
തലയില്ലാ തച്ചൻ- ആറാം ഭാഗം
‘സ്വന്തം അഹന്തയാകുന്ന ശിരസ്സിനെ ഛേദിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് ജ്ഞാനത്തിന്റെ സൂര്യനെ ദർശിക്കാൻ കഴിയൂ’ എന്ന ഫിലോസഫിക്കലായ ഒരു വേർഷനുണ്ട്. അതാണ് നമ്മൾ എടുക്കേണ്ടത്. പിന്നെ, സ്വന്തമെന്ന് കരുതുന്നവർക്കു വേണ്ടി സ്വന്തം രക്തം ചിന്തുന്നതിലെ ത്യാഗാത്മകമായ ജീവിത വീക്ഷണവും ഈ സിംബലിലൂടെ കാണാൻ കഴിയും.
“നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല. ഈ ക്ഷേത്രം അത്ര നിഗൂഢമായ ഒന്നല്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ഝാർഖണ്ഡിലെ രാജ്‌രപ്പ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടാവില്ല.”
ആര്യയും സെലിനും ആകാംക്ഷയോടെ ഇരിക്കുന്നത് കണ്ടപ്പോൾ ഡോക്ടർ ഐസക്കിന് നേരിയൊരു കൗതുകം തോന്നി. അദ്ദേഹം തുടർന്നു:
“രാജ്‌രപ്പ മാത്രമല്ല, ഛിന്നമസ്തയെ ആരാധിക്കുന്ന വേറെയും ഇടങ്ങളുണ്ട്. ഉത്തരേന്ത്യയിലാണ് കൂടുതൽ പ്രാധാന്യം; അസം, പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ. ദക്ഷിണേന്ത്യയിൽ ഇതത്ര സജീവമല്ല.”
ഡോക്ടർ പറഞ്ഞു നിർത്തിയതും സെലിൻ പെട്ടെന്ന് ഇടപെട്ടു. “പക്ഷേ ഡോക്ടർ, അതെല്ലാം ഒരു സ്ത്രീദൈവത്തിന്റെ ക്ഷേത്രങ്ങളല്ലേ? ആര്യ കാണുന്നത് തലയില്ലാത്ത ഒരു പുരുഷന്റെ പ്രതിമയാണ്. അങ്ങനെ വരുമ്പോൾ… ഇവ തമ്മിൽ എന്ത് ബന്ധമാണുള്ളത്?”
“ബന്ധമില്ലെന്നു തന്നെയാണല്ലോ ഞാനും പറഞ്ഞത്.” ഡോക്ടർ ചെറുചിരിയോടെ പറഞ്ഞു. “ആര്യ ചോദിച്ചതുകൊണ്ടാണ് വിശദീകരിച്ചത്.”
“സോറി ഡോക്ടർ… ഞാനത് മറന്നു.” സെലിൻ ക്ഷമാപണം ചെയ്തു.
“ഇറ്റ്‌സ് ഓക്കെ. ഗൗരവമുള്ള ചർച്ചകളിൽ ഉത്കണ്ഠ കൂടുന്നത് സ്വാഭാവികമാണ്.” സെലിനിൽ നിന്നും മുഖം തിരിച്ച് ആര്യയെ നോക്കി ഡോക്ടർ തുടർന്നു: “സെലിൻ സൂചിപ്പിച്ചതുപോലെ, ഈ ക്ഷേത്രത്തിന് ആര്യയുടെ സ്വപ്നവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതാൻ പ്രയാസമാണ്. എങ്കിലും, ഈ ദേവതയുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ സൂചിപ്പിക്കാം.
ഇതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. എങ്കിലും, എല്ലാത്തിലും ഈ ദേവതയുടെ വിചിത്രമായ രൂപത്തിനു വലിയൊരു ത്യാഗത്തിന്റെ പ്രതീകത്വം കല്പിക്കുന്നുണ്ട്. തന്റെ തോഴിമാരുടെ ദാഹം തീർക്കാനാണത്രെ ഈ ദേവത സ്വന്തം ശിരസ്സറുക്കുന്നത്. ഇതിനെയൊരു മതപരമായ വിശദീകരണമായി കണ്ടാൽ മതി.
‘സ്വന്തം അഹന്തയാകുന്ന ശിരസ്സിനെ ഛേദിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക് ജ്ഞാനത്തിന്റെ സൂര്യനെ ദർശിക്കാൻ കഴിയൂ’ എന്നൊരു തത്ത്വചിന്താപരമായ വശവുമുണ്ട് ഇതിന്. അതാണ് നമ്മൾ സ്വീകരിക്കേണ്ടത്. പിന്നെ, സ്വന്തമെന്ന് കരുതുന്നവർക്കുവേണ്ടി സ്വന്തം രക്തം ചിന്തുന്നതിലെ ത്യാഗാത്മകമായ ജീവിതവീക്ഷണവും ഈ പ്രതീകത്തിലൂടെ കാണാൻ കഴിയും.
കുറച്ചുകൂടി ലളിതമായി പറയുകയാണെങ്കിൽ, ഇതിന്റെ പ്രതീകാത്മകമായ പ്രാധാന്യമെന്നത്, ‘തന്റെ വീഴ്ചകളെ അഥവാ പ്രശ്നങ്ങളെ താൻതന്നെ വേണം പരിഹരിക്കാൻ’ എന്ന ആത്മനിഷ്ഠമായ ഒരു ഉപദേശമാണ്. ഇതൊരു വലിയ ദാർശനികമായ കണ്ണാടിയാണ്.”
അവിടെ അല്പനേരം നിശ്ശബ്ദത പരന്നു. ആര്യ ഒരല്പം ക്ഷമിച്ചിരുന്നെങ്കിൽ ശ്രീയുമായുള്ള ബന്ധം ഇങ്ങനെ വഷളാകുമായിരുന്നില്ല എന്ന് സെലിൻ ആ നിമിഷം ചിന്തിച്ചുപോയി. ഛിന്നമസ്ത ദേവിയിലൂടെ ഡോക്ടർ തന്നിലേക്കൊരു പാലം തുറക്കുകയാണെന്ന് ആര്യയ്ക്കും തോന്നി.
ആര്യ പതിയെ പറഞ്ഞു: “ഡോക്ടർ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. എന്റെ ഭാഗത്തും തെറ്റുകളുണ്ട്, ഞാൻ സമ്മതിക്കുന്നു. ഒരുപക്ഷേ ഡോക്ടർ സൂചിപ്പിക്കുന്നതുപോലെ, ഞങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് ഈ സ്വപ്നങ്ങൾ എന്ന് കരുതിയാൽ പോലും… ഞങ്ങളുടെ പ്രശ്നങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത, തികച്ചും വൈരുധ്യമുള്ള കാഴ്ചകളും സ്ഥലങ്ങളും… അതാണ് എനിക്ക് മനസ്സിലാകാത്തത്.”
ഇതിൽ കൂടുതൽ ഡോക്ടറോട് എന്ത് ചോദിക്കണമെന്നോ വിശദീകരിക്കണമെന്നോ അറിയാതെ ആര്യ കുഴങ്ങി.
“നോക്കൂ ആര്യ… ചിലപ്പോഴെങ്കിലും നമ്മുടെ ഉപബോധമനസ്സ് വൈകാരിക മുറിവുകളെ സ്വപ്നങ്ങളാക്കി മുന്നിലെത്തിക്കുമ്പോൾ, നമുക്ക് പരിചിതമായ ദൃശ്യങ്ങളെതന്നെ ഉപയോഗിക്കണമെന്നില്ല. പലപ്പോഴും അവ തികച്ചും അപരിചിതവും ദുർഗ്രാഹ്യവുമായ ബിംബങ്ങളെ കൊണ്ടുവന്നേക്കാം.”
എന്തോ ഒന്നോർത്തു നിർത്തിയതിനു ശേഷം, ഡോക്ടർ തുടർന്നു: “ഈ പ്രശ്നത്തെ ഏതോ ഒരു അദൃശ്യശക്തിയുടെയോ ബ്ലാക്ക് മാജിക്കിന്റെയോ ഒക്കെ പ്രതിഫലനമായാണ് ആര്യ സമീപിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.”
ഒരു നിമിഷം കഴിഞ്ഞാണ് ആര്യ പ്രതികരിച്ചത്. “അങ്ങനെയും ഒരു തോന്നലുണ്ട്.”
‘ആ കൊടുംകാട്ടിലെ ഇരുട്ടിലൂടെ തന്നിലേക്ക് അരിച്ചെത്തിയ കാറ്റിന് മരണത്തിന്റെ ഗന്ധമായിരുന്നു ഡോക്ടർ… ശിരസ്സറ്റ ആ പ്രതിമയിൽ നിന്നും ഇറ്റിറ്റുവീണിരുന്ന ആ രക്തത്തുള്ളികൾ എന്റെ കാൽച്ചുവട്ടിൽ ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല. എന്നിൽ ഉറഞ്ഞുനിൽക്കുന്ന ആ തണുപ്പ് നിങ്ങൾക്ക് സ്പർശിക്കാനും കഴിയില്ല…’ മനസ്സിൽ വന്നതൊന്നും പുറത്തേക്ക് വിട്ടില്ല ആര്യ.
പക്ഷേ, ആര്യയുടെ കണ്ണുകളിൽ നിന്നും ഡോക്ടർ അത് വായിച്ചെടുത്തു. അദ്ദേഹം നീട്ടിയൊന്നു മൂളി. ഈ ഘട്ടത്തിലാണ് സെലിന്റെ ഇടപെടലുണ്ടായത്. അവൾ ചോദിച്ചു: “ഡോക്ടർ, ഈ സ്വപ്നങ്ങൾ ഏതോ പൂർവ്വജന്മത്തിലേക്കാണ് ആര്യയെ കൊണ്ടുപോകുന്നതെന്ന് അവൾക്ക് തോന്നാറുണ്ട്. ശാസ്ത്രീയമായി അതിൽ വല്ല സത്യവുമുണ്ടോ?” ആര്യ നന്ദിയോടെ സെലിനെ നോക്കി.
കയ്യിലെ വാച്ചിലേക്ക് ഒന്നു നോക്കിയിട്ട് ഡോക്ടർ പറഞ്ഞു: “ശാസ്ത്രം ഒന്നിനെയും പൂർണ്ണമായി നിരാകരിക്കുന്നില്ല. ശാസ്ത്രത്തിന്റെ യുക്തിക്ക് ബോധ്യപ്പെടാത്ത കാര്യങ്ങളെ അത് താൽക്കാലികമായി മാറ്റിവെക്കുന്നു എന്ന് മാത്രം. ‘ആബ്സെൻസ് ഓഫ് എവിഡൻസ് ഈസ് നോട്ട് എവിഡൻസ് ഓഫ് ആബ്സെൻസ്’ എന്നാണ് ശാസ്ത്രം പറയുന്നത്. അതായത്, ഒരു കാര്യം തെളിയിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് അത് നിലനിൽക്കുന്നില്ല എന്ന് അർത്ഥമില്ല. അത് കണ്ടെത്താനുള്ള വഴി നമ്മൾ ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്നും കരുതാം. നമ്മുടെയെല്ലാം ഡി.എൻ.എകൾ എത്രമാത്രം സ്വപ്നങ്ങളെ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം! ശാസ്ത്രം ഇനിയും അതൊക്കെ കണ്ടെത്തേണ്ടിയിരിക്കുന്നു.”
ആ മറുപടിയിൽ ആര്യയ്ക്കും സെലിനും ചെറിയൊരു പ്രതീക്ഷ തോന്നി.
“എങ്കിലും സ്വപ്നങ്ങളെക്കുറിച്ച് ചെറിയൊരു ധാരണ കൂടി ഞാൻ തരാം. ഒരുപക്ഷേ ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾക്ക് പ്രയോജനപ്പെട്ടേക്കാം,” ഡോക്ടർ പറഞ്ഞു.
ആര്യയും സെലിനും ഡോക്ടറിൽ നിന്നും കണ്ണുകളെടുക്കാതെ ഇരുന്നു. ഡോക്ടർ ചെറിയൊരു ഇടവേളയെടുത്തു. ശേഷം ഒരു ചോദ്യമാണ് അദ്ദേഹത്തിൽ നിന്നുമുണ്ടായത്: “ആര്യയുടെ നാട്…?”
പ്രതീക്ഷിക്കാതിരുന്ന നേരത്താണ് അങ്ങനെയൊരു ചോദ്യം. ആര്യ പറഞ്ഞു: “മേനോൻപാറ.”
“മേനോൻപാറ…?” ഡോക്ടർ ഒരു നിമിഷം ആലോചിച്ചു.
“പാലക്കാട് ജില്ലയിലാണ്. പക്ഷെ, തൃശൂരിന്റെ അടുത്താണ്, ചിറ്റൂരിൽ നെന്മാറ-കൊല്ലങ്കോട് ഭാഗത്ത്.” ആര്യ വിശദീകരിച്ചു. എന്നിട്ടും ഡോക്ടർക്ക് പിടികിട്ടിയില്ലെന്ന് അവൾക്ക് മനസ്സിലായി.
“പണ്ട് അവിടെയൊരു ഷുഗർ മില്ലുണ്ടായിരുന്നു. പിന്നെ അത് ചാരായക്കമ്പനിയായി. ഇപ്പോൾ അവിടെനിന്നും ‘ജവാൻ’ ലിക്കർ ഇറക്കുന്നത് ഈയിടെ വാർത്തയായിരുന്നു. മലബാർ ഡിസ്റ്റിലറീസിന്റെ…” ആര്യ ഒരു ലാൻഡ് മാർക്ക് കൂടി നൽകി. എന്നിട്ടും ഡോക്ടറുടെ മുഖത്ത് തിരിച്ചറിവിന്റെ ഭാവം കാണാത്തതുകൊണ്ട് അവൾ പിന്നെയൊന്നും പറയാൻ നിന്നില്ല.
ഒന്നോ രണ്ടോ നിമിഷം കഴിഞ്ഞപ്പോൾ ഡോക്ടർ പ്രതികരിച്ചു: “ഇറ്റ്‌സ് ഓക്കെ. ഡോ. അന്ന മെൻഷൻ ചെയ്തിരുന്നു, യു ആർ ഫ്രം പാലക്കാട് എന്ന്. സോ, ഐ തോട്ട് പ്രോപ്പർ പാലക്കാട് ടൗൺ ആണെന്ന്.” ഒന്ന് നിർത്തിയതിനു ശേഷം ഡോക്ടർ ചോദിച്ചു, “ആര്യ ജനിച്ചു വളർന്നത് അവിടെത്തന്നെയാണോ?”
“അല്ല. മേനോൻപാറ കഴിഞ്ഞിട്ട് എട്ടോ പത്തോ കിലോമീറ്റർ അപ്പുറത്തുള്ള എരവട്ടപ്പാറപ്പതി എന്ന സ്ഥലത്താണ്. ഞാൻ ജനിക്കുമ്പോൾ അവിടെയായിരുന്നു അച്ഛന്റെ കുടുംബം. സ്വത്ത് ഭാഗം വെച്ചുകഴിഞ്ഞാണ് ഞങ്ങൾ ഇങ്ങോട്ട് മാറിയത്. എനിക്കന്ന് അഞ്ചോ ആറോ വയസ്സ് കാണും.”
“എരവട്ടപ്പാറപ്പതി… ചിറ്റൂർ… നെന്മാറ ഭാഗങ്ങൾ തമിഴ്‌നാട് ബോർഡർ അല്ലേ?”
“അതെ… പക്ഷേ ഞാൻ വളർന്നതും പഠിച്ചതുമൊക്കെ കൂടുതലും പട്ടിക്കാടുള്ള അമ്മാവന്റെ വീട്ടിൽനിന്നാണ്. തൃശൂർ ബൈപാസിൽ നിന്നും പീച്ചി ഡാമിലേക്ക് തിരിയുന്ന ഭാഗത്താണ് അമ്മയുടെ തറവാട്.”
“അതെന്തുപറ്റി? വീട്ടിൽ എന്തെങ്കിലും അസൗകര്യം ഉണ്ടായിരുന്നോ?”
“ഉണ്ടായിരുന്നു. ഞങ്ങൾ മേനോൻപാറയിലേക്ക് മാറി കുറച്ചുകാലം കഴിഞ്ഞപ്പോൾ അച്ഛനൊരു അപകടം സംഭവിച്ചു. കിണർ പണിയായിരുന്നു അച്ഛന്, അതിനിടെ സംഭവിച്ചതാണ്. മൂത്തത് രണ്ട് ചേച്ചിമാരാണ്. അമ്മ അക്കാലത്ത് ഷുഗർ മില്ലിൽ പണിക്ക് പോയിരുന്നു. അങ്ങനെ എന്നെ അമ്മാവൻ കൊണ്ടുവന്നതാണ്.”
വീണ്ടും ചെറിയൊരു ഇടവേളയുണ്ടായി.
“അപ്പോൾ ആര്യയ്ക്ക് തമിഴ്‌നാടുമായി അടുത്ത ബന്ധമൊന്നും ഇല്ല…”
“തീരെയില്ലെന്ന് പറയാൻ പറ്റില്ല. ചേച്ചിമാരെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് അതിനടുത്ത ഭാഗങ്ങളിലേക്കാണ്. വല്ലപ്പോഴും അങ്ങോട്ടൊക്കെ പോകാറുണ്ട് എന്നതൊഴിച്ചാൽ തമിഴ്നാടുമായി അധികം ബന്ധമൊന്നുമില്ല. പ്രത്യേകിച്ച് കാട്, മല ഏരിയകളിലൊന്നും അങ്ങനെ പോയിട്ടില്ല. അതെല്ലാം ദൂരെ നിന്നു കാണാറുണ്ടെന്നുമാത്രം.”
ആര്യയുടെ മുഖത്തൊരു മന്ദസ്മിതം ഡോക്ടർ കണ്ടു. ‘ആര്യ തന്നെക്കാൾ മുന്നേ സഞ്ചരിക്കുന്നു.’, ഡോക്ടർ ചിന്തിച്ചു. വീണ്ടും കുറച്ചുനേരത്തെ നിശ്ശബ്ദത. അത് ഭേദിച്ചുകൊണ്ട് ആര്യ പറഞ്ഞു: “പിന്നെയൊരു കാര്യമുള്ളത്…”
“യെസ് ആര്യ, പറയൂ. ആര്യയിൽ നിന്നും കിട്ടുന്ന ചെറിയൊരു ലീഡ് പോലും നമുക്ക് ഉപയോഗപ്രദമാണ്.”
ആര്യ തുടർന്നു: “ഞങ്ങളുടെ കുടുംബം പണ്ടെപ്പോഴോ ഇവിടേക്ക് കുടിയേറി വന്നതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അത് തമിഴ്നാട്ടിൽ നിന്നല്ല, കർണ്ണാടകയിൽ നിന്നാണ്. അച്ഛന്റെ പൂർവികർ കർണ്ണാടകയിൽ നിന്നും പണ്ടുകാലത്തെപ്പോഴോ പാലക്കാട് ഭാഗങ്ങളിലേക്ക് കുടിയേറി വന്നതാണ്. ചിലപ്പോൾ തമിഴ്‌നാട് വഴിയാകും വന്നിട്ടുണ്ടായിരിക്കുക. അതെനിക്ക് ഉറപ്പില്ല.”
‘ഇനി തന്റെ കുലത്തിന്റെ വേരുകൾ മുഴുവൻ അറിഞ്ഞാലേ തന്റെ പ്രശ്‍നം എന്താണെന്നറിയാനൊക്കൂ എന്നാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന് ആര്യ വിചാരിച്ചു.
“നിങ്ങളുടെ പൂർവികർ കർണ്ണാടകയിൽനിന്നും തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ കാരണം?”
“കാരണം… ഞങ്ങൾ…” ആര്യ മുഴുപ്പിച്ചില്ല. അവൾ സെലിനെ ഒന്ന് നോക്കയത് ഡോക്ടർ കണ്ടു. അദ്ദേഹം എന്തോ ചിന്തിച്ചിരുന്നു. പിന്നെ പറഞ്ഞു: “ഇറ്റ്‌സ് ഓക്കെ, ലീവ് ഇറ്റ്. അതത്ര റെലവന്റല്ല. നമുക്ക് പറഞ്ഞു വന്നത് പൂർത്തിയാക്കാം.”
ആര്യയ്ക്ക് നേർത്ത ഒരാശ്വാസം കിട്ടി. ആര്യയെയും സെലിനെയും നോക്കിയിട്ട് ഡോക്ടർ തുടർന്നു പറഞ്ഞു,
“ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കിയിരിക്കാനാണ്. പ്രത്യേകിച്ചും, ആര്യ ശ്രദ്ധിക്കണം. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളത് എടുത്താൽ മതി. കഴിയാവുന്നതും ഞാൻ പറയുന്നത് ഫോളോ ചെയ്യുക.”
“ശരി ഡോക്ടർ, ഞാൻ ശ്രമിക്കാം.”
ആര്യയുടെ മറുപടിക്ക് ശേഷം ഡോക്ടർ സെലിനോടായി സൂചിപ്പിച്ചു: “സെലിൻ ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട്, തന്റെ വലിയൊരു ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടായാൽ നല്ലതായിരിക്കും.”
“തീർച്ചയായും ഡോക്ടർ. ഞാൻ കഴിവതും ശ്രമിക്കും.” ഡോക്ടറുടെ വാക്കുകൾ സെലിനെ സന്തോഷിപ്പിച്ചു.
ഡോക്ടർ പറഞ്ഞുതുടങ്ങി: “സ്വപ്നങ്ങൾ ഏതു തരത്തിലുള്ളതായാലും, അവ എത്ര സുഖകരമാണെങ്കിലും അസുഖകരമാണെങ്കിലും, വല്ലാതെ ഭയപ്പെടുത്തുന്നതാണെങ്കിൽപോലും അതുണ്ടാകുന്നത് ഉറക്കത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ്. അതായത്, അബോധാവസ്ഥയിൽ നമ്മുടെ മസ്തിഷ്കം സാധാരണയിൽ നിന്നും ഉയർന്ന തോതിൽ ഉണർന്നിരിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ഈ സമയത്ത് നമ്മൾ കണ്ണുകളടച്ച് ഉറങ്ങുകയാണെങ്കിൽ പോലും, കണ്ണിനുള്ളിൽ കൃഷ്ണമണികൾ അതിവേഗത്തിൽ ചലിക്കുന്നുണ്ടാകും. ഈയൊരു അവസ്ഥയെ ശാസ്ത്രീയമായി ‘ആർ.ഇ.എം സ്ലീപ്പ്’ എന്ന് വിളിക്കും. ഈ ഘട്ടത്തിലാണ് മസ്തിഷ്കം അതിന്റെ താഴ്ഭാഗമായ ‘ബ്രെയിൻസ്റ്റെം’ എന്ന ഭാഗത്ത് അതുവരെ സംഭരിച്ചുവെച്ചിരിക്കുന്ന തന്റെ അറിവുകളെ സ്വപ്നങ്ങളാക്കി പുറന്തള്ളുന്നത്. ബ്രെയിൻസ്റ്റെമിൽ ശേഖരിച്ച വിവരങ്ങളെ മുകൾഭാഗമായ ‘സെറിബ്രൽ കോർട്ടെക്‌സിലേക്ക്’ ഉത്തേജന സിഗ്നലുകളാക്കി അയക്കുന്ന ഒരു പ്രക്രിയയാണത്.
പണ്ടുനടന്ന സംഭവങ്ങൾ, ഇപ്പോഴത്തെ അനുഭവങ്ങൾ തുടങ്ങി നമ്മൾ നാളിതുവരെ അനുഭവിച്ച എല്ലാത്തരം നിമിഷങ്ങളുടെയും പ്രതിഫലനങ്ങൾ സെറിബ്രൽ കോർട്ടെക്‌സിൽ എത്തുമ്പോഴാണ് അവയ്ക്ക് രൂപവും ഭാവവും നിറവുമൊക്കെ ലഭിക്കുന്നത്. ചുരുക്കത്തിൽ, സ്വപ്നങ്ങളുടെ പൂർണ്ണ രൂപീകരണം നടക്കുന്നത് സെറിബ്രൽ കോർട്ടെക്‌സിലാണ്.
ചിലപ്പോഴൊക്കെ സ്വപ്നങ്ങൾ ഒരു സിനിമയിലെയോ കഥയിലെയോ പോലെ ഓരോരോ രംഗങ്ങളായി വന്നുപോകുന്നതിന്റെ കാരണം, സെറിബ്രൽ കോർട്ടെക്‌സിലെത്തുന്ന സിഗ്നലുകളെ തലച്ചോറ് കോർത്തിണക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളെ ബ്രെയിൻസ്റ്റെം ശേഖരിക്കുമ്പോൾ, അതിന് വികാരങ്ങളും അർത്ഥവുമുള്ള ഒരു കഥാഘടന നൽകുന്നത് സെറിബ്രൽ കോർട്ടെക്സ് ആണ്. എത്തുന്ന വിവരങ്ങൾക്ക് തന്റേതായ അർത്ഥം നൽകാൻ തലച്ചോറ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പല സ്വപ്നങ്ങളും യുക്തിയില്ലാത്തതായി നമുക്ക് തോന്നുന്നത്.
ഇതുമൂലം, മനസ്സിൽ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്നതോ മനപ്പൂർവ്വം ഓർക്കാതിരിക്കാൻ പാടുപെടുന്നതോ ആയ കാര്യങ്ങളെ സ്വപ്നങ്ങളിലൂടെ തലച്ചോറ് ഓർമ്മിപ്പിക്കാറുണ്ട്. ഇത് ആവർത്തിച്ചു വന്നുവെന്നും വരാം. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളെ ഉപബോധമനസ്സ് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ആവർത്തന സ്വപ്നങ്ങൾ ഉണ്ടാകുന്നത്.”
ഡോക്ടർ കുറച്ചുനേരം നിശ്ശബ്ദനായി. അടുത്തതായി ഡോക്ടർ എന്താണ് പറയാൻ പോകുന്നത്? ആര്യയും സെലിനും കാത്തിരുന്നു.

“അൽഗോരിതം എന്ന വാക്ക് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ?” ഡോക്ടർ ചോദിച്ചു.
ആര്യ മിണ്ടിയില്ല. സെലിൻ പറഞ്ഞു: “കേട്ടിട്ടുണ്ട്, പക്ഷേ കൂടുതൽ അറിയില്ല.”
“ശരി, ഞാനതിന്റെ ഒരു ചെറിയ ഉദാഹരണം പറയാം,” ആര്യ ചിന്തിച്ചു: ‘എന്തിനാണിപ്പോൾ അൽഗോരിതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?’
“ഇക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അൽഗോരിതം. സോഷ്യൽ മീഡിയയിൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഡിസൈൻ ചെയ്തിരിക്കുന്ന സംവിധാനമാണിത്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ചില റീൽസ് കണ്ടാൽ അതുപോലുള്ള ഉള്ളടക്കങ്ങൾ തന്നെ വീണ്ടും വരുന്നത്?”
സെലിൻ പറഞ്ഞു: “ഉവ്വ്.”
“ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അറിയാമോ?”
“അതിനു പിന്നിൽ അൽഗോരിതമാണെന്ന് കേട്ടിട്ടുണ്ട്, പക്ഷേ വിശദമായി അറിയില്ല.” അവൾ പറഞ്ഞു.
“ചുരുക്കത്തിൽ പറയാം. സോഷ്യൽ മീഡിയയിൽ നമ്മൾ എന്ത് തിരയുന്നു, അത് എത്രനേരം കാണുന്നു എന്നതെല്ലാം ഈ അൽഗോരിതം വിശകലനം ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സമാനമായ കാര്യങ്ങൾ അത് നമ്മളിലേക്ക് കൂടുതൽ എത്തിക്കുന്നു.
ഗണിതശാസ്ത്രത്തിൽ, ഒമ്പതാം നൂറ്റാണ്ടിലെ പേർഷ്യൻ ഗണിതശാസ്ത്രജ്ഞനായ അൽ-ഖവാരിസ്മിയാണ് അൽഗോരിതത്തിന് അടിത്തറയിട്ടത്. ഇന്നത് സോഷ്യൽ മീഡിയകളിൽ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ പ്രവചിക്കാൻ ഉപയോഗിക്കുന്നു.
ശാസ്ത്രീയമായി പൂർണ്ണമായും ശരിയാണെന്ന് പറയാൻ കഴിയില്ലെങ്കിലും, ഈ ആവർത്തന സ്വപ്നങ്ങളുടെ കാര്യത്തിൽ നമ്മുടെ ബ്രെയിൻ സിസ്റ്റം പ്രവർത്തിക്കുന്നതിലും സമാനമായ ഒരു പാറ്റേൺ കാണാം. നമ്മൾ കൂടുതൽ ചിന്തിക്കുന്ന കാര്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ അവ സ്വപ്നങ്ങളിലും കടന്നുവരാം. സോഷ്യൽ മീഡിയയിൽ കാണുന്ന വിഷയം മാറ്റിയാൽ അൽഗോരിതത്തിന്റെ സജഷനുകൾ മാറുന്നത് പോലെ, നമ്മുടെ ചിന്തകളിൽ മാറ്റമുണ്ടായാൽ ഈ ആവർത്തന സ്വപ്നങ്ങളും ക്രമേണ മാറിവരാം.”
ആര്യയ്ക്ക് നേരിയ മുഷിപ്പ് അനുഭവപ്പെടുന്നതായി ഡോക്ടർക്ക് മനസ്സിലായി. അവളുടെ മിഴികൾ അകത്തളത്തിലേക്ക് തെന്നി മാറുന്നുണ്ടായിരുന്നു.
“ഇനി, ആര്യ കാണുന്ന സ്വപ്നങ്ങളിലെ ബിംബങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.”
ഡോക്ടർ ഇപ്പറഞ്ഞത് കേട്ടതും ആര്യ ഡോക്ടറിലേക്കുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
“സ്വപ്നങ്ങളിലെ ദൃശ്യങ്ങൾക്ക് അതിന്റേതായ വ്യാഖ്യാനങ്ങളുണ്ട്. അപരിചിതമായ ഒരു സ്ഥലത്തേക്കുള്ള യാത്ര ആവർത്തിച്ചു വരുന്നത് ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന ഒരു പുതിയ വഴിത്തിരിവിന്റെ സൂചനയാകാം. പുതിയൊരു സ്ഥലത്തേക്ക് മാറാനോ, പുതിയൊരു ബന്ധത്തിനോ ഉള്ള ആഗ്രഹവുമാകാം. അല്ലെങ്കിൽ ഉള്ളിലെ കുറ്റബോധമോ അപൂർണ്ണമായ ആഗ്രഹങ്ങളോ ആകാം.
അസ്തിത്വം നഷ്ടപ്പെട്ട ആര്യയുടെ ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ പ്രതീകമായി തലയില്ലാത്ത ആ പ്രതിഷ്ഠയും, അതിനെ മറികടക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി ആ ക്ഷേത്രവും തലച്ചോറ് ബിംബവൽക്കരിക്കുന്നതാകാം. അതിൽനിന്നെല്ലാം ഒരു മോചനം ഉപബോധമനസ്സ് തീവ്രമായി ആഗ്രഹിക്കുന്നതിന്റെ ലക്ഷണവുമാകാം ഇത്.
മറ്റൊരു സാധ്യത, എപ്പോഴോ കണ്ട അപരിചിതമായ ദൃശ്യങ്ങളെ മായ്ച്ചുകളയാതെ സൂക്ഷിച്ചുവെക്കുന്ന തലച്ചോറിന്റെ ‘മെമ്മറി കൺസോളിഡേഷൻ’ എന്ന രീതിയാണ്. ചില ഘട്ടങ്ങളിൽ ഈ ദൃശ്യങ്ങളെ തലച്ചോറ് ഒരു മാപ്പ് ആക്കി സൂക്ഷിച്ച് സ്വപ്നങ്ങളിൽ കൊണ്ടുവരാറുണ്ട്.
അപൂർവ്വമായി ജനിതകപരമായ കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. കാൾ യുങ് എന്ന പ്രശസ്ത സൈക്കോളജിസ്റ്റിന്റെ ‘ആർക്കിടൈപ്പ്’ സിദ്ധാന്തപ്രകാരം, മനുഷ്യനിൽ അവന്റെ പാരമ്പര്യ സവിശേഷതകളും ഡി.എൻ.എ ഓർമ്മകളും പിന്തുടർന്നു കൊണ്ടിരിക്കും. ഈ സിദ്ധാന്തമനുസരിച്ച് മുജ്ജന്മവുമായോ പാരമ്പര്യവുമായോ ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ അപൂർവ്വമായി ആവർത്തിച്ചു വരാം.”
വീണ്ടും ഡോക്ടർ ചെറിയൊരു ഇടവേളയെടുത്തു.
ഇതു കേട്ടതും ആര്യയുടെ ശ്വാസോച്ഛാസം ഉയർന്നത് സെലിൻ ശ്രദ്ധിച്ചു. “അതെങ്ങനെ കണ്ടുപിടിക്കാൻ കഴിയും ഡോക്ടർ?” ആര്യ തിടുക്കത്തിൽ ചോദിച്ചു.
“അതിനൊരു കൃത്യമായ ഉത്തരം മെഡിക്കൽ സയൻസിൽ ഇതുവരെയില്ല.”
“മെഡിക്കൽ സയൻസിൽ അല്ലാതെ മറ്റെന്തെങ്കിലും വഴി… സെലിൻ പറഞ്ഞതുപോലെ…” ആര്യ മടിച്ചുമടിച്ച് ചോദിച്ചു.
ഡോക്ടർ ചിരിച്ചു. “അത് നിങ്ങൾ തന്നെ കണ്ടെത്തണം. ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെയൊരു ഇന്റ്യൂഷൻ ഉള്ള സ്ഥിതിക്ക്…”
ഡോക്ടർ എന്തോ ചിന്തിച്ചുകൊണ്ട് തുടർന്നു: “ഒരു കുന്നിന്റെ മുകളിൽ ബ്രിട്ടീഷുകാർ എന്തോ കുഴിക്കുമ്പോഴാണല്ലോ പ്രതിമയുടെ തല മുറിഞ്ഞുപോകുന്നതായി സ്വപ്നത്തിൽ വരുന്നത്. പിന്നീട് തലയില്ലാത്ത ഈ പ്രതിമ കാട്ടിലെ ഏതോ അമ്പലത്തിലും കാണുന്നു.”
ആര്യയും സെലിനും അപ്പോഴാണ് അക്കാര്യം ഓർത്തത്. ആര്യ തിരുത്തി പറഞ്ഞു: “ബ്രിട്ടീഷുകാരാണോ എന്ന് ഉറപ്പില്ല, രൂപവും വേഷവും ഒക്കെ അതുപോലെ ഉണ്ടായിരുന്നു. ആദ്യം കണ്ടത് തലയുൾപ്പെടെ ധ്യാനത്തിലിരിക്കുന്ന രൂപമായിരുന്നു; മനുഷ്യരൂപത്തിലുള്ള ഒരു മൺപുറ്റ് പ്രതിമ. കുന്ന് ഇടിച്ചുനിരത്തുന്നതിനിടെ പ്രതിമയുടെ തല തെറിച്ചുവീഴുന്നതും കഴുത്തിൽ നിന്നും നിർത്താതെ ചോര ഒഴുകുന്നതും കണ്ടു. തല മണ്ണിൽക്കിടന്ന് പിടയ്ക്കുന്നതും…”
അത്രയും പറഞ്ഞപ്പോഴേക്കും ആര്യ കിതയ്ക്കാൻ തുടങ്ങി.
ഡോക്ടർ പറഞ്ഞു: “പോർച്ചുഗീസുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ… ഇവരുടെയൊക്കെ കാലഘട്ടം ഏകദേശം അഞ്ചു നൂറ്റാണ്ടോളമാണ്. എങ്കിലും ആര്യയുടെ സ്വപ്നത്തിലെ വിവരണം വെച്ച് നോക്കുമ്പോൾ ഈ പ്രതിമയ്ക്കോ ക്ഷേത്രത്തിനോ അത്ര പൗരാണികത പറയാനില്ല.
മറ്റൊരു പ്രധാന കാര്യം, ധ്യാനരൂപത്തിലുള്ള ഇത്തരം പ്രതിമകൾ ജൈന-ബുദ്ധ സംസ്കാരങ്ങളിൽ വളരെ വ്യാപകമായിരുന്നു എന്നതാണ്. 2300 വർഷങ്ങൾക്ക് മുൻപ് പാലക്കാടും അവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. അക്കാലത്തെ പല പ്രതിമകളും തല പോയ നിലയിലോ അംഗഭംഗം വന്ന നിലയിലോ കണ്ടെടുത്തിട്ടുമുണ്ട്. കൂടാതെ, പാലക്കാട്- തമിഴ്നാട് ഭാഗങ്ങളിൽ ഇന്നും ശക്തമായി നിലനിൽക്കുന്ന ചില അതിർത്തികാവൽ ദൈവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളെ കുറിച്ചും ഞാൻ പറയാതെ തന്നെ ആര്യയ്ക്ക് അറിയാവുന്നതായിരിക്കും. മാവീരൻ, വീരഭദ്രൻ, കറുപ്പണ്ണസാമി തുടങ്ങിയ പല പേരുകളിലും ഇങ്ങനെയുള്ള ദൈവങ്ങളുണ്ട് അവിടങ്ങളിൽ.
ഇവർ പലപ്പോഴും, രാജാക്കന്മാരുടെ സൈനികരോ മറ്റോ ആയിരിക്കും. ഒരു നാട് യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ നരബലികൾ നടത്തുന്ന പതിവ് പുരാതനകാലത്ത് പതിവായിരുന്നു. നാടിനുവേണ്ടി സ്വയം തലയറുത്ത് ബലിയർപ്പിച്ചോ ബലിയാക്കപ്പെട്ടോ പോയ മനുഷ്യരാണ് ഈ കാവൽദൈവങ്ങൾ. ആര്യയുടെ വേരുകൾ നീണ്ടുകിടക്കുന്നെന്ന് പറയുന്ന കർണ്ണാടകയിലും ധാരാളമുണ്ട് ഇങ്ങനെയുള്ള വീരദൈവങ്ങൾ. തമിഴ്നാട്ടിലും കർണ്ണാടകയിലും മാത്രമല്ല, ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാണാം ഇത്തരം കാവൽദൈവങ്ങളും അതിനോടനുബന്ധിച്ചുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനകളും എല്ലാം. കേരളത്തിലെ തെയ്യങ്ങളിൽ ഭൂരിഭാഗത്തിലും ഇങ്ങനെയുള്ള ചാവേറുകളെ പ്രകീർത്തിക്കുന്ന കഥകളുണ്ട്.
പറഞ്ഞുവരുന്നത്, ഇത്തരം യോദ്ധാക്കളുടെ പ്രതീകാത്മകമായ വീരക്കലുകളും മനുഷ്യരൂപങ്ങളിൽ തീർത്ത പ്രതിമകളും ഒക്കെ റോഡ് സൈഡുകളിൽ പോലും ഇക്കാലത്ത് കാണാൻ കഴിയും. അതിൽ പലതും കാലപ്പഴക്കത്താലോ യഥാവിധം സംരക്ഷണം ലഭിക്കാതെയോ തലയോ കൈക്കാലുകളോ ഒന്നും ഇല്ലാതെ, അംഗഭംഗം വന്നോ മറ്റോ അനാഥമായി കിടക്കുന്നതും ഉണ്ടാകാം.
ഈ പറഞ്ഞതൊന്നും ആര്യയുടെ ഇത്തരം സ്വപ്നങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നല്ല പറയുന്നത്, ചെറുപ്പത്തിലോ അല്ലെങ്കിൽ, വർത്തമാനകാലത്തോ ഒക്കെ നമ്മൾ കണ്ടതോ കേട്ടതോ ആയ കൊച്ചുകൊച്ചു കാര്യങ്ങളാണെങ്കിൽ പോലും, അതു ചിലപ്പോൾ നമ്മൾ കാണുന്ന സ്വപ്നങ്ങളിലും കടന്നുവന്നേക്കാം എന്നാണ് സൂചിപ്പിച്ചത്.
ഇതിനെയൊന്നും ഒരു രോഗമായി കാണേണ്ടതില്ല. കൗൺസിലിംഗിലൂടെയും, ഭയപ്പെടാതെ സ്വപ്നങ്ങളെ നേരിടുന്നതിലൂടെയും മറ്റും ഇത് മാറ്റിയെടുക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുൻപ്, ഇനിയാ ക്ഷേത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവിടെ താൻ തീർച്ചയായും സന്ദർശിക്കുമെന്ന് ഒരു പ്രതിജ്ഞപോലെ, ഒരു ദൃഢനിശ്ചയം മനസ്സിൽ ഉണ്ടാക്കുക. ഈ വിഷയത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ പരിശ്രമിക്കുക.”
ഡോക്ടർ പറഞ്ഞു നിർത്തി. ഈ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നതിനിടയിൽ ഡോക്ടർ ഇടക്കിടെ കയ്യിലെ വാച്ചിലേക്ക് നോക്കുന്നത് ആര്യയും സെലിനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഡോക്ടർ കൺസൾട്ടിങ് ഏതാണ്ട് അവസാനിപ്പിച്ചെന്ന് ഇരുവർക്കും മനസിലായി. അവർ പരസ്പരം നോക്കിയും ഡോക്ടറെ നോക്കിയും അവിടെതന്നെ തറഞ്ഞിരുന്നു. അവരുടെ അവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു, “ഡോ. അന്ന എനിക്ക് പ്രിയപ്പെട്ട ആളാണ്. ഇപ്പോൾ നിങ്ങളും. അതുകൊണ്ട്, ഇക്കാര്യത്തിൽ ഒട്ടും പേടിക്കണ്ട. ഈ ഘട്ടത്തിൽ നിങ്ങൾ ആദ്യം മനസിലാക്കേണ്ട കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നതാണ്. ഒന്നോ രണ്ടാഴ്ച നോക്കൂ. എന്നിട്ടും ഇത് ആവർത്തിക്കുന്നുണ്ടെങ്കിൽ നമുക്ക് നോക്കാം.”
ഇതിൽ കൂടുതലൊന്നും ഡോക്ടർക്ക് ഇനി പറയാനില്ല എന്നു ബോധ്യം വന്നപ്പോൾ ആര്യയും സെലിനും പതിയെ എഴുന്നേറ്റു.
അതേ സമയത്താണ്, അത്രയും നേരം നിറഞ്ഞുനിന്നിരുന്ന ഗൗരവകരമായ ആ അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട് സെലിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങയത്. അതോടൊപ്പം, അകത്തുനിന്നും ബഡ്ഡിയുടെ നിർത്താതെയുള്ള കുരയും അവിടെ മുഴങ്ങി.
തുടരും…
Join with us

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്‘ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്‘, ‘കുഞ്ഞമ്മാവൻ‘ എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








