മാര്‍ച്ച് 11: തിക്കുറിശ്ശി ഒരു ഓർമ്മ/ഡോ. ആശിഷ് രാജശേഖരൻ

ജീവിതനൗകയിലേറി ജീവിതത്തിന്റെ അനശ്വരതയിലേക്ക്...
മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ പട്ടം ലഭിച്ച തിക്കുറിശ്ശി സുകുമാരൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയൊമ്പത് വർഷം. കവി, നാടകകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, വാഗ്മി, ചലച്ചിത്ര സംവിധായകൻ, നടൻ എന്ന നിലകളിൽ പ്രവർത്തിച്ച തിക്കുറിശ്ശി, മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച; ‘മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചലച്ചിത്രം’ എന്ന വിശേഷണത്തിന് അർഹമായ ‘ജീവിതനൗക’ എന്ന സിനിമയിലൂടെയാണ് പ്രശസ്തനാകുന്നത്.
1928ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ എന്ന നിശബ്ദ സിനിമ മുതൽ 1951ലെ ജീവിതനൗക വരെയുള്ള മലയാള സിനിമാ ചരിത്രത്തിൽ, മലയാളത്തിൽ ഒരു നായകസങ്കല്പത്തിന് നാന്ദികുറിച്ചത് തിക്കുറിശ്ശിയാണ്.
വിഗതകുമാരനുശേഷം പുറത്തിറങ്ങിയ മാർത്താണ്ഡ വർമ്മ(1933- നിശബ്ദ ചിത്രം) യിലും ബാലൻ(1938), ജ്ഞാനാംബിക(1940), പ്രഹ്ലാദ(1941), നിമ്മല(1948), വെള്ളിനക്ഷത്രം(1949), നല്ല തങ്ക(1950), ചേച്ചി(1950), ശശിധരൻ(1950), സ്ത്രീ(1950), പ്രസന്ന(1950), ചന്ദ്രിക(1950), ജീവിതനൗക(1951) എന്നീ സിനിമകളിലൂടെ കടന്നു പോകുമ്പോൾ, ചന്ദ്രികവരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ജീവിതനൗകയിലെ സോമനിലൂടെ ഒരു നായക ഇമേജ് വ്യാപകമായി ജനമനസുകളിൽ സൃഷ്ടിക്കാനും മലയാളികളുടെ നായകസങ്കല്പത്തിലെ ആദ്യത്തെ സിനിമാ താരമാകാനും തിക്കുറിശ്ശി സുകുമാരന്‍ നായർക്ക് കഴിഞ്ഞു എന്നുള്ളതാണ് ചരിത്രം.
തിരുവനന്തപുരത്ത് മാത്രമായി ഈ സിനിമ 284 ദിവസമാണ് തുടർച്ചയായി പ്രദർശിപ്പിക്കപ്പെട്ടത്. മലയാള സിനിമയിൽ അങ്ങനെയൊരു ചരിത്രവും ആദ്യമായിരുന്നു. അതുപോലെ, ജീവിതനൗക എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ, അതുവരെ മലയാള ചലച്ചിത്ര ലോകത്തിന് അന്യമായി നിന്നിരുന്ന മറ്റൊരു സുപ്രധാന നേട്ടവും കൈവരിക്കുകയുണ്ടായി. തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലൂടെ ഉത്തരേന്ത്യയിലേക്കും ഈ ചലച്ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ, അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രം എന്ന ബഹുമതിയും ജീവിതനൗകയ്ക്കു സ്വന്തമായി. അന്യഭാഷകളിലും വിജയം കൈവരിയ്ക്കാൻ ചിത്രത്തിനു കഴിഞ്ഞു.
അങ്ങനെ, ജീവിതനൗക തിക്കുറിശ്ശിയ്ക്കു നല്കിയത്, മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവികൂടിയാണ്.

ജീവിതനൗകയ്ക്ക് ഒരു വർഷം മുൻപ് ഇറങ്ങിയ സ്ത്രീയിലൂടെയാണ് തിക്കുറിശ്ശി സിനിമയിലെത്തുന്നത്. സ്ത്രീയിലും നായകൻ തിക്കുറിശ്ശിയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ സ്ത്രീ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു അത്. മലയാളത്തിൽ ആദ്യമായി മനശാസ്ത്രപരമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയിരുന്നു സ്ത്രീ. എന്നാൽ ഈ സിനിമയ്ക്ക് കാര്യമായ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞില്ല.
തുടർന്നാണ് ജീവിതനൗക ചെയ്തത്. കെ ആന്റ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോയും, കെ. വി. കോശിയും നിർമ്മിച്ച ജീവിതനൗകയുടെ സംവിധാനം കെ. വേമ്പുവാണ് ചെയ്തത്.
കെ വി കോശിയുടെ കഥയും മുതുകുളം രാഘവൻപിള്ള തിരക്കഥയും സംഭാഷണവും രചിച്ചു.
സമ്പന്നനായ സോമൻ എന്ന യുവാവിന്റെയും ദരിദ്രയായ ലക്ഷ്മി എന്ന യുവതിയുടെയും പ്രണയവും വിരഹവും പുനഃസമാഗമവും പറയുന്ന ജീവിതനൗകയിൽ ലക്ഷ്മിയെ അവതരിപ്പിച്ചത് ബി. എസ്. സരോജയാണ്. അക്കാലത്ത് തമിഴിലെ പ്രധാന നായികമാരിൽ ഒരാളായിരുന്നു സരോജ. മലയാളത്തിലെ പ്രമുഖ നാടക നടിയായിരുന്ന ഓമല്ലൂർ ചെല്ലമ്മയാണ് സ്ത്രീയിലെ നായിക. ചെല്ലമ്മ തന്നെയായിരുന്നു സ്ത്രീ എന്ന നാടകത്തിലും തിക്കുറിശ്ശിയുടെ നായിക.
ജീവിതനൗകയ്ക്കു ശേഷം അതേ വർഷം ഇറങ്ങിയ നവലോകം, 53 ൽ ഇറങ്ങിയ ശരിയോ തെറ്റോ എന്നീ സിനിമകൾ തിക്കുറിശ്ശിയുടെ സ്റ്റാർഡം കൂടുതൽ ഭദ്രമാക്കി. രണ്ടിലും മിസ് കുമാരിയായിരുന്നു തിക്കുറിശ്ശിയുടെ നായിക. ശരിയോ തെറ്റോ എന്ന സിനിമ സംവിധാനം ചെയ്തതും അതിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ ഒരുക്കിയതും തിക്കുറിശ്ശിയായിരുന്നു. പി. വേണുവിന്റെ സംവിധാനത്തിൽ, 1968-ൽ ഇറങ്ങിയ വിരുതൻ ശങ്കു എന്ന മലയാളത്തിലെ ആദ്യത്തെ മുഴുനീള ഹാസ്യചിത്രത്തിൽ അഭിനയിച്ചത്, അഭിനയകലയിൽ അദ്ദേഹത്തിനു മറ്റൊരു വഴിത്തിരിവ് ഒരുക്കിക്കൊടുത്തു.
ശരിയോ തെറ്റോ എന്ന സിനിമയ്ക്കു പുറമെ, പൂജാപുഷ്പം, അച്ഛൻ്റെ ഭാര്യ, പളുങ്കു പത്രം, സരസ്വതി, നഴ്സ്, ഉർവ്വശി ഭാരതി എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുള്ള തിക്കുറിശ്ശി, മുതലാളി, ആന വളർത്തിയ വാനമ്പാടി എന്നീ ചിത്രങ്ങൾക്കും കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. അര നൂറ്റാണ്ട് ചലച്ചിത്രനഭസ്സില്‍ നായകനായും ഉപനായകനായും പ്രതിനായകനായും മറ്റും ജ്വലിച്ചു നിന്ന അദ്ദേഹം 700-ലധികം സിനിമകളിൽ അഭിനയിച്ചു. സ്ത്രീ, പളുങ്കുപാത്രം, ദേവസുന്ദരി, ഉര്‍വശിഭാരതി, പൂജാപുഷ്പം, ബലൂണ്‍ തുടങ്ങിയവ ഉള്‍പ്പെടെ പതിമൂന്നു ചിത്രങ്ങള്‍ക്ക് ഗാനരചന നിർവ്വഹിച്ചു.
തിക്കുറിശ്ശി എന്ന നടനിലെ ഉജ്വല പ്രഭാവത്തെ അനുസ്മരിക്കാൻ എണ്ണമറ്റ സിനിമകളുണ്ട്. ഇരുട്ടിന്റെ ആത്മാവ്, തുലാഭാരം, നദി, ആര്യന്‍, ഓടരുതമ്മാവാ ആളറിയാം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി, നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിവിധങ്ങളായ ഭാവോജ്വല മുഹൂർത്തങ്ങൾ നമ്മൾക്കു മുന്നിലുണ്ട്. തിക്കുറിശ്ശിയുടെ സാന്നിധ്യമുള്ള ഏതൊരു സിനിമയിലും അദ്ദേഹം കടന്നുവരുന്ന ഓരോ ഫ്രെയ്മും കാണികൾക്ക് പ്രിയപ്പെട്ടതാകുന്നു എന്നുള്ളതാണ് തിക്കുറിശ്ശിയിലെ കലയുടെ ആഴവും പരപ്പും.

ചലച്ചിത്രയാത്രയുടെ ഒരു ഘട്ടത്തിൽ, പ്രേം നസീർ, സത്യൻ തുടങ്ങിയ പുത്തൻ തലമുറയ്ക്ക് തന്റെ സൂപ്പർ ഹീറോ പരിവേഷം ഒഴിഞ്ഞു കൊടുത്ത് കാരക്ടർ റോളുകളിലേക്കും പിന്നീട്, അമ്മാവന്‍- മുത്തച്ഛന്‍ തുടങ്ങിയ വേഷങ്ങളിലേക്കും കൂടുമാറിയെങ്കിലും തന്റെ അവസാനത്തെ അഭിനയ മുഹൂർത്തവും തീരുന്നതുവരെ ആ നടനഭൈഭവം കൂടുതൽ ആളി നില്കുന്ന കാഴ്ചയാണ് മലയാള സിനിമാ ലോകം കണ്ടത്. 1997 സെപ്തംബറിൽ പുറത്തിറങ്ങിയ ജനാധിപത്യത്തിലാണ് തിക്കുറിശ്ശി അവസാനമായി അഭിനയിച്ചത്.
1916 ഒക്ടോബർ 16ന്, അന്ന് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ നഞ്ചിൽനാട്ടിലുള്ള തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ, മങ്ങാട്ട് വീട്ടിലെ എൻ. ലക്ഷ്മി അമ്മയുടെയും എം. സി. ഗോവിന്ദ പിള്ളയുടെയും മകനായി സുകുമാരന്‍ എന്ന തിക്കുറിശ്ശി സുകുമാരന്‍ നായർ ജനിച്ചു. ഇന്ന് തമിഴ്‌നാടിന്റെ ഭാഗമാണ് തിക്കുറിശ്ശി ഗ്രാമം.
കന്യാകുമാരിയിലെ മാർത്താണ്ഡം ഗവ. ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ, തന്റെ ആദ്യ കവിതയിലൂടെ സാഹിത്യരംഗത്ത് പ്രവേശിച്ച സുകുമാരന്‍ ഇരുപതാം വയസ്സിൽ ‘കെടാവിളക്ക്’ എന്ന തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. തുടർന്നുള്ള സുകുമാരന്‍ എന്ന തിക്കുറിശ്ശിയുടെ യൗവന കാലം നാടകത്തിന്റെ മേച്ചിൽപുറങ്ങളിലൂടെ ആയിരുന്നു. പില്ക്കാലത്ത്, തിക്കുറിശ്ശിക്കവിതകൾ, ഇനി ഈ കണ്ണീർ മാത്രം തുടങ്ങിയ കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
സംഗീതത്തിന് അമിതപ്രാധാന്യം നല്‍കിയിരുന്ന നാടകങ്ങൾ മാത്രം കണ്ടുശീലിച്ചിരുന്ന മലയാള നാടകരംഗത്തേക്ക് സാമൂഹികപ്രസക്തിയും സംഭാഷണ കേന്ദ്രീകൃതവുമായ റിയലിസ്റ്റിക് നാടകങ്ങളിലൂടെയാണ് തിക്കുറിശ്ശി സുകുമാരന്‍ നായർ കലാ രംഗത്ത് കാലുറപ്പിക്കുന്നത്. കേരളത്തിന്റെ നാടക ലോകത്തിന് തിക്കുറിശ്ശിയുടെ വരവ് ഒരു പുതുയുഗത്തിന്റെ തുടക്കം കുറിയ്ക്കൽ കൂടിയായിരുന്നു.
നാടകത്തിൽ പല മാറ്റങ്ങളും അദ്ദേഹം പരീക്ഷിച്ചു. ഏറെ വിവാദങ്ങൾ നേരിടേണ്ടി വന്ന ‘സ്ത്രീ’ യെ അവതരിപ്പിച്ചപ്പോൾ, നാടക വേദിയുടെ മുൻനിരയിൽ നിന്ന് ഗായകരെ പിന്നണിയിലേക്ക് മാറ്റി. ഇതിവൃത്തങ്ങളിൽ നിന്നും തമിഴിന്റെ അതിപ്രസരണത്തെ ഒഴിവാക്കി, മലയാളിത്തമുള്ള ഇതിവൃത്തങ്ങളെ അവലംബിക്കാൻ ആരംഭിച്ചു.
സ്ത്രീയ്ക്കു പുറമെ, മരീചിക, കലാകരൻ എന്നീ നാടകങ്ങളും വൻ വിജയമായിരുന്നു. തുടർന്ന്, മായ, ശരിയോ തെറ്റോ (1953), പൂജാപുഷ്പം (1969), നഴ്സ് (1969), സരസ്വതി (1970), പളുങ്ക് പാത്രം (1970), അച്ഛന്റെ ഭാര്യ (1971), ഉർവ്വശി ഭാരതി (1973), കുസൃതിക്കുട്ടൻ (1966), പൂച്ചക്കണ്ണി (1966), മുതലാളി (1965), ചിലമ്പൊലി (1963) തുടങ്ങിയ നാടകങ്ങളിലൂടെ മലയാളത്തിലെ പ്രൊഫഷണൽ നാടക രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.
സ്വതവേ സരസനും ഫലിതപ്രിയനുമായിരുന്ന തിക്കുറിശ്ശിയ്ക്ക് കലാ ലോകത്ത് ഒരു കാരണവരുടെ സ്ഥാനമാണ് ഉണ്ടായിരുന്നത്. മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി താരങ്ങൾക്ക് സിനിമയ്ക്ക് അനുയോജ്യമായ പേരുകൾ നല്കിയത് തിക്കുറിശ്ശിയാണ്. അബ്ദുൾ ഖാദർ എന്ന പേര് പ്രേം നസീർ എന്നാക്കി നിത്യഹരിത നായകനെ ജനമനസിലേക്ക് കുടിവെച്ചത് തിക്കുറിശ്ശിയാണ്. അതുപോലെ, മാധവൻ നായരെ മധു എന്നും കെ. ബേബി ജോസഫിനെ ജോസ് പ്രകാശ് എന്നും കുഞ്ഞാലിയെ ബഹദൂർ എന്നും പത്മദളാക്ഷനെ കുതിരവട്ടം പപ്പു എന്നും സിനിമയ്ക്കു വേണ്ടി പേര് മാറ്റിയിട്ടുണ്ട് അദ്ദേഹം.

1997 മാര്‍ച്ച് 11ന്, ലോകത്തോടു വിടപറഞ്ഞുപോയ തിക്കുറിശ്ശി സുകുമാരൻ നായർ എന്ന മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയെ 1973ൽ ഭാരത സര്‍ക്കാർ പത്മശ്രീ നല്കി ആദരിക്കുകയുണ്ടായി. 1995ല്‍ സംസ്ഥാന സര്‍ക്കാർ, മലയാളത്തിലെ ഏറ്റവും വലിയ ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയല്‍ പുരസ്കാരവും നല്കി ആദരിച്ചു. കൂടാതെ, മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
നിലവിൽ, തിരുവനന്തപുരം ആസ്ഥാനമാക്കി, തിക്കുറിശി ഫൗണ്ടേഷൻ’ എന്ന സംഘടന പ്രവർത്തിച്ചു വരുന്നു. ഫൗണ്ടേഷൻ 2016-ൽ, തിക്കുറിശ്ശി ജന്മശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയും കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസുകാരിയുമായിരുന്ന ഓമനകുഞ്ഞമ്മ തിക്കുറിശിയുടെ മൂത്ത സഹോദരിയാണ്. ഭാര്യമാർ: സരോജിനി കുഞ്ഞമ്മ, അമ്പലപ്പുഴ മീനാക്ഷി അമ്മ, കെ. സുലോചന ദേവി. മക്കൾ: ശ്യാമള ദേവി, ഗീതാംബിക, രാജഹംസൻ, കനകശ്രീ.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഡോ. ആശിഷ് രാജശേഖരൻ: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥി കാര്യ ഡീൻ & എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ.






