ഓണം സ്‌പെഷ്യൽ- 2026

സുശോഭൻ സോനു റോയ്: ബംഗാളി സിനിമയുടെ നാളത്തെ മുഖം
ഇരുട്ടിനും വെളിച്ചത്തിനും ഇടയിലൂടെ ഒരു കൊച്ചുകുട്ടി പതിയെ തന്റെ യാത്ര തുടങ്ങിയതാണ്. ധാരാളം കളിക്കൂട്ടുകാരെയും സ്വന്തം കളിച്ചിരികളെയും സങ്കടത്തോടെ പിന്നിലാക്കി, അസമിലെ ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്കും അവിടെനിന്ന് ബംഗാളിന്റെ ഗ്രാമപാതകളും നഗരവീഥികളും പിന്നിട്ട് ആ യാത്ര ഇന്നും തുടരുകയാണ്. ഏകാന്ത ബാല്യത്തിന്റെ നിസ്സഹായതയിൽനിന്ന് ആത്മവിശ്വാസം നിറഞ്ഞ യുവഅഭിനേതാവിന്റെ ഗരിമയിലേക്കുള്ള ഒരു യാത്ര. ആ യാത്രയുടെ പേരാണ് ‘സുശോഭൻ സോനു റോയ്’.
‘സുശോഭൻ’ എന്ന പേരിന് തെളിഞ്ഞുനിൽക്കുന്നവൻ എന്നൊരർത്ഥമുണ്ട്. ബംഗാളി പ്രേക്ഷകരുടെ മനസ്സിൽ സുശോഭൻ സോനു റോയ് ഇന്ന് പതിയെ തെളിഞ്ഞുനിൽക്കാൻ തുടങ്ങുന്നതിനു പിന്നിലും അയാളുടെ മനസ്സിൽ അണയാതെ കാത്തുസൂക്ഷിക്കുന്ന ഒരു വെളിച്ചമുണ്ട്.
1994 ജൂലൈ 19ന് പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സുശോഭന്റെ ജനനം. സനത് കുമാർ, അനിത റോയ് എന്നിവരാണ് മാതാപിതാക്കൾ. അവരുടെ ഏകസന്താനമാണ് സുശോഭൻ. സുശോഭന്റെ ബാല്യത്തിന്റെ ചെറിയൊരു കാലഘട്ടം അസമിലെ ഗുവാഹത്തിയിലാണ് ചെലവഴിച്ചത്. പിന്നീട് കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ജീവിതത്തിലെ തുടക്കത്തിൽതന്നെ വിധിയുടെ കഠിനപ്രഹരം സുശോഭനെ തേടിയെത്തിയത്, അവന് മൂന്നര വയസ്സു പ്രായമുള്ളപ്പോഴായിരുന്നു. അപ്പോഴായിരുന്നു അവന്റെ പ്രിയപ്പെട്ട സുശോഭന് മൂന്നര പിതാവിന്റെ ആകസ്മികമായ വിയോഗം. പിന്നീട് കൂട്ടിന് അമ്മ മാത്രം. ചെറുപ്പത്തിലെ വിധവയായ അനിത പക്ഷെ, ജീവിതത്തിന്റെ മുന്നിൽ തോറ്റില്ല. അവൾ ഒരു തുണിക്കടയിൽ ജോലിചെയ്‌തുകൊണ്ട് മകനെ വളർത്തി.
മകന് നല്ലൊരു ഭാവി ഉണ്ടാകണമെന്ന ആ അമ്മയുടെ നിശ്ചയദാർഢ്യമാണ്, പിന്നീട്, സുശോഭന് വലിയ സ്വപ്നങ്ങൾ കാണാനുള്ള കരുത്ത് പകർന്നത്. വീട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവിതത്തിലേക്ക് പതിച്ച കനത്ത ഇരുട്ടിൽനിന്ന് നേർത്തൊരു വെളിച്ചം കണ്ടെത്താനുള്ള പോരാട്ടമായിരുന്നു സുശോഭന്റെ ബാല്യവും കൗമാരവും; ഇപ്പോൾ യൗവനവും. പഠനം ഉപേക്ഷിക്കാതെ, കൊൽക്കത്തയിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുശോഭൻ ഡം ഡം മോത്തിജിൽ കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും നേടി.
പക്ഷേ, കണക്കുപുസ്തകങ്ങളുടെ താളുകൾക്കപ്പുറം സുശോഭൻ കണ്ട വലിയ സ്വപ്നങ്ങൾ അവനെ എത്തിച്ചത് താളങ്ങളുടെയും ചുവടുകളുടെയും ലോകത്തേക്കായിരുന്നു. നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയം ആദ്യം അവനെ വെസ്റ്റേൺ ഡാൻസിലേക്കാണ് നയിച്ചത്. പിന്നീട് ഇന്ത്യൻ ക്ലാസിക്കൽ നൃത്തശൈലികളോടും അടുപ്പം വളർന്നു. നിരവധി വേദികളിൽ നിറഞ്ഞാടുകയും വിവിധ ഡാൻസ് ട്രൂപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തു.
ആകർഷകമായ വ്യക്തിത്വവും ആത്മവിശ്വാസവും അവനെ മോഡലിംഗിന്റെ ഗ്ലാമർ ലോകത്തേക്കും പതിയെ എത്തിച്ചു. പ്രിന്റ് പരസ്യങ്ങളും ഫോട്ടോഷൂട്ടുകളും ചെയ്തു തുടങ്ങിയതോടെ കാമറക്കണ്ണുകളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചു. ഹോളിഡേ ഇൻ ഹോട്ടൽ, ഡാബർ, ടൈറ്റൻ ഐ+, അമേസൺ, സ്പെൻസേഴ്സ്, ബിഗ് ബസാർ, വെലോസിറ്റി ഐവിയർ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുമായി പ്രവർത്തിച്ചു. 2025-ൽ, കൊൽക്കത്തയിൽ നടന്ന ‘എത്നിക് എലിഗൻസ് 2025’ മത്സരത്തിൽ ഒന്നാം റണ്ണർ-അപ്പായി.
അതേസമയം, കലാരംഗത്ത് യാതൊരു കുടുംബപശ്ചാത്തലമോ മറ്റു പിന്തുണകളോ ഇല്ലാത്തതിനാൽ അഭിനയലോകത്തേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ഓഡിഷൻ മുറികളുടെ നീണ്ട നിരകളിൽ കാത്തുനിന്നും നിരസിക്കപ്പെടലുകൾ ഒന്നിനു പിന്നാലെ ഒന്നായി നേരിട്ടും മുന്നോട്ടുപോകേണ്ടിവന്നു.
അതിനിടെ, ബംഗാളി ചലച്ചിത്ര സംവിധായകൻ പിയൂഷ് സാഹയുടെ അഭിനയപരിശീലന കളരിയിൽ ഇടംനേടാൻ സാധിച്ചു. ഇത് സുശോഭന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. അവിടത്തെ രണ്ടു വർഷത്തോളം നീണ്ട പരിശീലനം അവന്റെ ഉള്ളിലെ അഭിനേതാവിന് കൂടുതൽ കരുത്തുപകർന്നു.
ഒടുവിൽ 2019-ൽ ‘ആകാശ് ആഠ്’ ചാനലിലെ ‘ആനന്ദമോയി മാ’ എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ബംഗാളി ടെലിവിഷൻ സീരിയൽ സംവിധായകനായിരുന്ന ദേബിദാസ് ഭട്ടാചാര്യ സംവിധാനം ചെയ്ത ഈ പരമ്പരയിയിൽ, ഒരു വൈഷ്ണവ ഭക്തന്റെ ചെറിയൊരു വേഷമായിരുന്നു. എങ്കിലും ഈ അരങ്ങേറ്റം പിന്നീട് ബംഗാളിലെ പ്രമുഖ വിനോദശൃംഖലയായ ‘സ്റ്റാർ ജൽഷ’യിലേക്കുള്ള വഴി തുറന്നു.
തുടർന്നുവന്ന പരമ്പരകളിലൂടെ സുശോഭൻ പതിയെ ബംഗാളി ടെലിവിഷൻ പ്രേക്ഷകരുടെ പരിചിതമുഖമായി. ‘കോറ പാഖി’യിലെ ശ്രദ്ധേയമായ വേഷത്തിനുശേഷം ‘മോഹോർ’ എന്ന ജനപ്രിയ സീരിയലിലും ‘തിത്‌ലി’, ‘ഖേലാഘോർ’ തുടങ്ങിയ പരമ്പരകളിലും വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഓരോ വേഷവും തന്നിലെ അഭിനേതാവിന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. മിനി സ്ക്രീനിലെ ഈ തുടർച്ചയായ സാന്നിധ്യം സുശോഭന് സ്വന്തമായ ഒരു ഇടം നേടിക്കൊടുത്തു. അപ്പോഴും, അവന്റെ ഉള്ളിലെ അഭിനേതാവ് കൂടുതൽ വിശാലമായ ക്യാൻവാസുകൾക്കുവേണ്ടി യാത്രയിലായിരുന്നു. ആ യാത്രയ്‌ക്കൊടുവിൽ, അവൻ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകതന്നെ ചെയ്തു.

അടുത്തുതന്നെ റിലീസിംഗിന് ഒരുങ്ങുന്ന ‘ടേക്ക് കേർ ഭലോബാസ’ എന്ന ബംഗാളിചിത്രത്തിലൂടെ സുശോഭൻ വെള്ളിത്തിരയിലേക്കും ചുവടുവെയ്ക്കുകയാണ്. നാല് സുഹൃത്തുക്കളുടെ ആത്മബന്ധത്തിലേക്കും പ്രണയത്തിലേക്കും സംശയങ്ങളിലേക്കും അതിനെത്തുടർന്നുണ്ടാകുന്ന അതിജീവനത്തിലേക്കും മറ്റും സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ, കൂട്ടുകാരുടെ എല്ലാ വൈകാരിക സംഘർഷങ്ങളെയും പരിഹരിക്കുന്ന ‘ജോയ്’ എന്ന നിർണായക കഥാപാത്രത്തെയാണ് സുശോഭൻ അവതരിപ്പിക്കുന്നത്.
ജീവിതത്തിലെ യാതനകളും വേദനകളും അതിജീവനത്തിന്റെ അനുഭവങ്ങളും മുന്നിലുള്ള സുശോഭന്, സമാനമായ വൈകാരികതലങ്ങളിലൂടെ കടന്നുപോകുന്ന ‘ജോയ്’ എന്ന കഥാപാത്രത്തെ ഉൾക്കൊള്ളുന്നത് അത്ര അന്യമായിരുന്നിരിക്കില്ല. സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞതുകൊണ്ടാകാം, ജോയിയെ കൂടുതൽ സ്വാഭാവികമായി അവതരിപ്പിക്കാൻ സുശോഭന് സാധിച്ചത്. സുശോഭൻ സോനു റോയിൽനിന്ന് ‘ജോയ്’ എന്ന കഥാപാത്രത്തിലേക്കുള്ള ആ വേഷപ്പകർച്ചയിൽ പ്രേക്ഷകർ കണ്ടതും, അനുഭവങ്ങളുടെ ചൂടിൽ പരുവപ്പെട്ടുവരുന്ന ഒരു അഭിനേതാവിനെയാണ്. സൗമ്യജിത് ആദക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, സോളങ്കി റോയ്, സൗമ്യ മുക്കർജി, ഷാങ്ക്യ ശ്രീമ, പല്ലവി ചാറ്റർജി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
അമ്മയുടെ കൈപിടിച്ച് ജീവിതത്തിന്റെ ആദ്യവഴികളിലൂടെ നടന്ന ഒരു കൊച്ചുകുട്ടിയിൽനിന്ന്, സ്വന്തം ഇടം തേടി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന യുവഅഭിനേതാവിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഓരോ പ്രതിസന്ധിയെയും ഓരോ പടിയാക്കി മാറ്റിയാണ് സുശോഭൻ മുന്നേറിയത്. നിരസിക്കപ്പെട്ട ഓഡിഷനുകളിൽനിന്നും ചെറിയ വേദികളിൽനിന്നും ടെലിവിഷൻ പരമ്പരകളിലൂടെയും ഇപ്പോൾ സിനിമയുടെ വലിയ ക്യാൻവാസിലേക്കും നീളുന്ന ആ യാത്രയിൽ ഒരു കാര്യം സുശോഭനിലൂടെ അടിവരയിട്ട് കടന്നുപോകുന്നുണ്ട്; സ്വപ്നങ്ങൾക്കൊപ്പം ചേർന്നുനടക്കാൻ ധൈര്യപ്പെടുന്ന ഒരാൾക്കേ, ഒടുവിൽ സ്വപ്നങ്ങളെ നിറഞ്ഞുപുണരാനും സാധിക്കൂ…
ഹൗറയിലെ തെരുവുകളിൽനിന്ന് ആരംഭിച്ച ആ യാത്ര ഇന്നും തുടരുകയാണ്. ബംഗാളി ടെലിവിഷനിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ സുശോഭൻ സോനു റോയ് ഇപ്പോൾ സിനിമയിലും തന്റെ അടയാളം പതിപ്പിക്കാനുള്ള ശ്രമത്തിലാണ്. നാളത്തെ ബംഗാളി സിനിമയുടെ മുഖങ്ങളിൽ ഒരാളായി മാറുമോ എന്നത് കാലം തീരുമാനിക്കട്ടെ. പക്ഷേ, ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള തന്റെ യാത്ര തുടരുന്ന ഈ യുവഅഭിനേതാവിന്റെ കഥ, സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന ഏതൊരു കലാകാരനും തീർച്ചയായും ഒരു പ്രചോദനമാണ്.
Join with us

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്‘ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്‘, ‘കുഞ്ഞമ്മാവൻ‘ എന്നീ പേരുകളിൽ എഐ കാർട്ടൂൺ കോളങ്ങളും സൂര്യ എന്ന പേരിൽ എഐ ഇല്ലുസ്ട്രേഷനുകളും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.







