Published on May 27, 2026
നഷ്ടമായ ആയത്ത്
മാനത്തിന്റെ ഖൽബിനുള്ളിൽ നിന്നും
വെള്ളിനൂൽ പുഞ്ചിരി വീഴുന്നു—
ഇന്ന്,
ഈ രാവിൽ,
ഈ ഈന്തപ്പനയുടെ ചോട്ടിൽ,
മറ്റൊരു ഒറ്റത്തടിപ്പനപോലെ,
പിറവി ചന്ദ്രന്റെ വിരൽസ്പർശമേറ്റു കിടക്കുമ്പോൾ
മനസ്സിൽ ഒരു സൂറത്ത് തെളിയുന്നു.
എന്നോ മടക്കി വെച്ച പുസ്തകത്തിലെ
ആ താളുകൾ വീണ്ടും മറിഞ്ഞുപോകുന്നു.
അന്ന്…
പിടയ്ക്കുന്ന ആ മൗനത്തിന്റെ
ഖൽബിനുള്ളിൽ നിന്നും ആദ്യമായി പുറത്തുവന്ന
ആ ആയത്ത്,
തസ്ബീഹ് പോലെ,
ഇന്നും പിടപ്പോടെ ഉരുക്കഴിക്കപ്പെടുന്നുണ്ട്,
നെഞ്ചിൽ.
ഒരു കൂറ്റൻ തിരമാല,
ഒരൊറ്റ ദുആയോടെ,
ഒരു മണൽസമുദ്രം മുഴുവൻ നീന്തുകയാണ്…
നഷ്ടമായതെന്തോ തിരഞ്ഞ്…







