AI illustration by Surya for the Malayalam poem Roti by Sathish Kalathil

റൊട്ടി

തെരുവ് ഏറെക്കുറെ നിശബ്ദമാണ്.
ഏതാനും നാളുകൾക്കു മുൻപ്
ഇവിടം ഇങ്ങനെയല്ലായിരുന്നു.

പൂച്ചട്ടികൾ പുഞ്ചിരിച്ചിരുന്ന മുഖപ്പുകൾ,
തിടുക്കപ്പെട്ട് ഒഴുകിയിരുന്ന മനുഷ്യർ,
പലവ്യഞ്ജനക്കടയിലെയും മറ്റും തിരക്കുകൾ,
കളിച്ചുകൊണ്ടിരുന്ന കുട്ടികൾ,
മിഠായിക്കടയിലെ കലപിലകൾ…

ഈ തെരുവിനൊരു ചന്തമുണ്ടായിരുന്നു.
പുലർക്കാലത്തിനും മദ്ധ്യാഹ്നത്തിനും സന്ധ്യയ്ക്കും
വെവ്വേറെ താളമുണ്ടായിരുന്നു.
ഇന്നിവിടത്തെ ഏതു നേരത്തിനും
ഒരേ താളം, ഒരേ ചന്തം.

എല്ലാ വീടുകൾക്കും കരുവാളിപ്പിന്റെ ഛായ;
ഭിത്തികൾക്ക് നിശബ്ദതയുടെ നിറം;
അടുക്കളകളിൽ വിളമ്പുന്നതിന്
ആശങ്കയുടെയും നൈരാശ്യത്തിന്റെയും
കാത്തിരിപ്പിന്റെയും രുചി.

ഇനിയെന്നു തീരും ഈ യുദ്ധം?

ഒഴിഞ്ഞു കിടക്കുന്ന ഇന്ധന സിലിണ്ടറുകൾ,
ഒട്ടിയ പൈപ്പുകൾ; വറ്റിത്തുടങ്ങിയ വീപ്പകൾ,
കലവറയിലെ കാലിയായികൊണ്ടിരിക്കുന്ന ടിന്നുകൾ,
കാഞ്ഞുകൊണ്ടിരിക്കുന്ന വയറുകൾ…

അല്പം ദൂരെയാണ്, യുദ്ധം; എങ്കിലും,
അവിടെനിന്നും തെറിച്ചെത്തുന്ന
ഒച്ചയുടെ ഭാരമുള്ള ചീളുകൾ ഇവിടത്തെ
ഓരോ നെറുകയെയും പിളർത്തുന്നുണ്ട്;
ഇരവെന്നോ പകലെന്നോ ഇല്ലാതെയെത്തുന്ന,
നീണ്ട വാലുള്ള നക്ഷത്രങ്ങൾ കണ്ണുകളിൽ
വമ്പൻ പ്രകാശഗോളങ്ങളെ കോരിയിടുന്നു.

മട്ടുപ്പാവിൽ നിന്നും തെരുവിലേക്കു നീണ്ടുനിന്നിരുന്ന
കണ്ണുകളെ അവൾ പിൻവലിക്കാൻ തുടങ്ങി.
തെരുവ് എപ്പോഴാണു ചുവക്കുന്നതെന്ന് അറിയില്ല.
അതിനു മുൻപേ, റൊട്ടികൾ ചുട്ടെടുക്കണം.

യുദ്ധം എന്തിനാണെന്ന് അവൾക്കറിയില്ല;
എന്നു തീരുമെന്നും അറിയില്ല;
ഇരുട്ട് വീഴും മുൻപേ റൊട്ടി ചുട്ടുത്തീരണം.

ചുവന്ന കണ്ണുള്ള കറുത്ത കഴുകന്മാരുടെ വരവ്
എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
യുദ്ധം അടുത്തടുത്തു വരികയാണ്…

റൊട്ടി വേഗം ചുട്ടുത്തീർക്കണം.
അവൾ തെരുവിൽ നിന്നും തന്റെ കണ്ണുകളെ
വേഗത്തിൽ പിൻവലിച്ചു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹