
കാലത്തിന്റെ സൂചികൾ
പീതാംബരൻ പെട്ടിയിൽ നിന്നും കണ്ണുകളുയർത്തി ആ ചെറുപ്പക്കാരനെ സാകൂതം നോക്കി. അന്നേരം, പീതാംബരന്റെ കണ്ണുകളിൽ നിന്നും ഒഴുകിയിരുന്ന ആനന്ദജലധാര ആ ചെറുപ്പക്കാരനെ ആ ഗ്രാമഫോൺ ക്ലോക്കിന്റെ രഹസ്യത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
പഴയൊരു നഗരത്തിന്റെ വാർദ്ധക്യം ബാധിച്ച കോണിലായിരുന്നു ‘ടൈം ഹോസ്പിറ്റൽ’. മങ്ങിപ്പോയ ബോർഡിന് പിന്നിൽ, സെക്കൻഡുകളുടെ കൃത്യതയുള്ള ശബ്ദങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ചെറിയ സാമ്രാജ്യം. എഴുപതിലെത്തിയ പീതാംബരന്റെ ലോകമാണത്.
വലിപ്പമേറിയ ലെൻസുള്ള കണ്ണടയിലൂടെ അയാൾ നോക്കുമ്പോൾ ഡിജിറ്റൽ യുഗം പടിപ്പുറത്ത് കാത്തുനിന്നു. പെൻഡുലങ്ങളുടെ ചാഞ്ചാട്ടത്തിനും ഗിയറുകളുടെ തിരുമ്മലുകൾക്കുമിടയിൽ, നിർജീവമായ ക്ലോക്കുകൾക്ക് തിരികെ ജീവൻ നൽകുന്ന അവിടത്തെ അവസാനത്തെ യാത്രികനായിരുന്നു അയാൾ.
അയാളുടെ മുറിയുടെ ചുവരുകളിൽ പല കാലങ്ങളിൽ നിന്ന് അനാഥമായി എത്തിച്ചേർന്ന നൂറിലേറെ ക്ലോക്കുകൾ തൂങ്ങിക്കിടന്നു. ചിലത് വേഗത്തിൽ ഓടി; ചിലത് മന്ദഗതിയിൽ നടന്നു. എല്ലാറ്റിന്റെയും ‘ടിക് ടിക്’ ശബ്ദങ്ങൾ ഒരുമിച്ച് ചേരുമ്പോൾ, സമയം വരിവരിയായി ഒഴുകുന്നൊരു വിസ്തൃതമായ പുഴയുടെ നടുവിൽ നിൽക്കുന്ന അനുഭൂതിയാണ് പീതാംബരന്.
ലോകത്തിലെ ഏത് ക്ലോക്കിന്റെയും സങ്കീർണ്ണമായ കേടുപാടുകൾ തീർക്കാൻ അയാളിലെ കരവിരുതിന് കഴിഞ്ഞിരുന്നു. പക്ഷെ, സ്വന്തം ജീവിതത്തിന്റെ സങ്കീർണ്ണതകളെ തീർക്കാനോ കൈവിട്ടുപോയ നിമിഷങ്ങളെ വീണ്ടെടുക്കാനോ അയാൾക്കായില്ല. അല്ലെങ്കിലും, ഘടികാരസൂചികളെ പുറകോട്ട് തിരിക്കാൻ കഴിയുന്നതുപോലെ, കവർന്നെടുക്കപ്പെട്ട കാലത്തെ പുറകോട്ട് തിരിക്കാൻ കഴിയില്ലല്ലോ.
ഇരുപത് വർഷങ്ങൾക്ക് മുൻപത്തെ ഒരു ഇടവപ്പാതി രാത്രി. നിസ്സാരമായ വാക്കുതർക്കത്തിന്റെ ശക്തമായ ഒരു പൊട്ടിത്തെറിയിൽ, തനിക്കേറെ പ്രിയപ്പെട്ട തന്റെ ഗ്രാമഫോൺ ക്ലോക്കുമെടുത്ത്, വാതിൽ ശക്തിയായി അടച്ച്, വീടുവിട്ടിറങ്ങിപ്പോയതാണ് അന്ന് മകൻ ഹരി. തന്നോടുള്ള വാശികൊണ്ടാണ് അവൻ ആ ക്ലോക്കും എടുത്തു പോയത്. അവനറിയാം അതിനോടുള്ള തന്റെ അറ്റാച്ചുമെന്റ്. അവന്റെ പ്രായത്തിൽ, തന്റെ അച്ഛനൊപ്പം കടയിൽ പോയിരുന്ന കാലത്ത്, താൻ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ് അത്.
അവൻ ഇറങ്ങിപ്പോകുമ്പോൾ ആ ക്ളോക്ക് ഒൻപതു വട്ടം സംഗീതാത്മകമായി ശബ്ദിച്ചിരുന്നത് അയാൾ കേട്ടിരുന്നു. ആ ശബ്ദം തന്റെ കാതുകളിൽ നിലച്ച ആ നിമിഷം മുതൽ, തന്റെ വീട്ടിൽ പിന്നീടൊരു ക്ലോക്കും ശബ്ദിച്ചിട്ടില്ല. ഒരു സംഗീതവും മുഴങ്ങിയിട്ടില്ല. പക്ഷെ, അന്നുമുതൽ കഴിഞ്ഞുപോയ ഇരുപതു വർഷങ്ങളായി, രാത്രികളിൽ പീതാംബരന്റെ കാതുകളിൽ ഒരേ സംഗീതം ഒൻപതു വട്ടം ശബ്ദിക്കുമായിരുന്നു. പീതാംബരനു മാത്രം അറിയാവുന്ന ഒരു രഹസ്യമായി അതിന്നും തുടരുന്നു.
ഒരു മഴയുള്ള സന്ധ്യയിൽ, പൂട്ടാൻ തുടങ്ങുകയായിരുന്ന കടയുടെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറിവന്നു. അയാളുടെ കൈയ്യിൽ വലിയൊരു ബാഗുണ്ടായിരുന്നു. അതിൽ നിന്നും, പഴയൊരു തുണിയിൽ പൊതിഞ്ഞ ഭാരമുള്ള എന്തോ ഒന്നെടുത്ത് അയാൾ മേശപ്പുറത്ത് വെച്ചു. പീതാംബരനു മുന്നിൽ ആ തുണിപ്പൊതി ചെറുപ്പക്കാരൻ തുറന്നു. അതൊരു ഹാർമോണിയം പെട്ടിപോലെയാണ് ആദ്യം പീതാംബരനു തോന്നിയത്. ഒരു നിമിഷം അതിലേക്ക് അയാൾ നോക്കി നിന്നു. പെട്ടെന്ന് അയാളുടെ നാഡീവ്യൂഹങ്ങളിൽ ഒരു നടുക്കം പടർന്നു.
അതു തന്റെ പഴയാ ഗ്രാമഫോൺ ക്ലോക്കായിരുന്നുവെന്ന് അയാൾ ക്ഷണം തിരിച്ചറിഞ്ഞു. അയാൾ അതിന്റെ മൂടി തുറന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഹരി കൈയിലെടുത്തു കൊണ്ടുപോയ അതേ ഗ്രാമഫോൺ ക്ലോക്ക്! തന്റെ അമ്മയോട് താൻ തല്ലുകൂടി വാങ്ങിയ അമ്മയുടെ ചിത്രപ്പണികളോടുകൂടിയ മരപ്പെട്ടിയിൽ താൻ സ്വന്തമായി പണിതെടുത്ത തന്റെ പ്രിയപ്പെട്ട റെക്കോർഡ് ഗ്രാമഫോൺ ക്ലോക്ക്!! അതിന്റെ വെങ്കല സൂചികൾ ഇപ്പോഴും ഒൻപത് മണിയുടെ തടവറയിലാണ്!!!
“ഇതൊന്ന് പരിശോധിക്കാമോ?” ആ ചെറുപ്പക്കാരൻ ചോദിച്ചു. “ഇതിന്റെ ഹൃദയമിടിപ്പ് നിലച്ചിട്ട് വർഷങ്ങളായെന്നു തോന്നുന്നു. എന്റെ അച്ഛൻ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പക്ഷെ, ഇത് ഇതുവരെയും ശബ്ദിച്ചു കേട്ടിട്ടില്ല. ചോദിക്കുമ്പോൾ പറയും, അതിന്റെ ചാവി നഷ്ടപ്പെട്ടെന്ന്. എന്നിട്ടും അച്ഛനിത് ഉപേക്ഷിക്കാതെ വെച്ചിരിക്കുന്നതു കണ്ടപ്പോൾ എനിക്കു തോന്നി, അച്ഛന് ഇതിനോടെന്തോ ബന്ധമുണ്ടെന്ന്. പലയിടത്തും കൊണ്ടുപോയി കാണിച്ചെങ്കിലും ആർക്കും നന്നാക്കാൻ കഴിഞ്ഞില്ല.” ചെറുപ്പക്കാരൻ ഒന്നു നിർത്തി. പിന്നെ തുടർന്നു, “കഴിഞ്ഞ മാസം, അച്ഛൻ ആശുപത്രി കിടക്കയിൽ വെച്ച് യാത്രയാകുന്നതിന് മുൻപാണ് പറഞ്ഞത്, ഇവിടെ ഇങ്ങനെയൊരു കടയുണ്ട്. ഒന്നു പോയി കാണിക്കാൻ.”
ചെറുപ്പക്കാരൻ ഒടുവിൽ പറഞ്ഞ വാചകം പീതാംബരന്റെ നെഞ്ചിലേക്ക് ആഞ്ഞു പതിച്ചു. മകനോട് ഒരിക്കലെങ്കിലും ‘മാപ്പ്’ എന്ന് പറയാൻ കാത്തിരുന്ന ആ ഇരുപത് വർഷങ്ങൾ വ്യർത്ഥമായെന്ന് അയാൾ തിരിച്ചറിഞ്ഞു. പീതാംബരന്റെ വിറയ്ക്കുന്ന വിരലുകൾ ആ പെട്ടിയിൽ പരതി നടന്നു. അയാൾ ഒരു പിന്നെടുത്ത് പെട്ടിയുടെ വലതു സൈഡിലെ ഹാന്ഡിലിനു താഴെ എവിടെയോ കുത്തുന്നതും ആ ഭാഗത്ത് ഒരു മരപ്പാളി തുറന്നു വരുന്നതും ചെറുപ്പക്കാരൻ അത്ഭുതത്തോടെ നോക്കിനിന്നു.
ആ മരപ്പാളിയിൽ ഇരുന്നിരുന്ന കീ എടുത്ത് അതിലേക്ക് പീതാംബരൻ കുറച്ചു നേരം നോക്കി നിന്നു. പിന്നെ, ക്ളോക്കിന്റെ ഭാഗത്തുള്ള കീദ്വാരത്തിൽ ഇട്ട് പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നത് കൗതുകത്തോടെ അവൻ നോക്കി നിന്നു. അതിനുശേഷം, കടയുടെ ഷെൽഫിലെ ഏതോ ഭാഗത്തു നിന്നും എടുത്ത ഒരു റെക്കോർഡ് ഡിസ്ക് പീതാംബരൻ പ്ലെയറിൽ വെയ്ക്കുന്നതും അവൻ കണ്ടു.
അതേ നേരത്താണ്, ആ അന്തരീക്ഷത്തിൽ ഒരു പ്രത്യേക സംഗീതം, മണിയൊച്ചയായി മുഴങ്ങിയത്. അത് ഒൻപതു വട്ടം അടിച്ചു നിന്നതും അതിലെ റെക്കോർഡ് പ്ലെയർ പതുക്കെ ചലിക്കാൻ തുടങ്ങി. അവിടെ ഏതോ ഒരു പഴയ ഹിന്ദി സിനിമാ പാട്ട് അലയടിക്കാൻ തുടങ്ങി. അതു കേട്ടതും ചെറുപ്പക്കാരൻ ഓർത്തു: ഈ പാട്ടായിരുന്നല്ലോ അച്ഛൻ കൂടെക്കൂടെ പാടിയിരുന്നത്..!
പീതാംബരൻ പെട്ടിയിൽ നിന്നും കണ്ണുകളുയർത്തി ആ ചെറുപ്പക്കാരനെ സാകൂതം നോക്കി. അന്നേരം, പീതാംബരന്റെ കണ്ണുകളിൽ നിന്നും ഒഴുകിയിരുന്ന ആനന്ദജലധാര ആ ചെറുപ്പക്കാരനെ ആ ഗ്രാമഫോൺ ക്ലോക്കിന്റെ രഹസ്യത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.







