Kallukondoru Kottaram-K.R.Meera-AI Cartoon-Kunjammavan
എഐ കാർട്ടൂൺ/കുഞ്ഞമ്മാവൻ
കെ. ആർ. മീര: ഏറ് കിട്ടുന്ന കല്ലുകൾകൊണ്ട് കൊട്ടാരം പണിയും; ദീപയടിയെ ‘മീരയടി’ എന്ന് മാറ്റിയാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കും….
ശ്വാനൻ:
‘തൊട്ടിത്തരത്താൽ നേടും പ്രമാണിത്വമാ
തൊട്ടിത്തരത്തെയും മാറ്റിടും’
എന്നൊരു ചൊല്ലുണ്ടല്ലോ കുഞ്ഞമ്മാവാ…
അനുബന്ധം:
ഏറ് കിട്ടുന്ന കല്ലുകൾകൊണ്ട് കൊട്ടാരം പണിയുമെന്ന് കെ. ആർ. മീര. മീരയുടെ കലാച്ചി എന്ന നോവലും ഹരിത സാവിത്രിയുടെ സിൻ നോവലും തമ്മിലുള്ള സാദൃശ്യത്തെ ചൊല്ലി നിലനില്ക്കുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രൊഫ. കെ സുധാകരന്‍ സാംസ്‌കാരിക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മീര.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്ന പ്രൊഫ. കെ സുധാകരന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതാണ് മീര. സുധാകരന്റെ ചരമദിനമായ ജൂൺ 5ന് വൈകിട്ട് 3.30നായിരുന്നു ചടങ്ങ്.
മലയാളിയുടെ ലിംഗനീതിയെ കുറിച്ചുള്ള ബോധ്യങ്ങളെ ഉടച്ചുവാർക്കുന്നതിൽ മീരയ്ക്കുള്ള പങ്കും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ ആർ മീരയുടെ എഴുത്തുകൾക്കുള്ള പ്രാധാന്യവും കണക്കിലെടുത്താണ് പുരസ്കാരം നല്കുന്നതെന്ന്, അശോകൻ ചരുവിൽ, ആർ പാർവതി ദേവി, ആർ ഗിരീഷ് കുമാർ, ശ്രീവരാഹം മുരളി, പുകസ ജില്ലാ സെക്രട്ടറി എസ് രാഹുൽ എന്നിവരടങ്ങുന്ന ജൂറി പറഞ്ഞു. 10,000 രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
തന്റെ എഴുത്തിലെ കടുത്ത പരീക്ഷണമാണ് കലാച്ചിയെന്നും വളരെ ചിന്തിച്ചും ഒരുപാട് യാത്ര ചെയ്തും ആണ് ഈ നോവൽ വായനക്കാര്‍ക്ക് മുന്നില്‍ എത്തിച്ചതെന്നും തനിക്ക് വേണ്ടി തന്റെ പുസ്തകങ്ങൾ സംസാരിക്കുമെന്നും പറഞ്ഞ മീര സാഹിത്യത്തിലെ കോപ്പിയടി വിവാദങ്ങളില്‍ പുരുഷന്മാരുടെ പേര് കേട്ടിട്ടില്ലെന്നും എവിടെയും ‘എംടിയടി’, ‘പുനത്തിലടി’ എന്നൊന്നും കേട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, ‘ദീപയടി’ എന്ന പ്രയോഗം കേട്ടു. ‘ദീപയടി’യെ ‘മീരയടി’ എന്ന് മാറ്റിയാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും മീര പറഞ്ഞു.
മീരയ്ക്കെതിരെ ഹരിത സാവിത്രി ഉന്നയിച്ച സിൻ- കലാച്ചി കോപ്പിയടി പ്രശ്നത്തിൽ, 2020 നവംബർ 16 മുതൽ കലാച്ചിയുടെ ആറ് അദ്ധ്യായങ്ങൾ ട്രൂകോപ്പി തിങ്ക് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഈ അദ്ധ്യായങ്ങളിലൂടെ തന്നെ കലാച്ചിയുടെ കഥാതന്തുവും കഥാപരിസരവും വ്യക്തമാക്കിയിട്ടുണ്ടെന്നും മീര മുൻപ് പറഞ്ഞിരുന്നു. 2022ലാണ് സിൻ പുറത്തിറങ്ങുന്നത്.
‘തന്റെ കാമുകനെ തേടി ഇന്ത്യയിൽ നിന്നും വിദേശത്തെത്തുന്ന ഒരു യുവതിയുടെ പോരാട്ട’ കഥയാണ് രണ്ട് നോവലുകളിലെയും ഉള്ളടക്കം എന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. തന്റെ കാമുകനെ തേടി കസഖ്സ്ഥാനിലെ കലാപഭൂമിയിൽ എത്തുന്ന കലാച്ചിയിലെ ‘ഫിദ’ യും അതേ അവസ്ഥയിൽ, കുർദിസ്ഥാനിലെ കലാപഭൂമിയിൽ എത്തുന്ന സിന്നിലെ ‘സീത’ യും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന നിഗമനത്തിലാണ് ഈ കൃതികൾ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.
അതേസമയം, ഈ വിഷയത്തിൽ മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരൊന്നും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.







