AI illustration of Peacock Island by Surya for the Assam Meghalaya travelogue last part by Kalika
ബ്രഹ്മപുത്ര മയിൽ ദ്വീപിലെ ഉമാനന്ദ ക്ഷേത്രം: എഐ പെയിന്റിംഗ്- സൂര്യ

മയിൽ ദ്വീപിലെ ഉമാനന്ദ ക്ഷേത്രപ്പടവുകളിൽ

വൈകുന്നേരത്തോടെ ഗുവഹട്ടി എയർപോർട്ടിൽ നിന്നും, കണ്ടു കൊതിതീരാത്ത കാഴ്ചകളും പറഞ്ഞു മുഷിയാത്ത വിശേഷങ്ങളുമായി ബാംഗ്ലൂരിലേക്കും അവിടുന്ന് നെടുമ്പാശ്ശേരിയിലേക്കും മടങ്ങുമ്പോൾ, ഇടക്കിടെ ഞങ്ങൾ പരസ്പരം പിറുപിറുത്തുകൊണ്ടിരുന്നു:
“യാത്രകൾ അവസാനിക്കുന്നില്ല. പുതിയ ഭൂമിയും പുതിയ ആകാശവും പുത്തൻ അനുഭവങ്ങളും തേടികൊണ്ട് അതിനിയും തുടർന്നുകൊണ്ടേയിരിക്കും…

നോക്കെത്താ ദൂരത്തോളം നിറഞ്ഞു പരന്ന്, ഞങ്ങൾക്കു മുന്നിൽ ശാന്തമായി ഒഴുകുകയാണ്, ബ്രഹ്മപുത്ര. പാഠപുസ്തകത്തിൽ നിന്നു മാത്രം കേട്ടറിഞ്ഞ ബ്രഹ്മപുത്രയെ നേരിട്ട് കണ്ടപ്പോൾ തോന്നിയ അളവില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.

ധാരാളം കൈവഴികളായി പിരിഞ്ഞും കൂടിച്ചേർന്നും ഒഴുകുന്ന ബ്രഹ്മപുത്രയിലാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ ജനവാസമുള്ളതും ഏറ്റവും കൂടുതൽ വിസൃതിയുള്ളതുമായ നദീദ്വീപ് ‘മജൂലി’ യും ഏറ്റവും ചെറിയ ജനവാസമുള്ള നദീദ്വീപായ ഉമാനന്ദയും സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ യാത്ര ഉമാനന്ദ ദ്വീപിലേക്കാണ്. സാക്ഷാൽ ശിവഭഗവാൻ ഉമയ്ക്കു വേണ്ടി നിർമ്മിച്ചതാണ് ഈ ദ്വീപെന്നാണ് ഐതിഹ്യപരമായ വിശ്വാസം. ഇവിടെ വെച്ചാണ് ശിവൻ പാർവതിക്ക് ജ്ഞാനോപദേശം നൽകിയതെന്നും വിശ്വസിക്കപ്പെടുന്നു. ഇതിനു പുറമെ, ശിവൻ ഇവിടെ തപസ് ചെയ്യുന്ന വേളയിൽ അതു മുടക്കാൻ കാമദേവൻ ശ്രമിച്ചുവത്രെ. അതിൽ കോപാകുലനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കിയെന്നും പിന്നീട് ഇവിടെ വെച്ചുതന്നെ പുനർജ്ജീവിപ്പിച്ചെന്നും ഉള്ള ഐതിഹ്യവും ഉണ്ട്.

അതേസമയം, ബ്രിട്ടീഷ് ഭരണകാലത്ത് ‘മയിൽ ദ്വീപ്’ എന്നൊരു പേര് കൂടി ഈ ദ്വീപിനു ലഭിക്കുകയുണ്ടായി. അക്കാലത്തെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഈ ദ്വീപിനെ മുകളിൽ നിന്ന് നോക്കുമ്പോൾ, ഒരു മയിൽ പീലി വിടർത്തി നിൽക്കുന്നതു പോലെ തോന്നുമത്രെ. അങ്ങനെ, ആ ഉദ്യോഗസ്ഥൻ ഈ ദ്വീപിനെ ‘പീകോക്ക് ഐലൻഡ്’ എന്ന് വിളിക്കാൻ തുടങ്ങി. മലയാളത്തിൽ അത് മയിൽ ദ്വീപ് എന്നും ആയി. എങ്കിലും, ഔദ്യോഗിക രേഖകളിൽ ‘ഉമാനന്ദ ദ്വീപ്’ ആണ്.

ഇന്ത്യയിലെ നദികളിൽ ഏറ്റവും ആഴം കൂടിയ നദികൂടിയാണ് ബ്രഹ്മപുത്ര. ആഴത്തിന്റെ കാര്യത്തിൽ മാത്രമല്ല, വീതിയുടെ കാര്യത്തിലും ഇന്ത്യൻ നദികളിൽ ബ്രഹ്മപുത്ര തന്നെയാണ് മുന്നിൽ. മൺസൂൺ സീസണിൽ ഹിമാലയത്തിൽ മഞ്ഞുരുകുമ്പോമ്പോൾ ബ്രഹ്മപുത്രയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും നദിയുടെ അടിത്തട്ട് കൂടുതൽ ആഴമുള്ളതായി മാറുകയും ചെയ്യുന്നു. ആ സമയങ്ങളിൽ ഇതിന്റെ ആഴം ചില പ്രത്യേക ഭാഗങ്ങളിൽ 380 അടി (ഏകദേശം 115 മീറ്ററിലധികം) വരെ എത്താറുണ്ട്.

അതുപോലെ, അസമിലെ ചില ഭാഗങ്ങളിൽ ഈ നദി 10 കിലോമീറ്റർ വീതിയിൽ, കടൽ പോലെ പരന്നുകിടക്കുമത്രെ! അതുകൊണ്ട് അസം ജനത, ‘മുത്തശ്ശൻ നദി’ എന്ന് അസം ഭാഷയിൽ അർത്ഥം വരുന്ന ‘ബുർഹ ലൂയിത്’ എന്ന ഓമന പേരിലും ബ്രഹ്മപുത്രയെ വിളിക്കാറുണ്ട്.

തിബറ്റിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും വൻ മലയിടുക്കുകളിലൂടെ ഒഴുകി ഇന്ത്യയിലെത്തുന്ന ബ്രഹ്മപുത്ര നദി, ബംഗ്ലാദേശിലേക്ക് പ്രവേശിക്കുമ്പോൾ ‘ജമുന’ എന്നാണ് അറിയപ്പെടുന്നത്. ഹിമാലയത്തിലെ കൈലാസപർവത നിരകൾക്ക് വടക്ക്, കോങ്ഗ്യുത്ഷാ തടാകത്തിന് തൊട്ടുതെക്കായി ഏകദേശം 5150 മീറ്റർ ഉയരത്തിൽ നിന്നാണ് ബ്രഹ്മപുത്ര ഉത്ഭവിക്കുന്നത്. മൊത്തം 2900 കിലോമീറ്റർ നീളമുള്ള ഈ നദി, ഇന്ത്യയിലൂടെ മാത്രം 916 കിലോമീറ്ററാണ് ഒഴുകുന്നത്. അസമിൽ എത്തുമ്പോൾ ഈ നദിക്ക് പല പേരുകളുണ്ട്. ശ്യാമ, സെമ, സെങ്ലായ് എന്നിവ ഇതിന്റെ പഴയ പേരുകളാണ്. കൂടാതെ തദ്ദേശവാസികൾ ഇതിനെ ലോഹിത്/ ലൂയിറ്റ്, ബോർലൂയിറ്റ്, സീരിലൂയിറ്റ് എന്നിങ്ങനെ പല പേരുകളിലും വിളിച്ചുവരുന്നു.

അസമിൽ ലോഹിത് എന്നാൽ ചുവപ്പ് എന്നാണ് അർത്ഥം. ‘ലൗഹിത്യ’ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ‘ലോഹിത്’ അഥവാ, ‘ലൂയിറ്റ്’ വരുന്നത്. സംസ്‌കൃതത്തിൽ ലൗഹിത്യ എന്നാൽ, ചോരനിറമുള്ളത് എന്നാണ് അർത്ഥം വരുന്നത്. ഈ നദിക്ക് ഇങ്ങനെയൊരു പേരു വരാനും ഒരു ഐതിഹ്യമുണ്ട്. അത് പരശുരാമനുമായി ബന്ധപ്പെട്ട് കിടക്കുന്നു.

തന്റെ പിതാവായ ജമദഗ്നി മഹർഷിയുടെ ആജ്ഞാനുസരണം പരശുരാമൻ സ്വന്തം അമ്മയായ രേണുകയുടെ തല കൊയ്തതിനെ തുടർന്ന്, മാതൃഹത്യ എന്ന മഹാപാപം കാരണം പരശുരാമന്റെ കൈയിലെ മഴു (പരശു) അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വേർപെടുത്താനാകാത്ത വണ്ണം ഒട്ടിപ്പിടിച്ചു. പാപപരിഹാരത്തിനായി അലഞ്ഞുതിരിഞ്ഞ പരശുരാമൻ ഒടുവിൽ ഹിമാലയത്തിലെത്തുകയും അവിടെയുള്ള ‘ബ്രഹ്മകുണ്ഡ്’ തടത്തിലെ വെള്ളത്തിൽ കുളിക്കാനിറങ്ങുകയും ചെയ്തു. തത്സമയം, അദ്ദേഹത്തിന്റെ കൈയിൽ ഒട്ടിപ്പിടിച്ചിരുന്ന മഴു വേർപ്പെടുകയും അതിലെ വെള്ളത്തിന് ചുവപ്പ് നിറം ഉണ്ടാകുകയും ചെയ്തു. ബ്രഹ്മകുണ്ഡിൽ നിന്ന് ഒഴുകിവരുന്ന നദിയാണ് പിന്നീട് ലോഹിത്/ലൂയിറ്റ് ആയി മാറുന്നതും അസമിലെത്തുമ്പോൾ അത് ബ്രഹ്മപുത്ര എന്ന വലിയ നദിയായി രൂപാന്തരപ്പെടുന്നതും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പരശുരാമന് പാപം മോചനം നല്കിയ ബ്രഹ്മകുണ്ഡ്, പരശുരാം കുണ്ഡ് എന്നും അറിയപ്പെട്ടു.

Read Also  കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം
Sky view of Umananda Temple at Peacock Island in Brahmaputra
മയിൽ ദ്വീപിലെ ഉമാനന്ദ ക്ഷേത്രത്തിന്റെ ആകാശക്കാഴ്ച

ബ്രഹ്മപുത്രയുടെ വലിപ്പത്തെയും ഗാംഭീര്യത്തെയും വർണ്ണിക്കാൻ ഇതിനെ അവർ ‘ബോർലൂയിറ്റ്’ എന്നും സൗന്ദര്യത്തെയും ഐശ്വര്യത്തെയും വർണ്ണിക്കാൻ ‘സീരിലൂയിറ്റ്’ എന്നും വിളിച്ചു വരുന്നു. അസമിൽ ‘ബോർ’ എന്നാൽ വലിയത് എന്നും ‘സീരി’ എന്നാൽ ഐശ്വര്യം എന്നുമാണ് അർത്ഥം.

കാമാഖ്യയിലെ അമ്പുബാച്ചി മേള നടക്കുന്ന സമയത്ത് മൂന്നു ദിവസം ബ്രഹ്മപുത്ര ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിനാൽ ഈ നദി ‘ബ്ലീഡിങ് റിവർ’ എന്നും അറിയപ്പെടുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഉണ്ടാകുന്ന ഹിമാലയത്തിലെ മഞ്ഞുരുകലും അതോടൊപ്പം എത്തുന്ന കനത്ത മൺസൂൺ മഴയും കാരണം ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുകയും വൻതോതിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും അത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ ബ്രഹ്മപുത്രയെ ‘അസമർ സോക്’ (ആസാമിന്റെ ദുഃഖം) എന്നും വിളിക്കുന്നു.

അങ്ങനെ, നിരവധി വിശേഷണങ്ങളും വിശേഷങ്ങളും ഉള്ള ബ്രഹ്മപുത്രയിലൂടെ ഞങ്ങൾ ബോട്ട് സവാരി ആരംഭിച്ചു. ആ ട്രിപ്പിൽ, ഞങ്ങൾ 24പേരെ കൂടാതെ വേറെയും ആളുകൾ ഉണ്ടായിരുന്നു. സ്ത്രീകൾ ബോട്ടിലെ ഉള്ളിലും പുരുഷന്മാർ മുകൾതട്ടിലും കയറി. ബോട്ട് ശ്രീപാർവതി ക്ഷേത്രമായ ഉമാനന്ദ ക്ഷേത്രത്തിനെ ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി.

ഗുവാഹത്തിയിലെ കച്ചാരി ഘട്ടിൽ നിന്നും ആരംഭിച്ച ആ യാത്ര പത്തു പതിനഞ്ച് മിനിറ്റിനുശേഷം മയിൽ ദ്വീപിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര കവാടത്തിൽ എത്തിച്ചേർന്നു. നാലുവശത്തും പാറക്കൂട്ടങ്ങൾ തിങ്ങിയ, ബ്രഹ്മപുത്ര താലോലിക്കുന്ന ശാന്തസുന്ദരമായ ക്ഷേത്രം. ബോട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ, ക്ഷേത്രത്തിലേക്ക് കയറാൻ കല്ലിൽ കൊത്തിയെടുത്ത കുത്തനെയുള്ള പടവുകൾ. വൃത്താകൃതിയിലുള്ള കവാടത്തിന്റെ ഇരുവശത്തും ഓരോ കാളകളുടെ പ്രതിമകൾ. ഉള്ളിലേക്കു കടന്നാൽ ചുറ്റും വലിയ മരങ്ങൾ. അതിന്റെ മുകളിലും താഴെയും ആയി ധാരാളം കുരങ്ങുകളും വിവിധ ഇനം പക്ഷികളും. സുവർണ്ണ ലംഗൂർ എന്ന അപൂർവ്വ ഇനം കുരങ്ങുകളുടെ ആവാസകേന്ദ്രമായിരുന്നു പണ്ട് ഇവിടം.  ഇവിടെ നിന്നും നോക്കിയാൽ ബ്രഹ്മപുത്രയുടെ അതിവിശാലമായ കാഴ്ചയും ഗുവാഹത്തി നഗരത്തിന്റെ വിദൂര ദൃശ്യങ്ങളും ചുറ്റുമുള്ള മലനിരകളും ഒക്കെ സ്പഷ്ടമായി കാണാം.

പതിനേഴാം നൂറ്റാണ്ടിൽ, അസമിലെ അഹോം രാജാവായിരുന്ന സ്വർഗ്ഗദേവ് ഗദാധർ സിംഹന്റെ കാലത്ത് പണിതതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന ഒരു ഭൂകമ്പത്തിൽ നശിച്ചിരുന്നു. പിന്നീട് പുനഃരുദ്ധാരണം നടന്ന ക്ഷേത്രത്തിൽ അസം വാസ്തുവിദ്യയുടെ മനോഹരമായ കയ്യൊപ്പുകൾ കാണാം.  ഇപ്പോൾ കോൺക്രീറ്റ് സമുച്ചയങ്ങളാണ് കൂടുതലും. ചുവരുകളിലും തൂണുകളിലും കല്ലിൽ കൊത്തിയ ദൈവങ്ങളുടെ ശില്പങ്ങൾ, പുരാതന വൈഷ്ണവ ലിപികളിലെ എഴുത്തുകൾ തുടങ്ങിയ കാഴ്ചകൾ.

ഭൂനിരപ്പിൽ നിന്നും അല്പം താഴ്ന്നാണ് ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. കരിങ്കൽ പടവുകൾ ഇറങ്ങി വേണം ശ്രീകോവിലിന് മുന്നിലെത്താൻ. ശ്രീകോവിലിലേക്ക് കടക്കുന്ന കവാടത്തിന്റെ മുന്നിൽ, മുറ്റത്ത് കോൺക്രീറ്റ് പീഠത്തിൽ ഒരു നന്ദി വിഗ്രഹം. പിന്നിൽ വലിയൊരു ശൂലം. ശ്രീപാർവതി ക്ഷേത്രയുടെ ക്ഷേത്രം എന്നാണ് പറയപ്പെടുന്നതെങ്കിലും സ്വയംഭൂവായ ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. വിഷ്ണു, പാർവതി, ഗണപതി, സൂര്യൻ തുടങ്ങിയ മൂർത്തികൾക്കും ഇവിടെ ആരാധനയുണ്ട്.

ഒടുവിൽ, മയിൽ ദ്വീപിലെ ‘ഉമാനന്ദ’ യെ മതിവരുവോളം കൺകുളിർക്കെ കണ്ട്, ആജാനുബാഹുവായ മഹാപുരുഷനെപ്പോലെ നീണ്ട് നിവർന്നു കിടക്കുന്ന ബ്രഹ്മപുത്രയെ ആവോളം ആസ്വദിച്ചുകൊണ്ട് മടക്കയാത്ര.

Assam-Meghalaya tour team at Umananda Temple at Peacock Island-1
യാത്രാ ടീം അംഗങ്ങൾ ഉമാനന്ദ ക്ഷേത്ര പരിസരത്ത്
Assam-Meghalaya tour team at Umananda Temple at Peacock Island-2
നന്ദി പ്രതിമയ്ക്ക് അരികിൽ യാത്രാ ടീം അംഗങ്ങൾ
Kalika and her husband at Umananda Temple at Peacock Island in Brahmaputra
ലേഖിക കലികയും ഭർത്താവ് വിജയനും ഉമാനന്ദ ക്ഷേത്രത്തിൽ

വൈകുന്നേരത്തോടെ ഗുവഹട്ടി എയർപോർട്ടിൽ നിന്നും, കണ്ടു കൊതിതീരാത്ത കാഴ്ചകളും പറഞ്ഞു മുഷിയാത്ത വിശേഷങ്ങളുമായി ബാംഗ്ലൂരിലേക്കും അവിടുന്ന് നെടുമ്പാശ്ശേരിയിലേക്കും മടങ്ങുമ്പോൾ, ഇടക്കിടെ ഞങ്ങൾ പരസ്പരം പിറുപിറുത്തുകൊണ്ടിരുന്നു:  
“യാത്രകൾ അവസാനിക്കുന്നില്ല. പുതിയ ഭൂമിയും പുതിയ ആകാശവും പുത്തൻ അനുഭവങ്ങളും തേടികൊണ്ട് അതിനിയും തുടർന്നുകൊണ്ടേയിരിക്കും…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹