പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന തുടർകഥ, ‘റാന്തൽ’ ഗോസ്റ്റ് സ്റ്റോറി അഞ്ചാമത്തെ അദ്ധ്യായം.
പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്നു. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്, തന്റെ ആദ്യ രചനയായ ‘റാന്തൽ’ ഫാസിന എഴുതിയത്.

റാന്തൽ അഞ്ചാം അദ്ധ്യായം
‘ഇത് നിനക്കുള്ള ഡയറിയാണ്. നിനക്കു തരാൻ കഴിയുന്ന എന്റെ ഏറ്റവും വിലപ്പിടിപ്പുള്ള സമ്മാനം. ഇന്നു മുതൽ അഞ്ചു ദിവസം ഇതിൽ നീ എഴുതണം. ഈ പേജ് തൊട്ടു തന്നെ എഴുതണം. അല്ലാ… നീ എഴുതും… നിന്നെ കൊണ്ട് ഞാൻ എഴുതിപ്പിക്കും. ഇനി, കൃത്യം അഞ്ചേ അഞ്ചു ദിവസം മാത്രം….’
‘എന്തായിരിക്കും ഗ്രീഷ്മയ്ക്ക് തന്നോടു പറയാനുണ്ടായിരുന്നിരിക്കുക?’
വെറുതെ ചാരിയിട്ടിരിക്കുന്ന വാതിൽ തള്ളിത്തുറന്ന് അകത്തു കടക്കുമ്പോൾ സാറയുടെ മനസ്സിൽ ആ ചിന്തയായിരുന്നു.
‘പിന്നെ പറയാം. നല്ല മഴ വരാനുള്ള സാധ്യതയുണ്ട്.’ എന്നും പറഞ്ഞു തിടുക്കത്തിൽ ഗേറ്റും തുറന്ന് അകത്ത് കയറിയ ഗ്രീഷ്മ വീണ്ടും തന്നെ അവളുടെ വീട്ടിലേക്ക് വിളിച്ചതാണ്. കറണ്ട് വരുന്നതു വരെയെങ്കിലും അവിടെ ഇരിക്കാമെന്ന്.
സാരമില്ല. വീട്ടിൽ എമർജൻസി ലാമ്പ് ഉണ്ടെന്നും പറഞ്ഞ്, കൈ വീശി അവളോട് ഗുഡ് നൈറ്റും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ എന്തോ ഒന്ന് തടഞ്ഞു കിടക്കുന്നത് അറിഞ്ഞു. പെട്ടെന്ന് വന്ന ഇടിവെട്ടും മഴയ്ക്കുള്ള സാദ്ധ്യതയുമാണോ അവളുടെ ആ സമയത്തെ പരിഭ്രാന്തിക്ക് കാരണം. അല്ലെന്നു മനസ് ശക്തമായി പറയുന്നു.
ആ വീടിനെ പറ്റി അവളെന്തോ കാര്യമായി പറയാൻ വന്നതാണ്. ആ സമയത്തു തന്നെയുള്ള കറണ്ട് പോക്കും ഇടിവെട്ടും അവളുടെ ഭയന്ന മുഖവും എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അസ്വഭാവികമായ എന്തോ ഒന്ന് അതിൽ ഉള്ളതുപോലെ. ആ വീടിനെ പറ്റി എന്തൊക്കെയോ നിഗൂഢതയുണ്ട്. ഇവിടെയെത്തിയതു മുതൽ തനിക്കത് ഫീൽ ചെയ്യുന്നു.
തന്റെ മുറ്റത്തു കയറി ഗേറ്റ് കുറ്റിയിടുമ്പോൾ ഗ്രീഷ്മ അവളുടെ വീടിനകത്ത് കടന്നതു കണ്ടു. ആ ക്ഷണം തന്നെ സ്വിച് ഓഫാക്കിയതുപോലെ പെട്ടെന്ന് അന്തരീക്ഷം പഴയതു പോലെ ആയതും അത്ഭുതമായി തോന്നി. എത്ര പെട്ടെന്നാണ് ഇടിവെട്ടും കനത്ത മഴയ്ക്കുള്ള സാദ്ധ്യതയും നിലച്ചത്? കട്ടായ കറന്റ് ഇനിയും മടങ്ങി വന്നിട്ടില്ല എന്നതും കൂട്ടിന് നായ്ക്കളുടെ കൂട്ടത്തോടെയുള്ള ഓരിയിടലും ചില യക്ഷികഥകളിലെ നിശാപക്ഷികളുടെ കൂവലും കുറങ്ങലും തുടങ്ങിയ കലാപരിപാടികൾ ഒന്നും ഉണ്ടായില്ല എതും ഒഴിച്ചാൽ ഏകദേശം ഒരു ഹൊറർ നോവലിലെ ഏതോ ഒരു അദ്ധ്യായം വായിച്ചു തീർന്ന ഒരു ഫീൽ.
ഒരുപക്ഷെ, എല്ലാം തന്റെ തോന്നലാകാം. ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം പോലും ഇങ്ങനെയുള്ള തോന്നലുകളെ തുടർന്ന് സംഭവിച്ചതാകാം. അതോ, തന്നിലെ ജേർണലിസ്റ്റിന്റെ ഇൻവെസ്റ്റിഗേഷൻ മൈഡോ? ചുമ്മാ ഇരുന്ന് കയ്യിൽ കിട്ടുന്ന ഡെയിലി ഇൻസിഡൻസ് അവിടേം ഇവിടേം വെട്ടി ഒതുക്കി കോളം ഒപ്പിച്ചെഴുതുന്ന വാർത്താ ജേർണലിസത്തോട് തനിക്കത്ര താല്പര്യമില്ല. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിങ്ങിനോടാണ് ഏറെ പ്രിയം. അല്ലെങ്കിൽ, ഫീച്ചർ ജേർണലിസം. പാലക്കാട് അതിനുള്ള സ്കോപ്പ് അധികം ഇല്ല. ന്യൂസ് ബ്യൂറോയിൽ തന്നെ ആളില്ലാത്ത അവസ്ഥ.
ഇവിടെ സൺഡേ പതിപ്പിലേക്കാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. അതും അസീസിക്ക സ്ട്രോങ്ങായി പിടിച്ചതു കൊണ്ട് കിട്ടിയതാണ്. അസീസിക്കയ്ക്കു വാർത്ത സെക്ഷൻ വിട്ടുള്ള ഒരു കളിയും ഇല്ല. കാര്യം താൻ കെഞ്ചിയിട്ടാണെങ്കിലും, തന്നെ സൺഡേ ഡെസ്കിലേക്ക് തട്ടാൻ അസീസിക്ക മുൻകൈ എടുത്തതിന്റെ പിറകിൽ മറ്റൊരു ഗൂഢലക്ഷ്യവും പുള്ളിക്കുണ്ടെന്നു തോന്നുന്നു. പാലക്കാട് നിന്നും താമസിയാതെ ഒരു ട്രാൻഫറിനുള്ള മണം കൂടിയുണ്ട്. അപ്പോൾ പിന്നെ, തന്റെ എത്തിനോട്ടം അധികം ഉണ്ടാവില്ലല്ലോ…
എമർജൻസി ലാമ്പും കയ്യിൽ പിടിച്ചാണ് സ്റ്റേയർ കേസ് കയറിയത്. റൂമിന്റെ വാതിൽ തുറന്നയുടൻ കറണ്ട് വന്നതിന്റെ ലക്ഷണം കേട്ടു. ഫാൻ തിരിയാൻ തുടങ്ങിയിരിക്കുന്നു. റൂം വിട്ടു പോകുമ്പോൾ ഫാൻ ഓഫ് ചെയ്യാൻ മറന്നിട്ടുണ്ടാകുമെന്ന് സാറ ഓർത്തു.
വാതിലിനോട് ചേർന്ന്, വലതു ഭാഗത്തെ ഭിത്തിയോട് ചേർത്താണ് മേശയും കസേരയും ഇട്ടിരിക്കുന്നത്. അതിനു പിന്നിലായി കട്ടിൽ. ചിലപ്പോഴൊക്കെ കിടക്കുന്ന സമയങ്ങളിലാണ് എഴുതാനുള്ള മൂഡ് വരിക. അന്നേരം ഒറ്റ കുതിപ്പിൽ നേരെ ചെന്ന് ഇരിക്കണം കസേരയിൽ. മേശയിൽ ടേബിൾ ലാമ്പ് ഉൾപ്പെടെ എഴുതാനുള്ള സകല സജ്ജീകരണങ്ങളും വന്നപ്പോൾ തന്നെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു.
പെൻഡുലം ക്ളോക്ക് ഉച്ചത്തിൽ ശബ്ദം വെയ്ക്കാൻ തുടങ്ങി. പുരാതന വസ്തുവാണ്. പലവട്ടം ആക്രിക്കടയിൽ തള്ളേണ്ട മൊതല്. പുരാവസ്തു ശേഖരം ചെറുപ്പം മുതലേ തന്റെ ക്രെയ്സാണ്. അതുകൊണ്ട് പലതും തന്റെ കളക്ഷനിൽ സേഫായി ഇപ്പോഴും ഉണ്ട്.
മേശയ്ക്കു നേരെ മുകളിലായാണ് ക്ളോക്ക് വെച്ചിരിക്കുന്നത്. ക്ളോക്കിൽ നോക്കാതെ തന്നെ സാറ മനസ്സിൽ പറഞ്ഞു,
‘മണി ഏഴായിരിക്കുന്നു…’
കാലത്ത് ഉറക്കമുണരുമ്പോൾ തന്നെ നേരെ നോക്കുക ക്ളോക്കിലേക്കാണ്. ചെറുപ്പത്തിൽ പിടികൂടിയ ശീലമാണ്.
കയ്യിലെ എമർജൻസി ലാമ്പ് മേശയിൽ വെച്ച്, തൊട്ടു മുകളിലെ സ്വിച് ബോർഡിൽ റൂമിലെ സ്വിച് ഓണാക്കി. വെളിച്ചം പരന്ന റൂമിൽ കണ്ണുകൾ കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടെ എമർജൻസി ലാമ്പ് ഓഫ് ആക്കാൻ തുണിയുമ്പോഴാണ്, താഴത്തെ ലൈറ്റുകൾ ഒന്നും ഓണാക്കിയിട്ടില്ലല്ലോ എന്നോർത്തത്. അവർ എത്താനുള്ള സമയം കഴിഞ്ഞിരുക്കുന്നു. ഇനി അവർ വരുമ്പോൾ, സിറ്റൗട്ടിൽ പോലും ലൈറ്റ് ഇല്ലാത്തതിന് ചീത്ത കേൾക്കേണ്ട.
എമർജൻസി ലാമ്പ് ഓഫ് ചെയ്യാതെ അതും എടുത്ത് തിരിഞ്ഞ സാറയുടെ കണ്ണുകൾ ഒരു മിന്നായം പോലെ എന്തോ കണ്ട് വെട്ടിത്തിരിഞ്ഞു മേശയിലേക്ക് നോക്കി. മേശയുടെ മുകളിൽ ഒരു പുസ്തകം. കട്ടിയുള്ള കടും ചെമപ്പ് പുറംചട്ടയാണ് അതിന്. പുറംചട്ട ബ്ലാങ്കാണ്. തലങ്ങനേം വിലങ്ങനേം ആയി അങ്ങോട്ടും ഇങ്ങോട്ടും കോറലുകൾ പോലെ ഏതാനും വരകൾ ഉണ്ടെന്നൊഴിച്ചാൽ ഒരു എഴുത്തും ചട്ടയിൽ കാണുന്നില്ല.
ഇങ്ങനെയൊരു പുസ്തകം തനിക്കില്ലല്ലോ എന്നോർത്ത് സാറ പുസ്തകം എടുക്കാതെ തന്നെ ചട്ട മറിച്ചു നോക്കി. അകത്തെ ആദ്യ പേജും ശൂന്യം. അടുത്ത പേജ് മറിച്ചപ്പോഴാണ് സാറയ്ക്ക് മനസിലായത്, അതൊരു ഡയറിയാണെന്ന്. പക്ഷെ, ജനുവരിയിലെ ആദ്യപേജും ശൂന്യമാണ്.
‘ആരുടേതാണ് ഈ ഡയറി?’
സാറ ചിന്തിച്ചു.
‘തനിക്കല്ലാതെ ഡയറി എഴുതുന്ന ശീലം ഇവിടെ ആർക്കുമില്ലല്ലോ.’
സാറ തുടരെ തുടരെ ഏതാനും പേജുകൾ കൂടി മറിച്ചു നോക്കി. ഒന്നും കണ്ടില്ല. ഉള്ളിലെ വെള്ള പേജുകൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു കണ്ടപ്പോൾ ഡയറികയ്യിലെടുത്ത് വേഗത്തിൽ ഒന്നോടിച്ചു മറിച്ചു നോക്കി. അതിനിടയിൽ ഇടയിലെവിടെയോ എന്തോ ഏഴുതിയത് കണ്ടു. പിന്നെ, ആ പേജ് തിരഞ്ഞു പിടിക്കാനുള്ള ശ്രമമായി.
ഒടുവിൽ ആ പേജ് വന്നെത്തി. ഏതാനും വാചകങ്ങളെ അതിലുള്ളൂ. സാറ ജിജ്ഞാസയോടെ അതു വായിക്കാൻ തുടങ്ങി.
‘ഇത് നിനക്കുള്ള ഡയറിയാണ്. നിനക്കു തരാൻ കഴിയുന്ന എന്റെ ഏറ്റവും വിലപ്പിടിപ്പുള്ള സമ്മാനം. ഇന്നു മുതൽ അഞ്ചു ദിവസം ഇതിൽ നീ എഴുതണം. ഈ പേജ് തൊട്ടു തന്നെ എഴുതണം. അല്ലാ… നീ എഴുതും… നിന്നെ കൊണ്ട് ഞാൻ എഴുതിപ്പിക്കും. ഇനി, കൃത്യം അഞ്ചേ അഞ്ചു ദിവസം മാത്രം….’
സാറയുടെ നെഞ്ച് വല്ലാതെ കിടുങ്ങിപ്പോയി. അതോടൊപ്പം, പുറത്ത് കാറിന്റെ ഹോണടി ശബ്ദവും സാറ കേട്ടു.
തുടരും…

Join with us

ഫാസിന കുന്നത്ത്: പാലക്കാട് പിരായിരി സ്വദേശിനി. ചിത്രകാരി. തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷം. മാതാപിതാക്കൾ: കുന്നത്ത് അസീസ് കെ. എ., സൈന വി. യു.
പ്രതിഭാവത്തിൽ തുടർകഥയായി പ്രസിദ്ധീകരിച്ചു വരുന്ന ‘റാന്തൽ’ എന്ന ഹൊറർ സ്റ്റോറിയാണ് പ്രസിദ്ധീകൃതമാകുന്ന ആദ്യ രചന. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്, ഫാസിന തന്റെ ആദ്യത്തെ രചനയായ ‘റാന്തൽ’ എഴുതിയത്.







