AI illustration by Surya for the Malayalam poem Rithukkale Aavahikkunna Kavitha by Sujith Veda

ഋതുക്കളെ ആവാഹിക്കുന്ന കവിത

ബാല്യത്തിന്റെ വെളുത്ത കടലാസിൽ
കാലം ആദ്യമായി
ചുവന്ന കവിത കുറിച്ച നാൾ…

മഴക്കാല മേഘങ്ങൾ പോലെ,
മനസ്സിന്റെയാകാശത്ത് കൂടുകൂട്ടിയ
ചോദ്യങ്ങൾ…

ഉള്ളിൽ
അദൃശ്യമായ ഒരു ഋതുചക്രം;
ജീവസംഗീതത്തിന്റെ ആദ്യ സ്വരം!

ആകാശത്തിന് പതിവ് നീല തന്നെ,
മരങ്ങൾക്ക് പതിവ് പച്ച തന്നെ,
കാറ്റിന് പതിവ് സുഗന്ധം തന്നെ.

ഒരു ചുവന്ന തുള്ളി!

അപരിചിതമായ കാടിന്റെ അതിരിൽ;
അറിയാത്ത വഴികളുടെ
ഇരുണ്ട വളവുകളിലേക്ക് നോക്കി നില്കുന്ന
ഒരു യാത്രക്കാരിയെപോലെ ഞാൻ.

അമ്മയുടെ കണ്ണുകളിൽ
അന്നുവരെ കാണാത്ത ഒരു പുഞ്ചിരി;
നൂറ്റാണ്ടുകളായി
സ്ത്രീകൾ കൈമാറിവരുന്ന
ധൈര്യത്തിന്റെ ദീപമായിരുന്നു അത്.

അന്ന് മുതൽ,
കലണ്ടറിലെ ചില ദിവസങ്ങൾ
എനിക്കു വേണ്ടിയും
ചുവപ്പിൽ വട്ടമിടപ്പെട്ടു.

ഇന്നലെവരെ കളിപ്പാട്ടങ്ങൾ ചിരിച്ചിരുന്ന
കൈകളിൽ
ജീവിതം നിശ്ശബ്ദമായി ഏൽപ്പിച്ച
പുതിയൊരു അദ്ധ്യായമായിരുന്നു അത്.

കാലം എന്റെ നെറുകയിൽ തൊട്ട്
പറഞ്ഞു:
ഇനി മുതൽ നീ ഒരു പെൺകുട്ടിയല്ല;
ഉള്ളിൽ ഋതുക്കളെ ആവാഹിക്കുന്ന
കവിതയാണ്!

Join with us