AI illustration by Surya for the Malayalam poem Swapnadanam by Sandhya

സ്വപ്നാടനം

ന്നലെ ഒരു പനിനീർ പൂവിന്റെ
ഇതളിൽ വീണു മയങ്ങിപ്പോയി.
പുലരിയിൽ കിളിയൊച്ചകൾ
കാവേരി ചൊല്ലി തൊട്ടു വിളിച്ചു.

മധുരസ്വപ്നത്തിന്റെ പടവിറങ്ങി,
മേഘങ്ങൾ മേയുന്ന കുന്നിൻ
മേട്ടിലെ മുന്തിരിപ്പാടത്തിലൂടെ
മിഴികൾ സ്വപ്നാടനം തുടർന്നു.

താഴ്‌വരയിൽ വരയാടുകളെ
മേയ്ക്കുന്ന പെൺകുട്ടികൾ
ഈണത്തിലേതോ നാടോടി
ഗാനത്തിന്റെ ശീലുകൾ മൂളി.

മാനത്ത് പൊടുന്നനെ ഉരുണ്ടു
കൂടിയ മഴമേഘങ്ങൾക്കൊപ്പം
കുന്നിറങ്ങിയ നീല മയിൽകൂട്ടം
പീലി നിവർത്തിയാടുകയായി.

മലമുകളിൽ അമ്പലമണികൾ
മന്ത്രം ജപിച്ചു കൊണ്ടേയിരുന്നു.
മഴച്ചാലുകളുടെ തീർത്ഥമൊഴുകി
കാട്ടരുവിയുടെ കമണ്ഡലു നിറച്ചു.

പുലർ സ്വപ്നം ഫലിച്ചത് പോലെ,
പൂവിതളിൽ ദൈവം പുഞ്ചിരിച്ചു.
ഇന്നലെ ഒരു പനിനീർ പൂവിന്റെ
ഇതളിൽ ഞാൻ മയങ്ങിപ്പോയി.