AI illustration by Surya for the Malayalam article The Teacher The Sculptor of Generations by V. Rajesh Mohan

അധ്യാപകൻ: തലമുറകളുടെ ശില്പി

ഒരു സമൂഹത്തിന്റെ യഥാർത്ഥ പുരോഗതി അളക്കേണ്ടത് അവിടുത്തെ കെട്ടിടങ്ങളുടെ ഉയരത്തിലോ സാങ്കേതികവിദ്യയുടെ വളർച്ചയിലോ മാത്രമല്ല; ആ ജനത തങ്ങളുടെ അടുത്ത തലമുറയെ എത്രത്തോളം ആരോഗ്യകരമായി പരുവപ്പെടുത്തിയെടുക്കുന്നു എന്നതിലാണ്. ഒരു സമൂഹത്തിന്റെ ‘ആരോഗ്യം’ എന്ന് പറയുമ്പോൾ അത് കേവലം ശാരീരികക്ഷമത മാത്രമല്ല, ആ സമൂഹത്തിലെ ആബാലവൃദ്ധം മനുഷ്യരുടെയും ബൗദ്ധികവും ധാർമ്മികവുമായ ശേഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.

ഇവിടെയാണ് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ പ്രസക്തി. കേവലം അറിവുള്ള മനുഷ്യരെയല്ല, ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നത്. സമൂഹത്തിനുവേണ്ടി അങ്ങനെയൊരു തലമുറയെ വാർത്തെടുക്കാനുള്ള മഹത്തായ ചുമതല പ്രാഥമികമായി നൽകപ്പെട്ടിരിക്കുന്നത് അധ്യാപകനിലാണ്. വിദ്യാഭ്യാസത്തിന്റെ മൂലകേന്ദ്രവും അധ്യാപകൻ തന്നെ. അതുകൊണ്ടുതന്നെ, നല്ലൊരു അധ്യാപകനെ ഒരു ജനതയുടെ ‘തലമുറകളുടെ ശില്പി’ എന്ന് വിശേഷിപ്പിക്കാം.

ക്ലാസ് ചുവരുകൾക്കുള്ളിൽ അവസാനിക്കാത്ത അധ്യാപനം:
ഒക്ടോബർ 5-ന് ലോക അധ്യാപക ദിനം ആചരിക്കുമ്പോൾ, അധ്യാപനത്തിന്റെ വിശാലമായ മാനങ്ങളെക്കുറിച്ച് നാം പുനർചിന്തിക്കേണ്ടതുണ്ട്. അധ്യാപകൻ പാഠപുസ്തകത്തിലെ വിവരങ്ങൾ വിദ്യാർത്ഥിയുടെ മനസ്സിലേക്ക് പകർത്തിവെക്കുന്നയാൾ മാത്രമല്ല; കുട്ടിയുടെ ചിന്തയെ ഉണർത്തുകയും ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുകയും ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം നൽകുകയും ചെയ്യുന്ന വ്യക്തികൂടിയാണ്.

അധ്യാപകന് മുന്നിലിരിക്കുന്ന ഓരോ കുട്ടിയും കേവലം ഒരു മാർക്ക് ലിസ്റ്റല്ല. ഓരോ കുട്ടിയുടെയും പിന്നിൽ ഒരു കുടുംബമുണ്ട്, സ്വപ്നങ്ങളുണ്ട്, ചിലപ്പോൾ പറയാൻ കഴിയാത്ത വിഷമങ്ങളുമുണ്ട്. വീടുകളിൽ ലഭിക്കാത്ത പ്രോത്സാഹനം അധ്യാപകനിൽ നിന്ന് ലഭിക്കുമ്പോൾ, മാതാപിതാക്കളോട് പോലും പറയാൻ കഴിയാത്ത കാര്യങ്ങൾ അധ്യാപകനുമായി പങ്കുവെക്കാൻ വിദ്യാർത്ഥി തയ്യാറാകുന്നു. അതിനാൽ, ഒരു അധ്യാപകന്റെ സ്വാധീനം ക്ലാസ് മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അവസാനിക്കുന്നില്ല.

ഇന്ത്യയുടെ ഗുരുപാരമ്പര്യം:
അധ്യാപകനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്ത്യയുടെ പുരാതന വിദ്യാഭ്യാസ പാരമ്പര്യത്തെ ഓർക്കാതെ മുന്നോട്ട് പോകാനാവില്ല. ഇന്ത്യൻ സംസ്കാരത്തിൽ ‘ഗുരു’ എന്ന പദത്തിന് അധ്യാപകൻ എന്ന സാധാരണ അർത്ഥത്തേക്കാൾ വിശാലമായ അർത്ഥമുണ്ടായിരുന്നു. അറിവ് നൽകുന്നവനോടൊപ്പം ജീവിതത്തെ മനസ്സിലാക്കാൻ സഹായിക്കുന്നവനായിരുന്നു ഗുരു.

ഗുരുകുല സമ്പ്രദായത്തിൽ വിദ്യാഭ്യാസം വെറും പുസ്തകപഠനമായിരുന്നില്ല. ശിഷ്യന്റെ സ്വഭാവരൂപീകരണം, ആത്മനിയന്ത്രണം, ഉത്തരവാദിത്തബോധം, പ്രകൃതിയോടുള്ള ബന്ധം, സമൂഹത്തോടുള്ള കടമ, ശാരീരിക അധ്വാനം എന്നിവയും വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. അധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധം പരീക്ഷയും മാർക്കും അടിസ്ഥാനമാക്കിയതായിരുന്നില്ല. ജീവിതവും അറിവും തമ്മിലുള്ള ബന്ധമായിരുന്നു അത്.

പുരാതന ഇന്ത്യയിലെ ഗുരു-ശിഷ്യ പാരമ്പര്യം പല തലങ്ങളിലായി വളർന്നു. വേദപഠന കേന്ദ്രങ്ങൾ മുതൽ ബൗദ്ധ വിഹാരങ്ങൾ വരെയും പിന്നീട് നളന്ദ, തക്ഷശില പോലുള്ള മഹത്തായ വിദ്യാഭ്യാസ കേന്ദ്രങ്ങൾ വരെയും ഇന്ത്യയിൽ അറിവിന്റെ കൈമാറ്റത്തിന് വലിയ പാരമ്പര്യമുണ്ടായിരുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് എത്തിയിരുന്നു.

എന്നാൽ ഈ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെ മുഴുവൻ ഒരു ആദർശകാലമായി മാത്രം അവതരിപ്പിക്കുന്നത് ചരിത്രത്തോട് നീതി പുലർത്തുന്നതല്ല. അന്നത്തെ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് സാമൂഹിക പരിമിതികളും ഉണ്ടായിരുന്നു. എല്ലാവർക്കും ഒരേ രീതിയിൽ വിദ്യാഭ്യാസാവകാശം ലഭിച്ചിരുന്നില്ല. സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിൽ പല കാലഘട്ടങ്ങളിലും തടസ്സങ്ങൾ നിലനിന്നിരുന്നു. അതിനാൽ ഇന്ത്യയുടെ ഗുരുപാരമ്പര്യത്തെ ആദരിക്കുമ്പോഴും അതിലെ മഹത്തായ മൂല്യങ്ങൾ സ്വീകരിക്കുകയും ചരിത്രത്തിലെ പരിമിതികളെ സത്യസന്ധമായി തിരിച്ചറിയുകയും വേണം.

പൂർവ്വ ഗുരുക്കന്മാരുടെ സംഭാവന:
ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ അനേകം മഹത്തായ അധ്യാപകരുടെ പേരുകൾ ഓർക്കാനുണ്ട്. ചാണക്യൻ രാഷ്ട്രീയചിന്തയുടെയും ഭരണശാസ്ത്രത്തിന്റെയും മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയ ഗുരുവായിരുന്നു. സോക്രട്ടീസ് ഇന്ത്യക്കാരനായിരുന്നില്ലെങ്കിലും, ലോക വിദ്യാഭ്യാസ ചിന്തയിൽ അധ്യാപകന്റെ പ്രധാന ദൗത്യം ചോദ്യങ്ങളിലൂടെ ചിന്ത ഉണർത്തുക എന്ന ആശയം ശക്തമായി അവതരിപ്പിച്ച വ്യക്തിയായിരുന്നു.

ഇന്ത്യൻ പാരമ്പര്യത്തിൽ ജ്യോതിറാവു ഗോവിന്ദറാവു ഫുലെ- സാവിത്രിബായി ഫുലെ ദമ്പതികൾ അധ്യാപനത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ പ്രതീകമാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സാമൂഹിക എതിർപ്പുകൾ നേരിട്ടുകൊണ്ട് അവർ നടത്തിയ പ്രവർത്തനം വിദ്യാഭ്യാസം ഒരു സാമൂഹിക മാറ്റത്തിന്റെ ഉപകരണമാകാമെന്ന് തെളിയിച്ചു. പൂനെയിലെ ഭിഡെവാഡയിൽ അവർ ഇന്ത്യയിലെ ആദ്യത്തെ പെൺപള്ളിക്കൂടം സ്ഥാപിച്ചു. സാവിത്രിബായി ഫുലെ രാജ്യത്തെ ആദ്യത്തെ വനിതാ അധ്യാപികയായി. വിദ്യാഭ്യാസത്തെ സാമൂഹിക സമത്വത്തിനുള്ള ആയുധമായി അവർ കണ്ടു.

ഡോ. സർവപള്ളി രാധാകൃഷ്ണൻ അധ്യാപകന്റെ മഹത്വത്തെ ഇന്ത്യൻ പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കാൻ സാധിച്ചതുതന്നെ അദ്ദേഹത്തോടുള്ള ആദരവിന്റെ സൂചകമായും കണക്കാക്കാം.

രവീന്ദ്രനാഥ ടാഗോർ വിദ്യാഭ്യാസത്തെ പ്രകൃതിയുമായും സ്വാതന്ത്ര്യചിന്തയുമായും ബന്ധിപ്പിച്ചു. ശാന്തിനികേതൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസദർശനത്തിന്റെ പ്രതിഫലനമായിരുന്നു. കുട്ടിയെ പരീക്ഷയ്ക്കായി മാത്രം തയ്യാറാക്കാതെ ജീവിതത്തിനായി തയ്യാറാക്കണം എന്ന ആശയം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചിന്തയിൽ പ്രധാനമായിരുന്നു.

Read Also  അതിജീവനത്തിന്റെ അദൃശ്യ ലിപി/അഷറഫ് കാളത്തോട് എഴുതിയ ചെറുകഥ

മഹാത്മാഗാന്ധി വിദ്യാഭ്യാസത്തെ കൈത്തൊഴിലുമായും സ്വയംപര്യാപ്തതയുമായും ജീവിതാനുഭവങ്ങളുമായും ബന്ധിപ്പിക്കാൻ ശ്രമിച്ചു. സ്വാമി വിവേകാനന്ദൻ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യന്റെ ഉള്ളിലുള്ള ശക്തികളെ ഉണർത്തുക എന്ന നിലയിൽ അവതരിപ്പിച്ചു. ഡോ. ബി. ആർ. അംബേദ്കർ വിദ്യാഭ്യാസത്തെ സാമൂഹിക മുന്നേറ്റത്തിന്റെ നിർണായക മാർഗമായി കണ്ടു. അദ്ദേഹത്തിന്റെ ജീവിതം തന്നെ വിദ്യാഭ്യാസം ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും വിധിയെ മാറ്റാൻ കഴിയുമെന്നതിന് ശക്തമായ ഉദാഹരണമാണ്.

ഇവരുടെ വഴികൾ വ്യത്യസ്തമായിരുന്നെങ്കിലും, ‘വിദ്യാഭ്യാസം മനുഷ്യനെ മാറ്റണം’ എന്ന ഒരു പൊതുസന്ദേശം ഇവർ പൊതുസമൂഹത്തിന് പ്രദാനം ചെയ്തതായി കാണാം.

അധികാരമല്ല അധ്യാപനം:
ഒരു നല്ല അധ്യാപകന്റെ വിജയം പരീക്ഷാഫലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഡോക്ടറോ, എഞ്ചിനീയറോ, കർഷകനോ, കലാകാരനോ, മാധ്യമപ്രവർത്തകനോ ആയി സമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ജീവിക്കുന്ന ഒരു വ്യക്തിക്ക് പിന്നിൽ എവിടെയെങ്കിലും ഒരു അധ്യാപകന്റെ കൈപിടിത്തം ഉണ്ടാകും.

ഒരു അധ്യാപകൻ ഒരു വിവരണശേഖരണത്തിന്റെ ഉടമയല്ല; അറിവിലേക്കുള്ള വഴികാട്ടിയാണ്. അതുപോലെ തന്നെ, ഒരു അധ്യാപകൻ ഒരു തലമുറയെ പഠിപ്പിക്കുന്നില്ല. അദ്ദേഹം ഒരു തലമുറയിലൂടെ അടുത്ത തലമുറകളെയും സ്വാധീനിക്കുന്നു. അധ്യാപകന്റെ വാക്കുകൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കുട്ടികളുടെ മനസ്സിൽ അധ്യാപകൻ പറയുന്ന ഒരു വാക്ക് വർഷങ്ങളോളം നിലനിൽക്കാം. ഒരു വാക്ക് ഒരു ജീവിതത്തെ ഉയർത്താം. അപമാനിക്കുന്ന ഒരു വാക്ക് ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യാം.

ഡിജിറ്റൽ യുഗത്തിലെ അധ്യാപകൻ:
ഇന്നത്തെ അധ്യാപകന്റെ ജോലി പഴയ കാലത്തേക്കാൾ പലമടങ്ങ് സങ്കീർണ്ണമാണ്. ഒരിക്കൽ അറിവിന്റെ പ്രധാന ഉറവിടം അധ്യാപകനും പുസ്തകവുമായിരുന്നു. ഇന്ന് ഒരു മൊബൈൽ ഫോണിലൂടെ ഒരു വിദ്യാർത്ഥിക്ക് ലോകത്തിലെ അനന്തമായ വിവരങ്ങളിലേക്ക് പ്രവേശിക്കാം.

ഇന്റർനെറ്റ്, കൃത്രിമബുദ്ധി, ഡിജിറ്റൽ ക്ലാസ് മുറികൾ, ഓൺലൈൻ പഠനം, സാമൂഹിക മാധ്യമങ്ങൾ—ഇവയെല്ലാം വിദ്യാഭ്യാസത്തിന്റെ സ്വഭാവം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അധ്യാപകന്റെ പ്രസക്തി കുറഞ്ഞിട്ടില്ല; മറിച്ച് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം കൂടുതൽ വർധിച്ചിരിക്കുന്നു.

ഇന്ന് വിദ്യാർത്ഥിക്ക് വിവരം ലഭിക്കാൻ അധ്യാപകനെ മാത്രം ആശ്രയിക്കേണ്ടതില്ല. പക്ഷേ ലഭിക്കുന്ന വിവരങ്ങളിൽ ഏതാണ് ശരി, ഏതാണ് തെറ്റ്, ഏതാണ് വിശ്വസനീയമായത്, ഒരു വിവരത്തെ എങ്ങനെ പരിശോധിക്കണം, വ്യാജവാർത്തയെ എങ്ങനെ തിരിച്ചറിയണം, സാങ്കേതികവിദ്യയെ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം— ഇവ പഠിപ്പിക്കാൻ ഇപ്പോഴും അധ്യാപകന്റെ മാർഗനിർദേശം ആവശ്യമാണ്.

അധ്യാപനത്തിലെ വെല്ലുവിളികൾ:
ഇന്ത്യൻ വിദ്യാഭ്യാസ മേഖല ഇന്ന് ഡിജിറ്റൽ വിഭജനം, സാമ്പത്തിക അസമത്വം, അധ്യാപകരുടെ ജോലിഭാരം, വിദ്യാർത്ഥികളിലെ പഠനഭാരം, അധ്യാപക- വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം തുടങ്ങിയ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളെ മറച്ചുവെക്കാതെ, അസമത്വങ്ങൾ പരിഹരിച്ച് ഗ്രാമത്തിലും നഗരത്തിലും ഉള്ള ഓരോ കുട്ടിക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസവും അദ്ധ്യാപർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും വേതനവും ഉറപ്പാക്കുമ്പോഴാണ് നമ്മുടെ ഗുരുപാരമ്പര്യം അർത്ഥവത്താകുന്നത്.

എത്രയൊക്കെ സാങ്കേതികവിദ്യ വളർന്നാലും അധ്യാപകന്റെ ‘മനുഷ്യസ്പർശത്തിന്’ പകരമാകില്ല. ഒരു കമ്പ്യൂട്ടറിന് വിവരങ്ങൾ നൽകാം, എന്നാൽ കുട്ടിയുടെ കണ്ണിലെ സങ്കടം തിരിച്ചറിയാനും “നിനക്ക് സാധിക്കും” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും ഒരു അധ്യാപകന് മാത്രമേ സാധിക്കൂ.

അധ്യാപകദിന സന്ദേശം:
അധ്യാപക ദിനം ആഘോഷിക്കുന്നത് കേവലം പൂക്കളോ ആശംസകളോ നൽകുന്നതിൽ ഒതുങ്ങരുത്. അധ്യാപകർക്ക് മാന്യമായ തൊഴിൽ അന്തരീക്ഷം, മാനസികമായ പിന്തുണ എന്നിവ ഉറപ്പാക്കാൻ സാധിക്കണം. അതോടൊപ്പം, കാലത്തിനനുസരിച്ച് മാറാനും കുട്ടികളിൽ നിന്ന് പോലും പുതിയ കാര്യങ്ങൾ പഠിക്കാനും അധ്യാപകരും തയ്യാറാകണം. നല്ലൊരു അധ്യാപകൻ ജീവിതകാലം മുഴുവൻ ഒരു വിദ്യാർത്ഥി കൂടിയാണ്.

Join with us