രിപ്പൂ രവിയും ഞാനും

പുറത്തായിട്ടുണ്ടാമിന
പതയ്ക്കുന്നുണ്ട് മധ്യാഹ്നം
പറക്കുന്നുണ്ട് തുമ്പികൾ

ബീഡിത്തിരയുമായ് കിളി
പറന്നെത്തി വരാന്തയിൽ
കഥ കാത്തിരിക്കുന്നു
രവി തീകൊളുത്തുന്നു

ഞാനെൻ്റെ കൈ തെറുക്കുന്നു
അഴിഞ്ഞമുണ്ടുടുക്കുന്നു
കടവിലേക്കു നടക്കുമ്പോൾ
കുളിക്കുന്നുണ്ടു മൈമുന

മുങ്ങാങ്കോഴി കാലത്തിൻ്റെ
കൽപ്പടവിലിരിക്കുന്നു
തിത്തിബി തിത്തിരിപ്പക്ഷി
ആബിദ ആദിപാപങ്ങൾ

രവി, പരീക്ഷിത്തുപോലെ
കാത്തിരിക്കുന്നു; ബസ്റ്റോപ്പിൽ
ശ്രീശുകൻ കഥ ചൊല്ലുന്നു
ബന്ധപാശമഴിക്കുന്നു.

പാതിവ്രത്യ ദേവീ പോതി
പുളിങ്കൊമ്പിലെയമ്പിളി
അരശിൻ പൂവും ചൂടി
വ്യഭിചാരങ്ങൾ കാണുന്നു.

‘സത്തിയം പലതാകുന്നു’
സന്ദേഹം ശമിക്കുന്നു
കൂമൻകാവിലേ തീർത്ഥത്തിൽ
ആചമിച്ചു മടങ്ങുന്നു!

Read Also  കണിപ്പൂവിൻറെ കഥ/ അനുഭൂതി ശ്രീധരൻ എഴുതിയ വിഷുക്കവിത