ഓണം സ്‌പെഷ്യൽ- 2026

പ്രതിഭാവം പരിചയപ്പെടുത്തുന്ന നവാഗത എഴുത്തുകാരി, നസീറ അബ്ദുൽ മജീദിന്റെ രണ്ടാമത്തെ രചനയും ആദ്യത്തെ കഥയുമാണ്, ‘ഒരു ഹാജർ മറിമായം.’ ആദ്യ രചന, ‘മായമയം.’ കവിത വായിക്കാം.

AI illustration by Surya for the Short Story Oru Hajar Marimayam for Children by Naseera Abdul Majeed

ഒരു ഹാജർ മറിമായം

ദിയയും ജിനുവും മാരിയും സഹലയും ക്ലാസിലെ പിൻബെഞ്ചിലെ സ്ഥിരം കൂട്ടുകാരായിരുന്നു. അന്ന് കാലത്ത് സ്കൂളിൽ അസംബ്ലിക്കുള്ള ബെല്ല് മുഴങ്ങി:
‘ടിങ്… ടിങ്… ടിങ്…’

അസംബ്ലി നിരയിൽ സഹലയില്ല. അസംബ്ലി പിരിഞ്ഞതും കുട്ടികളെല്ലാം ക്ലാസുകളിലേക്ക് ഓടിക്കയറി. ദിയയും ജിനുവും മാരിയും പക്ഷേ, പതുക്കെ നടന്നാണ് ക്ലാസിലെത്തിയത്. അവർ ബെഞ്ചിൽ ഇരുന്നതും ക്ലാസ് ടീച്ചർ എത്തി. ടീച്ചർ ഹാജർ വിളിക്കാൻ തുടങ്ങി.

മുഖമുയർത്തി നോക്കാതെ ഹാജർ വിളിച്ചുകൊണ്ടിരിക്കുന്ന ശീലമാണ് ടീച്ചർക്ക്. പേര് വിളിച്ചയുടനെ ‘ഹാജർ ടീച്ചർ’ കേട്ടില്ലെങ്കിൽ മുഖമുയർത്തി, കണ്ണട ഇടതുകൈകൊണ്ട് ചെറുതായി ഉയർത്തിത്താഴ്ത്തി ഒരുവട്ടം കൂടി വിളിക്കും.

മൂന്നുപേരുടെയും ഹാജർവിളി കഴിഞ്ഞ്, സഹലയുടെ ഊഴം അടുത്തെത്താറായി. സഹലയെ കാണുന്നില്ല. മൂവരും പരസ്പരം നോക്കാൻ തുടങ്ങി. അപ്പോഴേക്കും, പ്രതീക്ഷിച്ചിരുന്ന ആ ‘വിളി’യെത്തി:
“സഹല…”
“ഹാജർ ടീച്ചർ”

ദിയയും മാരിയും തങ്ങളുടെ നടുവിലിരിക്കുന്ന ജിനുവിനെ നോക്കി. ജിനു അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു. അങ്ങേവശത്തെ പിൻബെഞ്ചിലെ കുട്ടികൾ അർത്ഥഗർഭമായി മൂവരെയും നോക്കി തമാശയോടെ ഗോഷ്ഠികൾ കാണിച്ചു. ഈ സമയം ടീച്ചറുടെ ഹാജറെടുപ്പ് തീരാറായിരുന്നു. അപ്പോഴാണ് വാതിൽക്കൽ നിന്ന് ആ ശബ്ദം കേട്ടത്:
“ടീച്ചർ…”

Read Also  'കെകെ' യുടെ അടിത്തറ/ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സുറാബിന്റെ നോവൽ ആരംഭിച്ചു

“യേസ്…” എന്നും പറഞ്ഞ്, ടീച്ചർ വാതിൽക്കലിലേക്ക് നോക്കി. കുട്ടികളുടെ നോട്ടവും അങ്ങോട്ടായി. ചില കുട്ടികൾ പൊട്ടിച്ചിരിച്ചു. സഹല അവിടെ നിൽക്കുന്നു…!

ക്ലാസ് തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ, പ്രധാനാധ്യാപകന്റെ ചൂരലും വീശിയുള്ള പതിവു നടത്തത്തിന്റെ നിഴൽവെട്ടം വരാന്തയുടെ അങ്ങേ അറ്റത്തു കണ്ടതും ദിയയും ജിനുവും മാരിയും ഒരേസമയം ആത്മഗതം ചെയ്തു:
“പെട്ടൂ…”

ഈ സമയം ക്ളാസിനുള്ളിൽ, ടീച്ചർ പഠിപ്പിച്ചുകൊണ്ടിരുന്നത് എഴുതിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു സഹല…!

Join with us