട്ടാക്കി പോകുന്ന ഒച്ച കേട്ടു. പത്തു പതിനഞ്ച് മിനിറ്റിനകം തിരികെ വരികയും ചെയ്തു. ഞാൻ കുറ്റാക്കുറ്റിരുട്ടത്ത് ബെഡിൽ നിന്നെഴുന്നേറ്റു നിന്നു. കൊല്ലാൻ പോകുന്നത് പട്ടിയെയാണോ അതോ..?

താമസിക്കാതെ കൈസറിന്റെ അലറിയുള്ള കരച്ചിൽ കേട്ടു. പേടിച്ച് എന്റെ മൂത്രം പൊഴിഞ്ഞു. ചത്തിട്ടും നിർത്താത്തതുപോലെ, അത് പിന്നെയും പിന്നെയും അലറിക്കരയുന്നു. ഞാൻ ജനലിലൂടെ ഒളിഞ്ഞുനോക്കുമ്പോൾ കാണുന്ന കാഴ്ച, അതിനെ കയറിട്ട് തൂക്കുന്നതായിരുന്നില്ല; പോത്തിന്റെയും മൂരിയുടെയുമൊക്കെ വരിയെടുക്കുന്ന കാശിയണ്ണൻ അവന്റെ അടിഭാഗം വീതി കുറഞ്ഞ കൂർമുന കത്തിക്ക് കുത്തിത്തുരക്കുകയാണ്! പപ്പയും ചേട്ടായിയും ചേർന്ന് അവനെ കയറുകൊണ്ട് വരിഞ്ഞുമുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.

കാശിയണ്ണന്റെ കത്തിമുനയിൽ നിന്ന് തെറിച്ച ചോര പ്ലാച്ചേരിയുടെ മണ്ണിൽ വീണ് കരിപിടിച്ചുണങ്ങി. വരിയുടയ്ക്കപ്പെട്ട കൈസർ പിന്നെ പ്ലാച്ചേരി തറവാടിന്റെ ഉമ്മറത്തേക്ക് കയറിയിട്ടില്ല. അവൻ വിറകുപുരയുടെ ഇരുട്ടിൽ, സ്വന്തം മുറിവുകൾ നക്കിക്കൊണ്ട് ഒരു ജീവച്ഛവമായി കിടന്നു. കുരയ്ക്കാനുള്ള ശബ്ദം പോലും അവന്റെ തൊണ്ടയിൽ കട്ടപിടിച്ചു പോയിരുന്നു.

ഞാൻ എന്റെ വിസയും പാസ്‌പോർട്ടും മേശപ്പുറത്ത് വെച്ച് ലാപ്ടോപ്പ് തുറന്നു. ജർമ്മനിയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് കൺഫേം ആയിരിക്കുന്നു. പപ്പ ഉമ്മറത്തിരുന്ന് കടുംകാപ്പി കുടിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ ചേട്ടായിയോട് പറയുന്നത് ഞാൻ കേട്ടു:

“അവനെ അങ്ങോട്ട് കയറ്റിവിട്ടാൽ പിന്നെ നമുക്ക് സമാധാനത്തോടെ ഉറങ്ങാം. അവിടെച്ചെന്ന് അവൻ ഏത് വെള്ളക്കാരിയെ വേണമെങ്കിലും കെട്ടിക്കോട്ടെ. പ്ലാച്ചേരിയുടെ മണ്ണിൽ ജാതിപ്പിഴ വരാതിരുന്നാൽ മതി.”

അപ്പോഴും എന്റെ ഫോണിൽ ആ പഴയ മിസ്ഡ് കോളിന്റെ നമ്പർ തിളങ്ങിനിൽപ്പുണ്ടായിരുന്നു. വേലിക്കപ്പുറത്തെ ആ പെണ്ണിന്റെ അനിയൻ ചെറുക്കന്റെ നമ്പർ. ഞാൻ സാവധാനം ആ നമ്പറിലേക്ക് വാട്സാപ്പ് മെസ്സേജ് അയച്ചു:
“പട്ടിക്കുഞ്ഞിനെ പപ്പ വരിയുടച്ചു….”
തൊട്ടു പിറകെ നടന്ന സംഭവവും വീട്ടിലെ അന്തരീക്ഷവും ചുരുക്കി മെസ്സേജ് ഇട്ടു.

റിപ്ലൈ വരാൻ അധികം സമയമെടുത്തില്ല. അപ്പുറത്ത് നിന്ന് വന്നത് ഒരു വോയ്‌സ് മെസ്സേജ് ആയിരുന്നു. പക്ഷേ, അത് അനിയൻ ചെറുക്കന്റേതായിരുന്നില്ല. നല്ല മുഴക്കമുള്ള, ആ പെണ്ണിന്റെ ശബ്ദമായിരുന്നു:
“വരിയുടയ്ക്കേണ്ടിയിരുന്നത് ആ പാവത്തിന്റെയായിരുന്നില്ല, നിങ്ങളെപോലെയുള്ള ഭീരുക്കളുടെ ആണ്. വീണ്ടും വേലി കടന്ന് വരാതിരുന്നപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു, നിങ്ങളുടെ വരി ഉടഞ്ഞുപോയതാണ്…”

ആ വാക്കുകൾ ഒരു ചാട്ടുളി പോലെ എന്റെ നെഞ്ചിൽ തുളച്ചുകയറി. ഒരു പുതിയ കാലത്തെ മലയാളി പെണ്ണിന്റെ ആത്മാഭിമാനവും മൂർച്ചയും ആ ശബ്ദത്തിലുണ്ടായിരുന്നു.

പിറ്റേന്ന് വെളുപ്പിനെ ഞാൻ ട്രോളി ബാഗുമെടുത്ത് പ്ലാച്ചേരിയുടെ പടികളിറങ്ങുമ്പോൾ, റോസുവും മമ്മിയും എന്നെ യാത്രയാക്കാൻ കാത്തുനിന്നിരുന്നു. പപ്പ പുകവലിച്ചുകൊണ്ട്, ദൂരെ നില്ക്കുന്നുണ്ടായിരുന്നു.

പടികളിറങ്ങി ടാക്സിക്ക് അടുത്തേക്ക് നടക്കുമ്പോഴും ഇന്നലെ കേട്ട വോയ്‌സ് മെസ്സേജ് തലയ്ക്കുള്ളിൽ കടന്നെല്ലുകളെ പെരുപ്പിക്കുന്നുണ്ടായിരുന്നു:
“… വീണ്ടും വേലി കടന്ന് വരാതിരുന്നപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു നിങ്ങളുടെ വരി ഉടഞ്ഞുപോയതാണ്…”

അപ്പോഴും, പട്ടിക്കുഞ്ഞിനെ ഓമനിച്ചു കൊണ്ടു നിന്നിരുന്ന അന്നത്തെ അവളുടെ ആ മുഖം അയാളുടെ നെഞ്ചിൽ നിറഞ്ഞു നിന്നിരുന്നു…

Join with us