എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

സാറാ ജോസഫ്: ‘സാംസ്കാരിക നായിക’ എന്ന വിളി ഒരു പൊല്ലാപ്പ്;
താൻ ഒന്നിന്റെയും നായികയല്ല;
ആ വിളിയിൽ നിന്നും തന്നെ ഒഴിവാക്കണം.

ദോഷൈകദൃക്ക്:

അല്ലേലും അതങ്ങനല്ല്യോ…
പട്ടം കിട്ടുവോളം നാരായണ നാരായണാ…
പള്ള നിറഞ്ഞാൽ ഓക്കാനമേ ഓക്കാനം..!
Oru Nava Smaskarika Patanam-Sarah Joseph-Vocal Circus-AI Caricature-Doshaikadrikku

പിൻകുറിപ്പ് :

‘സാംസ്കാരിക നായിക’ എന്ന പരിവേഷം ഒരു ‘പൊല്ലാപ്പ്’ ആണെന്നും ഇന്ന് ആ വിളി ഒരു തെറിയായിട്ടാണ് ഉപയോഗിക്കപ്പെടുന്നതെന്നും എഴുത്തുകാരി സാറാ ജോസഫ്.

‘സാംസ്കാരിക നായിക’ എന്ന വിളി തൻ്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതാണെന്നും അതു താൻ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത കാര്യമാണെന്നും ചൂണ്ടിക്കാട്ടിയ അവർ, ‘സാംസ്കാരിക നായിക’ എന്ന ആ പൊല്ലാപ്പിൽ നിന്നും അവരെ ഒഴിവാക്കണമെന്നും തന്റെ ഫേസ് ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

ചുരുങ്ങിയപക്ഷം, മാധ്യമസുഹൃത്തുക്കളെങ്കിലും അങ്ങനെ ഒരു ‘തെറിവാക്ക്’ വിളിയ്ക്കരുതെന്ന് എന്നാണ് അവർ അഭ്യർത്ഥിച്ചത്. താൻ ഒന്നിന്റെയും നായികയല്ല എന്നും ഒരു എഴുത്തുകാരി മാത്രമാണെന്നും ചൂണ്ടിക്കാട്ടിയ അവർ, ഏതൊരു സമൂഹജീവിയെയും പോലെ തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും ‘കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ’ കൊണ്ടുവരുന്ന പ്രസ്താവനകളിൽ, തനിക്ക്  ബോധ്യപ്പെടുന്നതും ഐക്യപ്പെടാൻ കഴിയുന്നതുമായ വിഷയങ്ങളിൽ ഒപ്പിടാറുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ, സാറാ ജോസഫിന്റെ ഈ പോസ്റ്റിനെതിരെ ധാരാളം വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഇക്കാലമത്രയും മാധ്യമങ്ങളും പൊതുസമൂഹവും ചാർത്തിക്കൊടുത്ത ‘സാംസ്കാരിക നായിക’ എന്ന പദവിയുടെ മഹിമയും ഗരിമയും ആവോളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിട്ട് ഇപ്പോൾ അതിൽ മടുപ്പ് തോന്നുന്നതും ആ വിളി അധികഭാരമായി തോന്നുന്നതും പ്രായമേറുമ്പോൾ ചിലരിൽ കണ്ടുവരുന്ന ഒരു അസ്വാഭാവിക അസുഖത്തിന്റെ ലക്ഷണമാണെന്നും ചിലർ പറയുന്നു.

നിലവിൽ, കേരളത്തിലെ കഴിഞ്ഞ ആറുമാസകാലയളവിൽ, മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ‘സാംസ്കാരിക നായിക’ എന്ന അഭിസംബോധന ഒരു തെറിവിളിയായി അവർക്ക് അനുഭവപ്പെടുന്നത്, അവരുടെ ‘നെഹ്‌റൂവിയൻ ഇടതുപക്ഷ’ കാഴ്ചപ്പാട് മൂലം സംഭവിച്ച ‘ഇരട്ടത്താപ്പിന്റെ അസുഖം’ ആയിട്ടും വലിയൊരു വിഭാഗം ജനങ്ങൾ വിലയിരുത്തുന്നു.

തന്റെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുയോജ്യമായ വിഷയങ്ങളിൽ, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളോടുള്ള ഇടപെടലുകളാണ് സാറാ ജോസഫ് പൊതുവെ നടത്തി വന്നിട്ടുള്ളതെന്നും അപ്പോൾ മാത്രമാണ് അവരുടെ സാമൂഹിക പ്രതിബദ്ധതയും പ്രതിഷേധവുമെല്ലാം പുറത്തു വരുന്നതെന്നുമാണ് ഇക്കാര്യത്തിൽ പൊതുവെയുള്ള വിലയിരുത്തൽ.

തന്റെ ക്ഷിപ്രകോപിയായ പരിചാരകൻ തന്നെ ദേഷ്യം വരുമ്പോൾ വിളിച്ചിരുന്നത്, ‘സാംസ്കാരിക നായകാ…’ എന്നായിരുന്നെന്ന് ഡോ. സുകുമാർ അഴീക്കോട് പറഞ്ഞതും ചിലർ പങ്കുവെച്ചു.

“സംസ്കാരം എവിടെ കിടക്കുന്നു? ഞാനെവിടെ കിടക്കുന്നു? എന്നെ സാംസ്കാരിക നായകൻ എന്നു വിളിക്കുന്നവന്റെ ഗതിക്കേട് എവിടെ കിടക്കുന്നു? ആലോചിച്ചു നോക്കൂ…” എന്ന്, മലയാളത്തിലെ പ്രശസ്ത നാടകകൃത്തും നോവലിസ്റ്റും ഗാനരചയിതാവുമായിരുന്ന തിക്കോടിയൻ പണ്ടൊരു പ്രസംഗമദ്ധ്യേ ചോദിച്ചതും ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമാറിയിരിക്കുകയാണ്.

“നാടകമുണ്ടാക്കലല്ല, സിനിമയുണ്ടാക്കലല്ല, സിനിമ കളിക്കലല്ല, നാടകം കളിക്കലല്ല, നോവലെഴുതുന്നതല്ല; ഇതൊന്നുമല്ല സംസ്കാരം. സംസ്കാരം വേറെവിടെയോ കിടക്കുന്നു.” എന്നു പറഞ്ഞ തിക്കോടിയൻ, വിവേകംകൊണ്ട് തന്നിലുള്ള വികാരത്തെ കീഴടക്കാനും രോക്ഷത്തെ കീഴടക്കാനും ശത്രുതയെ കീഴടക്കാനും ഉള്ള സാധ്യത മനുഷ്യനുണ്ടായിക്കഴിഞ്ഞപ്പോഴാണ് നമ്മൾ സംസ്കാരം എന്ന വാക്ക് അറിയാനും പഠിക്കാനും തുടങ്ങിയതെന്നും ആ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം, എഴുത്തുകാരായ സച്ചിദാനന്ദൻ, എം. എൻ. കാരശ്ശേരി, സാഹിത്യ അക്കാദമി പ്രസിഡണ്ട് കൽപറ്റ നാരായണൻ തുടങ്ങിയവർ സാറാ ജോസഫിനെ അനുകൂലിച്ചുകൊണ്ട് എത്തുകയുണ്ടായി.

സംസ്‌കാരത്തിന് നായകന്മാരും നായികമാരും ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഒരു ജനതയും ഒരാൾക്കും സാംസ്‌കാരിക നായകത്വം കൊടുക്കുന്നില്ലെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. എഴുതുന്ന ആളുകളെയും പൊതുപ്രഭാഷണങ്ങൾ നടത്തുന്നവരെയും ‘സാംസ്‌കാരിക നായകർ’ എന്നുവിളിക്കാവുന്ന ഒരവസ്ഥ നിർഭാഗ്യവശാൽ കേരളത്തിലുണ്ടെന്നും ആരെ വേണമെങ്കിലും അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒരവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്നും സച്ചിദാനന്ദൻ പറഞ്ഞു. സാംസ്‌കാരിക നായകരാണ് കേരളത്തിൽ സംഭവിക്കുന്ന എല്ലാ രാഷ്ട്രീയവും സാമൂഹികവുമായ കുഴപ്പങ്ങൾക്കൊക്കെ കാരണം എന്ന് വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും തുടങ്ങുകയും ഏതെങ്കിലും ഒരു വിഷയത്തിൽ ഉടൻ പ്രതികരിച്ചില്ലെങ്കിൽ അത് സാംസ്‌കാരികനായകരുടെ വലിയ ദൗർബല്യമായോ കുറ്റമായോ കാണുകയും ചെയ്യുന്നു.

Read Also  പിൻവാതിൽ നിയമനം/വീണ എസ് നായർ/വീണാ ജോർജ്/ആശാ വർക്കേഴ്സ് സ്ട്രൈക്ക്/വോക്കൽ സർക്കസ്

എല്ലാ രാഷ്ട്രീയവിഷയങ്ങളിലും പ്രതികരിക്കുക എന്നത് ഈ പറഞ്ഞ സാംസ്‌കാരികനായകരുടെ ചുമതലയല്ലെന്നും മുഴുവൻ സമയവും എഴുത്തിനായി ചെലവഴിക്കുന്ന ആളുകളുടെ പ്രതികരണം സമയാസമയം വന്നിരിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടെന്നും പറഞ്ഞ സച്ചിദാനന്ദൻ എപ്പോഴും ശകാരിക്കപ്പെടാനുള്ള കുറേ ആളുകളാണ് സാംസ്‌കാരിക നായകർ എന്നുകരുതുകയും അങ്ങനെ വിളിക്കുന്നതുതന്നെ ഒരു ശകാരപദമായി മാറുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടെന്നും അതിനെതിരേയാണ് സാറ ടീച്ചർ പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടി.

ഒരു സ്വാഭാവികമായ, സാധാരണ നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സമൂഹമല്ല കേരളത്തിലുള്ളതെന്നു പറഞ്ഞ സച്ചിദാനന്ദൻ, കേരളത്തിൽ എന്തുകൊണ്ടാണ് ഇത്രധികം കാർട്ടൂണിസ്റ്റുകൾ ഉണ്ടായത് എന്ന് തനിക്ക് വളരെ വേഗത്തിൽ മനസ്സിലാവുന്നുവെന്നും കൂട്ടിച്ചേർത്തു.

‘ഉറങ്ങുന്നതും ഒരു അഭിപ്രായമാണ്’ എന്ന ബഷീറിന്റെ ഒരു സരസ ദർശനംകൊണ്ടാണ്, സാറാ ജോസഫിനെതിരെയുള്ള വിമർശനങ്ങളിൽ എം.എൻ കാരശ്ശേരി പ്രതിരോധം തീർത്തത്. പ്രതികരിക്കുക എന്നത് ഒരു ബാധ്യതയല്ലെന്നും മുഖ്യമന്ത്രിയുടെയോ വിസിയുടെയോ ഗവർണറുടെയോ നിലപാടുകളോട് എനിക്ക് യോജിപ്പില്ലെങ്കിൽ ഞാൻ പ്രതികരിക്കുമെന്നും പറഞ്ഞ കാരശ്ശേരി ഏതു കാര്യത്തിലായാലും, പ്രതികരിക്കാൻ തക്കവണ്ണം അവനവന്റെ ഉള്ളിൽ നിന്നും ഒരു പ്രഷർ അനുഭവപ്പെടണമെന്നും ചൂണ്ടിക്കാട്ടി.

“ഈ വിഷയത്തിൽ ശക്തമായ നിലപാട് പുലർത്തിയ ആളായിരുന്നു എം.ടി. എല്ലാക്കാര്യത്തെപ്പറ്റിയും പ്രതികരിക്കാൻ തനിക്ക് ബാധ്യതയില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പല പ്രസ്താവനകളും കൊണ്ടുപോയിട്ട് ഒപ്പിടാതെ മടക്കി അയച്ച പരാതികൾ അദ്ദേഹത്തെപ്പറ്റിയുണ്ട്. ഇത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഒരു കാര്യത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല എന്നതും ഒരു അഭിപ്രായമല്ലേ?” എന്നും കാരശ്ശേരി ചോദിക്കുന്നു.

“എഴുത്തുകാർ നിഷ്പക്ഷരാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. പക്ഷേ, എല്ലാ കാര്യങ്ങളിലും പ്രതികരിക്കാൻ അവർ ബാധ്യസ്ഥരുമല്ല. അവർ പറയണം എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ പറയുന്നത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ കൂടി ആവിഷ്‌കാരം ആണ്. എനിക്ക് പറയാതിരിക്കാം. അത് എന്റെ രാഷ്ട്രീയം പറയുന്നതുകൊണ്ടാവാം, രാഷ്ട്രീയം നിയന്ത്രിക്കുന്നതുകൊണ്ടാവാം, അല്ലാതാകാം. ഞാൻ ഒരു സാംസ്‌കാരികപ്രവർത്തകനായി എന്നതുകൊണ്ട് എല്ലാറ്റിനെക്കുറിച്ചും പറയാൻ എനിക്ക് ബാധ്യതയില്ല.” എന്നാണ് ഇക്കാര്യത്തിൽ കല്പറ്റ നാരായണൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

Join with us