എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
അഭിരാമി: ‘ഞങ്ങൾ സന്തുഷ്ടരാണ്’ സിനിമയെ കുറിച്ച് ഇന്നു ചിന്തിക്കുമ്പോൾ അതിന്റെ കഥയോടും അതിലെ തന്റെ കഥാപാത്രത്തോടും യോജിക്കാന്‍ കഴിയുന്നില്ല.
ദോഷൈകദൃക്ക്:
ഒരു തൊപ്പി തലയിൽ കേറിയാൽ അപ്പച്ചനല്ല അമ്മച്ചിയാണേലും പോലീസു കളിക്കും കൊച്ചേ…

പിൻകുറിപ്പ് :
ഇതിനോട് യോജിക്കാനാകില്ല:
മലയാളത്തിലെ പ്രമുഖ സംവിധായകൻ രാജസേനൻ 1999ൽ സംവിധാനം ചെയ്ത, ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന സിനിമയ്ക്കെതിരെ നടി അഭിരാമി.
‘ഞങ്ങൾ സന്തുഷ്ടരാണ്’ സിനിമയുടെ കഥയെ കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ഇന്ന് ചിന്തിയ്ക്കുമ്പോള്‍ ആ കഥയോടും കഥാപാത്രത്തോയും യോജിക്കാന്‍ കഴിയുന്നില്ലെന്ന്, മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയില്‍ നടി അഭിരാമി അഭിപ്രായപ്പെട്ടിരുന്നു.
സഞ്ജീവൻ എന്ന ഒരു പോലീസ് കമ്മീഷണറുടെ വേഷത്തിൽ ജയറാം നായകനായി എത്തിയ ചിത്രത്തിൽ ജയറാമിന്റെ ഭാര്യാ വേഷമായിരുന്നു അഭിരാമിക്ക്.
സഞ്ജീവന്റെ നവവധുവായി എത്തിയ പോലീസ് ഡയറക്ടർ ജനറൽ രാജശേഖരൻ നായരുടെ മകൾ ഗീതുവിന്റെ ധാർഷ്ട്യത്തെ കേവലം ഒരു കമ്മീഷണർ മാത്രമായ സഞ്ജീവൻ, തന്റെ ആണഹങ്കാരത്തിന്റെ ബലത്തിൽ നേരിടുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഇതിനെതിരെയാണ് ഇപ്പോൾ അഭിരാമി വിമർശനം ഉന്നയിച്ചിട്ടുള്ളത്.
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘ഉയരെ’ പോലുള്ള സിനിമകള്‍ കൈയ്യടി നേടുന്ന കാലമാണിത്. ഉയരെ പോലുള്ള സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പിന്റെ കഥ പറയുന്ന ഇന്നത്തെ മലയാള സിനിമകളെ നോക്കുമ്പോൾ, പണ്ടത്തെ അടുക്കള കഥകൾ സ്ത്രീയുടെ ചെറുത്ത് നില്‍പ്പിനെയും തന്റേടത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകങ്ങളായാണ് ചിത്രീകരിച്ചിരുന്നത്.
‘തന്റേടിയായ പെണ്ണിന് ഒരു അടി കിട്ടുകയാണ് വേണ്ടത്’ എന്ന ചിന്തിച്ചിരുന്ന കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയ ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ പോലുള്ള സിനിമകള്‍ മികച്ച വിജയം നേടിയത് അതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ചിന്തിയ്ക്കുമ്പോള്‍ അതിലെ കഥയോടും കഥാപാത്രത്തോടും യോജിക്കാന്‍ കഴിയുന്നില്ല.’ എന്നാണ് അഭിരാമി പറഞ്ഞത്.
അതേസമയം, അങ്ങനെയുള്ള സിനിമകളെയോ സംവിധായകരെയോ അഭിനേതാക്കളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അന്നത്തെ സാഹചര്യങ്ങളും സമൂഹവും ആവശ്യപ്പെട്ടതും അത്തരം കഥകളും കഥാപാത്രങ്ങളും ആയിരുന്നുവെന്നും സ്ത്രീ പരിവര്‍ത്തനത്തിന്റെ മധ്യകാലമായിരുന്നു അതെന്നും അഭിരാമി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്ന് ആ കുട്ടിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു നിധിയായിരുന്നു ആ വേഷം:
അഭിരാമിയുടെ ഈ വിവാദ പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്, സംവിധായകൻ രാജസേനൻ ഇതിനെതിരെ പ്രതികരിച്ചത്, ‘ഒരു നിധിയുടെ കഥ’ പറഞ്ഞുകൊണ്ടുള്ള ഓർമ്മപ്പെടുത്തലോടെയാണ്. മൂവി വേൾഡ് എന്ന യുട്യൂബ് മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ നിലപാട് രാജസേനൻ വ്യക്തമാക്കിയത്.
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ നായികാ വേഷം, ‘അന്ന് ആ കുട്ടിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു നിധിയായിരുന്നു’ എന്ന് അഭിപ്രായപ്പെട്ട രാജസേനൻ, ഈ സിനിമയിലെപോലെ, മറ്റൊരു ശക്തമായ കഥാപാത്രം പിന്നീട് അവർക്ക് ലഭിച്ചിട്ടില്ല എന്നും പറയുന്നു.
തൊണ്ണൂറുകളിൽ മലയാളികൾ നെഞ്ചിലേറ്റിയ ഒരു ഇന്റർടൈൻമെന്റ് സിനിമയാണ്, ‘ഞങ്ങൾ സന്തുഷ്ടരാണ്.’ ഈ സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ അഭിരാമിക്ക് കേവലം 16 വയസ്സ്. അങ്ങനെയൊരു പ്രായത്തിൽ ഇതുപോലെയൊരു സിനിമ കിട്ടുക എന്നു പറയുന്നത്, ഒരു നിധി തന്നെയാണെന്നാണ് രാജസേനൻ പറയുന്നത്.
‘സിനിമ ഒരു കലാരൂപമാണ്. ഒരു കഥയുടെ വളർച്ചയ്ക്കും വിജയത്തിനും വേണ്ടി അതിലെ സ്ത്രീ-പുരുഷ കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൈവരുന്നത് സ്വാഭാവികമാണ്. അതിനെ വെറും പുരുഷമേധാവിത്വമായി വ്യാഖ്യാനിക്കേണ്ടതില്ല.
താൻ സംവിധാനം ചെയ്ത, ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ എന്ന ചിത്രത്തിലെ നായികയായ സംയുക്താ വർമ്മയുടെ മുന്നിൽ പാവയെപ്പോലെ നിൽക്കുന്ന ജയറാമിന്റെ കഥാപാത്രത്തെ ആരും സ്ത്രീമേധാവിത്വത്തിന്റെ പേരിൽ വിമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ രാജസേനൻ, ഇപ്പോഴുള്ള നടിയുടെ ഈ വിമർശനം ഇരട്ടത്താപ്പ് ആണെന്നും അഭിമുഖത്തിൽ പറയുന്നു.
ഒരു സിനിമ ചെയ്യുന്നതിനോ കവിതയോ നോവലോ എഴുതുന്നതിനോ ഒരു കലാകാരന് ആവശ്യമായ ആവിഷ്കാര സ്വാതന്ത്ര്യം വേണം. വ്യക്തിജീവിതത്തിലാണ് ആളുകൾ സ്ത്രീകളോട് പുരുഷമേധാവിത്വവും ടോർച്ചറിങ്ങും കാണിക്കാതിരിക്കേണ്ടത്. സിനിമയെ സിനിമയായി മാത്രം കാണണമെന്നും കഥാപാത്രങ്ങൾ തമ്മിലുള്ള ഈഗോയും തർക്കങ്ങളും മെയിൽ ഡോമിനേഷൻ ആയി ചിത്രീകരിച്ച് സംവിധായകനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്ത രാജസേനൻ, ആ കുട്ടിക്ക് ഇക്കാര്യത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നെങ്കിൽ അന്ന് തന്നെ ഈ ചിത്രം നിരസിക്കാമായിരുന്നുവെന്നും തുറന്നടിച്ചു.







