Published on June 19, 2026

കവിതാ മോഷണം
ഇന്നലെകളുടെ ചൂട്
പെരുവിരലിലൂടെയരിച്ച്
തലച്ചോറിലെത്തുന്നത്,
കറുത്ത,
നാല് ചുവരുകളുള്ള
ആ മുറിയിൽ തിക്കിയിരിക്കുമ്പോഴാണ്.
രക്ത മണമുള്ള വൈകുന്നേരങ്ങളിൽ
ഇരുട്ടിനോട് വർത്താനം പറഞ്ഞിരുന്ന്,
മറ്റാരോ എഴുതിയ കവിതകളെ
കൊലപാതകം ചെയ്ത്,
മുറിഞ്ഞയിടങ്ങളിൽ തുന്നിത്തുന്നി
എന്റേതാക്കുന്ന തിരക്കിലാണ് ഞാൻ.
ഇരുട്ടിന്റെ മറവിൽ,
വ്യാജമഷി മുക്കി
ഞാനവയെ പുനർജനിപ്പിക്കുന്നു.
മരണപ്പെട്ട കവിതകളുടെ മുറിപ്പാടുകൾ
രക്തം ഛർദിച്ച്
വിണ്ട ചുവരുകളിലൂടെ വാർന്നൊലിക്കുന്നതും
പേനത്തുമ്പുകളാ രക്തത്തെയൂതിക്കുടിക്കുന്നതും
മുക്കിലേക്കേറിഞ്ഞ പഴയ കവിതക്കെട്ടുകൾ
രക്തം പുതർന്ന് കനം വെക്കുന്നതും
ഞാനറിയുന്നേയില്ല.
കൊല്ലപ്പെട്ട കവിതകളുടെ ആത്മാവ്
എത്ര ദയനീയമായാണ്
എന്റെ പേനത്തുമ്പിൽ വീണ്ടും വീണ്ടും
മരിച്ചു വീഴുന്നത്!
Trending Now







