സുനാമിക്കും സംഗീതത്തിനും അതിർത്തികൾ ഇല്ല

വേടൻ തരംഗം അമേരിക്കയിലും
കേരളത്തിൽ റാപ്പർ വേടൻ സുനാമി കണക്കെ തരംഗമായി ഉയരുമ്പോൾ, സുനാമിക്കും സംഗീതത്തിനും അതിർത്തികൾ ഇല്ലെന്നു വിളിച്ചോതികൊണ്ട് അങ്ങകലെ അമേരിക്കയിലും വേടസംഗീതം സുനാമി സൃഷ്ടിക്കുന്നു.
യുഎസിലെ ഇല്ലിനോയ് വെര്‍നോണ്‍ ഹില്‍സില്‍ താമസിക്കുന്ന ലക്ഷ്മി നായര്‍ എന്ന അമേരിക്കൻ മലയാളി ഗവേഷക കഴിഞ്ഞ ദിവസം അവരുടെ ഫേസ് ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അവരുടെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിൽ നടന്ന ഒരു നൃത്തരംഗമായിരുന്നു അത്. നൃത്തം വെച്ചിരുന്നത് അതിഥികളായെത്തിയ മദാമ്മമാരും സായിപ്പുമാരും അടക്കമുള്ളവർ. ‘അങ്ങനെ വേടൻ്റെ റാപ് സോങ്ങ് ഞാൻ അമേരിക്കയിലും എത്തിച്ചു.’ എന്നു തുടങ്ങുന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
അതിനിടയിൽ, ‘ഇത് മലയാളം റാപ്പ് ആണെന്നും എന്റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള്‍ പറയുന്നതായി വിഡിയോയില്‍ കേള്‍ക്കുന്നുണ്ട്. പാട്ട് ഇഷ്ടമായെന്ന് പലരും മറുപടി പറയുന്നു.
‘കടലമ്മ കരഞ്ഞല്ലേ പെറ്റത്. കണ്ണീരെല്ലാം അവളല്ലേ കട്ടത്’. എന്ന പാട്ടാണു പശ്ചാത്തലത്തിൽ. ‘കൊണ്ടല്‍’ എന്ന സിനിമയ്ക്കുവേണ്ടി വേടൻ എഴുതി പാടിയ ഈ പാട്ടിനു സാം സി. എസ് ആണ് ഈണമിട്ടത്.