AI illustration by Surya for the Malayalam Shortstory Pollal by Raju Kanhirangad

പൊള്ളൽ

എന്നിട്ടും…
അവിടെ എത്താറുള്ളപ്പോഴെല്ലാം, ഒരു നിമിഷം ഞാൻ നിന്നുപോകാറുണ്ട്. ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന പുഞ്ചിരിയുമായി അവളും അവിടെ കാത്തു നിൽക്കാറുണ്ട്.

ന്നും അവൾ വൈകുന്നേരം അമ്പലച്ചിറയിൽ കുളിക്കാൻ വരുമായിരുന്നു. ഇന്നലെയും വന്നിരുന്നു. അവൾ ഒരു മുതിർന്ന സ്ത്രീയായിരുന്നില്ല. പതിനേഴു വയസ്സു മാത്രമുള്ള ഒരു പെൺകുട്ടി. ദാരിദ്ര്യം കൊണ്ട് പഠിക്കാൻ കഴിയാതെ വന്നവൾ. അമ്മയും അനുജത്തിയും മാത്രമാണ് ഉള്ളത്. ആസ്ത്മ കാരണം അമ്മയ്ക്ക് ജോലിക്ക് പോകാൻ പറ്റാതായതുമുതൽ അവൾ കരിങ്കൽ ക്വാറിയിൽ പോയിത്തുടങ്ങി. അതിൽ നിന്നു കിട്ടുന്ന തുച്ഛമായ കൂലി കൊണ്ടാണ് ആ കുടുംബം കഴിഞ്ഞു വന്നത്.

ഇപ്രാവശ്യം അനുജത്തി പത്താം ക്ലാസിലാണ്. അതാണ് ഇപ്പോഴത്തെ അവളുടെ വേവലാതി. അമ്മയ്ക്കുള്ള മരുന്നും അനുജത്തിയുടെ പഠിത്തവും എല്ലാം കാരണം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാട്. അതൊക്കെ കേട്ടു നിൽക്കുകയല്ലാതെ ജോലിയൊന്നുമില്ലാത്ത ഞാൻ എന്തു ചെയ്യാനാണ്. എന്നെങ്കിലും ഒരിക്കൽ അവൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാൻ കഴിയും എന്ന ഒരു വിശ്വാസം മാത്രമാണ് എനിക്ക് ആകെ ഉണ്ടായിരുന്നത്.

എന്നും രാവിലെ അവൾ പണിക്കു പോകുമ്പോൾ വീടിൻ്റെ കോലായിലിരുന്ന് കാണുന്നതുപോലെ അന്നും കണ്ടതാണ്, ഉള്ളിലേക്ക് ആഴ്ന്നിറങ്ങാറുള്ള ആ പുഞ്ചിരി. പിന്നെ അറിയുന്നത്…

സ്ട്രെക്ച്ചറിൽ നിന്ന് ബോഡി ഇറക്കി കിടത്തുമ്പോൾ, ഓഫ് ചെയ്യാൻ മറന്നുപോയ ആംബുലൻസിന്റെ ലൈറ്റ് മിന്നി മിന്നി കത്തുന്ന പോലെ, എൻ്റെ ഉള്ളിൽ അവൾ വന്നും പോയും ഇരിക്കുകയായിരുന്നു. ജീവൻ തുടിച്ചു നില്കുന്ന അവളെക്കുറിച്ചല്ലാതെ മറിച്ചു ചിന്തിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. എനിക്ക് അവളെ അങ്ങനെ കാണുകയേ വേണ്ട. ഓലമറയുടെ പിന്നിൽ നിന്നതല്ലാതെ, ഞാനവളുടെ മുന്നിൽ ചെന്നു നിന്നില്ല.

അന്ന്, ക്വാറിയിലെ, പൊട്ടിയടർന്നു വന്നു വീണ ആ കല്ല് അവളുടെ തലയിലേക്കായിരുന്നില്ല, എൻ്റെ നെഞ്ചിലേക്കായിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞു. ലോകം എത്ര മാറി. എൻ്റെ നെഞ്ചിലെ ആ പുഞ്ചിരി മാത്രം മാറിയിട്ടില്ല.

ആ വീടും അനുജത്തിയും ഇന്ന് അവിടെയില്ല. അങ്ങനെയൊരു വീടുണ്ടായിരുന്നതിൻ്റെ അടയാളം പോലുമില്ല.

എന്നിട്ടും…
അവിടെ എത്താറുള്ളപ്പോഴെല്ലാം, ഒരു നിമിഷം ഞാൻ നിന്നുപോകാറുണ്ട്. ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന പുഞ്ചിരിയുമായി അവളും അവിടെ കാത്തു നിൽക്കാറുണ്ട്.

Read Also  നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ
Trending Now