
വാതിൽപ്പുറചിത്രീകരണം
ചെളിയിൽ കമിഴ്ന്നു വീണ ആകാശം.
എച്ച്എംഐ ലൈറ്റുകൾക്കു ചുറ്റും
ചിറകു പൊഴിയുന്ന ഈയലുകൾ.
ക്യാമറയുടെ കാൽച്ചുവട്ടിൽ
ഇണചേരുന്ന തവളകൾ.
അവയുടെ ചാട്ടത്തിൽ
ചെളി തെറിച്ച്
ഛായാഗ്രാഹകന്റെ ലെൻസിൽ
ഒരു വയൽ മുളയ്ക്കുന്നു.
എന്റെ കീശയിൽ
മടക്കിവെച്ച കവിത.
അതിനുള്ളിൽ
മഴയുടെ നനവ്.
അവൾ വന്നു.
മഞ്ഞയുടുപ്പിന്റെ തുമ്പത്ത്
പാടത്തെ ചെളി.
മുടിയിൽ മുല്ലപ്പൂ.
അതിലൊരു വണ്ട്
മഴയറിയാതെ ഉറങ്ങുന്നു.
കണ്ണാടിയിൽ മുഖം നോക്കുമ്പോൾ
അവളുടെ പിന്നിൽ
എന്റെ പഴയ അടുക്കള.
പുകയ്ക്കുള്ളിൽ
ഉമ്മാടെ നിറഞ്ഞ കണ്ണുകൾ.
റോൾ ക്യാമറ!
അവൾ കരഞ്ഞു.
കണ്ണുനീർ വീണിടത്ത്
ഒരു പരൽമീൻ
ചെകിള തുറക്കുന്നു.
കട്ട്!
വെളിച്ചം കെടുത്തിയപ്പോൾ
അവളുടെ നിഴൽ
ചെളിയിലേക്ക് മടങ്ങി.
ക്യാമറയുടെ കണ്ണിൽ
ഒരു തുള്ളി മഴ ബാക്കിനിന്നു.
രാത്രി.
വാടകമുറിയുടെ ചുമരിൽ
മഴയുടെ പൂപ്പൽ.
കീറിപ്പോയ കുപ്പായത്തിൽ
വവ്വാലിന്റെ ചൂട്.
കാലിപ്പാത്രത്തിൽ
ഒരു മുല്ലവള്ളി മുളയ്ക്കുന്നു.
ഇലപ്പച്ചയ്ക്കുള്ളിൽ
അവളുടെ വെളുത്ത ചിരി.
കിണറ്റിലെ വെള്ളത്തിൽ
അവളുടെ മുഖം.
നിലാവിന്റെ കവിളിൽ
ഒരു കല്ല് വീഴുന്നു.
ഇരുട്ടിൽ
അവളുടെ കാലൊച്ച.
കട്ട്!
എന്റെ മുറിയിൽ
ഒരു പെൺകുട്ടി വളരുന്നു;
ചുമരിലെ ഈർപ്പത്തിൽ,
കവിതയുടെ പൂപ്പലിൽ,
ഏകാന്തതയിൽ
കടിച്ചുതുപ്പുന്ന നഖങ്ങളിൽ.
പുലർച്ചെ
വാതിൽപ്പടിയിൽ
ചെളി ഉണങ്ങുന്നു.
രണ്ടു കാലടികൾ.
ഒന്നിൽ
മഞ്ഞയുടുപ്പിന്റെ
അറ്റം നനഞ്ഞുകിടക്കുന്നു.
മറ്റേതിൽ
ക്യാമറക്കാലിന്റെ
ആഴത്തിലുള്ള കുഴി.
ഞാൻ വാതിൽ തുറക്കുന്നു.
പുറത്ത് ആരുമില്ല.
ചുമരിലെ ഈർപ്പത്തിൽ
ഒരു ലെൻസ് മിഴി തുറക്കുന്നു.
അതിന്റെ കറുത്ത കൃഷ്ണമണിയിൽ
ഞാൻ.
എന്റെ പിന്നിൽ
അവൾ.
റോൾ ക്യാമറ!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സഫീദ് ഇസ്മായിൽ: ആലപ്പുഴ സ്വദേശി. കൊച്ചി ഇൻഫോപാർക്കിൽ ഷെഫ്. ’85മുതൽ കവിതകൾ എഴുതാൻ തുടങ്ങി. മുപ്പത് വർഷത്തോളം എഴുത്തിൽനിന്നും വിട്ടുനിന്ന സഫീദ്, ഇപ്പോൾ സാഹിത്യമേഖലയിൽ സജീവമാണ്. പിതാവ്: ഇസ്മായിൽ കുട്ടി. മാതാവ്: തങ്കമ്മ. മകനായി ആലപ്പുഴയിൽ ജനനം. ഭാര്യ: ഫൗസിയ ബീഗം. മക്കൾ: ഫർഹാദ് ഇസ്മായിൽ, ഫാത്തിമ ആദിൽ.






