AI illustration-1 by Surya for the Malayalam poem Moyna by Safeed Ismail

മൊയ്ന

രപ്പൊടി നിറഞ്ഞ കാറ്റിലൂടെ
ഒരു പന്തുരുണ്ടുവരുന്നു
അതിന്റെ പിന്നാലെ, മൊയ്നയും.
ആശാവർക്കറുടെ പുസ്തകത്തിൽ
അവൾ മൈനയാണ്.
റേഷൻ കാർഡിൽ
അവളിനിയും എത്തിയിട്ടില്ല.
ജന്മസ്ഥലം ചോദിച്ചാൽ
അമ്മ ഒരു നദിയുടെ പേര് പറയും;
അച്ഛൻ ഒരു റെയിൽവേ സ്റ്റേഷന്റേയും.
മൊയ്നയ്ക്ക് ഓർമ്മ വരിക
തകരം മേഞ്ഞ ലേബർ ക്യാമ്പുകളാണ്.
അതിനിടയിൽ
പെരുമ്പാവൂരിലെ
പ്ലൈവുഡ് ഫാക്ടറികളിലെത്തുന്ന
മരങ്ങൾ
കൃത്യമായി തിരിച്ചറിയപ്പെടുന്നുമുണ്ട്:
നാട്
നീളം
വണ്ണം
ഗ്രേഡ്
വില
മൊയ്നയെക്കാൾ
ഒരു മരത്തടിക്ക്
കൂടുതൽ രേഖകളുണ്ട്;
യാത്രാചരിത്രവും.
വൈകുന്നേരങ്ങളിൽ
കോളനിയുടെ ഇടവഴിയിൽ
കുട്ടികൾ പന്തുകളിക്കും.
മൊയ്ന ഓടും
പാസ് ചോദിക്കില്ല.
ഇരന്നുകിട്ടുന്ന കാര്യങ്ങളിൽ
അവൾക്ക് വലിയ വിശ്വാസമില്ല.
അപ്പോൾ
അവൾ തന്നെ പന്ത് തട്ടിയെടുത്ത്
എല്ലാവരെയും മറികടക്കും.
ഒരു ഗോളടിക്കും.
ആ നിമിഷം
അവളുടെ സന്തോഷം
മലയാളമോ
ആസാമീസോ
ബംഗ്ലയോ അല്ല.
പരിഭാഷപ്പെടുത്താൻ കഴിയാത്ത
ഒരു ആർപ്പുവിളി മാത്രം.
കളിക്കിടെ
അവളുടെ പന്ത്
കേരളത്തിൽ നിന്ന് ആസാമിലേക്കും,
ആസാമിൽ നിന്ന് ബംഗാളിലേക്കും,
ബംഗാളിൽ നിന്ന്
കടുകുപൂത്ത പാടങ്ങളിലേക്കും
ഉരുണ്ടുപോകും.

AI illustration-2 by Surya for the Malayalam poem Moyna by Safeed Ismail

കളി കഴിഞ്ഞ്
ഫാക്ടറികളിൽ നിന്നുയരുന്ന
മരപ്പൊടിയുടെ മഞ്ഞിലൂടെ
വീട്ടിലേക്ക് മടങ്ങുമ്പോൾ,
അവൾക്കറിയാവുന്ന
ഒരു കാര്യമേയുള്ളൂ—
മരങ്ങളെ
നേർത്ത പാളികളാക്കി മാറ്റാം.
ചില പാളികൾ
പിന്നീട് വാതിലുകളാകും.
ചിലത് ചുമരുകളും.
പക്ഷേ
ഓടുന്ന മൊയ്നയെ
എത്ര ക്യുബിക്കടിയിൽ മുറിക്കണമെന്ന്
ഇതുവരെ ആരും തീരുമാനിച്ചിട്ടില്ല.
അവളുടെ പിന്നാലെ
ഒരു മുഴുവൻ കാട്
ഓടിക്കൊണ്ടിരിക്കുകയാണ്.

Join with us