
ആ കശുമാവ് വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്?
കോവിഡ് മഹാമാരി കാലത്താണ്
ധർമ്മൻ കുഞ്ഞച്ഛനും പ്രസാദമ്മാവനും
അയൽവീട്ടിലെ കൃഷ്ണൻ ചേട്ടനും
സുഹൃത്ത് വിപിൻ ചന്ദുമെല്ലാം
ഈ ലോകം വിട്ട് പോയത്.
അവർ മാത്രമായിരുന്നില്ല,
എസ്.പി. ബാലസുബ്രഹ്മണ്യവും
അർജ്ജുനൻ മാസ്റ്ററുമടക്കം
പ്രിയങ്കരരായ ഒരുപാടു പേരും
യാത്ര പറഞ്ഞു.
ഓരോ മരണവാർത്തയെത്തുമ്പോഴും
ഞാനേറെ സങ്കടപ്പെട്ടിരുന്നു.
എന്നാലെന്തോ ഞാനപ്പോൾ
ഒട്ടുമേ കരഞ്ഞതായി ഓർക്കുന്നില്ല.
അങ്ങനെയാ കോവിഡ് കാലത്ത്
ഒരു നാൾ,
പതിവ് കാറ്റും മഴയുമുള്ള
വൈകുന്നേരം,
വലിയൊരു ശബ്ദത്തോടെ,
തീർത്തും അപ്രതീക്ഷിതമായി
ഞങ്ങളുടെ കശുമാവ് നിലം പൊത്തി.
ഉമ്മറത്തിരിക്കുകയായിരുന്ന
ഞാനും ഭാര്യയും മകനും
ഒരുപോലെ ആ ശബ്ദം കേട്ടോടിയെത്തി.
പ്രായമേറെയായിട്ടും മുടങ്ങാതെ
കായ്ഫലം നൽകിക്കൊണ്ടിരുന്ന
കശുമാവ് വീണതിൽ
ഭാര്യക്കും മകനും
നല്ല സങ്കടമുള്ളതായി തോന്നി.
എന്നാലിരുവരും കരഞ്ഞൊന്നുമില്ല.
പക്ഷെ, ഞാനെന്തോ നൊന്തുകരഞ്ഞു.
സാദാ കരച്ചിലൊന്നുമായിരുന്നില്ലയത്.
പൊട്ടിപ്പൊട്ടി, ഏങ്ങലടിച്ചുള്ള
വല്ലാത്തൊരു കരച്ചിൽ
– മഹാരോദനം കണക്കെ.
പെറുക്കിയെടുക്കാത്ത കശുവണ്ടി,
കരിയിലകൾക്കിടയിൽ
മുളപൊട്ടി നിൽക്കുന്നത്
ചന്തമുള്ളൊരു കാഴ്ച്ചയാണ്.
പലകുറി ആ ഫോട്ടോ
എഫ്.ബി പോസ്റ്റായിട്ട്
സായൂജ്യമടഞ്ഞിട്ടുണ്ട് ഞാൻ.
പച്ചമുള പൊട്ടിച്ചെടുത്ത്
കിളുന്തായി തിന്നുന്നതിലായിരുന്നു
ഭാര്യക്ക് താൽപ്പര്യം.
മെഴുക്ക് പുരട്ടിയും
വറുത്തരച്ച തീയലുമൊക്കെയാക്കി
പരിവർത്തിപ്പിക്കുന്നതായിരുന്നു,
എനിക്കേറെയിഷ്ടം.
അതെല്ലാം പൊടുന്നനെ നഷ്ടമായത്
ഓർത്തിട്ടാകാം ഞാൻ കരഞ്ഞതെന്ന്
ഭാര്യയും മോനും നിശ്ചയിച്ചുറപ്പിച്ചു.
അല്ലേലും നിസ്സാര കാര്യങ്ങൾക്കായി
മോങ്ങി നാറ്റിക്കുന്നത്
പണ്ടേയെന്റെയൊരു
അനുഷ്ഠാനമാണല്ലോ?
നശിച്ചയീ ലോകത്തിനിത്രമാത്രം
നിർമ്മല ഹൃദയരെ വേണ്ടതില്ലെന്ന്
പറഞ്ഞെന്നെ പരിഹസിക്കുക
ഭാര്യയുടെ പതിവാണ്.
എന്താണെന്നറിയില്ല,
കശുമാവ് വിഷയത്തിലാളെന്നെ
കുറ്റപ്പെടുത്താൻ തുനിഞ്ഞതേയില്ല.
ഒന്നും മിണ്ടിയില്ലേലും
എന്നോടെന്തോ ഐക്യദാർഢ്യം
പ്രകടിപ്പിക്കും പോലെ തോന്നി.
കുഞ്ഞുകുട്ടിയായിരുന്നപ്പോൾ
ഇതേ കശുമാവിന്റെ ചോട്ടിൽ
പച്ചക്കശുവണ്ടി തല്ലിപ്പൊട്ടിക്കും
വേളയിൽ കണ്ണിൽ കറ പോയി
കരഞ്ഞതോർത്തു പോയി ഞാൻ.
ഭാര്യയും മകനും അകത്തോട്ട് പോയിട്ടും,
പഴതെല്ലാമോർത്ത് പിന്നെയുമൽപ്പനേരം
ഞാനവിടെ ചുറ്റിപ്പറ്റി നിന്നു.
എന്നാണ് ഞാനീ മരത്തെ
ആദ്യമായി കണ്ടത്?
മുത്തച്ഛനോ അതോ മുത്തശ്ശിയോ;
ആരാണിതിനെ
ആദ്യമായി കാണിച്ച് തന്നത്?.
അതോ, മറ്റു പലതിനേയുംപോലെ,
ഞാൻ സ്വയം അന്വേഷിച്ച്
കണ്ടെത്തിയതോ..?
പണ്ടൊരിക്കൽ
കാടുപിടിച്ച് കിടന്ന പറമ്പിലെ
മരോട്ടി മരം കാണിച്ച്
മുത്തശ്ശിയമ്മ വാചാലയായത് ഓർക്കുന്നു.
കേശവൻ വൈദ്യരുടെ ചന്ദ്രികാ സോപ്പിൽ
മരോട്ടിയെണ്ണയുണ്ട്.
മുത്തശ്ശനും വൈദ്യരും കൂട്ടുകാരായിരുന്നു.
അന്നും തൊട്ടപ്പുറത്ത് ഇതേ കശുമാവ്
ഉണ്ടായിരുന്നിരിക്കണം.
എന്നിട്ടുമെന്തേ മുത്തശ്ശിയമ്മ
അതിനെ കാണിച്ച് തരാഞ്ഞത്?
മുത്തശ്ശിക്ക് കശുമാവിനെ
വെറുപ്പായിരുന്നുവോ?
മുത്തച്ഛനാണ് ആദ്യം പോയത്;
വർഷങ്ങൾക്കിപ്പുറം മുത്തശ്ശിയും.
പിന്നീടമ്മ പോയി.
വൈകാതെ അച്ഛനും.
കൂട്ടിനാരുമില്ലാത്ത;
വല്ലാത്തൊരവസ്ഥ.
പതിവ് തെറ്റിക്കാതെ,
ഞങ്ങളുടെ കശുമാവ്
അപ്പോഴും പൂത്ത് കൊണ്ടിരുന്നു.
അതിന്റെ ചോട്ടിലെത്തി,
ആരും കാണാതെ കശുവണ്ടി
പെറുക്കി ട്രൗസറിന്റെ
പോക്കറ്റിലിട്ടിരുന്നത്
‘പുഷ്പ്പ’ യിലെ നൂൺഷോ
കാണാനായിരുന്നു.
കശുമാങ്ങനീര് പിഴിഞ്ഞ്
വാഷുണ്ടാക്കി വാറ്റിയാൽ
ഗോവൻ ഫെനി ലഭിക്കുമെന്ന്
പലവുരു പറഞ്ഞ കൂട്ടുകാരേറെ.
എന്നെങ്കിലുമൊരിക്കൽ
കശുവണ്ടി വിറ്റ പണം കൊണ്ട്
മള്‍ട്ടിപ്ലക്‌സിൽ പോയിയൊരു
സിനിമ കാണണമെന്ന്
വല്ലാതെ മോഹിച്ചതാണ്.
ഞാനെന്തിനാണ് യഥാർത്ഥത്തിൽ
കരഞ്ഞത്?
നടക്കാൻ യാതൊരു
സാധ്യതയുമില്ലാതിരുന്ന
കള്ളവാറ്റിനെ കുറിച്ചോർത്താ-
യിരിക്കില്ല, തീർച്ച.
കശുവണ്ടിപ്പണം കൊണ്ട്
സിനിമ കാണാനാകാത്തതിന്റെ
സങ്കടം തന്നെയാകണം.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹
രാജമോഹൻ രാജൻ: മുതിർന്ന മാധ്യമപ്രവർത്തകൻ. മാധ്യമം ദിനപത്രത്തിൻറെ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ ബ്യൂറോ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള രാജമോഹൻ, എറണാകുളം, തൃശൂർ എന്നിടങ്ങളിൽ പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. വി.ആർ. രാജമോഹൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതുന്ന രാജമോഹന്, ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ, എസ്.പി. ബാലസുബ്രഹ്മണ്യത്തിൻറെ പേരിലുള്ള ‘കലാനിധി മാധ്യമ ശ്രേഷ്ഠ’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറായ വി. സിനിയാണ് ഭാര്യ. മകൻ: ഗൗതമൻ രാജൻ, ബാംഗ്ളൂരിൽ ആർക്കിടെക്റ്റർ. എറണാകുളത്തെ പെരുമ്പാവൂരിൽ താമസിക്കുന്നു.







