
വിഷ്ണു നാരായണൻ നമ്പൂതിരി; അന്തരംഗത്തിൽ ആശയത്തിന്റെ ബഡവാഗ്നി സൂക്ഷിച്ച കവി
പത്തനംതിട്ട: എത്ര പറഞ്ഞാലും വിശകലനം ചെയ്താലും തീരാത്തത്ര, എത്ര ഇഴവിടർത്തി കാണിച്ചാലും പിന്നെയും ബാക്കി നിൽക്കുന്ന, അന്തരംഗത്തിൽ ആശയത്തിന്റെ ബഡവാഗ്നി സൂക്ഷിച്ചിരുന്ന കവിയായിരുന്നു പദ്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയെന്ന് കവി പദ്മദാസ്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംവിധായകൻ ബ്ലെസി ചെയര്‍മാനായ കാഴ്ച ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏട് അഞ്ച് ‘ശ്രീവല്ലി’ സെമിനാറിൽ സമാപനഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയിലെ വാസം വിഷ്ണു നാരായണൻ നമ്പൂതിരിക്ക് അത്രമാത്രം അമൂല്യമായിരുന്നുവെന്ന് ഓർമ്മിച്ച പദ്മദാസ്, അദ്ദേഹത്തിന്റെ ഹിമാലയൻ യാത്രയോടുള്ള ഒടുങ്ങാത്ത പ്രതിപത്തി സ്മരിക്കുകയും കവിതകളുടെ അവലോകനം നിർവ്വഹിക്കുകയും ചെയ്തു.
ഇനിയൊരു ജന്മമുണ്ടെങ്കിൽ കവിയാകണോ, അധ്യാപകനാകണോ, മേൽശാന്തിയാകണോ, ഗൃഹസ്ഥനാകണോ എന്ന തന്റെ ചോദ്യത്തിന് അധ്യാപകനാകണം എന്നായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സംശയലേശമന്യേയുള്ള മറുപടി. ജി. കുമാരപിള്ളയെ ആരാധ്യപുരുഷനായി കണ്ടിരുന്ന വിഷ്ണു നാരായണൻ നമ്പൂതിരിയാണ് തന്റെ കവിതാ എഴുത്തിലും ജീവിതത്തിലും വഴികാട്ടി. ഒന്നര പതിറ്റാണ്ടോളം കാലത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും തന്നെ ഒരു സമസ്കന്ദനായാണ് അദ്ദേഹം കണക്കാക്കിയിരുന്നതെന്നും പദ്മദാസ് അനുസ്മരിച്ചു.
മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമ്മം കൊണ്ടും വിശുദ്ധമായ ഒന്നാണ് കവിതയെഴുത്തെന്നും കവിതയെക്കുറിച്ച് അത്രയും വിശുദ്ധമായ സങ്കല്പങ്ങളുള്ള, മലയാളകവിതയെ അത്യുന്നതങ്ങളിലേക്ക് എത്തിച്ച അപൂർവ്വം പേരിലൊരാളാണ് വിഷ്ണു നാരായണൻ നമ്പൂതിരിയെന്നു പറഞ്ഞ പദ്മദാസ്, അദ്ദേഹത്തെപോലെയുള്ള മഹത്തുക്കളെ കുറിച്ചുള്ള പഠനങ്ങൾ ഇനിയും ധാരാളം നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

തിരുവല്ലയുടെയും സമീപപ്രദേശങ്ങളുടെയും സാഹിത്യ- സാമൂഹിക- സാംസ്കാരിക ചരിത്രരൂപീകരണങ്ങളെ അടയാളപ്പെടുത്തുന്നതിനുവേണ്ടി, കാഴ്ച ട്രസ്റ്റ് നടത്തി വരുന്ന ‘ഒരു ദേശത്തിന്റെ കഥ തേടി’ എന്ന അന്വേഷണാത്മക പരമ്പരയുടെ ഭാഗമായി ഒക്ടോബർ 31നാണ് ഏട് അഞ്ച് ‘ശ്രീവല്ലി സാഹിത്യ സെമിനാർ’ സംഘടിപ്പിക്കപ്പെട്ടത്.
കവി പ്രഭാവർമ്മ സെമിനാർ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി അഡ്വൈസറി ബോര്‍ഡ് കണ്‍വീനര്‍ കെ. പി. രാമനുണ്ണി പ്രാരംഭചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി വരുണ്‍ ഗുലാത്തി ആമുഖപ്രഭാഷണവും പ്രശസ്ത കന്നഡ എഴുത്തുകാരന് ജയന്ത് കൈകിനി മുഖ്യപ്രഭാഷണവും നടത്തി. വർഗീസ് മാമൻ എംഎൽഎ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ബ്ലെസി, കാഴ്ചയുടെ സംഘടനാതല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
‘വിഷ്ണു നാരായണൻ നമ്പൂതിരിയും മലയാള കവിതയും’ എന്ന വിഷയത്തിൽ കവി കെ. രാജഗോപാൽ പ്രബന്ധം അവതരിപ്പിച്ചു. സാഹിത്യ അക്കാദമി മലയാള വിഭാഗം ഉപദേശക സമിതി അംഗം ടി. കെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ‘കവിത, ആത്മീയത, ദേശീയത’ എന്ന വിഷയത്തിൽ കവയിത്രി പി. സുഷമ ബിന്ദു പ്രബന്ധം അവതരിപ്പിച്ചു. കവയിത്രി ആർ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
കാഴ്ച കൺവീനർമാരായ സാജൻ വർഗീസ്, ജൂബി എം സണ്ണി തുടങ്ങിയവർ സംസാരിച്ചു. തിരുവല്ലയിലെ ബിലീവേഴ്സ് ഹോസ്പിറ്റലിലെ ആംഫി തിയറ്ററാണ് ചടങ്ങിന് ആതിഥ്യമരുളിയത്.







