ഓണക്കോടിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം കണ്ണിൽ കടന്നു വരിക ആ മുണ്ടുംപെട്ടിയാണ്! അമ്മയുടെ മുണ്ടുംപെട്ടി!
ഞാൻ അത് ഇന്നും അമൂല്യ വസ്തുവായി ഇവിടെ എന്റെ അകായിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഒരാൾക്ക് എടുത്ത് മാറ്റാൻ മാത്രം വലിപ്പമുള്ള ഒരു മരപ്പെട്ടിയാണത്. ഒരു വീട്ടിലേക്കുള്ള വസ്ത്രങ്ങൾ മുഴുവൻ സൂക്ഷിച്ച പെട്ടി. ഒരു തലമുറയുടെ മുഴുവൻ സംരക്ഷണപ്പെട്ടി!
അമ്മയായിരുന്നു സൂക്ഷിപ്പുകാരി. ആഘോഷവേളകളിലും വല്ലേടത്തും വിരുന്നു പോകുമ്പോഴും ഉടുക്കാനുള്ള തുണികൾ സൂക്ഷിക്കാനുള്ളതാണത്. കുട്ടികളുടെ കുപ്പായം, അച്ഛന്റെ മുണ്ട്, അമ്മയുടെ സെറ്റുമുണ്ട്. അത്രയുമായാൽ ഒരു വീട്ടിലെ അന്നത്തെ വസ്ത്രശേഖരമായി. കൈത പൂത്തപ്പോൾ ആരോ കൊണ്ടുകൊടുത്ത രണ്ട് കഷണം കൈതപ്പൂവാണ് ആ പെട്ടിയിലെ സുഗന്ധവാഹിനി. പിന്നെ ഒരു പാറ്റഗുളികയും.
അതിന്റെ മണം ആസ്വദിക്കാൻ പെട്ടി തുറക്കുന്നതും കാത്ത് കാവൽ നിന്നിട്ടുണ്ട്. തലയിൽ തൊട്ടു പുരട്ടുന്ന ഒരു ചില്ലുകുപ്പിയിലെ ചുവന്ന സെന്റ്, ഇത്തിരി കുങ്കുമവുമായി ഒരു കുങ്കുമച്ചെപ്പ്, കമലവിലാസിന്റെ ചാന്തുകുപ്പി, മുഖത്തിടാനുള്ള കുട്ടിക്കൂറയുടെ ചെറിയൊരു പൗഡർ ഡെപ്പി, വിശേഷങ്ങൾക്ക് മാത്രം പുറത്തെടുക്കാനുള്ള ചന്ദ്രിക സോപ്പ്, പെൺകുട്ടികളെ അണിയിക്കാൻ മാറ്റിവെച്ച റബ്ബർവളകൾ, കുപ്പിവളകൾ, റിബ്ബൺ.
പിന്നെ എപ്പോഴോ എവിടെനിന്നോ കിട്ടിയ മുഷിഞ്ഞ കുറച്ച് നോട്ടുകളുടേയും ചില്ലറത്തുട്ടുകളുടേയും സമ്പാദ്യം. ഈ അമൂല്യ സമ്പാദ്യങ്ങളുടെയെല്ലാം കലവറയും സൂക്ഷിപ്പു കേന്ദ്രവും ആ മുണ്ടുംപെട്ടിയായിരുന്നു!
തുണികളൊന്നും ഇസ്തിരിയിടുന്ന സൂത്രം അന്നില്ല. തുണി കീറിയാൽ അത് പല തവണ തുന്നിച്ചേർക്കും. അതിനുള്ള സൂചിയും നൂലും പ്രത്യേകം കരുതിവെച്ചിരിക്കും. കലണ്ടർഷീറ്റാണ് സൂചി കുത്തിവെക്കാനുള്ള സ്ഥലം! ചില രാഷ്ട്രീയനേതാക്കളുമൊക്കെ കീറിത്തുന്നിയ കുപ്പായവുമണിഞ്ഞ് നടന്ന കാലം എന്റെ ഓർമ്മയിലുണ്ട്. എന്നാൽ, ഞങ്ങളുടെ അമ്മമാരും സഹോദരങ്ങളും അവരുടെ കീറിയ ഉടുവസ്ത്രങ്ങൾ കൂട്ടിത്തുന്നിയതിന്റെ ചന്തം മറ്റൊന്നായിരുന്നു!
കാരമാണ് അന്നത്തെ തുണി അലക്കാനുള്ള ഇന്ധനം. ഇത്തിരികൂടി നിലവാരം കൂടിയപ്പോൾ, ഇയ്യപ്പൻ കമ്പനിയുടെ സി. പി. ബാർ സോപ്പും 501 ബാർ സോപ്പുമായി ഉയർന്നു.
അമ്മയാണ് അന്നത്തെ അലക്കുയന്ത്രം; അലക്കുകല്ലിലാണ് തല്ലിത്തിരുമ്മൽ! ഇത്തിരി കഞ്ഞിവെള്ളത്തിൽ, കുരുവി മാർക്ക് നീലം കലക്കിയത് പിഴിഞ്ഞാൽ വസ്ത്രത്തിന് പകിട്ടേറും.