ഓണം സ്‌പെഷ്യൽ- 2026

AI illustration-1 by Vismaya K. G. for the Malayalam Shortstory What Happened at the Bookstall That Midday by Sathish Kalathil

ഒരു നട്ടുച്ചനേരത്ത് ആ ബുക്ക് സ്റ്റാളിൽ നടന്നത്

ആ ഓർമ്മ അവളുടെ തലച്ചോറിലൂടെ ഒരു മിന്നൽപിണർപോലെ കടന്നുപോയ ആ നേരത്താണ് അവൾ മറ്റൊരു കാര്യം ഓർത്തത്. അവൾ പെട്ടെന്ന് കൗണ്ടറിലെത്തി മേശവലിപ്പിൽനിന്ന് ഡയറിയെടുത്ത് ഇന്നത്തെ തീയതിയിലെ പേജ് തുറന്നു. അവൾക്കു തലചുറ്റുന്നതുപോലെ തോന്നി…

ആ പേജ് ശൂന്യമായി കിടക്കുന്നു!

 

“ദി സെന്റൻസ് ഉണ്ടോ?”

കൗണ്ടറിന്റെ പിന്നിലെ ഷെൽഫുകളിൽ പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനിടയിലാണ്, പിന്നിൽനിന്ന് ആ ശബ്ദം കേട്ടത്. എലീന തിരിഞ്ഞുനോക്കി. മുന്നിൽ, സാമാന്യത്തിലധികം ഉയരമുള്ള, നീളൻ ജുബയും പാന്റും ധരിച്ച ഒരു മധ്യവയസ്കൻ. കട്ടിമീശയും വെട്ടിയൊതുക്കിവെച്ച താടിയും. ഉയർന്ന മൂക്കും തീക്ഷ്ണമായ കണ്ണുകളും. സമൃദ്ധമായ തലമുടി. താടിമീശയിൽ നര ധാരാളമുണ്ടെങ്കിലും തലമുടിക്കിടയിലേക്ക് അത് അധികം പടർന്നിട്ടില്ല. നെറ്റിയിലേക്ക് ഊർന്നു കിടക്കുന്ന മുടിച്ചുരുളുകൾ ആ ആകാരഗാംഭീര്യത്തിന് ഏതോ ഒരു ബോളിവുഡ് നായകന്റെ ഛായ നൽകുന്നു. കണ്ടാൽ ശരിക്കും സമ്പന്നനായ ഒരു എഴുത്തുകാരന്റെ സകല ലക്ഷണവുമുണ്ട്.

നട്ടുച്ചനേരമാണ്. അയാളുടെ മുഖത്തും കഴുത്തിലും നേർത്ത വിയർപ്പുതുള്ളികൾ ശ്രദ്ധയിൽപെട്ട എലീന, തന്റെ കയ്യിലെ പുസ്തകങ്ങൾ മേശപ്പുറത്തുവെച്ച്, കൗണ്ടറിനുള്ളിൽ കറങ്ങിക്കൊണ്ടിരുന്ന പെഡസ്റ്റൽ ഫാൻ അയാൾക്ക് അഭിമുഖമായി തിരിച്ചുവെച്ചു. അയാൾക്കത് ഇഷ്ടപ്പെട്ടെന്ന് ആ മുഖം പറഞ്ഞു.

“എക്സ്ക്യൂസ് മീ… ആ ബുക്ക് ഉണ്ടോ ഇല്ലയോ?” അയാൾ അക്ഷമനായി.

അപ്പോഴാണ് അവൾ ഓർത്തത്, താനത്രയും നേരം അയാളെത്തന്നെ വീക്ഷിച്ചു നിൽക്കുകയായിരുന്നെന്ന്! ചമ്മൽ മറച്ച്, ഒരു ചെറുചിരിയോടെ അവൾ ചോദിച്ചു: “സോറി സർ… ഏത് ബുക്കാണു ചോദിച്ചത്?”

“ദി സെന്റൻസ്. ലൂയിസ് എർഡ്റിച്ച് എഴുതിയ അമേരിക്കൻ നോവൽ.”

“വൺ മിനിറ്റ് സർ. സ്റ്റോക്കുണ്ടോ എന്നു നോക്കട്ടെ.”

അവൾ കമ്പ്യൂട്ടർ തുറന്ന്, തിരയാൻ തുടങ്ങി. പുസ്തകത്തിന്റെ പേര് കേട്ടപ്പോൾത്തന്നെ ഓർമ വന്നിരുന്നു. പുലിറ്റ്സർ പുരസ്കാരം കിട്ടിയ നോവലാണ്. പക്ഷേ, ഇവിടെ സ്റ്റോക്കില്ല. എങ്കിലും മൗസിൽ വിരലുകൾ അല്പനേരം കൂടി അവൾ ചലിപ്പിച്ചു. ഇങ്ങനെയുള്ള കസ്റ്റമറോടു പെട്ടെന്ന് ‘ഇല്ല’ എന്നു പറയുന്നതു ബുദ്ധിയല്ല.

“സീ ബ്രീസ്… കടൽക്കാറ്റ്… നല്ല പേര്. സിമ്പിൾ, ക്ലാസിക് ആൻഡ് സോ എലിഗന്റ്!”

കസ്റ്റമർ തന്റെ കടയുടെ പേരിനെ പുകഴ്ത്തിയതു കേട്ടെങ്കിലും എലീന പ്രതികരിച്ചില്ല. കസ്റ്റമർ തന്റെ കടയുടെ പേരിനെ പുകഴ്ത്തിയതു കേട്ടെങ്കിലും എലീന പ്രതികരിച്ചില്ല. പലരും പറയാറുള്ള കാര്യമാണ്, ഇപ്പോൾ പുതുമയൊന്നും തോന്നാറില്ല. ‘യു ആർ ആൾസോ സോ പ്രെറ്റി’ എന്നോ മറ്റോ തന്നെയും ഒന്ന് പൊക്കിപ്പറയുമെന്നു പ്രതീക്ഷിച്ചു. എന്തോ, അതുണ്ടായില്ല. അല്ലെങ്കിലും, തന്നെ കാണുമ്പോൾ ഇപ്പോൾ ആർക്കാണ് അങ്ങനെ പറയാൻ തോന്നുക!

“എന്താണ് ഇങ്ങനെയൊരു പേര് സെലക്ട് ചെയ്യാൻ കാരണം?” വീണ്ടും സ്റ്റാളിനെക്കുറിച്ചാണ് ചോദ്യം. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും, എന്തു മറുപടിയാണ് ഉള്ളത്? മറ്റൊരാൾ ഇട്ട കട… അയാളുടെ ഇഷ്ടത്തിനിട്ട പേര്…

“ഈ ഭാഗത്ത് കടലൊന്നുമില്ല. അതുകൊണ്ടു ചോദിച്ചതാണ്. സോറി.”

“കടൽക്കാറ്റ് ആർക്കാണ് ഇഷ്ടമല്ലാത്തത്, സർ?”

മുഖമുയർത്താതെയാണെങ്കിലും പുഞ്ചിരിച്ചാണ് മറുപടി കൊടുത്തത്. അയാൾ ക്ഷമാപണം ചെയ്തപ്പോൾ ചെറിയൊരു വിഷമം തോന്നി. മുൻപേതന്നെ എന്തെങ്കിലും മറുപടി കൊടുക്കേണ്ടതായിരുന്നു. ആ മര്യാദ താൻ കാണിച്ചില്ല. കസ്റ്റമേഴ്സിനെ പിണക്കാൻ പാടില്ലാത്തതാണ്. തന്റെ മറുപടി അയാൾക്ക് ഇഷ്ടപ്പെട്ടെന്ന് അയാളുടെ ചിരിയിൽനിന്ന് എലീനയ്ക്ക് മനസ്സിലായി. എങ്കിലും അയാൾ അതിനെക്കുറിച്ചു പിന്നീടൊന്നും പറഞ്ഞില്ല.

“ഡിസിയിലും മാതൃഭൂമിയിലും മറ്റു ചിലയിടത്തും അന്വേഷിച്ചു. സ്റ്റോക്കില്ല. ഓൺലൈനിൽ ഓർഡർ ചെയ്താൽ മൂന്നാലു ദിവസമെടുക്കും. എനിക്ക് ഇന്നോ നാളെയോ കിട്ടണം. ടൗണിൽ നോക്കാമെന്നു കരുതി പോവുകയായിരുന്നു. അപ്പോഴാണ് ഈ കട കണ്ടത്. ഉണ്ടെങ്കിൽ കയ്യോടെ വാങ്ങാമെന്നു കരുതി.”

പറഞ്ഞത് ശരിയാകും. ആറേഴു കിലോമീറ്റർ അപ്പുറത്താണ് ടൗൺ. ഇതിലൂടെ പോകുമ്പോഴാകും സ്റ്റാൾ കണ്ടത്. എന്തായാലും, ഡിസിയിലും മാതൃഭൂമിയിലും മറ്റും അന്വേഷിച്ചെന്നു പറഞ്ഞത് ആശ്വാസമായി.

കമ്പ്യൂട്ടറിൽനിന്ന് തലയുയർത്തി അവൾ പറഞ്ഞു: “സോറി സർ… ഇവിടെയും സ്റ്റോക്കില്ല.”

അയാളുടെ മുഖത്ത് നിരാശ പടർന്നത് അവൾ കണ്ടു. ‘എന്തായാലും ഇവിടെ പ്രതീക്ഷിച്ചു കയറിയതല്ലേ…’ അവൾ മൊബൈലെടുത്ത് തന്റെ ഒരു ഡിസ്ട്രിബ്യൂട്ടറെ വിളിച്ചു. ഏതാനും സെക്കൻഡുകൾക്കുശേഷം, കോൾ കട്ടു ചെയ്യാതെ കസ്റ്റമറോട് അവൾ ചോദിച്ചു: “നാളെ വൈകുന്നേരത്തോടെ മതിയോ?”

“മതി. പക്ഷേ, നാളെ തെറ്റിപ്പോകരുത്.” അയാളിൽ ഒരു ഉന്മേഷം കണ്ടു.

“ഹാർഡ് കവർ പതിപ്പാണ് ഉള്ളത്, പേപ്പർബാക്ക് ലഭ്യമല്ല. പ്രൈസ് കൂടും. പിന്നെ, ഡെലിവറി ചാർജും കൂടും. ബൈ ഹാൻഡ് വരുത്തണം.” ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു.

“എത്രയാണെന്നു പറഞ്ഞാൽ മതി. തുക കയ്യോടെ പേ ചെയ്യാം.” അയാൾക്ക് പണമൊരു പ്രശ്നമല്ലെന്ന് എലീന ഉറപ്പിച്ചു.

അവൾ ഡിസ്ട്രിബ്യൂട്ടറോട്, “വിട്ടോ…” എന്നും പറഞ്ഞ് കോൾ കട്ടു ചെയ്തു. ‘മൂന്നാലഞ്ചു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ആ ബുക്ക് കിട്ടിയിട്ട് ഇയാൾക്കിപ്പോൾ എന്താണിത്ര അത്യാവശ്യം? വായിക്കാനാണെങ്കിൽ മൂന്നാലു ദിവസം കാത്തിരിക്കാമല്ലോ. അല്ലെങ്കിൽ വല്ല ലേഖനമോ മറ്റോ എഴുതാനാകും. ചില പബ്ലിഷേഴ്സ് അവരുടെ സ്ഥിരം എഴുത്തുകാരോട് അങ്ങനെയുള്ള കാര്യങ്ങൾ പെട്ടെന്നാകും ആവശ്യപ്പെടുക. എഗ്രിമെന്റ് റൈറ്റേഴ്സ് ആണെങ്കിൽ അവർക്കത് സമയത്തിനു ചെയ്തുകൊടുത്തേ പറ്റൂ. അതിനാണെങ്കിലും ഓൺലൈനിൽ കിൻഡിൽ പതിപ്പുണ്ടല്ലോ…’

“ക്യാഷ് എത്രയാണെന്നു പറഞ്ഞാൽ പേ ചെയ്യാമായിരുന്നു.”

അവൾ കാടുകയറി ചിന്തിച്ചുകൂട്ടുന്നതിനിടയിൽ അയാൾ സ്റ്റാളിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്തിരുന്നു. പണമടച്ച് പുസ്തകം ഉറപ്പാക്കാനുള്ള ഒരു തിടുക്കം അയാളിലുണ്ട്. അയാൾക്കു വേറെ വഴിയില്ലെന്ന് എലീനയ്ക്ക് മനസ്സിലായി. ഡെലിവറി ചാർജ് ഉൾപ്പെടെ അവൾ തുക പറഞ്ഞു.

“നാളെത്തന്നെ കിട്ടിയില്ലെങ്കിൽ എനിക്ക് പണം മടക്കിത്തരണം കേട്ടോ.”

അവൾ പറഞ്ഞ തുക അയച്ചുകൊണ്ടാണ് അയാൾ പറഞ്ഞത്. ഗൗരവത്തിൽ അങ്ങനെ പറഞ്ഞതുകേട്ടപ്പോൾ ആ ഓർഡർ എടുക്കേണ്ടിയിരുന്നില്ലെന്നു തോന്നി. അതിനുള്ളിൽ പേടിഎം ശബ്ദം മുഴങ്ങിയിരുന്നു. അവളും അതേ ഗൗരവത്തിൽതന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഇവിടത്തെ കടൽക്കാറ്റിന് ഉപ്പ് അല്പം കൂടുതലാണ് സർ. നാളെ വൈകുന്നേരം ധൈര്യമായി പോന്നോളൂ.”

“സോറി, ഞാൻ മറ്റൊരു അർത്ഥത്തിൽ പറഞ്ഞതല്ല. നാളെത്തന്നെ കിട്ടേണ്ട ആവശ്യമുണ്ട്, അതുകൊണ്ടാണ്. നാളെക്കഴിഞ്ഞാൽ പിന്നെ എനിക്കീ ബുക്കിന്റെ ആവശ്യമില്ല.”

അതുകേട്ടപ്പോൾ, അയാളുടെ ആവശ്യം എന്തോ ആകട്ടെ, അയാൾ പറഞ്ഞത് ന്യായമാണെന്ന് അവൾക്ക് തോന്നി. മേശവലിപ്പിൽനിന്ന് ഡയറിയെടുത്ത് അവൾ ഇന്നത്തെ തീയതിയിലെ പേജ് തുറന്നു. മേശപ്പുറത്തെ പെൻസ്റ്റാൻഡിൽനിന്ന് പേനയെടുത്ത് അയാളോടു പറഞ്ഞു: “കോൺടാക്ട് നമ്പറും പേരും പറഞ്ഞോളൂ. എത്തിയാലുടൻ വിളിക്കാം. മിക്കവാറും നാളെ ഈ നേരമാകുമ്പോഴേക്കും എത്തും.”

അവളുടെ കയ്യിൽനിന്ന് ഡയറിയും പേനയും വാങ്ങി, വിവരങ്ങൾ അയാൾ സ്വയം എഴുതി, ഡയറി മടക്കിക്കൊടുത്തു. അയാൾ എഴുതിവെച്ച പേരും നമ്പറും അവൾ വായിച്ചു: “തോമസ് മാത്യു, 7012490551”

“യെസ്…” അയാളതു സ്ഥിരീകരിച്ചു.

വിലാസം എഴുതിയിട്ടില്ല. നേരിട്ടു വന്ന് വാങ്ങുന്നതുകൊണ്ട് അതിന്റെ ആവശ്യമില്ല. ഡയറി വലിപ്പിൽ വെച്ചടയ്ക്കുന്നതിനിടയിൽ അയാളെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു: “നന്ദി സർ. അപ്പോൾ നാളെ വന്നോളൂ, താങ്കളുടെ ഫേവറേറ്റ് പുസ്തകം കൊണ്ടുപോകാം.”

“താങ്ക്സ് എ ലോട്ട് മാഡം, ഫോർ യുവർ എക്സലന്റ് സർവീസ്.” അയാൾ ഉപകാരസ്മരണ നടത്തി.

“യു ആർ മോസ്റ്റ് വെൽക്കം സർ… ദാറ്റ്സ് മൈ ഡ്യൂട്ടി ആൻഡ് ഇറ്റ്സ് മൈ ബിസിനസ് ടൂ…” അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. അതിനുശേഷം, മേശമേൽ വെച്ചിരുന്ന ബുക്കുകൾ വീണ്ടും ഷെൽഫിൽ അടുക്കിവെക്കാൻ തുടങ്ങി. അയാൾ അവിടെനിന്നു നീങ്ങുന്നതും കണ്ടു.

കുറച്ചുനേരം കഴിഞ്ഞു. പെട്ടെന്നാണ്, വാതിൽ കടന്നുവരുന്ന ഭാഗത്തുനിന്ന് പുസ്തകങ്ങൾ താഴെവീഴുന്ന ശബ്ദം കേട്ടത്. അവൾ നോക്കിയപ്പോൾ അവിടുത്തെ ഒരു ഷെൽഫിന്റെ അടിയിൽ കുനിഞ്ഞിരുന്ന് അയാൾ പുസ്തകങ്ങൾ പെറുക്കുകയാണ്.

‘ഇയാൾ ഇനിയും പോയില്ലേ?’ അവൾ ചിന്തിച്ചു. പുസ്തകങ്ങൾ അടുക്കുന്ന തിരക്കിനിടയിൽ സ്റ്റാളിൽനിന്ന് ഇയാൾ പോയോയെന്ന് ശ്രദ്ധിച്ചില്ല.

അവൾ അയാൾക്കരികിലെത്തി. പഴയകാല മലയാളം പുസ്തകങ്ങളുടെ സെക്കൻഡ് ഹാന്റ് കളക്ഷനുകൾക്കായി മാറ്റിവെച്ചിരിക്കുന്നതാണ് ആ ഷെൽഫ്.

“സോറി… ഞാനിതിൽ ഒരു പുസ്തകം ഉണ്ടോ എന്നു നോക്കുകയായിരുന്നു.” താഴെനിന്ന് പെറുക്കിയെടുത്ത പുസ്തകങ്ങൾ യഥാസ്ഥാനത്തു വെക്കുന്നതിനിടെ അയാൾ പറഞ്ഞു.

“ഇറ്റ്സ് ഓക്കെ… സാറിന് ഏത് പുസ്തകമാണ് ആവശ്യം? പേര് പറഞ്ഞാൽ എടുക്കാൻ ഞാൻ സഹായിക്കാം.” നീരസം പുറത്തുകാട്ടാതെ അവൾ ചോദിച്ചു.

“ഈ സ്റ്റോക്കിൽ ‘പ്രേമലേഖനം’ ഉണ്ടാകുമോ?” “ഉണ്ട് സർ… ബഷീറിന്റെ അല്ലേ?” “അല്ല.” “പിന്നെ?” “ഇയാളുടെ.” “ങേ!”

അവളുടെ അമ്പരപ്പ് കണ്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. “ബഷീറിന്റെയല്ലാതെ മലയാളത്തിൽ വേറെ ‘പ്രേമലേഖനം’ ഉണ്ടോ?”

അയാളുടെ ആ സ്വാതന്ത്ര്യം എലീനയ്ക്ക് ഇഷ്ടമായില്ല. ആദ്യം തോന്നിയ ജെന്റിൽമാൻ ഫീലിംഗ് പെട്ടെന്നു നഷ്ടമായതുപോലെ. അവൾക്ക് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. തീരെ തിരക്ക് കുറഞ്ഞ ആ കവലയിലെ ചെറിയൊരു ഷോപ്പിംഗ് കോംപ്ലക്സിലുള്ള ഒറ്റമുറി സ്റ്റാളാണിത്. തൊട്ടപ്പുറത്തും മുകളിലുമായി മറ്റു ഷോപ്പുകളുണ്ടെങ്കിലും എവിടെയും അധികം ആളനക്കമില്ല. ഈ നേരത്തിനുള്ളിൽ ഇവിടെ വന്ന ഒരേയൊരു ആളാണ് ഇയാൾ.

പക്ഷേ, തന്റെ ഉള്ളിലെ ആശങ്ക അവൾ പുറത്തുകാണിച്ചില്ല. അയാൾ ഇതുവരെ അതിരുകടന്നിട്ടില്ല എന്നവൾ ഓർത്തു. സ്വരത്തിൽ ഭാവഭേദം വരുത്താതെ അവൾ ചോദിച്ചു: “‘പ്രേമലേഖനം’ നോക്കിയെടുത്തു തരട്ടെ, സർ?”

“തീർച്ചയായും വേണം. പണ്ടൊരിക്കൽ കയ്യിൽ കിട്ടിയതാണ്, അന്നതു മുഴുവനാക്കാൻ കഴിഞ്ഞില്ല.”

അയാളുടെ വാക്കുകളിൽ ഒരു ഉത്സാഹം കണ്ടെങ്കിലും അതിൽ മോഹഭംഗത്തിന്റെ ഒരു ലാഞ്ചനയും അവൾ കണ്ടു. അയാൾ ഒതുക്കിവെച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ ‘പ്രേമലേഖനം’ എടുത്ത് അവൾ അയാൾക്കു കൊടുത്തു. ആ പുസ്തകം കൈമാറുമ്പോൾ തന്റെ കൈ ചെറുതായി വിറച്ചുവോ എന്ന് അവൾ സംശയിച്ചു.

അയാളതു തിരിച്ചും മറിച്ചും നോക്കി. പിന്നെ പുസ്തകം തുറന്ന് പേജുകൾ മറിക്കാൻ തുടങ്ങി. അയാൾ നേരം കളയുകയാണല്ലോ എന്ന് എലീന ചിന്തിച്ചതും പേജ് മറിക്കുന്നത് അയാൾ വേഗത്തിലാക്കി. ഇതിനിടയിൽ പലവട്ടം അയാൾ തുപ്പൽ തൊട്ടു മറിക്കുന്നതും കണ്ടു. അതു കണ്ടതും അവളിൽ ഈർഷ്യ നുരപൊന്തി. എങ്കിലും ഒന്നും പറഞ്ഞില്ല. ഒരിക്കൽ തനിക്കും ഈ ശീലമുണ്ടായിരുന്നു. അവളുടെ ഉള്ളിൽ തിങ്ങിവന്ന എന്തോ ഒന്നിനെ അവൾ പണിപ്പെട്ട് അടക്കി.

അപ്രതീക്ഷിതമായാണ് അയാളങ്ങനെ ചെയ്യാൻ തുടങ്ങിയത്! പുസ്തകത്തിന്റെ ഉൾപേജുകൾ ഓരോന്നിലും മണത്തു നോക്കുന്നു! ഉള്ളിലേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്കു പോകുന്ന മുറയ്ക്ക് അയാളുടെ തല വേഗത്തിൽ ഉയരാനും താഴാനും തുടങ്ങി…

ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി, ഇങ്ങനെയൊരു കാഴ്ച ആദ്യമാണ്. എലീനയുടെ ഉള്ളിൽ സംഭ്രമം കൂടിവന്നു. എന്തോ ഒരു അസ്വാഭാവികതയുള്ളതുപോലെ… ‘ഇയാൾ ഇനിയും ഇവിടെ നിന്നാൽ അപകടമാണ്,’ അവളുടെ മനസ്സ് മന്ത്രിച്ചു.

“സർ… പാക്ക് ചെയ്തോട്ടെ?” സ്വരം കഴിയാവുന്നത്ര സാധാരണമാക്കി അവൾ ചോദിച്ചു.

Read Also  'വൃത്താന്തവൃത്തം' പ്രകാശനം ചെയ്തു; പത്രപ്രവർത്തനരംഗത്തു മാത്രമല്ല സാഹിത്യത്തിലും തനതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സി.എ. കൃഷ്ണനെന്ന് രമേശ് ചെന്നിത്തല

അതുകേട്ടതും അയാൾ അവളെ ഉറ്റുനോക്കി. പിന്നെ പുസ്തകം മടക്കി ആർത്തിയോടെ അതിൽ ചുംബിച്ചു. എന്നിട്ടത് അവൾക്കുനേരെ നീട്ടി. അവൾ സ്തംഭിച്ചുപോയി! കൈനീട്ടി പുസ്തകം വാങ്ങാനും വാങ്ങാതിരിക്കാനും കഴിയാത്ത അവസ്ഥ.

അതു മനസ്സിലാക്കിയ അയാൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “പേടിക്കേണ്ട. ഈ പുസ്തകം… ഇതിന്റെ മണം… എല്ലാം എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. അന്ന് എനിക്കെന്റെ പ്രിയപ്പെട്ടവൾ സമ്മാനിച്ചതാണ് ഈ പുസ്തകം. അന്ന് ആസ്വദിച്ച് മുഴുപ്പിക്കാൻ കഴിയാത്ത ഇതിന്റെ മണം ഇന്നു വീണ്ടും മൂക്കിൻതുമ്പത്തു തട്ടിയപ്പോൾ പരിസരം മറന്നുപോയി. ക്ഷമിക്കണം.”

അയാൾ പറഞ്ഞതുകേട്ടപ്പോൾ എലീനയുടെ ഉള്ളിലൊരു കിടുക്കം അനുഭവപ്പെട്ടു. എങ്കിലും അവൾക്കു തെല്ല് ആശ്വാസമായി. അന്നേരത്തെ അയാളുടെ മാനസികാവസ്ഥ തൊട്ടറിഞ്ഞപ്പോൾ അയാളോടു പെട്ടെന്നവൾക്ക്, വൈകാരികമായ ഒരു അടുപ്പവും തോന്നി. അയാളെച്ചൊല്ലി ഉടലെടുത്ത അജ്ഞാതമായ അസ്വസ്ഥത ഒഴിഞ്ഞുപോകുന്നതുപോലെ…

അയാൾ ഡോർ തുറന്ന് പുറത്തേക്ക് കടക്കാൻ തുടങ്ങുന്നത് എലീന കണ്ടു. അപ്പോഴാണ്, തന്റെ കയ്യിൽ അയാൾ തന്ന പുസ്തകമിരിക്കുന്നത് ഓർത്തത്.

“സർ… ഈ പുസ്തകം വാങ്ങാൻ മറന്നു.”

‘പ്രേമലേഖന’വും കയ്യിൽപിടിച്ചു നിൽക്കുന്ന അവളെ നോക്കി, ഗ്ലാസ് ഡോറിന്റെ ഹാൻഡിലിൽ കൈവെച്ചു നിന്നുകൊണ്ട് അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “മറന്നതല്ല. നാളെയേ ഞാനിതു കൊണ്ടുപോകൂ. കാരണം, നാളെയാണ് ഞാനിതു വായിക്കാൻ പോകുന്നത്.”

അവൾക്കൊന്നും മനസ്സിലായില്ല. ആദ്യം പറഞ്ഞത് ‘ദി സെന്റൻസ്’ നാളെത്തന്നെ കിട്ടണമെന്നാണ്. ഇപ്പോൾ പറയുന്നു ഈ പുസ്തകം നാളെയാണു വായിക്കാൻ പോകുന്നതെന്ന്! അപ്പോൾ തന്റെ ഊഹം ശരിയായിരുന്നോ? ഇയാളുടെ തലയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ? അവൾ വീണ്ടും ആശയക്കുഴപ്പത്തിലായി.

അയാൾ പുഞ്ചിരിച്ചുകൊണ്ടു തുടർന്നു: “തെറ്റിദ്ധരിക്കേണ്ട. എനിക്ക് തലയ്ക്ക് സ്ഥിരത കുറവൊന്നുമില്ല. പക്ഷേ…”

അയാൾ ഒന്നു നിർത്തി. ഏതാനും സെക്കൻഡുകൾ കൂടി അവളെ ഉറ്റുനോക്കിനിന്നു. ഉള്ളിലേക്കു തറച്ചുകയറുന്ന അയാളുടെ ആ നോട്ടം കണ്ടെങ്കിലും തുടർന്ന് അയാൾ പറയാൻ പോകുന്ന വാചകത്തിനായി അവൾ ചെവികൂർപ്പിച്ചു നിന്നു.

“ഇന്ന് രാത്രി നിങ്ങൾ ഈ ബുക്ക് ഒരിക്കൽ കൂടി വായിക്കണം. നാളെ ഇതേ ബുക്ക് എനിക്കു തിരിച്ചുതരണം.”

ആ വാക്കുകൾ കേട്ട് അവൾ അമ്പരന്നു. അവളുടെ മുന്നിൽ ഡോർ തുറന്നടഞ്ഞു. കൺമുന്നിൽനിന്ന് അയാൾ മറഞ്ഞു. എന്നിട്ടും അവൾ അവിടെ തറഞ്ഞുനിന്നു. ഏറ്റവും ഒടുവിൽ അയാൾ പറഞ്ഞിട്ടുപോയ ആ വാക്കുകൾ അപ്പോഴും അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.

AI illustration-2 by Vismaya K. G. for the Malayalam Shortstory What Happened at the Bookstall That Midday by Sathish Kalathil

‘അയാൾ എന്തൊക്കെയാണു പറഞ്ഞിട്ടുപോയത്? ഒരിക്കൽ കൂടി താനീ പുസ്തകം വായിക്കണമെന്നോ? എന്തിന്? എത്രയോ വട്ടം താനിതു വായിച്ചിട്ടുണ്ട്! അല്ലെങ്കിൽത്തന്നെ, അയാൾക്കെങ്ങനെ മനസ്സിലായി താനീ ബുക്ക് മുൻപു വായിച്ചിട്ടുണ്ടെന്ന്? പുസ്തകക്കടയിലായതുകൊണ്ട് ഊഹിച്ചതാകുമോ?’ അവൾക്കൊന്നും മനസ്സിലായില്ല.

അന്ന്, കോളേജ് ലൈബ്രറിയിൽ വെച്ച് ഒറ്റയിരുപ്പിന് തീർത്ത ഈ പുസ്തകമാണ് തനിക്ക് തോമസിനോടു തോന്നിയ ഇഷ്ടത്തെ ഒരു ജ്വരമാക്കി മാറ്റിയത്. അന്നത്തെ അവന്റെ രൂപം കണ്ണിൽനിന്നും പോയിട്ടില്ല. ഇരുനിറത്തിൽ, മെലിഞ്ഞ ശരീരമായിരുന്നു അവന്റേത്. നല്ല ഉയരവും കോലൻ മുടിയും കട്ടിമീശയും തിളക്കമുള്ള കണ്ണുകളും. കോളേജിലെ ബാസ്കറ്റ്ബോൾ ടീമിലെ സ്ഥിരം ക്യാപ്റ്റനായിരുന്നു അവൻ.

കോളേജിൽ അവനൊരു കൊച്ചു അമിതാഭ് ബച്ചനായിരുന്നു. അവന്റെ മറ്റ് ആരാധികമാരെപ്പോലെ ആയിരുന്നില്ല, അവന് താനും തന്റെ ഉറ്റചങ്ങാതിയും റൂംമേറ്റുമായിരുന്ന ഗ്രേസിയും. തന്നെക്കാൾ കൂടുതൽ അവൻ അടുത്തിടപഴകിയിരുന്നത് ഗ്രേസിയോടായിരുന്നു. ഗ്രേസിയും അവനും തമ്മിൽ ഇഷ്ടത്തിലാണെന്ന് ഗ്രേസി പറഞ്ഞിരുന്നു. പക്ഷേ, അക്കാര്യം ഒരിക്കലും അവൻ പുറത്തു കാണിച്ചിരുന്നില്ല. അവളുടെ അച്ഛൻ വലിയ പ്രതാപിയായിരുന്നു; മൂന്നാലു സ്വർണ്ണക്കടകൾ അടക്കം, ധാരാളം സ്ഥാപനങ്ങൾ അവർക്കുണ്ട്. അവൻ ഒരു തെങ്ങുകയറ്റക്കാരന്റെ മകനും. അതുകൊണ്ടാകാം തന്നോടുപോലും പറയാതിരുന്നത്. താനും അവനോടു ചോദിച്ചില്ല.

പക്ഷേ, ഉള്ളിന്റെയുള്ളിൽ അവനെ മോഹിക്കാതിരിക്കാനും കഴിഞ്ഞില്ല. അതേപ്പറ്റി ഒരു ചെറിയ സൂചന കൊടുക്കാനും താൻ ശ്രമിച്ചിട്ടില്ല. പകരം ‘പ്രേമലേഖന’ത്തിന്റെ ഒരു കോപ്പി വാങ്ങി കയ്യിൽ സൂക്ഷിച്ചു. പല രാത്രികളിലും വായിക്കാനെന്ന വ്യാജേന അതും കെട്ടിപ്പിടിച്ചുറങ്ങി. അതു കയ്യിലുള്ളപ്പോൾ അവനും തന്നോടൊപ്പം ഉണ്ടെന്നു വിശ്വസിച്ചു. ദൂരെനിന്ന് അവനെ സ്വന്തമാക്കി.

ആരുമറിയാതെ, ആരെയും വേദനിപ്പിക്കാതെ ചെയ്ത ആ ഒരു തെറ്റിന് വിധി തന്നെ ക്രൂരമായി ശിക്ഷിച്ചു. അതിനേക്കാൾ ക്രൂരമായി തോമസിനെയും… പിൽക്കാലത്ത്, ചിലപ്പോഴൊക്കെ ഗ്രേസിയെയും എന്നും തോന്നിയിട്ടുണ്ട്. അവളും പാവമായിരുന്നു.

അന്നൊരു ശനിയാഴ്ച, തോമസിന്റെ ബർത്ത് ഡേയുടെ അന്നാണ് അവൻ മരണപ്പെടുന്നത്. അതിനും ഏതാനും ദിവസങ്ങൾക്കു മുൻപ്, ഗ്രേസി തോമസുമായി തെറ്റിപ്പിരിഞ്ഞിരുന്നു. അവന്റെ ബാസ്കറ്റ്ബോൾ ടീമിലെ ഒരു പെൺകുട്ടിയുമായി അവന് ബന്ധമുണ്ടെന്ന് അവളുടെ ഏതോ കൂട്ടുകാരി പറഞ്ഞെന്നാണ് ഗ്രേസി തന്നോട് പറഞ്ഞത്. അത് കളവായിരിക്കും എന്ന് അവളോട് പലവട്ടം പറഞ്ഞുനോക്കി; അവൾ കേട്ടില്ല. ഒടുവിൽ ഇവർക്കിടയിലെ പിണക്കം മാറ്റാൻ തോമസിനെ കാണാൻ ചെന്നതാണ് അന്ന്.

അന്നവന്റെ ബർത്ത് ഡേയാണെന്ന് അറിഞ്ഞുതന്നെയാണു ചെന്നത്. അന്നു കഴിഞ്ഞു മൂന്നാം പക്കമാണ് തിരുവോണം. ഒട്ടുമിക്ക കുട്ടികളും നാട്ടിൽ പോയിക്കഴിഞ്ഞിരുന്നു. ഗ്രേസിയേയും കൂട്ടിച്ചെന്ന്, തോമസിന്റെ ബർത്ത് ഡേയ്ക്ക് സർപ്രൈസായി ഒരു വിഷ് കൊടുത്തിട്ടു പോകാമെന്ന് കരുതി. അവളെ പറഞ്ഞു സമ്മതിപ്പിച്ചു വെച്ചതുമാണ്. പക്ഷെ, അന്ന് നേരം വെളുത്തതും ഗ്രേസി കാലുമാറി. ദേഷ്യപ്പെട്ടു പറഞ്ഞു നോക്കിയെങ്കിലും ഫലിച്ചില്ല. അവൾ വരുന്നില്ലെന്നു തീർത്തുപറഞ്ഞു. പിന്നെ നിർബന്ധിച്ചില്ല.

അന്നേരം തോന്നി, ഗ്രേസി തന്നയച്ചതാണെന്നും പറഞ്ഞ് ഒരു ഗിഫ്റ്റ് അവനു കൊടുക്കണമെന്ന്. ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ തന്റെ പ്രിയപ്പെട്ട പുസ്തകവും സമ്മാനിച്ച്, കഴിയാവുന്നത്ര ഉപദേശിക്കുകയും ചെയ്തു. ഹോസ്റ്റലിന്റെ പടികടന്നു പോന്നിട്ടും, താൻ പോകുന്നതും നോക്കി തോമസ് നിന്നിരുന്നത് ഹോസ്റ്റൽ വളവിൽ വെച്ച് താൻ കണ്ടിരുന്നു. താൻ പറഞ്ഞ കുറ്റാരോപണങ്ങളെല്ലാം കേട്ടിട്ടും അവൻ ഒരക്ഷരം മറുത്തു പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഓർക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി സംഭവിച്ച തോമസിന്റെ ദുരൂഹമരണം തന്റെ ജീവിതത്തെയും പെട്ടെന്നാണു ബാധിച്ചത്. കട്ടിലിൽ, തോമസിന്റെ ബോഡിക്കരികെ കണ്ട ‘പ്രേമലേഖനം’ മാത്രമാണ് പോലീസിനു കിട്ടിയ ഒരേയൊരു തെളിവ്. തോമസിന്റെ കൂട്ടുകാരാരോ പറഞ്ഞിരുന്നു, തോമസ് താനുമായി പ്രണയത്തിലാണെന്ന്. താനതു തിരുത്താനും ശ്രമിച്ചില്ല. അങ്ങനെ ചെയ്താൽ അന്വേഷണം ഒരുപക്ഷേ ഗ്രേസിയിലേക്കും നീളുമായിരുന്നു. പിന്നെ, തന്റെ അതിനിഗൂഢമായ ആ സ്വപ്നം അങ്ങനെയെങ്കിലും തന്നോടു ചേർന്നു കിടക്കട്ടെ എന്നും കരുതി.

തോമസിന് മറ്റു ചില പെൺകുട്ടികളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അതിനെച്ചൊല്ലി അന്ന് അവനുമായി താൻ വഴക്കുണ്ടാക്കിയെന്നും പോലീസിനോട് താൻ പറഞ്ഞു. പക്ഷേ, അതിന്റെ പേരിൽ മാത്രം തന്നെ പ്രതിയാക്കാൻ അവർക്കു സാധിച്ചില്ല. അവരെപ്പോലെ മരണകാരണം തനിക്കും അജ്ഞാതമായിരുന്നു.

പിന്നീട്, മൂന്നാലഞ്ചു വർഷങ്ങൾക്കുശേഷമാണ് ഗ്രേസിയുടെ കത്ത് കിട്ടുന്നത്. ഹോസ്റ്റലിൽനിന്ന് താൻ പടിയിറക്കപ്പെട്ട അന്ന് തങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞതാണ്. അന്നവളുടെ തല കുനിഞ്ഞിരുന്നു. അതിനുശേഷം അവളുടെ നേരിട്ടുള്ള സാന്നിധ്യം ആ കത്തിലൂടെയാണ് അനുഭവിക്കുന്നത്. ഇടയ്ക്കെപ്പോഴോ അവൾ വിവാഹം കഴിച്ച കാര്യമറിഞ്ഞു.

അവളയച്ച കത്തിൽ രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമാണ് എഴുതിയിരുന്നത്: അന്ന് തോമസിനെയല്ല, തന്നെ കൊല്ലാനാണ് അവൾ പദ്ധതിയിട്ടത്! തലേന്നാൾ വൈകുന്നേരം പുസ്തകത്തിന്റെ പേജുകളിൽ ചിലയിടത്ത് അവൾ സൈനൈഡ് പുരട്ടിവെച്ചിരുന്നു. താൻ ആ പുസ്തകം അവനു കൊടുക്കുമെന്ന് അവൾ കരുതിയില്ല. അവൾ ചെയ്ത ആ മഹാപാപത്തിന് തന്നോട് മാപ്പ് ചോദിക്കുന്നുവെന്നും എഴുതിയിരുന്നു.

ആ കത്ത് അടുക്കളയിലെ എരിയുന്ന അടുപ്പിലേക്കു ചുരുട്ടിക്കൂട്ടി എറിഞ്ഞത് ഇപ്പോഴും കൺമുൻപിലുണ്ട്. ആ കത്തുകിട്ടി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോഴായിരുന്നു അവളുടെ ആത്മഹത്യ. സൈനൈഡ് കഴിച്ചാണ് ആ കൃത്യവും അവൾ ചെയ്തത്. ആ വാർത്ത അറിഞ്ഞപ്പോൾ തന്നിൽ ഒരു നെടുവീർപ്പുണ്ടായി. അത്രമാത്രം…

കഴിഞ്ഞകാലത്തിന്റെ അഭിശപ്ത ഓർമ്മകളുടെ കുരുക്കിൽനിന്നു മോചിതയാകാ൯ പിന്നെയും എത്രയോ ദിനരാത്രങ്ങൾ… മാസങ്ങൾ… വർഷങ്ങൾ… എത്ര വേനലും വർഷവും താനറിയാതെ തന്നെ കടന്നുപോയി! കുഴിച്ചുമൂടിയതെല്ലാം വർഷങ്ങൾക്കിപ്പുറം ഓർമ്മിപ്പിക്കാൻ എന്തിനാണ് അയാളിപ്പോൾ കടന്നുവന്നത്?

അയാളുടെ പ്രവൃത്തികളിലും വാക്കുകളിലും എന്തോ ഒരു ദുഃസൂചനയുണ്ടെന്ന ആശങ്ക ഉള്ളിൽ കടന്നപ്പോഴാണ് എലീന മറ്റൊരു കാര്യം ഓർത്തത്:

‘ഡോർ അടയാൻ നേരം അതിൽ തട്ടിച്ചിതറിയ നട്ടുച്ചസൂര്യന്റെ ചീളുകൾ, തന്നെ ഉറ്റുനോക്കിനിന്നിരുന്ന അയാളുടെ കണ്ണുകളിലും ചിതറിക്കിടന്നിരുന്നത്, താൻ കണ്ടിരുന്നു…’

ആ ഓർമ്മ അവളുടെ തലച്ചോറിലൂടെ ഒരു മിന്നൽപിണർപോലെ കടന്നുപോയ ആ നേരത്താണ് അവൾ മറ്റൊരു കാര്യം ഓർത്തത്. അവൾ പെട്ടെന്ന് കൗണ്ടറിലെത്തി മേശവലിപ്പിൽനിന്ന് ഡയറിയെടുത്ത് ഇന്നത്തെ തീയതിയിലെ പേജ് തുറന്നു. അവൾക്കു തലചുറ്റുന്നതുപോലെ തോന്നി…

ആ പേജ് ശൂന്യമായി കിടക്കുന്നു!

മുന്നിലേക്കും പിന്നിലേക്കും പലയാവർത്തി മറിച്ച് അവൾ ഓരോ പേജും അരിച്ചുപെറുക്കി. ഒരിടത്തും അയാളുടെ നമ്പറോ പേരോ ഇല്ല! ഇരുട്ട് ഇരച്ചെത്തിയ എലീനയുടെ കണ്ണുകളിൽ ഇന്നത്തെ തീയതി പേജിലെ ‘വെള്ളിയാഴ്ച’ എന്ന പ്രിന്റുമാത്രം തെളിഞ്ഞു തെളിഞ്ഞു വന്നു!

ഇല്ലുസ്ട്രേഷൻ: വിസ്മയ കെ. ജി.

Trending Now

Join with us