ഓണം സ്‌പെഷ്യൽ- 2026

AI illustration by Surya for the Malayalam poem by Nimya Ashis

അഞ്ചാമത്തെ ദിശ

ദിശകൾ ജനിച്ചത്
യാത്രകൾക്കായിരുന്നില്ല;
തിരിച്ചുവരുന്നവരും തിരിച്ചുവരാത്തവരും തമ്മിലുള്ള
നേരിയൊരു നിഴൽവര കോറിയിടാനായിരുന്നു.
​കിഴക്ക് പ്രകാശത്തിന്റെ ആവർത്തനമായി;
പടിഞ്ഞാറ് അതിന്റെ ക്ലാന്തിയും.
വടക്ക് അറ്റമില്ലാത്ത ദൂരങ്ങളെ അളന്നപ്പോൾ
തെക്ക് പ്രണയിച്ചത് അടിത്തട്ടിലെ ആഴങ്ങളെയായിരുന്നു.
അങ്ങനെ പ്രകാശത്തിലും തളർച്ചയിലും,
ദൂരത്തിലും ആഴത്തിലും
ലോകം നാലു ബിന്ദുക്കളിലേക്ക് തളയ്ക്കപ്പെട്ടു.
​പിന്നീട് മനുഷ്യൻ ഭൂപടങ്ങളിൽ വരമ്പുകൾ തീർത്തു;
നയിക്കാൻ മാത്രം പഠിച്ച ദിശകൾ
സ്വന്തം അസ്തിത്വത്തെക്കുറിച്ച് വേവലാതിപ്പെട്ടു.
ദേശങ്ങൾ പെരുകി, അതിരുകൾ മൂർച്ഛിച്ചു,
എത്തിച്ചേരലുകളുടെ കണക്കുകൾ തിങ്ങിനിറഞ്ഞു.
എന്നിട്ടും, ഏതോ ഒരു വ്യാകുലത
മനുഷ്യനിഴലിനുമുകളിൽ കനത്തു തൂങ്ങി.
അത് നാലതിരുകൾക്കും എത്താപ്പൂതിയായ
ഏതോ ഒരു ശൂന്യതയുടെ വിളി.
​അപ്പോഴാണ് അഞ്ചാമത്തെ ദിശ
നിശ്ശബ്ദമായി ചിറകുവിടുർത്തിയത്.
അത് മുൻപിലോ പിൻപിലോ
ഉയരങ്ങളിലോ ആഴങ്ങളിലോ ആയിരുന്നില്ല;
മനുഷ്യൻ സ്വന്തം ആത്മാവിൽ പൂട്ടിയിട്ട
മറവിയുടെ വാതിലിനപ്പുറത്തായിരുന്നു.
​ആ പാത വെട്ടിത്തെളിക്കാൻ പാദങ്ങൾ വേണമെന്നില്ല,
സ്വന്തം ഉറപ്പുകളുടെ തടവറയിൽനിന്ന്
ഇറങ്ങിപ്പോരാനുള്ള ഒരു നിമിഷത്തെ തുനിവ് മാത്രം മതി.
അവിടെ, ദിശകളില്ലാത്ത ആ വെളിച്ചത്തിലാണ്
ലോകത്തിലെ ഏറ്റവും ദീർഘമായ പ്രയാണം
അതിന്റെ ആദ്യ ചുവടുവെക്കുന്നത്.
​ആ യാത്രയിൽ ഭൂപടങ്ങൾ വഴിതെറ്റും,
അതിരുകൾ മഞ്ഞുപോലെ അലിഞ്ഞുപോകും.
ഇറങ്ങിപ്പുറപ്പെട്ടവന്റെ ലക്ഷ്യം
ഏതെങ്കിലും തീരമല്ല;
തന്റെ തന്നെ തിരച്ചിലൊടുങ്ങുന്ന
ആ ശാന്തമായ പ്രശാന്തത മാത്രമാണ്.

Read Also  மௌனம்/ கவிதை / தமிழச்சி தங்கப்பாண்டியன்
Trending Now

Join with us