ഓണം സ്പെഷ്യൽ- 2026

ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്ന ഏതൊരു കലാരൂപവും പെട്ടെന്നുണ്ടാകുന്ന ഒന്നല്ല; അത് വിവിധ സംസ്കാരങ്ങളുടെയും ചരിത്രസന്ധികളുടെയും സ്വാഭാവികമായ കൈമാറ്റമാണ്. തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ ഇന്ന് നാം കാണുന്ന പുലിക്കളി എന്ന ആയോധന മഹാമഹത്തിനു പിന്നിലും നിരവധി ചരിത്ര-സാംസ്കാരിക കഥകൾ ഉറങ്ങിക്കിടപ്പുണ്ട്.
കേരളത്തിന്റെ തനത് ഉത്സവങ്ങളിൽ ഏറ്റവും ജനകീയവും വിപുലവുമായ ഓണത്തിന്റെ പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപനമായി നാലാം ഓണ നാളിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന കടുവക്കളി അഥവാ പുലിക്കളി, നാടോടി-ആയോധനകലകളുടെ ഒരു സമ്മിശ്ര ദൃശ്യവിസ്മയ വിരുന്നാണ്.
തൃശ്ശൂരിനു പുറമെ പാലക്കാട്, കൊല്ലം, തിരുവനന്തപുരം, കാസർകോട് തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും പുലിക്കളി അരങ്ങേറുന്നുണ്ട്. എങ്കിലും തൃശ്ശൂരിലെ പുലിക്കളിയാണ് കേരളത്തിലെ ഈ കലാരൂപത്തിന്റെ ഏറ്റവും പഴക്കമേറിയതും വികസിച്ചതുമായ രൂപമായി കണക്കാക്കപ്പെടുന്നത്.
ഒരു സംസ്ഥാന ആഘോഷത്തിനപ്പുറം, ‘കേരളത്തിന്റെ ദേശീയോത്സവം’ എന്ന പരിവേഷത്തിലേക്ക് ഓണത്തെ എത്തിക്കുന്നതിൽ ഈ നാടോടി നൃത്ത-വാദ്യ കലാരൂപത്തിനും തനതായ സ്ഥാനമുണ്ട്. അതിപുരാതനക്കാലത്ത് രൂപംകൊണ്ടതെന്നു കരുതപ്പെടുന്ന പുലിക്കളിയുടെ നരവംശശാസ്ത്രപരമായ പശ്ചാത്തലവും ചരിത്ര-സാംസ്കാരിക വികാസപരിണാമങ്ങളും നൂറ്റാണ്ടുകളോളം ആഴത്തിൽ വേരൂന്നിക്കിടക്കുന്ന ഒന്നാണ്.
ആദിമ മനുഷ്യൻ പ്രകൃതിയെയും വന്യജീവികളെയും ഭയപ്പാടോടെയും ആദരവോടെയും വീക്ഷിച്ചിരുന്ന കാലത്ത്, വന്യമൃഗങ്ങളുടെ ശൗര്യവും കരുത്തും തങ്ങളിലേക്ക് ആവാഹിച്ചെടുക്കാനും അവയെ കീഴ്പ്പെടുത്താനുമായി മൃഗങ്ങളോട് ഒരു മാനസിക താദാത്മ്യപ്പെടൽ അവലംബിച്ചിരുന്നു. വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും മുൻപേ, പ്രകൃതിദത്തമായ വിവിധ രൂപകങ്ങൾക്ക് പുറമെ, മൃഗരൂപങ്ങൾ ശരീരത്തിൽ വരച്ചു ചേർത്തോ, അവ കൃത്രിമമായി ഉണ്ടാക്കിയോ, അവയുടെ തോലും തലയും മറ്റും അണിഞ്ഞോ ജീവിച്ചിരുന്ന രീതി പ്രാചീന ഗോത്രസമൂഹങ്ങളുടെ സ്വഭാവങ്ങളിൽ നിലനിന്നിരുന്നതായി കാണാം.
ഇതിന്റെയൊരു സാമ്യത പുലിക്കളിയിലും കാണാവുന്നതാണ്. നരവംശശാസ്ത്രപരമായി പറയുകയാണെങ്കിൽ, കാടിന്റെ (പ്രകൃതിയുടെ) വന്യതയെ സ്വന്തം ശരീരത്തിലേക്ക് വരച്ചുചേർത്തുകൊണ്ട് നടത്തുന്ന ആദ്യകാല വേട്ടയാടൽ ശീലത്തിന്റെയും, മെയ്യെഴുത്തിലൂടെ തങ്ങളുടെ ഗോത്ര അടയാളങ്ങളും പ്രകൃതിബന്ധവും പ്രകടിപ്പിച്ചിരുന്ന രീതിയുടെയും സാംസ്കാരിക തുടർച്ചയായി വന്നതാകണം പുലിക്കളി എന്ന ഈ പ്രാചീന കലാരൂപം.
വനഭൂമികൾ കൃഷിഭൂമികളായും ഗ്രാമങ്ങളായും നഗരങ്ങളായും മാറിയപ്പോഴും ആദിമ വേട്ടയാടൽ സംസ്കാരത്തിന്റെ സ്മരണകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിലനിൽക്കുന്നതോ പിൽക്കാലത്ത് രൂപപ്പെട്ടതോ ആയ കലാരൂപങ്ങളിൽ അവശേഷിച്ചു. പുലിക്കളിപോലെയുള്ള കലകളിൽ കാണപ്പെടുന്ന, വേട്ടക്കാരനും ഇരയും തമ്മിലുള്ള സംഘർഷങ്ങളിലും താളവാദ്യങ്ങളിലും ചുവടുവെപ്പുകളിലും ആദിമകാല വേട്ടയാടൽ സംസ്കാരത്തിന്റെ ബഹിർസ്ഫുരണങ്ങൾ കാണാം.
പുലിവേഷക്കളിയിലെ സംഘകാല സ്വാധീനം:
കായികക്ഷമതയും ആയോധനമുറകളും താളബോധവും ഒത്തുചേരുന്ന അപൂർവ്വം നാടോടിക്കലകളിൽ ഒന്നായ പുലിക്കളിയ്ക്ക് എഴുതപ്പെട്ട ഒരു പ്രാഥമിക ചരിത്രത്തിന്റെ അഭാവമുണ്ടെങ്കിലും, പ്രാചീന മൃഗവേഷ നൃത്തരൂപങ്ങൾക്ക് സംഘകാലത്തെ കുറിഞ്ചി, വെട്ചി, കരന്തൈ തിണകളിലെ ചില അനുഷ്ഠാനങ്ങളോട് അഭേദ്യമായ സാമ്യമുള്ളതായി കാണാം.
ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ മധുരൈക്കാണ്ഡത്തിലെ 12-ാം ഭാഗമായ ‘വേട്ടുവവരി’ എന്ന കാവ്യഭാഗത്ത് വേട്ടക്കാർ തങ്ങളുടെ കുലദൈവമായ കൊറ്റവൈയെ പ്രസാദിപ്പിക്കാനായി നടത്തുന്ന നൃത്തങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഇതിലെ 20 മുതൽ 35 വരെയുള്ള വരികൾ ശാലോനി എന്ന വേടപ്പെണ്ണിനെ കൊറ്റവൈയെപ്പോലെ ഒരുക്കി, മാനിന്റെ പുറത്ത് ഇരുത്തുന്നതിന്റെ വർണ്ണനയാണ്. “ഇട്ടു തലൈയെണ്ണും എയിനരല്ലതു” എന്നു പറഞ്ഞു തുടങ്ങുന്ന ഈ ഭാഗത്ത്, തലയെണ്ണി തലകൊയ്യുന്ന വില്ലാളികളുള്ള കുടിയിലെ കന്യകയുടെ ചുരുളൻ മുടിയെ വെള്ളപ്പാമ്പിന്റെ കുട്ടിയെ ചരടാക്കി കെട്ടിവെച്ച്, കാവൽ മരങ്ങൾ നിറഞ്ഞ വേലിക്കെട്ടിനുള്ളിൽ കടന്നുകയറിയ ആനയുടെ വളഞ്ഞു വെളുത്ത കൊമ്പ് പിഴുതെടുത്ത്, ഉദിച്ചുയരുന്ന അർദ്ധചന്ദ്രനെപ്പോലെ അവളുടെ നെറ്റിയിൽ ചാർത്തുന്നതും, ശൗര്യമുള്ള പുലിയുടെ വായ് പിളർന്നെടുത്ത വെളുത്ത പല്ലുകൾ കോർത്ത താലിമാല അവളുടെ കഴുത്തിൽ അണിയിക്കുന്നതും, വരകളും പുള്ളികളും നിറഞ്ഞ വലിയ പുലിത്തോൽ അരയിൽ ഉടുപ്പായി ധരിപ്പിക്കുന്നതുമെല്ലാം വിവരിക്കുന്നുണ്ട്. പ്രാചീന മൃഗവേഷ ആചാരങ്ങളുടെ വ്യക്തമായ സൂചനകളാണ് ഈ വരികളിലുള്ളത്.
ഇതുപോലെ മൃഗങ്ങളെ, പ്രത്യേകിച്ച് പുലിവേഷത്തെ ആധാരമാക്കി രചിക്കപ്പെട്ട നിരവധി വരികൾ ഇതിൽ കാണാം. വരയൻ/പുള്ളിപ്പുലിയുടെ തോൽ ധരിച്ചും പുലിപ്പല്ലിന്റെ മാലയണിഞ്ഞും മാനിന്റെയോ മറ്റോ കൊമ്പുകൾ കയ്യിലേന്തി താളം കൊട്ടി, മൃഗങ്ങളുടെ ഭാവങ്ങളും ചലനങ്ങളും അനുകരിച്ച് വേടന്മാർ നൃത്തം ചെയ്യുന്ന വിവരണങ്ങൾ ഇതിന് തെളിവാണ്.
‘മറവർ’, ‘എയ്നർ’ തുടങ്ങിയ വേടവിഭാഗക്കാരുടെ പോരാട്ടവീര്യത്തെയും വേട്ടയാടൽ ആചാരങ്ങളെയും കുറിച്ച് അകനാനൂറിലും പുറനാനൂറിലും പ്രതിപാദിക്കുന്നുണ്ട്. നായാട്ടിനോ യുദ്ധത്തിനോ തയ്യാറെടുക്കുമ്പോൾ ‘തുടി’ എന്ന പ്രാചീന വാദ്യത്തിൽ ശബ്ദമുണ്ടാക്കി മൃഗങ്ങളുടെയും പോരാളികളുടെയും വീരഭാവങ്ങൾ പ്രകടിപ്പിക്കുന്ന നൃത്ത-വാദ്യ അനുഷ്ഠാനകലാരൂപം സംഘകാലത്തു നിലനിന്നിരുന്നു എന്ന വ്യക്തമായ സൂചന പുറനാനൂറിലെ ‘തുടിനിലൈ’യിലും കാണാം. മൃഗത്തോൽ വലിച്ചുകെട്ടിയുണ്ടാക്കുന്ന ‘തുടി’ (തണ്ണുമൈ) എന്ന പ്രാചീന വാദ്യോപകരണം കൊട്ടുന്ന ആളെ ‘ഇഴിചിനൻ’ എന്നാണ് വിളിച്ചിരുന്നത്. തമിഴ്നാട്ടിൽ ഇന്നും ‘പുലിയാട്ടം’ എന്ന പേരിൽ നിലനിൽക്കുന്ന നാടോടികലയും ഈ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ്.
അതേസമയം, സംഘകാലപാരമ്പര്യത്തിൽ നിന്നാണ് ഇന്നുകാണുന്ന പുലിക്കളി നേരിട്ട് രൂപംകൊണ്ടതെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനുള്ള തെളിവുകൾ അപര്യാപ്തമാണ്. പുലിക്കളിപോലെയുള്ള മൃഗവേഷ കായികസംസ്കാരം തനതു വാദ്യത്തോടെ തമിഴ്നാടിനു പുറമെ, അക്കാലത്തെ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലും നിലനിന്നിരുന്നു എന്നത് നരവംശശാസ്ത്രപരമായ ഒരു വസ്തുതയാണ്.
ഇന്ത്യൻ ആഘോഷങ്ങളിലെ പുലിവേഷ പ്രകടനങ്ങളും ചരിത്ര വസ്തുതകളും:
കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ത്രിപുര, അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ ഇന്ത്യയിലെ ചില ഗോത്രമേഖലകളിലും നടന്നുവരുന്ന വിവിധ ആഘോഷങ്ങളിൽ പുലിവേഷധാരികളുടെ പ്രകടനങ്ങൾ കാണാം. ഇതിൽ ഭൂരിഭാഗവും നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന നാടോടി പാരമ്പര്യങ്ങളാണ്.
ഒഡീഷയിലെ ഗഞ്ചാം–ബെർഹാംപൂർ പ്രദേശത്ത് ചൈത്രമാസത്തിൽ നടക്കുന്ന ‘മാ ബുധി ഠാകുറാണി’ യാത്രയോടനുബന്ധിച്ച് ‘ബാഗ നാച്ച’ എന്ന പേരിൽ ഈ പുലിവേഷ നൃത്തം അവതരിപ്പിക്കപ്പെടുന്നു; പശ്ചിമ ബംഗാളിലും ഈ പേരിൽ തനത് പുലിവേഷങ്ങളുണ്ട്. ആന്ധ്രാപ്രദേശിൽ ‘പുലി വേഷ’ എന്നും തെലങ്കാനയിൽ ‘പേട പുലി’ (Peda Puli) എന്നും ഇതറിയപ്പെടുന്നു. തമിഴ്നാട്ടിൽ ‘പുലിയാട്ടം’ എന്ന പേരിലാണ് ഇത്തരം വേഷപ്രകടനങ്ങൾ പ്രധാനമായും അറിയപ്പെടുന്നത്. സ്വാമി അയ്യപ്പന്റെ നാടോടി സങ്കൽപ്പങ്ങളുമായും മഴയ്ക്കും കാർഷിക അഭിവൃദ്ധിക്കുമുള്ള ഗ്രാമീണ ചടങ്ങുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്ര, കർണ്ണാടക, ഗോവ തുടങ്ങിയ ഇടങ്ങളിൽ പ്രധാനമായും മുഹറം, ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇവ അരങ്ങേറുന്നത്. മംഗലാപുരം-ഉഡുപ്പി തുളുനാട് മേഖലയിൽ ‘പിലി വേഷ’/ ഹുലിവേഷ എന്ന പേരിൽ ദുർഗ്ഗാദേവിയുടെ വാഹനമായ കടുവയെ പ്രീതിപ്പെടുത്താനുള്ള വഴിപാടായി ഇത് നടക്കുന്നു.
ഇത്തരം ആഘോഷങ്ങളിൽ പുലിവേഷ പ്രകടനങ്ങൾ ഉത്ഭവിച്ചത് എന്ന് മുതലാണെന്നതിന് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ലെങ്കിലും, ഇന്ത്യയിലെ പുലിവേഷ ചരിത്രത്തെയും പാരമ്പര്യങ്ങളെയും അടുത്തറിയാൻ ഏറ്റവും ശക്തമായ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ കർണ്ണാടകയും മഹാരാഷ്ട്രയുമാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിനുമിടയിലാണ് ദക്ഷിണേന്ത്യയിൽ ഈ പ്രവണത സജീവമായതെന്ന നിഗമനത്തിലേക്ക് ചില ലിഖിത-ദൃശ്യാടയാളങ്ങൾ വിരൽചൂണ്ടുന്നു. ഇറാഖിലെ കർബലയിൽ നടന്ന, പ്രവാചകൻ മുഹമ്മദ് നബിയുടെ പൗത്രനായ ഇമാം ഹുസൈന്റെയും അനുചരന്മാരുടെയും രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന മുഹറം തബൂത്ത്/താസിയ ഘോഷയാത്രകളിലും ആലം (പഞ്ചാ) പ്രകടനങ്ങളിലുമാണ് ഇത് കൂടുതലായും അടയാളപ്പെട്ടു കാണുന്നത്.

കൊളംബിയ യൂണിവേഴ്സിറ്റി ആർക്കൈവ്സിലെ 1790–1800 കാലഘട്ടത്തിലുള്ളതെന്നു കരുതപ്പെടുന്ന ഒരു ഉത്തരേന്ത്യൻ താസിയ നിർമാർജ്ജന ചിത്രത്തിൽ ആളുകൾ അർദ്ധനഗ്നരായി നൃത്തം ചെയ്യുന്നത് കാണാം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ശൈലിയിലുള്ള ഈ ചിത്രത്തിൽ, കളിക്കാരുടെ ദേഹത്ത് പുലിവേഷമോ മെയ്യെഴുത്തോ പ്രത്യക്ഷപ്പെടുന്നില്ല.
ഹൈദരാബാദിലെ പണ്ഡിതനായ ജാഫർ ഷെരീഫ് എഴുതി, ജി.എ. ഹെർക്ലോട്ട്സ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ‘Qanoon-e-Islam’ (Customs of the Moosulmans of India – 1832) എന്ന ഗ്രന്ഥത്തിൽ മുഹറത്തിലെ പുലിവേഷത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. മുഹറം ആഘോഷങ്ങളുടെ ഭാഗമായി കൃത്രിമ കടുവയുടെ (ബാഘ്) തല ഉൾപ്പെടെയുള്ള വേഷം ധരിക്കുന്നവരെയും, ശരീരം കടുവയെപ്പോലെ ചായം പൂശുന്നവരെയും കുറിച്ച് ഇതിൽ സൂചിപ്പിക്കുന്നു. അരയിൽ ചങ്ങലയോ കയറോ കെട്ടി, മുളകൊണ്ടുണ്ടാക്കിയ നീണ്ട വാലുകൾ പിടിപ്പിച്ച്, യഥാർത്ഥ കടുവകളുടെ ചലനങ്ങളെ അനുകരിച്ച് ചാടുന്ന വേഷക്കാരെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു.
1858-ലെ ‘Bombay Times and Journal of Commerce’ രേഖകളെ ഉദ്ധരിച്ചുള്ള അടുത്ത കാലത്തു നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്, ബോംബെയിലെ മുഹറം ഘോഷയാത്രകളിൽ ശരീരത്തിൽ പുലിയെപ്പോലെ പെയിന്റ് ചെയ്ത്, മുളകൊണ്ടുള്ള നീണ്ട വാലുകൾ പിടിപ്പിച്ച് മൈം പോരാട്ടങ്ങൾ (Mime Battles) നടത്തുന്ന രീതി സാർവത്രികമായിരുന്നു എന്നാണ്.
ഫ്രഞ്ച് സഞ്ചാരിയായ ലൂയി റൂസലെ 1876-ൽ പ്രസിദ്ധീകരിച്ച ‘L’Inde des Princes’ എന്ന ഗ്രന്ഥത്തിൽ ബോംബെയിൽ നടന്ന ഒരു തബൂത്ത് നിർമാർജ്ജനം ചിത്രീകരിക്കുന്ന എമൈൽ ബയാർഡിന്റെ എൻഗ്രേവിങ് ചിത്രത്തിൽ, വാദ്യമേളങ്ങൾക്കൊപ്പം ദേഹത്ത് കടുവ വരകൾ വരച്ച് ചുവടുവെക്കുന്ന വേഷക്കാരെയും താളവാദ്യക്കാരെയും കാണാം. 1876 സെപ്റ്റംബർ 30-ലെ ‘The Illustrated London News’ വാരികയിൽ അച്ചടിച്ചുവന്ന മറ്റൊരു ചിത്രത്തിലും, കൊളോണിയൽ കാലത്തെ കടുവക്കളി കാണാം. അതുപോലെ, ബ്രിട്ടീഷുകാരോ സൈനിക വേഷം ധരിച്ചവരോ ഇത്തരം കടുവക്കളികളിൽ പങ്കെടുത്തിരുന്നെന്ന് ‘A Human Tiger: A Black-and-Yellow Devotee’ എന്ന ചിത്രം പറയുന്നു. ചിത്രത്തിൽ, കൈകളും കാലുകളും മണ്ണിലൂന്നി, ‘നാലുകാലിൽ ഇരിക്കുന്ന’ രീതിൽ മുട്ടുകുത്തി ഇരിക്കുന്ന കടുവ വേഷധാരിയെ ഒരു ബ്രിട്ടീഷുകാരൻ/വേഷധാരി മുട്ടുകുത്തിനിന്ന് തോക്കിൽ നിന്നും നിറയൊഴിക്കുന്നതും കടുവ വേഷധാരിയുടെ പിന്നിൽ ഘടിപ്പിച്ച കൃത്രിമ വാൽ വീഴാതിരിക്കാൻ മറ്റൊരു ഗ്രാമീണൻ താങ്ങിപ്പിടിച്ചു നിൽക്കുന്നതും ഒരല്പം ദൂരെ നിന്ന് മറ്റു മൂന്നുപേർ വാദ്യോപകരണങ്ങൾ മുഴക്കുന്നതും കാണാം. അതോടൊപ്പം, ഉയരമുള്ള പറമ്പിന്റെ മുകളിൽ നിന്നും ആ കാഴ്ച കാണാൻ നിൽക്കുന്ന ഏതാനും ആളുകളെയും ഈ അപൂർവ്വ ചിത്രം കാട്ടിത്തരുന്നു.
ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ആർ.വി. റസൽ (R.V. Russell) തന്റെ ‘The Tribes and Castes of the Central Provinces of India’ (1916) എന്ന ഗ്രന്ഥത്തിൽ, കർണ്ണാടകയിലെയും സെൻട്രൽ പ്രൊവിൻസിലെയും മുഹറം ആഘോഷങ്ങളിൽ പ്രതിഫലത്തിനായി പുരുഷന്മാരും ആൺകുട്ടികളും പുലിവേഷമിട്ട് ചുറ്റിനടന്നിരുന്നതായി പറയുന്നു.
എന്നാൽ ഇറാഖിലെയോ മധ്യപൂർവേഷ്യയിലെയോ താസിയ നാടകങ്ങളിലോ മുഹറം ആഘോഷങ്ങളിലോ ഇത്തരം മെയ്യെഴുത്ത് തുള്ളലുകൾ ഉണ്ടായിരുന്നില്ല. ആർ.വി. റസലിന്റെ നിരീക്ഷണപ്രകാരം, കർബലയിൽ രക്തസാക്ഷിയായ ഇമാം ഹുസൈന്റെ ഭൗതികശരീരത്തിന് കാവൽ നിന്ന ‘സിംഹത്തിന്റെ’ സ്മരണയുമായി ഇതിന് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കരുതാം. ഇറാഖിലെ ഈ സിംഹസങ്കൽപ്പം ദക്ഷിണേന്ത്യൻ-ഡെക്കാൻ മേഖലകളിലേക്ക് കടന്നുവന്നപ്പോൾ, തദ്ദേശീയ സംസ്കാരത്തിൽ സിംഹവും പുലിയും പരസ്പരമാറ്റം ചെയ്യപ്പെട്ടതാകാമെന്നും റസൽ നിരീക്ഷിക്കുന്നു.



ഡെക്കാൺ വഴി സ്വരാജ് റൗണ്ടിലെത്തിയ പുലിക്കെട്ടുക്കളി:
ഷിആ-പേർഷ്യൻ ആചാരങ്ങളുടെ ഭാഗമായി ഡെക്കാൻ സുൽത്താനേറ്റുകളിൽ നിലനിന്നിരുന്ന ഈ അഭ്യാസ പ്രകടനം പിൽക്കാലത്ത് മൈസൂർ സൈന്യത്തിലൂടെ തൃശ്ശൂരിൽ എത്തിച്ചേർന്നതാകാമെന്ന് അനുമാനിക്കാം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ (1790-ഓടെ) ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത്, തൃശ്ശൂരിലെ പട്ടാളം റോഡിൽ (ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് പരിസരം) നിലനിന്നിരുന്നതായി പറയപ്പെടുന്ന സൈനിക ക്യാമ്പിൽ സൈന്യത്തിലെ മുസ്ലിം ഭടന്മാർ മുഹറം ദിനങ്ങളിൽ ഇത്തരത്തിലുള്ള കടുവാ വേഷത്തിലുള്ള നൃത്താവിഷ്കാരം മുഹറം കാലത്ത് നടത്തിയിരുന്നു എന്ന ഒരു ഐതിഹ്യം നിലവിലുണ്ട്. പിന്നീട്, സൈനിക ക്യാമ്പിനു പുറത്തും അവർ ഈ കലാപരിപാടി നടത്താൻ തുടങ്ങി. ഇത് കാണാനിടവന്ന പൂത്തോൾ സ്വദേശിയും കൈയ്യാങ്കളി അഭ്യാസിയുമായിരുന്ന വെളുത്തേടൻ ശങ്കരൻ എന്നയാൾ ഈ പട്ടാളക്കാരോടൊപ്പം ചേർന്ന് പ്രകടനങ്ങൾ നടത്തുകയും, ഇതിനെ തൃശ്ശൂരിലെ ഒരു ജനകീയ ആഘോഷമാക്കി മാറ്റാൻ പങ്കുവഹിക്കുകയും ചെയ്തു. അക്കാലത്ത് ഈ പ്രകടനത്തെ ‘പുലിക്കെട്ടിക്കളി’ എന്നായിരുന്നു വിളിച്ചിരുന്നത്.
ടിപ്പുവിന്റെ പഠാണി കുതിരപ്പട്ടാളം തൃശ്ശൂരിന്റെ തെരുവുകളിൽ അവതരിച്ചുവന്നിരുന്ന ഈ ആയോധന കളിയെ, അന്നത്തെ കൊച്ചി മഹാരാജാവായിരുന്ന ശക്തൻ തമ്പുരാൻ ഓണാഘോഷങ്ങളുമായി സമന്വയിപ്പിക്കുകയായിരുന്നുവെന്നാണ് ഐതിഹ്യം. 1886-ഓടെയാണ് ഈ കലാരൂപം ഇന്നു കാണുന്ന പുലിക്കളി രൂപത്തിലേക്ക് പരിണമിച്ചതെന്നും അനുമാനിക്കപ്പെടുന്നു.
സ്വാതന്ത്ര്യാനന്തരം കോളോണിയൽ പട്ടാളക്കാർ തിരിച്ചുപോയതിനു ശേഷം ഈ കളി വർഷങ്ങളോളം മുടങ്ങിക്കിടക്കുകയും പിന്നീട്, 1950-കളോടെ, തൃശ്ശൂരിൽ തന്നെ വേരുറച്ചുപോയിരുന്ന ചില ആദ്യകാല പഠാൻ പട്ടാളക്കാരുടെയും തദ്ദേശീയരുടെയും പിന്മുറക്കാർ ഇത് പുനരാരംഭിക്കുകയും ചെയ്തു. മുഹറം കാലവും ഓണക്കാലവും പലപ്പോഴും അടുത്തടുത്തുവന്നിരുന്നതിനാലും, തൃശ്ശൂരിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നതിനാലും പിൽക്കാലത്ത് ഈ മെയ്യഭ്യാസ പ്രകടനം ഓണക്കാല ആഘോഷങ്ങളിലേക്ക് സമന്വയിക്കപ്പെടാനുള്ള സാധ്യതയിലേക്കാണ് നിലവിൽ ലഭ്യമായ ചരിത്രവസ്തുതകൾ വിരൽചൂണ്ടുന്നത്.

കോളോണിയൽ രേഖകളിലെ നിശബ്ദത:
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെയും പ്രമുഖ ബ്രിട്ടീഷ്-നാട്ടുരാജ്യ ഭരണരേഖകളിലോ, കേരളത്തിലെ നാടോടി-ആയോധന കലകളെക്കുറിച്ച് പഠിച്ച ചരിത്രഗ്രന്ഥങ്ങളിലോ തൃശ്ശൂരിലെ പുലിക്കളിയെക്കുറിച്ച് പരാമർശമില്ല എന്നത് ശ്രദ്ധേയമായ ഒരു ചരിത്ര വസ്തുതയാണ്. തൃശ്ശൂർ നഗരത്തിന്റെ ശില്പിയും ഐതിഹ്യപ്രകാരം പുലിക്കളിയെ ഓണവുമായി ബന്ധിപ്പിച്ച ഭരണാധികാരിയുമായിരുന്ന ശക്തൻ തമ്പുരാനെക്കുറിച്ചുള്ള കൊളോണിയൽ രേഖകളിൽ പോലും ഇത്തരം ഒരു പരാമർശം കണ്ടെത്തിയിട്ടില്ല. ഇതിൽ നിന്നും, കേരളത്തിന്റെ സംസ്കാരം, ആഘോഷങ്ങൾ, കലകൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന അക്കാലത്തെ പ്രമുഖ ചരിത്ര രേഖകളിലെല്ലാം ഈ കലാരൂപം നിശബ്ദമാക്കപ്പെടുകയോ പ്രാധാന്യമില്ലാതെ മാറ്റിനിർത്തപ്പെടുകയോ ചെയ്തു എന്ന് വേണം അനുമാനിക്കാൻ.
ചരിത്രരേഖകളിലെ ഈ മൗനത്തിൽ ഏറ്റവും സവിശേഷമായ ശ്രദ്ധ അർഹിക്കുന്നത്, 1911-ൽ പുറത്തിറങ്ങിയ സി. അച്യുതമേനോന്റെ ‘കൊച്ചി സ്റ്റേറ്റ് മാനുവൽ’ (Cochin State Manual) ആണ്. 1862-ൽ ഗുരുവായൂരിലെ ചങ്ങരംപൊന്നത്ത് നായർ തറവാട്ടിൽ ജനിച്ച അച്യുതമേനോൻ കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാത്രമായിരുന്നില്ല; അക്കാലത്തെ പ്രമുഖ ചരിത്രകാരനും സാഹിത്യനിരൂപകനും ‘വിദ്യാ വിനോദിനി’ സാഹിത്യ മാസികയുടെ പത്രാധിപരും കൊച്ചി ഭാഷാ പോഷിണി സഭയുടെ സജീവ പ്രവർത്തകനുമായിരുന്നു.
ശക്തൻ തമ്പുരാന്റെ ഭരണ പരിഷ്കാരങ്ങളെയും തൃശ്ശൂർ നഗര വികസനത്തെയും വിശദമായി വിവരിക്കുകയും, കൊച്ചി നാട്ടുരാജ്യത്തിലെ തൃശ്ശൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങൾ, തിരുവാതിര, ഓണം, പൂരങ്ങൾ, നാടൻ കായിക വിനോദങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹം, സ്വരാജ് റൗണ്ടിലെ പുലിക്കളിയെക്കുറിച്ചോ ടിപ്പുവിന്റെ സൈനികർ നടത്തിയെന്നു പറയപ്പെടുന്ന മുഹറം അഭ്യാസങ്ങളെക്കുറിച്ചോ പൂർണ്ണമായും മൗനം പാലിച്ചു. ഐതിഹ്യപ്രകാരമുള്ള തമ്പുരാന്റെ കാലത്തെ 200 വർഷത്തെ പഴക്കമോ, അതല്ലെങ്കിൽ 1886-ൽ ഉത്ഭവിച്ചതോ ആധുനികവൽക്കരിക്കപ്പെട്ടതോ ആയ നിഗമനങ്ങളോ ആയാലും, തൃശ്ശൂരുകാരനായ ഒരു ചരിത്രകാരന് ഇത് അറിയാതിരിക്കാൻ വഴിയില്ല എന്നതൊരു പ്രധാന വസ്തുതയായി മുന്നിൽ നിൽക്കുന്നു.
കൊച്ചി സ്റ്റേറ്റ് മാനുവലിൽ മാത്രമല്ല, അക്കാലത്തെ മറ്റു പ്രമുഖ ചരിത്ര-നരവംശശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ നിശബ്ദത കാണാം. വില്യം ലോഗന്റെ ‘മലബാർ മാനുവൽ’ (1887), വി. നാഗം അയ്യർ (1906), ടി.കെ. വേലുപ്പിള്ള (1940) എന്നിവരുടെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലുകൾ, എഡ്ഗാർ തെർസ്റ്റന്റെ ‘Castes and Tribes of Southern India’ (1909), കൊച്ചി നാട്ടുരാജ്യത്തിന്റെ സ്വന്തം നരവംശശാസ്ത്രജ്ഞനായിരുന്ന എൽ. കെ. അനന്തകൃഷ്ണ അയ്യരുടെ ‘The Cochin Tribes and Castes’ (1909, 1912) എന്നിവയിലൊന്നും തൃശ്ശൂർ പുലിക്കളിയെക്കുറിച്ച് സൂചനപോലുമില്ല.
ലോഗന്റെ ‘മലബാർ മാനുവൽ’ പ്രധാനമായും ബ്രിട്ടീഷ് മലബാറിനെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും, അതിർത്തി പ്രദേശങ്ങളായ തൃശ്ശൂരിലെ കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന വേല, പൂരം, കുതിരക്കളി, വെടിക്കെട്ട്, വാദ്യമേളങ്ങൾ എന്നിവ ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. വി. നാഗം അയ്യർ, ടി.കെ. വേലുപ്പിള്ള എന്നിവരുടെ മാനുവലുകൾ തിരുവിതാംകൂർ രാജ്യത്തെ കേന്ദ്രീകരിച്ചാണെങ്കിലും, കേരളത്തിലുടനീളം പൊതുവായി നിലനിന്നിരുന്ന ക്ഷേത്രാചാരങ്ങളെയും കലകളെയും കുറിച്ച് ഇവർ രേഖപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ജാതി-ഗോത്ര സമുദായങ്ങളെക്കുറിച്ച് പഠിച്ച എൽ.കെ. അനന്തകൃഷ്ണ അയ്യരുടെയും തുടർന്നു വന്ന എഡ്ഗാർ തെർസ്റ്റന്റെയും ബൃഹത് ഗ്രന്ഥങ്ങളിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള വലിയ വിവരശേഖരമുണ്ട്. വടക്കുംനാഥ ക്ഷേത്രം, സ്മാർത്തവിചാരം, കളിൻജി, തെയ്യം, വേലൻ തുള്ളൽ, കാടർ-പുലയർ ആചാരങ്ങൾ, ഓണം, വിഷു തുടങ്ങിയ പൊതുവായ വിശേഷങ്ങൾ ഈ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നു. ഇതിലെ സമുദായ അധ്യായങ്ങളിൽ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണത്തല്ല്, തിരുവാതിര കളി, കോൽക്കളി, പന്തുകളി തുടങ്ങിയ കായിക വിനോദങ്ങളെക്കുറിച്ച് പലയിടത്തായി ചിതറിക്കിടക്കുന്നുണ്ടെങ്കിലും തൃശ്ശൂരിലെ പുലിക്കളിയെക്കുറിച്ചുള്ള പരാമർശങ്ങളൊന്നുമില്ല.
ഇതിനു കാരണം ഒരുപക്ഷേ, കൊളോണിയൽ ഭരണാധികാരികളും നാട്ടുരാജ്യ ഉദ്യോഗസ്ഥരും തങ്ങളുടെ സർവേകളിലും മാനുവലുകളിലും പ്രാധാന്യം നൽകിയത് രാജവംശങ്ങളുടെ അനുമതിയുള്ള ക്ഷേത്രകേന്ദ്രീകൃത ആചാരങ്ങൾക്കും കഥകളി, കൂടിയാട്ടം, തൃശ്ശൂർ പൂരം തുടങ്ങിയ ഉപരിവർഗ്ഗ അനുഷ്ഠാനരൂപങ്ങൾക്കുമായിരുന്നു എന്നതായിരിക്കാം. അക്കാലത്ത് സ്വരാജ് റൗണ്ടിലെ ചില അങ്ങാടികൾ കേന്ദ്രീകരിച്ച് സാധാരണ ജനങ്ങൾ ഒത്തുകൂടിയിരുന്ന അനൗദ്യോഗികമായ ഒരു നാടോടി വിനോദം (Informal Folk Carnival) മാത്രമായിരുന്നതിനാലാകാം അന്നത്തെ ചരിത്രകാരന്മാർ ഇതിനെ ഒരു പ്രധാന തെരുവുകലയായി അടയാളപ്പെടുത്താതെ പോയത്.
എൽ.കെ. അനന്തകൃഷ്ണ അയ്യരുടെയോ എഡ്ഗാർ തെർസ്റ്റന്റെയോ കൃതികൾ പ്രധാനമായും ജാതി-ഗോത്ര സമുദായ പഠനങ്ങൾ (Ethnographic Surveys) മാത്രമായിരുന്നതിനാൽ ഒരു പ്രത്യേക സമുദായത്തിന്റെ വ്രതാനുഷ്ഠാനമോ കുലത്തൊഴിലോ അല്ലാത്ത, ജാതിഭേദമന്യേ സാധാരണക്കാർ തെരുവിൽ നടത്തിയിരുന്ന കേവലമൊരു പ്രാദേശിക വിനോദം എന്ന നിലയിൽ അക്കാലത്ത് അപ്രധാനമായി കണ്ടിരുന്ന പുലിക്കളി അവരുടെ പഠനപരിധിയിൽ വരാതിരുന്നിരിക്കാം. എന്നാൽ, ഒരു നാട്ടുരാജ്യത്തിന്റെ പൊതുവായ രാഷ്ട്രീയ-സാമൂഹിക ജീവിതക്രമങ്ങളും ഉത്സവങ്ങളും അതോടനുബന്ധിച്ചുള്ള കലാ-കായിക മേളകളും രേഖപ്പെടുത്തിയ അച്യുതമേനോന്റെ കൊച്ചി സ്റ്റേറ്റ് മാനുവലിൽ ഇത് അടയാളപ്പെടാതെപോയതിന്റെ കാരണം വ്യക്തമാകുന്നില്ല. ഒരുപക്ഷെ, അന്നേ അടയാളപ്പെട്ടിരുന്നുവെങ്കിൽ, പുലിവേഷക്കളി അഥവാ പുലിക്കെട്ടുക്കളിയെന്ന ഈ കലാരൂപത്തിന്റെ തൃശ്ശൂരിലെ ഉദയത്തിനു സ്വന്തമായൊരു ചരിത്രം ലഭിക്കുമായിരുന്നു എന്നതൊരു ചരിത്യ്രസത്യമായി അവശേഷിക്കുന്നു.
ആധുനികക്കാല അടയാളപ്പെടുത്തലുകൾ:
കൊളോണിയൽ കാലഘട്ടത്തിനുശേഷം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ആധുനിക ചരിത്ര പണ്ഡിതന്മാരുടെയും ഫോക്ലോർ ഗവേഷകരുടെയും ശ്രദ്ധയിലേക്ക് തൃശ്ശൂരിലെ പുലിക്കളി എത്തിത്തുടങ്ങുന്നത്. ഇതിൽ ഓണാഘോഷത്തിന്റെ ഭാഗമായി ‘പുലിക്കളി’യെ രേഖപ്പെടുത്തിയ ആദ്യകാല ഭരണകൂട-ഔദ്യോഗിക ചരിത്രരേഖ എ. ശ്രീധരമേനോൻ എഡിറ്റ് ചെയ്ത് 1962-ൽ പുറത്തിറക്കിയ ‘കേരള ഡിസ്ട്രിക്റ്റ് ഗസറ്റിയർ: തൃശ്ശൂർ’ (Kerala District Gazetteers: Trichur) ആണെന്ന് കരുതപ്പെടുന്നു.
തുടർന്ന്, പുലിക്കളിയുടെ പഠാൻ/പട്ടാള പശ്ചാത്തലത്തെക്കുറിച്ചുള്ള വാമൊഴി ചരിത്രങ്ങളുടെയും പ്രാദേശിക ഓർമ്മകളുടെയും ഐതീഹ്യങ്ങളുടെയും മറ്റും ആദ്യത്തെ ലിഖിതരൂപം വെളിച്ചത്തുവരുന്നത്, 1974-ൽ പുത്തേഴത്ത് രാമമേനോൻ പുറത്തിറക്കിയ ‘തൃശൂർ – ട്രിച്ചൂർ’ എന്ന ചരിത്ര ഗ്രന്ഥത്തിലൂടെയാണ്.
ശ്രീധരമേനോന്റെയും പുത്തേഴത്തിന്റെയും പഠനങ്ങൾക്കു ശേഷം, കേരളത്തിലെ ഫോക്ലോർ (Folklore) ഗവേഷണ ശാഖയിൽ പ്രമുഖരായിരുന്ന വി.ആർ. പരമേശ്വരൻ പിള്ള, ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ഡോ. എസ്.കെ. വസന്തൻ, ഡോ. ശരൺ എസ്., എം.ജി. ശശിഭൂഷൺ, മുരളി മട്ടാഞ്ചേരി തുടങ്ങിയവരുടെ പഠനങ്ങളിലും പുലിക്കളി രേഖപ്പെടുത്തപ്പെട്ടു. ഈ നിരീക്ഷണങ്ങളിലൂടെയാണ്, പിൽക്കാലത്ത് തൃശ്ശൂരിലെ പുലിക്കളി അതിലെ ദേശപങ്കാളിത്തവും നഗരത്തിലെ സംഘാടക സമിതികളുടെയും ക്ലബ്ബുകളുടെയും സ്വാധീനവും മൂലം ഇന്നത്തെ കൂറ്റൻ ‘നഗര മാമാങ്കമായി’ പരിണമിച്ച ചരിത്രം വ്യക്തമാകുന്നത്.
Join with us

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്‘ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്‘, ‘കുഞ്ഞമ്മാവൻ‘ എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.







