
തലയില്ലാ തച്ചൻ- ഏഴാം ഭാഗം
സൂര്യൻ ചെഞ്ചായത്തിൽ ഒളിപ്പിച്ചു വെച്ച ഇന്നത്തെ തന്റെ എല്ലാ പകൽസ്വപ്നങ്ങളെയും ആകാശത്ത് ഉപേക്ഷിച്ചു കൊണ്ട്, കടലിനോടൊപ്പം ശയിക്കാനുള്ള അവസാന തയ്യാറെടുപ്പിൽ എത്തിക്കഴിഞ്ഞു. അതൊന്നുമറിയാതെ, ആര്യയും സെലിനും തന്താങ്ങളുടെ വഴിയിലൂടെ തനിയെ സഞ്ചരിച്ചു കൊണ്ടിരുന്നു. അന്നേരം, അവരെ രണ്ടുപേരെയും ഒരേപോലെ ചുഴറ്റിക്കൊണ്ട് അസാധാരണമായ ഒരു തണുത്ത കാറ്റ് കടന്നുപോയി.
“സെലിൻ…”
മൂന്നാലു വഞ്ചികൾ കരയിലേക്ക് അടുത്തുവരുന്നുണ്ട്. ദൂരെ, ഏതാനും ബോട്ടുകൾ തെക്കും വടക്കും പോയിക്കൊണ്ടിരിക്കുന്നു. കടലിന്റെ ഓളങ്ങൾക്കും കാറ്റിനും ശക്തി കൂടി വരുന്നുണ്ട്.
“സെലിൻ…” ആര്യ വീണ്ടും വിളിച്ചു.
“ഉം….” ഇക്കുറി സെലിൻ ഒന്നു മൂളി.
ആര്യയുടെ തൊട്ടരികിൽ, അല്പം പിന്നിലായിട്ടാണ് സെലിൻ കിടക്കുന്നത്. കടലിന്റെ കാഴ്ചകളിൽ നിന്നും കഴുത്തു തിരിച്ച് ആര്യ നോക്കിയപ്പോൾ, സെലിൻ എന്തോ ഗാഢമായി ചിന്തിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.
വന്നപ്പോൾ തൊട്ട്, ‘കടലമ്മേ… ടീ കള്ളീ…’ എന്നും പറഞ്ഞു കടലിൽ തുള്ളിച്ചാടിയതുകൊണ്ട് സെലിന് അതിന്റെ ക്ഷീണമുണ്ടാകും. വേർപിരിയാൻ നിൽക്കുന്ന സൂര്യനെ നോക്കി, തീവ്രമായ പരിഭവത്താൽ കടൽ കിടന്നു പിടയുന്നത് താനും കാണുന്നുണ്ട്. കടലിന്റെ ആ വേദന ഇപ്പോൾ തന്റേതും കൂടിയാണെന്ന് ആര്യയ്ക്ക് അറിയാം. പക്ഷേ, സെലിനെപ്പോലെ അവളെ ‘കള്ളി’ എന്ന് വിളിക്കാൻ എന്തോ മനസ്സ് വരുന്നില്ല.
കടലിനെയാണ് കള്ളിയെന്ന് സെലിൻ വിളിച്ചിരുന്നതെങ്കിലും, അതും വിളിച്ച് അവൾ കൂടെക്കൂടെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ അവളാണ് പറഞ്ഞത്, കടൽ കണ്ടു പോകാമെന്ന്. വേണ്ടെന്ന് താൻ പറഞ്ഞു. തനിക്ക് വേഗം ഫ്ലാറ്റിൽ എത്തിയാൽ മതിയായിരുന്നു. വരുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇല്ലാതായതിന്റെ ക്ഷീണമുണ്ട്. ഉറക്കത്തിനുള്ള ഒരു ടാബ്ലറ്റ് ഡോക്ടർ കുറിച്ചു തന്നിട്ടുണ്ട്. അതും കഴിച്ചു വേഗം കിടന്നുറങ്ങാൻ തോന്നുന്നു.
ഡോക്ടറുടെ അടുത്തുനിന്നും മടങ്ങുമ്പോൾ, അകത്തു നിന്നും ബഡ്ഡിയുടെ നിർത്താതെയുള്ള കുര ഇപ്പോഴും പിന്തുടരുന്നതുപോലെ. അകത്തു നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരം തുടങ്ങിയതാണ്. എന്തോ, അവൻ ഉള്ളിൽ നിന്നും പുറത്തോട്ടു വന്നില്ല. ഉള്ളിലെവിടെയോ കിടന്നുള്ള കുരയായിരുന്നു. അതും, നല്ല ഉച്ചത്തിൽ, ഒരുതരം ഭ്രാന്തൻ കുര. അപ്പോൾ തൊട്ട്, മനസ് വീണ്ടും മൂടിക്കെട്ടിയതാണ്. ഇവിടെ എത്തിയപ്പോഴാണ് ഏറെക്കുറെ ശാന്തമായത്. തിരമാലകളുമായുള്ള സെലിന്റെ അങ്കം വെട്ടലുകൾ കണ്ടിരുന്നപ്പോൾ തല്ക്കാലം ആ ചെകുത്താനെ മറന്നു. ഇതുവരെ ഒരു നായയും തനിക്കു നേരെ ഇങ്ങനെ കുരച്ചിട്ടില്ല.
‘എന്നാലും, തങ്ങൾ അവിടെ നിന്നും ഇറങ്ങിയത് കൃത്യമായി അവനെങ്ങനെ മനസിലായി..? എന്തുകൊണ്ടാണവൻ ആ സമയം പുറത്തേക്ക് വരാതിരുന്നത്..? എന്തിനാണവൻ തനിക്കു നേരെ ഇങ്ങനെ പരാക്രമം കാണിക്കുന്നത്..?’
ആര്യ കാടുക്കേറി നടക്കുന്നതിനിടയിൽ സെലിന്റെ ചോദ്യമെത്തി.
“എന്താ ആര്യപുത്രീ… ഇപ്പോൾ ചോദിക്കാൻ ഒന്നും ഇല്ലേ?”
ആര്യയുടെ വിളി കേട്ട് മുഖമുയർത്തിയ സെലിൻ കണ്ടത്, ആര്യ എന്തോ ചിന്തിച്ചിരിക്കുന്നതാണ്.
“ഇങ്ങനെ നീ അന്തംവിട്ട് ചിന്തിച്ചു കിടക്കാൻ കടലമ്മ നിന്നോട് എന്താണ് കടുപ്പിച്ചു പറഞ്ഞത് തോഴീ…?”
സെലിന്റെ ശൈലി കടമെടുത്ത് ആര്യ ഗൗരവത്തിൽ ചോദിച്ചു.
“എന്ത് പറയാൻ… വീട്ടിൽ എല്ലാവർക്കും സുഖമല്ലേ എന്ന് ചോദിച്ചു. ജോലിയൊക്കെ എങ്ങനെ പോകുന്നു എന്നും ചോദിച്ചു. പിന്നെ, അല്ലറ ചില്ലറ നാട്ടുവിശേഷവും ചോദിച്ചു.”
എഴുന്നേറ്റിരുന്ന്, കൈകൾ തമ്മിൽ തമ്മിൽ തട്ടിക്കുടഞ്ഞുകൊണ്ട് സെലിൻ പറഞ്ഞു.
സെലിന്റെ കുർത്ത മുഴുവനും നനഞ്ഞിരിക്കുന്നു. കടൽ കണ്ടപ്പോൾ പെണ്ണ്, ആന കരിമ്പിൻ കാട്ടിൽ എത്തിയതുപോലെ ആയി. സെലിന്റെ പുറത്തെ മണൽത്തരികൾ തട്ടിക്കളഞ്ഞുകൊണ്ട് ആര്യ ചോദിച്ചു:
“ഓ… അപ്പോൾ നിന്റെ കല്യാണക്കാര്യമൊന്നും ചോദിച്ചില്ലേ… കുട്ടിയെന്താ കെട്ടാത്തേ… ഒത്ത ചെക്കനെ കിട്ടിയില്ലേ… മൂക്കിൽ പല്ല് മുളച്ചില്ലേ… അങ്ങനെ ഒന്നും…?”
“ശ്ശൊ. അത് ചോദിച്ചില്ല.” സെലിൻ നിരാശ നടിച്ചു.
“പിന്നെ എന്താണാവോ ഇത്രേം നേരം നിങ്ങൾ കിന്നരിച്ചുകൊണ്ടിരുന്നത്?”
ആര്യയ്ക്ക് ശുണ്ഠി വന്നു.
“ഞങ്ങളോ… അതുപിന്നെ, യുദ്ധത്തിന്റെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു. അമേരിക്ക ഇറാനെ മുട്ടുകുത്തിച്ചോ… അതോ, ഇറാൻ അമേരിക്കയെ വിറപ്പിച്ചോ എന്നൊക്കെ..?”
“ആഹാ… ബെസ്റ്റ്. എന്നിട്ട് നീ എന്ത് പറഞ്ഞു?”
ആര്യ കൗതുകം കൊണ്ടു.
“ഞാൻ പറഞ്ഞു, എന്റെ കടലമ്മേ… ഞാനിപ്പോൾ അതിനേക്കാളൊക്കെ വലിയ ഒരു യുദ്ധക്കളത്തിലാണ് എന്ന്.” അതും പറഞ്ഞ് ആര്യയെ നോക്കി സെലിൻ പൊട്ടിച്ചിരിച്ചു. സെലിൻ പറഞ്ഞതിന്റെ പൊരുൾ ആര്യയ്ക്ക് പെട്ടെന്ന് പിടികിട്ടിയില്ല. അവളുടെ കുറുകിയ കണ്ണുകൾ സെലിനെ കൊത്തിവലിച്ചു.
അതുകണ്ടപ്പോൾ, അവളുടെ മൂക്കുപിടിച്ചു തിരിച്ചു കൊണ്ട് സെലിൻ പറഞ്ഞു: “പട നയിക്കുന്നത് എന്റെ ആര്യക്കുട്ടിയാണെങ്കിലും തേര് വലിക്കുന്നത് ഞാനാണെന്നും അതുകൊണ്ട്, ഞങ്ങൾ രണ്ടാൾക്കും ഓരോ കപ്പ് ബൂസ്റ്റിന്റെ എനർജി തന്ന് അനുഗ്രഹിക്കണമെന്നും പറഞ്ഞു.”
ഇപ്പോൾ ആര്യയ്ക്ക് കാര്യം മനസ്സിലായി.
“ഓഹ്.. എന്നിട്ട് അനുഗ്രഹം കിട്ടിയോ?”
“കിട്ടി… കടലമ്മ പറഞ്ഞു, കുട്ടികളെ… നിങ്ങളെ ഇനി അധികം കഷ്ടപ്പെടുത്തില്ല. ഒട്ടും വൈകാതെ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർത്തു തരാമെന്ന്…”
സെലിൻ പറയുന്നത് തമാശയാണെന്ന് അറിയാം. എങ്കിലും, അതൊന്നു സത്യമായിരുന്നെങ്കിലെന്ന് ആര്യ കൊതിച്ചു.

“ആര്യാ…”
“ഉം…”
“ചിലപ്പോൾ… നീ പറയുന്നത് ശരിയായിരിക്കാം അല്ലേ..?”
“എന്ത്..?”
സെലിൻ ഒരു നിമിഷം മൗനമായി.
“ഡോക്ടർ പറഞ്ഞത് ഇതൊരു രോഗമല്ലെന്നല്ലേ..?”
“ഉം…” ആര്യ അലസമായി മൂളി.
“എങ്കിൽപ്പിന്നെ, നീ പറയുന്നതാകില്ലേ ശരി?”
“എന്ത്?”
ആര്യയിൽ പതിയെ ജിജ്ഞാസ കയറാൻ തുടങ്ങി.
അത് തിരിച്ചറിഞ്ഞ സെലിൻ പറഞ്ഞു:
“ഒരുപക്ഷെ, നീ പറഞ്ഞതുപോലെ, എന്തിലേക്കോ… നിന്റെ മുജ്ജന്മത്തിലേക്കോ മറ്റോ ഈ സ്വപ്നങ്ങൾ നിന്നെ കൊണ്ടുപോകുകയാണെങ്കിലോ…?”
ആര്യ ചിരിച്ചു:
“ഇവിടെ എത്തുംവരെ എനിക്ക് അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. നിനക്കും അത് അറിയാമല്ലോ… പക്ഷേ, ഇപ്പോൾ…” ആര്യ നിർത്തി.
“ഇപ്പോൾ എന്തു സംഭവിച്ചു? അങ്ങനെ അല്ലെന്ന് ഡോക്ടർക്കും ഉറപ്പൊന്നും ഇല്ലല്ലോ..? അതിനുള്ള സാധ്യത ഉണ്ടെന്നല്ലേ ഡോക്ടറും സൂചിപ്പിച്ചത്.”
“ഡോക്ടർ അങ്ങനെ പറഞ്ഞിട്ടില്ല. നമ്മൾക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ അതിനെ തള്ളിക്കളഞ്ഞില്ല എന്നേ ഉള്ളൂ. അതായത്, ഫ്രോയിഡിനെ കാൾ ജുങ് തള്ളിയതുപോലെ, കാൾ ജുങ്ങിനെ തള്ളിപ്പറയാൻ നമ്മുടെ ഡോക്ടർക്ക് അത്ര ധൈര്യം പോരാ എന്ന്.”
ആര്യ നന്നായൊന്ന് കുലുങ്ങിച്ചിരിച്ചു.
ആര്യയുടെ ചിരിയുടെ ശബ്ദം തങ്ങളെയും കടന്ന്, പുറത്തേക്ക് ഒഴുകുന്നതുപോലെ സെലിനു തോന്നി. സെലിന് അതിശയം തോന്നി. ഡോക്ടർ പറഞ്ഞത് വള്ളിപ്പുള്ളി തെറ്റാതെ ആര്യ ഓർത്തുവെച്ചിരിക്കുന്നു.
അവൾ ചുറ്റുപാടും നോക്കി. തങ്ങൾ വന്ന ഓട്ടോ കുറച്ചു ദൂരെ കിടപ്പുണ്ട്. ഓട്ടോക്കാരനെ കാണുന്നില്ല. അവൾ പരിസരങ്ങളിലേക്കും കണ്ണുകൾ പായിച്ചു. ഇരുട്ട് അവിടെയും ഇവിടെയും ആയി കയറി വരുന്നു കഴിഞ്ഞു.
കടൽ പതിയെ ആളൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. പിന്നിൽ, കാഴ്ചക്കാരും കച്ചവടക്കാരും മടങ്ങുകയാണ്. മുന്നിൽ സൂര്യനും. ‘അയാൾ എവിടെ പോയിരിക്കും? മൂത്രമൊഴിക്കാൻ..? സിഗരറ്റ് വലിക്കാൻ..? അല്ലെങ്കിൽ, ഏതെങ്കിലും കടയിൽ ഇരിപ്പുണ്ടാകാം, ചായ കുടിച്ചുകൊണ്ട്.’
സെലിൻ ഓട്ടോ ഡ്രൈവറെ തേടുന്നതിനിടയിൽ ആര്യ ചോദിച്ചു:
“എന്തേ നിനക്കിപ്പോൾ ഇങ്ങനെ തോന്നാൻ?”
ആര്യയുടെ ചോദ്യം കേട്ടതും സെലിൻ ഓട്ടോക്കാരനിൽ നിന്നും മടങ്ങി. അല്ലെങ്കിൽ തന്നെ, അയാളെക്കുറിച്ച് ചിന്തിക്കാൻ എന്തിരിക്കുന്നു… ഒരു ദിവസത്തെ മൊത്തം ഓട്ടോകൂലിയാണ് ഈ വെയ്റ്റിങ്ങിന് ഓഫർ ചെയ്തിട്ടുള്ളത്. പാതിരാ കഴിഞ്ഞാലും അയാൾ അലമ്പുണ്ടാക്കില്ല. സെലിൻ ആശ്വസിച്ചു.
“എങ്ങനെ തോന്നാൻ..?”
സെലിൻ തിരിച്ചു ചോദിച്ചു. ഓട്ടോക്കാരനെ തേടി നടക്കുന്നതിനിടയിൽ സംഭാഷണത്തിന്റെ തുടർച്ച നഷ്ടമായിരുന്നു.
“എന്തേ ഇപ്പോൾ മുജ്ജന്മമാണെന്ന് തോന്നാൻ എന്ന്?”
ആര്യ ചോദ്യം ആവർത്തിച്ചു.
സെലിനിൽ ഒരു ദീർഘനിശ്വാസം ഉണ്ടായി.
“എന്തോ… എനിക്കും അങ്ങനെ തോന്നുന്നു. കഴിഞ്ഞ ജന്മത്തിൽ നിന്റെ കൂടെ ഇതുപോലെ ഒക്കെ ഞാൻ ഉണ്ടായിരുന്നിരിക്കാമെന്ന് ഇപ്പോൾ മനസ്സ് പറയുന്നതുപോലെ. നമ്മൾ തമ്മിൽ എന്തോ ഒരു മുജ്ജന്മ ബന്ധമുണ്ട്.”
സെലിൻ വീണ്ടും മണലിൽ കിടന്നുകൊണ്ട്, ആര്യയുടെ മടിയിലേക്ക് തല കയറ്റി വെച്ച്, ആര്യയെ നോക്കി തുടർന്നു:
“അല്ലെങ്കിൽ, ഇത്രയും കാലം ഇല്ലാത്ത ഒരു സ്വപ്നം കാണൽ ഇപ്പോൾ എവിടെ നിന്നും വന്നു? അതും, നമ്മൾ മാത്രമായപ്പോൾ..?”
‘ശരിയാണ്… ഈയടുത്താണ് ഫ്ലാറ്റിൽ തങ്ങൾ മാത്രമായത്.’ ആര്യ ഓർത്തു. കഴിഞ്ഞ വർഷമാണ് ഒരുമിച്ചുള്ള താമസം തുടങ്ങിയത്. പാലക്കാട്ടുനിന്നും താൻ ട്രാൻസ്ഫറായി വന്നിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതിനകം തന്നെ ഹോസ്റ്റൽ വാസം മടുത്തിരുന്നു. പക്ഷേ, വേറെ നിവർത്തിയില്ല. വീട്ടിൽ നിന്നുമുള്ള ഡെയിലി പോക്കുവരവ് എളുപ്പമല്ല. പട്ടിക്കാട്ടുനിന്നും പോയിവരാൻ കുറച്ചുകൂടി സൗകര്യമാണ്. അമ്മാവൻ പറഞ്ഞതുമാണ്. പക്ഷേ, അമ്മായിക്ക് ഇഷ്ടമല്ലെന്ന് അറിയാവുന്നതുകൊണ്ട് അത് ഒഴിവാക്കേണ്ടി വന്നു.
അമ്മായിയെ കുറ്റം പറയാൻ പറ്റില്ല. ആളാക്കിയതിന്റെ നന്ദി കാണിക്കാത്തതിന്റെ ദേഷ്യം. ശ്രീയുമായി അടുപ്പത്തിലാകും മുൻപാണ് അമ്മാവന്റെയും അമ്മായിയുടെയും ആഗ്രഹം അറിഞ്ഞിരുന്നതെങ്കിൽ ഒട്ടും മടിക്കാതെ താൻ മനുവേട്ടനെ വിവാഹം കഴിക്കുമായിരുന്നു. അങ്ങനെയൊരു സൂചന ഉണ്ടായിരുന്നെങ്കിൽ ശ്രീയെ ഒരിക്കലും ആഗ്രഹിക്കില്ലായിരുന്നു. അല്പം ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും മനുവേട്ടൻ സ്നേഹമുള്ളവനാണ്. തന്നെ ഇപ്പോഴും ഇഷ്ടമാണ്. അതറിഞ്ഞുകൊണ്ട്, അവിടെ നിൽക്കാനും പറ്റില്ല.
എന്തോ ഭാഗ്യത്തിനാണ് ആ സമയത്തുള്ള സെലിന്റെ വരവ്. അവളും അവളുടെ കൺസഷൻ കമ്പനിയുടെ ഇവിടുത്തെ ബ്രാഞ്ചിൽ എത്തിയത് അതേ കാലത്താണ്. അവർ കൺസഷൻ വർക്കിന് വാങ്ങിയ ഭൂമിയുടെ ബി.ടി.ആറിൽ പ്രശ്നം. അടുത്തടുത്തു കിടന്നിരുന്ന ചെറിയ ഭൂമികൾ വാങ്ങി ഒന്നാക്കി രെജിസ്റ്റർ ചെയ്തതിനിടയിൽ അതിലേതോ ഭൂമിയുടെ തരം നിലമായിരുന്നു എന്ന് കമ്പനിയുടെ ശ്രദ്ധയിൽ പെടാതെ പോയി. ബിൽഡിങ് പെർമിറ്റ് സാങ്ഷൻ കിട്ടാൻ പ്രശ്നമായി. തണ്ണീർത്തട നിയമംകൊണ്ടുണ്ടായ നൂലാമാല. നൂറുവർഷം മുൻപു നികത്തിയ ഭൂമിയാണെങ്കിലും ബി.ടി.ആർ രെജിസ്റ്ററിൽ തരം മാറ്റാതെ, പാടമെന്നോ നിലമെന്നോ കിടക്കുകയാണെങ്കിൽ അത് തിരുത്താതെ പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. കൺസഷൻ പെട്ടെന്ന് ആരംഭിക്കേണ്ടതുള്ളതുകൊണ്ട്, അതിനുവേണ്ടി പലതവണ തന്റെ ഓഫീസിൽ സെലിനു വരേണ്ടി വന്നു. ആ അടുപ്പം തനിക്കു തുണയായി.
ഒരുദിവസം, നാലുമണിയുടെ കോഫി ഒരുമിച്ച് കുടിച്ചിരിക്കുമ്പോഴാണ് തന്റെ താമസപ്രശ്നം അവളെ അറിയിക്കുന്നത്. അന്നു വൈകുന്നേരം തന്നെ അവളുടെ കമ്പനി ഫ്ലാറ്റിലേക്ക് കൂടെക്കൂട്ടി. രണ്ട് മുറികളിലായി നാല് പേർക്കുള്ളതാണ് ഫ്ലാറ്റ്. അതിലെ ഒരു മുറിയിലെ ഒരു എംപ്ലോയി തൊട്ടു മുൻപത്തെ ദിവസമാണ് ട്രാൻസ്ഫറായി പോയത്. കമ്പനിയുടെ പ്രത്യേക പെർമിഷനോടെ ആ കുട്ടിയുടെ കട്ടിൽ കിട്ടി. അതും ഫ്രീയായിട്ട്. മാസങ്ങൾക്കുള്ളിൽ മറ്റു രണ്ടുപേരും ഫ്ലാറ്റ് വിട്ടു. പകരം, മറ്റാരും വന്നിട്ടില്ല.
ഇപ്പോൾ അത് തന്റെയും സെലിന്റെയും മാത്രം സാമ്രാജ്യമാണ്. സെലിൻ തന്റെയും താൻ സെലിന്റെയും അവിഭാജ്യഘടകമായി മാറാൻ തുടങ്ങിയതും ഇക്കാലത്താണ്. എന്നിട്ടും, അവളോട് ഇതുവരെ തന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ മനസ്സ് പാകപ്പെട്ടിട്ടില്ല. അതിലിപ്പോൾ, വിഷമം തോന്നുന്നു.
“നീയെന്താ ഒന്നും പറയാതെ ഇരിക്കുന്നത്..?” സെലിൻ ചോദിച്ചു.
“ഡോക്ടർ കുറിച്ചു തന്ന ടാബ്ലറ്റ് നിനക്കും കൂടി വാങ്ങേണ്ടി വരുമോ എന്ന് ആലോചിച്ചിരിക്കുകയാണ്…” താനിപ്പോൾ ചിന്തിച്ച കാര്യം സെലിൻ ഇപ്പോൾ അറിയേണ്ടെന്ന് ആര്യയ്ക്കു തോന്നി. അവളോട് എല്ലാം പറയണം. ഇനിയും അവളെ ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, ഇപ്പോൾ അതിനു പറ്റിയ സമയമല്ല.
“വേണ്ടി വരും ആര്യാ… എനിക്കും ഇപ്പോൾ തല പെരുത്തു കയറുന്നുണ്ട്…”
“പക്ഷെ… നിനക്കും ഇങ്ങനെ സ്ട്രോങ്ങായി ഫീൽ ചെയ്യാൻ മാത്രം എന്റെ ഈ സ്വപ്നങ്ങളിൽ ഒന്നും നീയില്ലല്ലോ..? നീയെന്നു മാത്രമല്ല, ആ പ്രതിമയും കാടും അമ്പലോം പിന്നെ, ഞാനും അല്ലാതെ ഇതുവരെ വേറെ ഒന്നും ഇല്ല.
വേറെ ആരും ഇല്ല. പിന്നെങ്ങനെ നിനക്കു പറയാനാകുന്നത്, ഞാനും നീയും തമ്മിൽ ഇങ്ങനെയൊരു കണക്ഷൻ..?”
ആര്യയുടെ ചോദ്യം ന്യായമാണ്. ഡോക്ടറുടെ വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ തന്റെ ഉള്ളിൽ അങ്ങനെയൊരു ചിന്ത കടന്നു കൂടിയത് എന്തുകൊണ്ടായിരിക്കാമെന്ന് ഈ സമയം സെലിനും ആലോചിച്ചു.
സൂര്യൻ ചെഞ്ചായത്തിൽ ഒളിപ്പിച്ചു വെച്ച ഇന്നത്തെ തന്റെ എല്ലാ പകൽസ്വപ്നങ്ങളെയും ആകാശത്ത് ഉപേക്ഷിച്ചു കൊണ്ട്, കടലിനോടൊപ്പം ശയിക്കാനുള്ള അവസാന തയ്യാറെടുപ്പിൽ എത്തിക്കഴിഞ്ഞു. അതൊന്നുമറിയാതെ, ആര്യയും സെലിനും തന്താങ്ങളുടെ വഴിയിലൂടെ തനിയെ സഞ്ചരിച്ചു കൊണ്ടിരുന്നു. അന്നേരം, അവരെ രണ്ടുപേരെയും ഒരേപോലെ ചുഴറ്റിക്കൊണ്ട് അസാധാരണമായ ഒരു തണുത്ത കാറ്റ് കടന്നുപോയി.
അപ്പോഴാണ്, സെലിന്റെ കുർത്തയുടെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത്. പെട്ടെന്നെന്തോ ഓർത്തപോലെ, ആര്യയുടെ മടിയിൽ നിന്നും സെലിൻ തിടുക്കപ്പെട്ട് എഴുന്നേറ്റു. അവളുടെ കൈ കുർത്തയുടെ പോക്കറ്റിലേക്ക് നീണ്ടു. ആ സമയം, തങ്ങൾ വന്ന ഓട്ടോക്കരികിലേക്ക് ഓട്ടോക്കാരൻ നടന്നടുക്കുന്നതും അവളുടെ ദൃഷ്ടിയിൽ പെട്ടു.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








