AI illustration by Surya for the Malayalam story Nizhalyuddham by Ashraf Kalathode

നിഴൽയുദ്ധം

പിറ്റേന്ന്, സാധുവിന്റെ അസാധാരണമായ കൊലപാതക വാർത്ത വൻപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പത്രങ്ങളിലും സുക്കൂറാന്റെ ഭാര്യ ഫാത്തിമയുടെ ചരമവാർഷിക പരസ്യ കോളവും പ്രത്യക്ഷപ്പെട്ടത് അധികമാരുടെയും കണ്ണിൽ പെട്ടില്ല. അതോടൊപ്പം, ദുരൂഹമായി തുടരുന്ന സുക്കൂറാന്റെ തിരോധാന വിവരവും ഉണ്ടായിരുന്നു.

ഗരത്തിന്റെ കലുഷിതമായ തിരക്കുകളിൽ നിന്നകന്ന്, ചതുപ്പുനിലങ്ങളുടെയും നിബിഡമായ കണ്ടൽക്കാടുകളുടെയും അതിർത്തിയിലാണ് ആ പഴയ രണ്ടുനില ബംഗ്ലാവ്. നഗരത്തിൽ നിന്നും അവിടേക്ക് വീശിയടിക്കുന്ന സായാഹ്നക്കാറ്റിന് കടലുപ്പിന്റെയും ചീഞ്ഞളിഞ്ഞ മീനുകളുടെയും ദുഷിച്ച മണമാണ്. സൂര്യൻ കടലിലേക്ക് ചോരയൊഴുക്കി താഴുമ്പോൾ, ആകാശത്തിന് ഭീകരമായ ചുവപ്പുനിറം പടരും.

‘സാധു’ എന്ന പേര് കേട്ടാൽ പകൽവെളിച്ചത്തിൽപോലും ആ നഗരത്തിന്റെ നെഞ്ചുവിറയ്ക്കുമായിരുന്നു. ക്രിമിനൽ അധോലോകത്തിന്റെ ചക്രവർത്തി. വെടിയുണ്ടകൾ പായുന്ന വഴിയിൽ ദയയെന്ന വാക്ക് കേട്ടിട്ടുപോലുമില്ലാത്ത മനുഷ്യൻ. ചോര കണ്ടാൽ അവൻ കണ്ണടയ്ക്കില്ല. പക്ഷേ, സന്ധ്യ മയങ്ങുന്നതോടെ ഭീമാകാരനായ അവൻ വേറൊരാളായി മാറും.

സാധുവിന് സ്വന്തം മുറി ഒരു തടവറയായിരുന്നു. സന്ധ്യയായാൽ സ്വന്തം മുറിയിലേക്ക് വലിഞ്ഞുകയറി, വാതിലുകളെല്ലാം കട്ടികൂടിയ പൂട്ടുകളിട്ട് പൂട്ടും. മുറിയിൽ പ്രകാശം ഇരച്ചുകയറി നിൽക്കണം; ഭിത്തികളിൽ ഒരു നിഴൽ പോലുമില്ലാത്ത വണ്ണം ആയിരക്കണക്കിന് വാട്സിന്റെ ബൾബുകൾ കത്തണം. മെയിൻ ലൈൻ പവർ തകരാറിലായാൽ സെക്കൻഡുകൾക്കുള്ളിൽ തെളിയുന്ന ബാക്കപ്പ് ജനറേറ്ററുകൾ പുറത്ത് സജ്ജമായിരുന്നു.

അതിനേക്കാൾ പ്രധാനം, രാത്രി മുഴുവൻ അവനു ചുറ്റും നാല് വിശ്വസ്തരായ അനുചരന്മാർ ഉറക്കമൊഴിച്ച് സംസാരിച്ചുകൊണ്ടിരിക്കണം. തമാശയോ കള്ളക്കഥകളോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കണം. ആരെങ്കിലും ഒന്ന് കണ്ണടയ്ക്കുകയോ, ആ മുറിയിൽ ഒരു നിമിഷത്തെ നിശബ്ദത പടരുകയോ ചെയ്താൽ സാധുവിന്റെ നിയന്ത്രണം തെറ്റും. കാരണം, രാത്രിയുടെ നിശബ്ദതയിൽ അവന് ഉറങ്ങാൻ കഴിയില്ലായിരുന്നു. നിശബ്ദതയും ഇരുട്ടുമായിരുന്നു അവനുള്ളിലെ യഥാർത്ഥ ഭയം.

പഴയമ്പലത്തെ പഴകിയ ഓട്ടുപുരയിൽ കഴിഞ്ഞിരുന്ന സുക്കൂറാന്റെ ലോകം ഇതിന് നേരെ വിപരീതമായിരുന്നു. വഴിയിൽ രണ്ടുപേർ ശബ്ദമുയർത്തി സംസാരിച്ചാൽ നെഞ്ചുവിറയ്ക്കുന്ന, വഴക്കുകൾ കണ്ടാൽ വഴിമാറി നടക്കുന്ന, ഒരുറുമ്പിനെപ്പോലും നോവിക്കാത്ത പാവം മനുഷ്യൻ. പക്ഷേ സുക്കൂറാന് ഇരുട്ടിനെ ഭയമില്ലായിരുന്നു. നിശബ്ദമായ, വെളിച്ചമില്ലാത്ത തന്റെ ചെറിയ കറുത്ത മുറിയിൽ കണ്ണുകളടച്ച് കിടക്കുമ്പോഴാണ് അവന് യഥാർത്ഥ ആത്മശാന്തി ലഭിച്ചിരുന്നത്. അവൻറെ ഭാര്യ ഫാത്തിമ മാത്രമായിരുന്നു അവന്റെ ഏക ലോകം.

ഒരു കർക്കിടക രാത്രിയിൽ കഥ പൂർണ്ണമായി മാറിമറിഞ്ഞു. ആകാശത്തെ കീറിമുറിക്കുന്ന മിന്നൽപ്പിണരുകളും കൊടുങ്കാറ്റുമുള്ള രാത്രിയിൽ, സിറ്റി പൊലീസ് ഓഫീസർ വിക്രം സാധുവിന്റെ താവളം വളഞ്ഞു. വിക്രം തികഞ്ഞ തന്ത്രശാലിയായിരുന്നു; സാധുവിന്റെ ബലഹീനത അവൻ മനസ്സിലാക്കിയിരുന്നു. ഓപ്പറേഷൻ തുടങ്ങിയ ഉടൻ വിക്രം ചെയ്തത്, താവളത്തിലെ എല്ലാ പവർ സപ്ലൈയും ബാക്കപ്പ് സിസ്റ്റങ്ങളും തന്റെ വരുതിയിലാക്കുകയാണ്. സാധുവിന്റെ താവളത്തിലേക്ക് കട്ടപ്പിടിച്ച ഇരുട്ട് ഇരച്ചുകയറി. ചുറ്റും അനുചരന്മാരുടെ നിലവിളികൾ. ഒപ്പം, ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകൾ. കണ്ട്രോൾ നഷ്ടപ്പെട്ട സാധു ഭയം കൊണ്ട് വിറച്ചു. ചോരയൊലിക്കുന്ന ശരീരവുമായി അവൻ ഇരുട്ടിലേക്ക് ചാടി.

ഓട്ടത്തിനൊടുവിൽ അവൻ ചെന്നുപെട്ടത് സുക്കൂറാന്റെ പഴയ വീടിന്റെ വിജനമായ തട്ടിൻപുറത്താണ്. മരപ്പലകകളുടെയും പഴയ കടലാസുകളുടെയും ദുർഗന്ധമുള്ള ആ ഇരുട്ടിലേക്ക് അവൻ വീണു. കൂട്ടിന് ആരുമില്ലാത്ത, യാതൊരു ശബ്ദവുമില്ലാത്ത ആ കറുത്ത കോണിൽ ശ്വാസം കിട്ടാതെ പിടഞ്ഞു.

പെട്ടെന്ന് സാധുവിന്റെ തലച്ചോറ് അവനെ വഞ്ചിക്കാൻ തുടങ്ങി. കടുത്ത മാനസിക സമ്മർദ്ദവും ഭയവും കാരണം അവനെ സ്ലീപ് പരാലിസിസ് പിടികൂടി. മനസ്സ് പൂർണ്ണമായും ഉണർന്നിരിക്കുന്നു. എന്നാൽ, ശരീരം മരവിച്ച് തളർന്നുപോയിരിക്കുന്നു. നെഞ്ചിൽ ഒരായിരം കിലോ ഭാരമുള്ള പാറക്കല്ല് എടുത്തുവെച്ചതുപോലെ. ശ്വാസമെടുക്കാൻ അവൻ പിടഞ്ഞു.

അവനിൽ വിഭ്രാന്തി പടർത്തിയ ആ ഇരുട്ടിൽ, അവന്റെ കണ്ണുകൾ ജനലരികിൽ തൂങ്ങിയിരുന്ന പഴയൊരു കീറിയ തുണിയിൽ ചെന്നുടക്കി. ജനലഴികളുടെ നിഴലും ആ തുണിയുടെ മടക്കുകളും ചേർന്ന്, അവൻ പണ്ട് ക്രൂരമായി കൊല്ലപ്പെട്ട ഒരു ശത്രുവിന്റെ രൂപമായി മാറി. അത്, തന്റെ നെഞ്ചിൽ കയറിയിരുന്ന് ചോരയിറ്റാൻ വെമ്പുന്ന കണ്ണുകളോടെ തന്നെ തുറിച്ചുനോക്കുകയാണെന്ന് അവൻ തെറ്റിദ്ധരിച്ചു. നിലവിളിക്കാൻ അവൻ ആഞ്ഞുശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ കുടുങ്ങിപ്പോയി.

Read Also  മേൽക്കൂരയുടെ ഭാരം/ സനീഷ് സജീബ് എഴുതിയ കവിത

തട്ടിൻപുറത്തുനിന്നുള്ള വിചിത്രമായ പിടച്ചിലും ശബ്ദവും കേട്ടാണ് താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സുക്കൂറാനും ഭാര്യയും ഉണർന്നത്. ഭയത്തോടെയാണെങ്കിലും കൈയ്യിലെ ഹാലൊജൻ ടോർച്ചുമെടുത്ത് സുക്കൂറാൻ തട്ടിൻപുറത്തെ വാതിൽ തുറന്ന് വെളിച്ചം അങ്ങോട്ട് അടിച്ചു.

ആ ശക്തമായ വെളിച്ചം സാധുവിന്റെ കണ്ണിൽ പതിച്ച നിമിഷം അവൻ സാധാരണ നിലയിലായി. അവന്റെ പേശികളുടെ തളർച്ച മാറി. എന്നാൽ ടോർച്ചിന്റെ വെളിച്ചത്തിൽ സാധുവിന്റെ അരയിലെ തോക്കിന്റെ തിളക്കം സുക്കൂറാന്റെ കണ്ണിൽ പതിഞ്ഞു. ഭയം സഹിക്കാനാവാതെ സുക്കൂറാൻ കൈയ്യിലിരുന്ന ടോർച്ച് സാധുവിന്റെ മുഖത്തേക്ക് ഏറിയുകയായിരുന്നു!

ടോർച്ച് സാധുവിന്റെ നെറ്റിയിൽ ശക്തമായി തട്ടി നിലത്തു വീണു കറങ്ങി. കറങ്ങുന്ന ടോർച്ചിന്റെ പ്രകാശത്തിലും അതിവേഗം മാറുന്ന നിഴലുകൾക്കിടയിലും വാതിൽപ്പടിയിൽ നിൽക്കുന്ന സുക്കൂറാന്റെ ഭാര്യയുടെ രൂപം അവൻ കണ്ടു. അവന്റെ മനസ്സ് വീണ്ടും വിഭ്രാന്തിയിലായി. സാധു നിലവിളിച്ചുകൊണ്ട് തോക്കൂരി ആ രൂപത്തിന് നേരെ കാഞ്ചിയമർത്തി. നിശബ്ദതയെ കീറിമുറിച്ച വെടിയൊച്ചയോടൊപ്പം സുക്കൂറാന്റെ ഭാര്യ ചോരവാർന്ന് തറയിലേക്ക് വീണു.

കൺമുന്നിൽ തന്റെ ജീവന്റെ ജീവനായ ഭാര്യ ചോരയിൽ കുളിച്ചു വീഴുന്നത് കണ്ട സുക്കൂറാൻ അലറിക്കരഞ്ഞുകൊണ്ട് തെരുവിലേക്ക് ഓടി. അതേസമയത്താണ്, സുക്കൂറാന്റെ വീട് പൊലീസ് വളഞ്ഞതും. ശക്തമായ സെർച്ച് ലൈറ്റുകൾ തട്ടിൻപുറത്തേക്ക് അടിച്ചുകയറി. വെളിച്ചം ഇരച്ചുകയറിയപ്പോൾ സാധുവിന്റെ കണ്ണിലെ പ്രേതരൂപങ്ങളെല്ലാം മാഞ്ഞുപോയി. തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന സ്ത്രീയെയും പുറത്ത് തോക്കുചൂണ്ടി നിൽക്കുന്ന പൊലീസുകാരെയും കണ്ടതും അവൻ തോക്ക് താഴെയിട്ട്, കൈകൾ ഉയർത്തി. സുക്കൂറാനെ കുറിച്ച് പിന്നീടൊരു വിവരവും ഇല്ലാതായി.

വർഷങ്ങൾക്കിപ്പുറം ഒരു രാത്രി. അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിലെ ഏറ്റവും ഇരുണ്ട കോണിലുള്ള സെല്ലിന്റെ വാതിൽ അസാധാരണമായ ശബ്ദത്തോടെ തുറക്കപ്പെട്ടു. ആ സമയം സെല്ലിൽ മുനിഞ്ഞു കത്തുന്ന മൊട്ട ബൾബ് പൂർണ്ണമായും അണഞ്ഞു.

കട്ട പിടിച്ച ഇരുട്ടിൽ തനിക്കു നേരെ നടന്നടുക്കുന്ന ഒരു കഠാരയുടെ, ചുട്ടുപ്പഴുത്ത അഗ്നിയുടെ തീക്ഷ്ണമായ തിളക്കത്തോടൊപ്പം സെല്ലിൽ ചിന്നിച്ചിതറിയ സാധുവിന്റെ വിറങ്ങലിച്ച ശബ്ദം ജയിൽ ഭിത്തികളിൽ തട്ടി ശക്തമായി പ്രതിധ്വനിച്ചു. ഓടിക്കൂടിയ വാർഡന്മാർ പൂട്ടുത്തുറന്ന് അകത്ത് കടന്നപ്പോൾ കണ്ടത്, കുത്തിമലർത്തപ്പെട്ടു കിടക്കുന്ന സാധുവിന്റെ മൃതദേഹവും അതിൽ കുത്തിനിർത്തപ്പെട്ട കഠാരയുമാണ്.

പിറ്റേന്ന്, സാധുവിന്റെ അസാധാരണമായ കൊലപാതക വാർത്ത വൻപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പത്രങ്ങളിലും സുക്കൂറാന്റെ ഭാര്യ ഫാത്തിമയുടെ ചരമവാർഷിക പരസ്യ കോളവും പ്രത്യക്ഷപ്പെട്ടത് അധികമാരുടെയും കണ്ണിൽ പെട്ടില്ല. അതോടൊപ്പം, ദുരൂഹമായി തുടരുന്ന സുക്കൂറാന്റെ തിരോധാന വിവരവും ഉണ്ടായിരുന്നു.

Join with us

Latest Posts