അവനവൾ, അവളവൻ

‘ഇനി കുട്ടികൾ സംസാരിക്കട്ടെ,

നമുക്ക് ഇവിടത്തെ ചുറ്റുപാടൊക്കെയൊന്ന് കാണാം’ എന്ന് പറഞ്ഞ് കാരണവന്മാർ മൂന്നു സെൻറ്റിലെ രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വാടകവീട്ടിൽ നിന്നും മുന്നിലെ ഇടവഴിയിലേക്കിറങ്ങി. അമ്മമാർ അടുക്കളയിലേക്കും മറ്റുള്ളവർ മറ്റെവിടേക്കുമോ മാറി.

എന്തിനെയോ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം വീണ്ടെടുക്കാനായി മേശയിൽ ചാരിനിന്ന് അവൾ അതിന്മേലിരുന്ന ലാപ്ടോപ് എടുത്ത് മാറത്ത് ചേർത്ത് പിടിച്ചു.

ഇരിക്കാനുള്ള അവന്റെ ക്ഷണം സ്വീകരിച്ചെങ്കിലും കസേരയിലിരിക്കാതെ മേശപ്പുറത്തേക്ക് അല്പം കയറി ഇരുന്നതേയുള്ളു.

കാര്യമാത്ര പ്രസക്തരായ ഐ ടി പ്രൊഫഷണലുകൾ ആകയാൽ ഒരു ചോദ്യവും നൊടിയിടയിലെ ഉത്തരവും എന്ന പരസ്പര പരീക്ഷാരീതിയിലേക്ക് സമരസപ്പെടാൻ അവർക്ക് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.

ചൂണ്ടുവിരലിന്റെ നീളക്കൂടുതൽ എന്ന ആനുകൂല്യത്തിൽ, ആദ്യ ഊഴം കിട്ടിയ അവൻ എങ്ങോട്ടെന്നില്ലാതെ അല്പനേരം നോക്കിയിരുന്നിട്ട് ചോദിച്ചു,
“ആരാണെന്ന് ചോദിച്ചാൽ എന്താണ് ഉത്തരം?”

ചോദ്യം തീരുന്നതിന് കാക്കാതെ അവൾ ഉത്തരം പറഞ്ഞു,
“ചൂളം വിളിക്കുന്ന പെൺകുട്ടി.”

മനസ്സിലേക്ക് പാഞ്ഞ് വന്ന തീവണ്ടി അവന്റെ കണ്ണുകളിൽ കൊളുത്തിയ ആശ്ചര്യത്തിന്റെ തിളക്കം കെടുന്നതിന് മുൻപേ അവൾ ചോദിച്ചു,
“ആന്റ് യൂ?”

ചോദ്യചിഹ്നം താഴത്തെ കുത്തിലെത്തി പൂർണ്ണവിരാമം പ്രാപിക്കുന്നതിന് മുൻപേ അവൻ പറഞ്ഞു, “പൊന്നുരുക്കുന്നേടത്തെ പൂച്ചത്വം ആസ്വദിക്കുന്ന ഒരാൾ.”

പൊരുത്തങ്ങളുടെ സർവ്വബന്ധിയായ ആശ്ലേഷം.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹