എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
ഓണം സ്‌പെഷ്യൽ- 2026
വി. കെ. ശ്രീരാമൻ: പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും എൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിലുള്ള ഖേദം ഞാൻ രേഖപ്പെടുത്തുന്നു.
ദോഷൈകദൃക്ക്:
ചിതവും അനുചിതവും പരസ്പരപൂരകങ്ങളാണെന്ന് ഉണ്ണിക്കിപ്പോൾ ബോദ്ധ്യപ്പെട്ടതിനാൽ പുലികളിനി ഗർജ്ജിക്കില്ലെന്നു സമാശ്വസിക്കുന്നു…

പിൻകുറിപ്പ് :
ഇക്കഴിഞ്ഞ ദിവസം നടൻ വി. കെ. ശ്രീരാമൻ പുലിക്കളിയെകുറിച്ചും കുംഭവയറന്മാരായ പുലിക്കളി കലാകാരന്മാരെകുറിച്ചും ഫേസ് ബുക്കിൽ നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ ജനരോക്ഷം ആളിപ്പടർന്നതിന്റെ പശ്ചാത്തലത്തിൽ, പറഞ്ഞ അഭിപ്രായം തിരുത്തില്ലെന്ന ഉറച്ച നിലപാടിൽ നിന്നും വി. കെ. ശ്രീരാമൻ പിന്മാറുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
‘പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്.’ എന്നാണ് ശ്രീരാമൻ ഫേസ് ബുക്കിൽ കുറിച്ചത്.
പുലിക്കളി കളിയ്ക്കാൻ വേണ്ടി ആരും കുടവയർ വളർത്താറില്ലെന്നും പുലിക്കളിക്ക് വേഷം കെട്ടാത്ത അനവധി പേർക്ക് കുടവയറുണ്ടെന്നും പുലിക്കളിപോലത്തെ പ്രാദേശിക കലാരൂപത്തോടുള്ള നടന്റെ അവജ്ഞയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾക്കു പിറകിലെന്ന് അഭിപ്രായങ്ങൾ ഉയർന്നു. ധാരാളം തടിച്ചതും അംഗവൈകല്യങ്ങൾ ഉള്ളവരുമായ അനവധി കലാകാരന്മാർ അഭിനയരംഗത്തും മറ്റു കലാരംഗത്തും ഉള്ളത് ഇതുവരെയും ശ്രീരാമൻ അറിഞ്ഞിട്ടില്ലേ എന്നാണ് പലരും സംശയിക്കുന്നത്.
ഇതിനിടെ, ശ്രീരാമൻ നടത്തിയ പരാമർശങ്ങൾ കലാപരവും സാംസ്കാരികപരവുമായ അധിക്ഷേപത്തിനുപുറമെ, പുലിക്കളി കലാകാരന്മാർക്കു നേരെയുള്ള ബോഡി ഷേമിംഗാണ് എന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂരിലെ പുലിക്കളിക്കാരും പ്രതികരിച്ചു.
പൂരത്തിനോളം വലിപ്പമുള്ള പുലിക്കളി കാണാൻ ജനസഞ്ചയം ഒഴുകിയെത്തുന്നത്, വൈകൃതം കാണാനാണെന്ന് കരുതുന്നത് ശരിയല്ലെന്ന് തൃശൂർ എം. പിയും നടനുമായ സുരേഷ് ഗോപിയും പ്രതികരിച്ചു. ഈ പശ്ചാത്തലത്തിലാണ്, ശ്രീരാമൻ ഖേദപ്രകടനം നടത്തിയത്. മുൻപ് ചെയ്ത വിവാദ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
മുൻപ്, ‘കുഴിമന്തി’ എന്ന ഭക്ഷണത്തിന്റെ പേരിലുള്ള പദം മലയാള ഭാഷയെ മലിനമാക്കുന്നുവെന്നും, തന്നെ ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഈ വാക്ക് നിരോധിക്കുമെന്നും ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചതും വിവാദമുണ്ടാക്കുകയുണ്ടായി.







